ADVERTISEMENT

ഇനിയെങ്ങനെ മുന്നോട്ടു പോകുമെന്ന് ഒരു സൂപ്പർ ഹീറോ ചിന്തിച്ചാൽ അവരെ സഹായിക്കാൻ ആരുണ്ടാകും? മനുഷ്യർക്കും മേലെയാണല്ലോ സൂപ്പർ ഹീറോകളുടെ സ്ഥാനം. അങ്ങിനെയെങ്കിൽ അവരെ രക്ഷിക്കാനും സൂപ്പർ ഹീറോകൾക്കും മേലുള്ള ‘പവർ’ വേണം. അതിനുള്ള മാർവെലിന്റെ ഉത്തരമാണ് ഡോക്ടർ സ്‍ട്രേഞ്ച്. കൃത്യമായി കൂട്ടിയും കിഴിച്ചും തീരുമാനത്തിലെത്തുന്ന ചാണക്യൻ. ഇൻഫിനിറ്റി വാർ, സ്പൈഡർമാൻ നോ വേ ഹോം പോലുള്ള സിനിമകളിൽ ആ നിർണായക ഇടപെടലുകൾ നാം കണ്ടതുമാണ്. 

 

കഥകൾക്കുള്ളിൽ നിർണായക വഴിത്തിരിവുണ്ടാക്കുന്ന, കൃത്യമായ കണക്കുകൂട്ടലുകളിലൂടെ അവസാന വിജയം നായകരിലേക്കെത്തിക്കുന്നതിൽ മുഖ്യ പങ്കു വഹിക്കുന്ന ആ സൂപ്പർഹീറോ വീണ്ടും കൊതിപ്പിച്ച് എത്തിയിരിക്കുകയാണ്, ഡോ.സ്ട്രേഞ്ച് ഇൻ ദ് മൾട്ടിവേഴ്സ് ഓഫ് മാഡ്‌നസിലൂടെ. മിസ്റ്റിക് ആർട്സിൽ നിപുണനായ, സമയത്തെയും ലോകത്തിന്റെ യാഥാർഥ്യത്തെയും ഒരേ ചരടിലും പല പല ചരടുകളിലും കോർക്കാൻ ശ്രമിച്ച, ഏകപ്രപഞ്ചമെന്ന (യൂണിവേഴ്‌സ്) ആശയത്തിൽനിന്ന് ബഹുമുഖപ്രപഞ്ചമെന്ന (മൾടിവേഴ്സ്) സത്യത്തിലേക്കുള്ള വാതിലുകൾ മലർക്കെ തുറക്കുകയാണ് ഈ സാഹസികൻ ഇത്തവണ. മാർവൽ രൂപം കൊടുത്ത ഭാവനാത്മ ‘യൂണിവേഴ്സി’നുള്ളിലെ ഏറ്റവും സങ്കീർണമായ കഥ, അതിനായി വിഷ്വൽ എഫക്ടുകളും മാജിക്കിന്റെ മറ്റൊരു ലോകവും തയാറാക്കി പ്രേക്ഷകനെ അമ്പരപ്പിക്കുകയാണ് സംവിധായകൻ സാം റെയ്മി.

 

മൾടിവേഴ്സ് യൂണിവേഴ്സിലൂടെ യാത്ര സാധ്യമാകുന്ന അപൂർവസിദ്ധിയുള്ള പെൺകുട്ടിയാണ് അമേരിക്ക ഷാവേസ്. തന്നെ ആരോ പിന്തുടരുന്നുണ്ടെന്ന ഭയത്തിലാണ് ഇപ്പോൾ അവളുടെ ജീവിതം. അങ്ങനെ ഷാവേസ് എത്തിപ്പെടുന്നതാകട്ടെ ഡോക്ടർ സ്ട്രേഞ്ചിനരികിലും. ആരാണ് അവളെ പിന്തുടരുന്നത്? അന്വേഷണം എത്തിനിന്നത്, ഡാർക്ക് മാജിക്കിന് അടിമപ്പെട്ട് സ്വബോധം തന്നെ ഏറെക്കുറെ നഷ്ടമായ അവസ്ഥയിലായ വാൻഡയിലും (സ്കാർലെറ്റ് വിച്ച്). അതോടെ ഷാവേസിന്റെ സംരക്ഷണം ഡോ.സ്ട്രേഞ്ച് ഏറ്റെടുക്കുന്നു. വാൻഡയ്ക്ക് എന്താണ് ഷാവേസിനെക്കൊണ്ട് നേടാനുള്ളത്? അതിനോടകം അതിശക്തയായിക്കഴിഞ്ഞിരുന്നു അവൾ. വാൻഡയെ തളയ്ക്കാൻ സ്ട്രേഞ്ചിനാകുമോ? അതിന്റെ ഉത്തരമാണ് ഡോ.സ്ട്രേഞ്ച് ഇൻ ദ് മൾട്ടിവേഴ്സ് ഓഫ് മാഡ്‌നസ് നൽകുന്നത്. 

 

പേരുപോലെത്തന്നെ ഭ്രാന്തമായ ബഹുമുഖപ്രപഞ്ചങ്ങളിലൂടെയുള്ള അതിശയിപ്പിക്കുന്ന സഞ്ചാരമാണ് സിനിമ. സ്‌പൈഡർമാൻ നോ വേ ഹോമിൽ കുറച്ചു മാത്രം കണ്ട മൾട്ടിവേഴ്‌സ് ഇവിടെ ഉടനീളം കാണാനാകും. മാര്‍വൽ പ്രേമികൾക്കും ഈ ചിത്രം പുതിയ ദൃശ്യവിസ്മയം നൽകുന്നു. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ പുതുമയാർന്ന കാഴ്ചകൾ കാണികളെ മറ്റൊരു ലോകത്തേക്ക് നയിക്കാൻ പോന്നതാണ്. ആക്‌ഷനേക്കാൾ ഡോ.സ്ട്രേഞ്ചിന്റെ ‘സ്പെല്ലു’കൾക്കാണ് ചിത്രത്തിൽ പ്രാധാന്യമേറെ. 

 

പക്ഷേ മാർവൽ സിനിമകളിൽ പൊതുവെ കണ്ടുപരിചയമില്ലാത്ത വയലൻസ് രംഗങ്ങൾ ഈ ചിത്രത്തിലുണ്ട്. സോംബികളെക്കൂടി കഥയിൽ ഉപയോഗിക്കുന്നതു ചിത്രത്തിനു ഹൊറർ മൂഡും നൽകുന്നു. കുട്ടികൾക്കും കണ്ടു രസിക്കാവുന്ന കാഴ്ചാനുഭവം എന്നതിൽനിന്നുള്ള മാർവെലിന്റെ ഈ മാറ്റവും ശ്രദ്ധേയമാണ്. പക്ഷേ ‘ദി ഈവിൾ ഡെഡി’ലൂടെ ലോകത്തെ ഭയപ്പെടുത്തിയ സാം റെയ്മിയിൽനിന്ന് ഇത്തരമൊരു നീക്കം പ്രതീക്ഷിക്കുന്നതിൽ എങ്ങനെ തെറ്റു പറയും! ടോബി മഗ്വയറിനെ ചിലന്തിമനുഷ്യനാക്കിയ മികവും സാം റെയ്മിയുടെയാണല്ലോ.

 

ആക്‌ഷൻ, ഫൈറ്റ് രംഗങ്ങളിൽ മാർവെലിൽനിന്നു പ്രതീക്ഷിക്കാവുന്ന മികവ് ഈ പുതിയ ചിത്രത്തിലും തെളിഞ്ഞു കാണാം. സിജിഐയുടെ ഉത്സവപ്പറമ്പാവുകയാണ് ചിത്രം. മ്യൂസിക് നോട്ടുകൾ ഉപയോഗിച്ചുള്ള ഫൈറ്റ് സീനുൾപ്പെടെ പ്രേക്ഷകന് ഗംഭീര അനുഭവമാണ് സമ്മാനിക്കുന്നത്. അവസാന ടീസറിൽ കണ്ട ക്യാപ്റ്റൻ കാർട്ടർ, ക്യാപ്റ്റൻ മാർവൽ, പ്രഫസർ ചാൾസ് എം. സേവിയർ എന്നീ ഇല്യുമിനാറ്റി അംഗങ്ങളും ചിത്രത്തിലുണ്ട്. കൂടാതെ ചില സർപ്രൈസ് താരങ്ങളെയും കാണാം.

 

ബെനെഡിക്ട് കംബര്‍ബാച്ചിന്റെ വൺമാൻ ഷോ! സൗണ്ട് മോഡുലേഷനിലും ശരീരചലനത്തിലും സൂപ്പർഹീറോയെ ഇത്രയും കൃത്യമായി സന്നിവേശിപ്പിക്കുന്ന മറ്റൊരു നടൻ ഉണ്ടോ എന്നത് സംശയമാണ്. അമേരിക്ക ഷാവേസിനെ അവതരിപ്പിക്കുന്നത് പതിനാറുകാരിയായ സോച്ചി ഗോമെസ് ആണ്. ഡോ.സ്ട്രേഞ്ചിന്റെ സുഹൃത്ത് വോങ്ങിനെ അവതരിപ്പിക്കുന്ന ബെനെഡിക്ട് വോങ്ങിന് ഇത്തവണ അധികം സ്ക്രീൻ സ്പേസ് നല്‍കിയിട്ടുണ്ട് (ഓരോ മാർവൽ സിനിമയിലും പ്രേക്ഷകൻ ആഗ്രഹിച്ചിരുന്ന കാര്യവുമായിരുന്നു അത്).

 

മാർവലിന്റെ വാട്ട് ഇഫ്, വാൻഡ വിഷൻ എന്നീ സീരിസുകളിൽനിന്നാണ് ചിത്രത്തിന്റെ പ്രമേയം ഉടലെടുത്തിരിക്കുന്നത്. വാൻഡയും സ്കാർലറ്റ് വിച്ചുമായി അതിഗംഭീര പ്രകടനമാണ് എലിസബത്ത് ഓൽസന്റേത്. വാൻഡ എന്ന കഥാപാത്രത്തിന്റെ ഉള്ളറകളെ വ്യക്തമാക്കി തരുന്ന സീരിസ് ആയിരുന്നു വാന്‍ഡ വിഷൻ. അതുകൊണ്ടുതന്നെ മാർവലിന്റെ മുൻ സിനിമകൾ മാത്രം കണ്ടുവരുന്നവർക്ക് ഈ ചിത്രത്തിന്റെ പ്ലോട്ട് അൽപം സങ്കീർണമായി തോന്നാം. പതിവുപോലെ, അടുത്ത ഭാഗത്തിനായുള്ള സൂചനകളും ബാക്കി വച്ചാണ് ചിത്രം അവസാനിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com