ADVERTISEMENT

ഒരുനീണ്ട ഇടവേളയ്ക്ക് ശേഷം ഇടി, വെടി, പുക ഒന്നുമില്ലാതെ, പ്രേക്ഷകർക്ക് കുടുംബസമേതം തിയറ്ററിൽ പോയി തെളിഞ്ഞു ചിരിച്ചു, ഹൃദയം നിറഞ്ഞു മടങ്ങാവുന്ന ഒരു കൊച്ചുസിനിമ- മകൾ എന്ന സത്യൻ അന്തിക്കാട് ചിത്രത്തെ അങ്ങനെ വിശേഷിപ്പിക്കാം. കുടുംബസമേതം വിശ്വസിച്ചുപോയി കാണാവുന്ന സിനിമ എന്ന ട്രേഡ്മാർക്കാണ് സത്യൻ അന്തിക്കാട് സിനിമകളുടെ ഹൈലൈറ്റ്. പുതിയ ചിത്രമായ മകളിൽ  ഈ രസതന്ത്രം കാലഘട്ടത്തിന്റെ പുതുമകൾ ചാലിച്ചുകൊണ്ടാണ് അദ്ദേഹം അവതരിപ്പിക്കുന്നത്.

 

കുടുംബപ്രേക്ഷകർക്ക് ഒരുപിടി മികച്ച സിനിമകൾ സമ്മാനിച്ച ജയറാം- സത്യൻ അന്തിക്കാട് ജോഡി 11 വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയുമുണ്ട് 'മകൾ'ക്ക്. 2010ൽ പുറത്തിറങ്ങിയ ‘കഥ തുടരുന്നു’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനം ഒന്നിച്ചത്. ഒരു കാലയളവിൽ സത്യൻ അന്തിക്കാട് സിനിമകളിലെ സ്ഥിരം നായികയായിരുന്ന മീര ജാസ്മിന്റെ തിരിച്ചുവരവ് എന്നതും സവിശേഷതയാണ്. 'ഞാൻ പ്രകാശൻ' എന്ന സിനിമയിലൂടെ സത്യൻ അന്തിക്കാട് അവതരിപ്പിച്ച ദേവിക സഞ്ജയ്‌യാണ് ചിത്രത്തിലെ ടൈറ്റിൽ കഥാപാത്രമാകുന്നത്.

 

പ്രമേയം...

 

രണ്ടു മതങ്ങളിൽനിന്ന് വീട്ടുകാരുടെ എതിർപ്പുകൾ മറികടന്ന് വിവാഹിതരായായവരാണ് നന്ദനും ജൂലിയറ്റും.അവർക്കൊരു  മകൾ. അപ്പു എന്നുവിളിക്കുന്ന അപർണ. നന്ദൻ ദീർഘകാലമായി പ്രവാസിയാണ്. നാട്ടിൽ ഭാര്യയും ടീനേജുകാരി മകളും മാത്രം. 

 

അങ്ങനെയിരിക്കെ ജോലി നഷ്ടമായി നന്ദൻ മടങ്ങിയെത്തുന്നു. അതോടെ ഒരു പൂമ്പാറ്റയെപ്പോലെ പാറിപ്പറന്നുനടന്ന കൗമാരക്കാരിയുടെ സ്വതന്ത്ര ലോകത്തിൽ ചെറിയ വിലക്കുകളുടെ കടിഞ്ഞാൺ മുറുകുന്നു. തുടർന്ന് അച്ഛനും മകൾക്കുമിടയിലുണ്ടാകുന്ന പൊരുത്തക്കേടുകൾക്കും പൊരുത്തപ്പെടലുകൾക്കുമിടയിലൂടെയാണ് ചിത്രം വികസിക്കുന്നത്. രണ്ടാം പകുതിയിൽ അവരുടെ ജീവിതത്തിലേക്ക് യാദൃച്ഛികമായി ഒരു അതിഥിയെത്തുന്നു. തുടർന്നുണ്ടാകുന്ന വഴിത്തിരിവുകളിലൂടെയാണ് ചിത്രം പര്യവസാനിക്കുന്നത്.

Jayaram and Meera Jasmine play the lead in the movie Makal
Jayaram and Meera Jasmine play the lead in the movie Makal

 

മറ്റുവിശേഷങ്ങൾ...

 

തിലകൻ, ഒടുവിൽ ഉണ്ണിക്കൃഷ്ണൻ മുതൽ അടുത്തിടെ മണ്മറഞ്ഞ നെടുമുടി വേണു, കെപിഎസി ലളിത തുടങ്ങിയ പ്രതിഭകൾ മലയാളസിനിമയിലുണ്ടാക്കിയ ശൂന്യത ശരിക്കും നിഴലിക്കുന്നത് സത്യൻ അന്തിക്കാടിന്റെ സിനിമകളിലാണ്. അദ്ദേഹത്തിന്റെ പഴയസിനിമകളിലെ പതിവുമുഖങ്ങളിൽ ഇന്നസെന്റ് മാത്രമാണ് മകളിൽ അഭിനയിക്കുന്നത്. 

 

സിദ്ദിഖ്, അൽത്താഫ്, നസ്‌ലിൻ, ദേവിക, ശ്രീലത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. ശ്രീനിവാസൻ അതിഥിവേഷത്തിൽ എത്തുന്നു. 

 

ഏറെക്കാലത്തിനുശേഷം ജയറാമിന് മലയാളത്തിൽ ലഭിച്ച നല്ലൊരു വേഷമാണ് നന്ദകുമാർ. ഈ കെട്ടകാലത്തിൽ മകളെയോർത്ത് നെഞ്ചിൽ തീയുമായി ജീവിക്കുന്ന ഒരുപാട് അച്ഛന്മാരുടെ പ്രതിനിധിയാണ് നന്ദൻ. മകളെ സുഹൃത്തിനെപ്പോലെ കാണുന്ന അമ്മയായി മീര ജാസ്മിനും വേഷം ഭംഗിയാക്കി. രണ്ടാം ഭാഗത്തിൽ അൽപം പ്രാധാന്യം കുറഞ്ഞുപോയി എന്നതുമാത്രമാണ് പോരായ്മ. അവതരണശൈലിയിൽ മാറ്റമില്ലെങ്കിലും ചെറുപ്പത്തിന്റെ പ്രസരിപ്പ് കൊണ്ടുവരുന്നു എന്നതാണ് മകളിൽ കണ്ട ശ്രദ്ധേയമായ ഒരുമാറ്റം. പ്രത്യേകിച്ച് ദേവിക, നസ്‌ലിൻ തുടങ്ങിയവർക്ക് കൂടുതൽ സ്‌ക്രീൻ സ്‌പേസ് ചിത്രത്തിലുണ്ട്.

 

ഒരുപിടി ഹൃദയഹാരിയായ സിനിമകൾ മലയാളത്തിന് സമ്മാനിച്ച ഡോ. ഇഖ്ബാൽ കുറ്റിപ്പുറമാണ് കഥ, തിരക്കഥ രചിച്ചിരിക്കുന്നത്. അന്തിക്കാട് സിനിമകളുടെ സ്ഥിരം ഛായാഗ്രാഹകൻ എസ്. കുമാർ വീണ്ടും മകളിൽ ക്യാമറ ചലിപ്പിക്കുന്നു. ഇത്തവണ കഥാപശ്ചാത്തലം കൊച്ചി ആയതുകൊണ്ട് പതിവ് നാട്ടിൻപുറത്തിന്റെ ഭംഗിയുള്ള വിഷ്വൽസ് കുറവാണ്. പതിവ് അന്തിക്കാട് സിനിമകളെ അപേക്ഷിച്ച് ഗാനങ്ങളുടെ എണ്ണം മകളിൽ കുറവാണ്. എങ്കിലും ഉള്ള ഗാനങ്ങളും ചിത്രത്തിന്റെ പശ്ചാത്തലസംഗീതവും മികച്ചതായിട്ടുണ്ട്.

 

രത്നച്ചുരുക്കം..

 

സാങ്കേതികവിദ്യയുടെ അതിപ്രസരമുള്ള ഈ കാലത്ത് പാരന്റിങ് സങ്കീർണമായ ഒരു തലവേദനയായി മാറുകയാണ്. പ്രത്യേകിച്ച് മൊബൈലും സോഷ്യൽ മീഡിയയും കൗമാരക്കാർ അനുഭവിക്കുന്ന ശാരീരിക-മാനസികപരിണാമങ്ങളും  സ്വത്വപ്രതിസന്ധിയുമെല്ലാം പലരിലും റിബലായ പെരുമാറ്റങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഈയൊരു വിഷയത്തെ അഭിസംബോധന ചെയ്യുന്നു എന്നതാണ് 'മകൾ' എന്ന സിനിമയെ ഈ കാലഘട്ടത്തിൽ പ്രസക്തമാകുന്നത്. മക്കൾക്ക് മാതാപിതാക്കളെയും അവർക്ക് തിരിച്ച് മക്കളുടെ പ്രശ്നങ്ങളും മനസ്സിലാക്കാനുള്ള ഒരു അവസരം കൂടിയാകും ഈ സിനിമ.  അപ്പോൾ  വീണ്ടുമൊരു സുന്ദരയാത്രയ്ക്കായി ടിക്കറ്റെടുത്തോളൂ...

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com