ADVERTISEMENT

‘ഒരു പട്ടിയെ കൊന്നാൽ മനുഷ്യൻ ചോദിക്കാനെത്തുന്ന ഈ നാട്ടിൽ മനുഷ്യനെ കൊന്നാൽ ചോദിക്കാൻ ഒരു പട്ടി പോലും വരില്ലെന്ന വിശ്വാസമാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയ അവബോധം’. ‘നോട്ട് നിരോധിച്ചു,  ഇനി വോട്ട് നിരോധിച്ചാലും ഒന്നും സംഭവിക്കാന്‍ പോകുന്നില്ല, കാരണം ഇവിടെ ചോദ്യം ചോദിക്കുന്നവരെ നിശബ്ധരാക്കുകയാണ്.’ തൊട്ടാൽ പൊള്ളുന്ന പ്രമേയം, ഈ കാലഘട്ടത്തിൽ ഉയർത്തേണ്ട ചില പ്രധാന ചോദ്യങ്ങൾ, ഉറപ്പിച്ച് പറയേണ്ട ചില പ്രസ്താവനകൾ. സിസ്റ്റത്തിന് കയ്യടിക്കുന്ന സമൂഹത്തിനു വേണ്ടിയുള്ള  സിനിമ. അതാണ് ജന ഗണ മന. 

 

ബെംഗളൂരില്‍ ഒരു കോളജിലെ അധ്യാപിക ക്രൂരമായി കൊല്ലപ്പെടുന്നതും തുടർന്ന് കോളജിൽ ഉണ്ടാകുന്ന പ്രക്ഷോഭങ്ങളിലൂടെയുമാണ് ജനഗണമനയുടെ തുടക്കം. ബലാൽസംഗം ചെയ്യപ്പെട്ട് തീകൊളുത്തി കൊല്ലപ്പെട്ട തങ്ങളുടെ അധ്യാപികയുടെ മരണത്തിന് കാരണക്കാരായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാനും അവർക്ക് തക്കതായ ശിക്ഷ ഉറപ്പാക്കാനുമായാണ് വിദ്യാർഥികളുടെ സമരം. ഈ കേസ് അന്വേഷണത്തിനെത്തുന്നത് മലയാളിയായ സജ്ജൻ കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ്. സജ്ജന്റെ കേസ് അന്വേഷണത്തിലൂടെയും തുടർന്നുണ്ടാവുന്ന സംഭവങ്ങളിലൂടെയുമാണ് ജനഗണമനയുടെ കഥ മുന്നോട്ട് പോവുന്നത്.

 

ഇന്ത്യയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളിൽ നടന്ന പല സംഭവങ്ങളെയും സാഹചര്യങ്ങളെയും ആസ്പദമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ രൂപപ്പെടുത്തിയിരിക്കുന്നത്. ശക്തമായ അടിത്തറയിൽ ഉരുത്തിരിഞ്ഞ പ്ലോട്ടുകളെ അതിന്റെ ഗൗരവം ഒട്ടും ചോരാതെ തന്നെ സ്ക്രീനിലെത്തിക്കാൻ സംവിധായകനും സാധിച്ചിട്ടിട്ടുണ്ട്. കെട്ടുറപ്പുള്ള തിരക്കഥയും പൃഥ്വിരാജിന്റെയും സുരാജിന്റെയും മികച്ച പ്രകടനങ്ങളും കൊണ്ട് മുന്നോട്ടുപോകുന്ന ത്രില്ലറാണ് ജന ഗണ മന. ആർക്കും പ്രവചിക്കാനാവാത്ത രീതിയിൽ മുന്നോട്ടു പോവുന്ന കഥ പ്രേക്ഷകരിൽ ഉദ്വേഗം ജനിപ്പിക്കും.

 

സിനിമയിലേക്കും കഥാപാത്രങ്ങളിലേക്കും പ്ലേസ് ചെയ്ത് തിരക്കഥയെ അങ്ങേയറ്റം ക്രെഡിബിൾ ആയി, എന്നാലൊട്ടും സിനിമാറ്റിക് എലമെന്റ്സ് ചോരാതെ തന്നെ അതവതരിപ്പിക്കാൻ ഡിജോ ജോസിന് സാധിച്ചിട്ടുണ്ട്. പൊതുബോധത്തിൽ അങ്ങേയറ്റം വേരിറങ്ങിയ മരവിച്ചുപോയ മിഥ്യാധാരണകൾ തച്ചുടയ്ക്കുന്നതാണ് ഇൗ ചിത്രം. സമൂഹം കയ്യടിക്കുന്നത് പലപ്പോഴും ആർക്കു വേണ്ടിയും എന്തിനു വേണ്ടിയുമുള്ളതാണെന്ന് പ്രേക്ഷകർ പുനർചിന്തിക്കും. സാധാരണക്കാരനായ പൗരൻ നീതിന്യായ വ്യവസ്ഥയോട് ചോദിക്കാൻ ആഗ്രഹിക്കുന്ന പല ചോദ്യങ്ങളും ജന‌ ഗണ മന ചോദിച്ചുകൊണ്ടേയിരിക്കുന്നു. നായകനും വില്ലനുമല്ല, വ്യവസ്ഥിതികളാൽ പരുവപ്പെട്ട രണ്ടു മനുഷ്യരുടെ ജീവിതമാണ് ചിത്രത്തിലൂടെ തുറന്നുകാണിക്കുന്നത്. 

 

സജ്ജൻ കുമാർ എന്ന പൊലീസ് ഉദ്യോഗസ്ഥനെ വളരെ കയ്യടക്കത്തോടെയാണ് സുരാജ് അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ പകുതി കൊണ്ടുപോകുന്നത് സുരാജ് ഒറ്റയ്ക്കാണ്. ഇടവേളയ്ക്കു തൊട്ടുമുമ്പാണ് പൃഥ്വിരാജിന്റെ വരവ്. അരവിന്ദ് സ്വാമിനാഥൻ എന്ന കഥാപാത്രമായി പൃഥ്വി എത്തുന്നു. സ്ക്രീനിൽ ആളിക്കത്തുന്ന പ്രകടനമാണ് പൃഥ്വിയുടേത്. വിൻസി അലോഷ്യസ് ആണ് പ്രകടനം കൊണ്ട് കയ്യടി നേടുന്ന മറ്റൊരാൾ. വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ജി.എം. സുന്ദറും ഗംഭീര പ്രകടനം കാഴ്ചവയ്ക്കുന്നു. മംമ്ത, ശാരി, ഷമ്മി തിലകൻ എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികച്ചതാക്കി. ധ്രുവൻ, വൈഷ്ണവി, ഹരികൃഷ്ണൻ, വിനോദ് സാഗർ എന്നിവരെ കൂടാതെ ഇളവരസ്, ശ്രീ ദിവ്യ, രാജാ കൃഷ്ണമൂർത്തി എന്നീ തമിഴ്താരങ്ങളും ചിത്രത്തിലെ അഭിനേതാക്കളാണ്. 

 

തിരഞ്ഞെടുത്തിരിക്കുന്ന പ്രമേയം കൊണ്ടും അതിനെ അവതരിപ്പിച്ചിരിക്കുന്ന വ്യത്യസ്ത കൊണ്ടും സംവിധായകനായ ഡിജോ ജോസ് ആന്റണി മികവ് തെളിയിച്ചിരിക്കുന്നു. നോണ്‍ലീനിയറായാണ് കഥ പറയുന്നത്. ഷാരിസ് മുഹമ്മദിന്റെ കരുത്തുറ്റ തിരക്കഥയും കുറിക്കുകൊള്ളുന്ന സംഭാഷണങ്ങളും ചിത്രത്തെ മറ്റൊരു തലത്തിലേക്ക് ഉയർത്തുന്നു. 

പ്രേക്ഷകന്റെ ധാരണകളെയും ബോധ്യങ്ങളെയും ശരികളെയും മാറ്റിചിന്തിപ്പിക്കുന്ന അങ്ങേയറ്റം ഇന്റലിജന്റ് ആയ എഴുത്താണ് ഷാരിസിന്റേത്. സുദീപ് ഇളമണ്ണിന്റെ ഛായാഗ്രഹണവും ശ്രീജിത്ത് സാരങിന്റെ എഡിറ്റിങും മികവു പുലർത്തി. ഒരു ത്രില്ലർ ചിത്രത്തിന്റെ മൂഡ് നിലനിർത്തി കൊണ്ടു പോവുന്നതിൽ ജേക്സ് ബിജോയുടെ പശ്ചാത്തല സംഗീതവും വിജയിച്ചു. 

 

ചിത്രത്തിന്റെ അവസാനത്തെ 20 മിനിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിനുള്ള ആമുഖമാണ്. ഇൗ മുഖവുരയിലേക്ക് ചിത്രം കടക്കുന്നതിനാൽ അതുവരെ പുലർത്തിപ്പോന്ന ചടുലത കുറച്ചെങ്കിലും ഒടുവിൽ കൈമോശം വരുന്നതായി കാണാം. റിയലിസ്റ്റിക്കാണ് സിനിമയെങ്കിലും ചിലയിടത്തെങ്കിലും നാടകീയതയും ശ്രദ്ധക്കുറവും ഉണ്ടാകുന്നുണ്ട്. 

 

ഇന്നത്തെ കാലഘട്ടത്തിൽ ജീവിക്കുന്നവർക്ക് കണക്ട് ചെയ്യാൻ കഴിയുന്ന സിനിമയാണ് ജന ഗണ മന. പ്രേക്ഷകന് പലപ്പോഴും ഇതിലെ കഥാപാത്രങ്ങളുമായി വളരെയധികം ഇഴയടുപ്പം തോന്നിപ്പോകും. കണ്ണുകൾ കൊണ്ട് നാം കാണുന്നതും അറിയുന്നതുമല്ല സത്യമെന്നും എല്ലാത്തിനുമപ്പുറം സത്യത്തിനും നീതിക്കും യാഥാർഥ്യത്തിനും മറ്റൊരു മുഖമുണ്ടെന്നും സിനിമ ബോധ്യപ്പെടുത്തി തരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com