ADVERTISEMENT

ജീവിതത്തില്‍ നിന്ന് മരണത്തിലേക്കുള്ള ഇടവഴി കയറുന്ന ചിലരുണ്ട്. എല്ലാം നഷ്ടപ്പെട്ടു എന്നു തോന്നുന്ന ആ നിമിഷത്തില്‍ നിന്നും ജീവിതത്തിലേക്ക് മടങ്ങി പോകാന്‍ കൊതിപ്പിക്കുന്ന എന്തെങ്കിലുമൊക്കെ അവരേയും തേടിയെത്തും. വൈകിപോയി എന്ന തോന്നലിനേക്കാള്‍ ജീവിക്കാനുള്ള കൊതി അവരെ വല്ലാതെ അസ്വസ്ഥരാക്കും. പലര്‍ക്കും അതൊരു ഓര്‍മപ്പെടുത്തലാണ്.  ആ ഓര്‍മപ്പെടുത്തലിന്റെ അടയാളപ്പെടുത്തലാണ് നിധിന്‍ ദേവിദാസ് സംവിധാനം ചെയ്ത ‘നോ വേ ഔട്ട്’. 

 

ചെറുതും എന്നാല്‍ സംഘര്‍ഷം നിറയ്ക്കുന്നതുമായ ഒരു സംഭവത്തില്‍ നിന്നുകൊണ്ട് കഥ പറച്ചിലിനേക്കാളേറെ ആവിഷ്‌ക്കാരത്തിന് പ്രാധാന്യം നല്‍കുന്ന സര്‍വൈവല്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്താവുന്ന ചിത്രം കൂടിയാണിത്. 97 മിനിറ്റിനുള്ളില്‍ ജീവിതവും അതിജീവനവും പറയാനുള്ള സംവിധായകന്റെ ശ്രമങ്ങള്‍ ഏെറക്കുറേ വിജയം കണ്ടു. തമാശയില്‍ നിന്നും ഗൗരവവേഷങ്ങളിലേക്കുള്ള രമേഷ് പിഷാരടി എന്ന നടന്റെ അഭിനയ ജീവിതത്തിലെ പുതിയൊരു ചുവടുവയ്പ്പുകൂടിയാണ് ചിത്രത്തിലെ ഡേവിഡ് എന്ന കഥാപാത്രം.

 

കോവിഡ് കാലത്തെ പ്രതിസന്ധിയില്‍ എല്ലാം നഷ്ടപ്പെട്ടൊരാള്‍. ബിസിനസിലും ജീവിതത്തിലുമൊക്കെ ഇനി എന്തെന്ന ചോദ്യം മാത്രം ബാക്കി. മുഖാവരണം മറച്ചത് ഡേവിഡിന്റെ ജീവിതത്തെക്കൂടിയായിരുന്നു. നഷ്ടങ്ങളുടെ കണക്കുപുസ്തകത്തില്‍ തന്റെ ജീവന്‍കൂടി എഴുതിവയ്ക്കാന്‍ ശ്രമിക്കുന്ന ഡേവിഡിന്റെ ജീവിതത്തിലെ അപ്രതീക്ഷിതമായ സംഭവങ്ങളാണ് നോവേഔട്ട് പ്രേക്ഷകരോട് സംവദിക്കുന്നത്.

 

ഡേവിഡിന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെ മാത്രം സഞ്ചരിക്കുന്ന സിനിമയില്‍ ആവിഷ്‌ക്കാരത്തിനു തന്നെയാണ് പ്രാധാന്യമേറെയും. അടുത്തനിമിഷം എന്തെന്ന ആകാംക്ഷ പ്രേക്ഷകനിലേക്ക് കൃത്യമായി എത്തിക്കുവാനും ചിത്രത്തിന്റെ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. ഓരോ ഷോട്ടിലും അത് പ്രകടമാണ്. പുതുമയില്‍ നിന്നുകൊണ്ടുള്ള സംവിധായകന്റെ പരീക്ഷണം കൂടിയാണ് നോ വേ ഔട്ട്. സിനിമയുടെ ത്രില്ലര്‍ സ്വഭാവം നിലനിര്‍ത്തുമ്പോഴും കുടുംബബന്ധങ്ങളുടെ ആര്‍ദ്രതയും ചിത്രം നമ്മോട് പറയാതെ പറയുന്നുണ്ട്.

 

സിനിമയില്‍ ഉടനീളം നിറസാന്നിധ്യമായി ഡേവിഡെന്ന കഥാപാത്രമുണ്ട്. അയാളുടെ ചിന്തകളും പറയാതെ പറയുന്ന ഭാവങ്ങളുമൊക്കെ പ്രേക്ഷകരിലേക്ക് എത്തിക്കുവാന്‍ ഡേവിഡിലൂടെ രമേഷ് പിഷാരടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. അതിഭാവുകത്വത്തിന് ഏറെ സാധ്യതകളുള്ള സന്ദര്‍ഭങ്ങള്‍ വന്നു പോയിട്ടും തന്‍മയത്വത്തോടെ ഡേവിഡിനെ പിഷാരടി അവതരിപ്പിച്ചിട്ടുണ്ട് വൈകിയെങ്കിലും ക്യാരക്ടര്‍ റോളുകളിലേക്കുള്ള പിഷാരടിയുടെ ചുവടുമാറ്റം ഗംഭീകരമാക്കാന്‍ താരത്തിന് കഴിഞ്ഞു.

 

കഥയുടെ ചടുലതയും തീവ്രതയും പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കാന്‍ ഛായാഗ്രാഹകന്‍ വര്‍ഗീസ് ഡേവിഡിനും മുഷിപ്പിക്കാതെ ചിത്രത്തെ ഒതുക്കി പറയാന്‍ ചിത്രസംയോജകന്‍ കെ. ആര്‍ മിഥുനും സാധിച്ചു.  കെ.ആര്‍. രാഹുലിന്റെ സംഗീതവും  ക്രിസ്റ്റി ജോബിയുടെ പശ്ചാത്തല സംഗീതവും ശ്രദ്ധേയമാണ്. ബേസില്‍ ജോസഫ്, ധര്‍മജന്‍, രവീണനായര്‍ തുടങ്ങിയവരുടെ കഥാപാത്രങ്ങള്‍ ചെറുതെങ്കിലും പ്രാധാന്യം ഏറെയാണ്. ശബ്ദസാനിധ്യമായി മാത്രം പ്രധാന കഥാപാത്രങ്ങള്‍ എത്തുന്നതും ചിത്രത്തെ വ്യത്യസ്തമാക്കുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com