ADVERTISEMENT

ജാതി എന്നൊരൊറ്റ വേര്‍തിരിവില്‍ തൂങ്ങിയാടി വിവേചനങ്ങളുടെ കൊടുമുടിയില്‍ കഴിയുന്ന ഒരു ജനത നമുക്കു ചുറ്റും ഇപ്പോഴുമുണ്ട്. മാനുഷിക പരിഗണനയുടെ ചെറു ചൂടു പോലുമേല്‍ക്കാതെ കഴിയുന്ന അവര്‍ക്കായി എക്കാലവും തീ പോലെ പോരാടിയിട്ടുണ്ട് സിനിമ, പ്രത്യേകിച്ച് തമിഴ് സിനിമ. നെഞ്ചുപൊള്ളിക്കുന്ന കാഴ്ചകളും തിരിച്ചറിവു പകരുന്ന നിലപാടുകളുമായി വീണ്ടും അവിടെ നിന്ന് എത്തുകയാണ് മറ്റൊരു ചലച്ചിത്രം കൂടി, അരുണ്‍ മാതേശ്വരന്‍ സംവിധാനം ചെയ്ത ‘സാനി കായിദം’. ധനം എന്ന കുഞ്ഞുമകളുടെ ചുട്ടുപൊള്ളിയടര്‍ന്നു ചാമ്പലായ കുഞ്ഞു ശരീരത്തിനും ലഹരിയിലാണ്ടുളള ഉറക്കത്തില്‍ നിന്നുണരും മുന്‍പേ തീ തിന്ന അവളുടെ അച്ഛനുമായി അമ്മയും അമ്മാവനും നടത്തുന്ന പോരാട്ടം തമിഴകത്തിന്റെ മാത്രമല്ല നീതിബോധമുള്ള ഏവരുടെയും കണ്ണും കാതും മനസ്സും അസ്വസ്ഥമാക്കുകയാണ്.

 

പൊലീസുകാരിയാണ് പൊന്നി. അവളുടെ അര്‍ഥസഹോദരമാണ് സങ്കയ്യ. പൊന്നിയായി എത്തുന്നത് കീര്‍ത്തി സുരേഷും സെങ്കയ്യയായി സെല്‍വ രാഘവനും തെളിമയാര്‍ന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അരിമില്ലിലെ ജീവനക്കാരനായ മാരിയാണ് പൊന്നിയുടെ ഭര്‍ത്താവ്. ജാതിയില്‍ താഴ്ന്നവന് ആത്മാഭിമാനത്തെ കുറിച്ച ചിന്തിക്കാന്‍ പോലും അവകാശമില്ലെന്നു പറയുന്നവരുടെ മുഖത്തേക്ക് ആഞ്ഞു തുപ്പുന്ന മാരിയിലൂടെയാണ് എല്ലാത്തിനും തുടക്കമാകുന്നത്. 

 

selvaraghavan

വിവേചനങ്ങളോട് നാവനക്കാതിരിക്കാന്‍ കഴിയാത്ത മാരി ആ വിഷമങ്ങളും സങ്കീര്‍ണതകളും മദ്യപാനത്തിലൂടെ മറികടക്കാനാണ് ശ്രമം. മുത്തുപോലൊരു മകളുമുണ്ട് അവര്‍ക്ക്, ധനം. പൊലീസുകാരിയായുള്ള ജീവിതം ഒട്ടും ആസ്വദിക്കാത്ത പൊന്നിക്ക് ഓല മേഞ്ഞ കുടില്‍ കോണ്‍ക്രീറ്റ് ആക്കണമെന്നും മകളുടെ പുഞ്ചിരി കണ്ട് ജീവിക്കണമെന്നുമാണ് ആഗ്രഹം. ആ സ്വപ്‌നങ്ങള്‍ക്കു മീതെയാണ് മാരിയുടെ പ്രതിഷേധത്തിനുള്ള പ്രതികാരം മരണമായും ബലാത്സംഗമായുമൊക്കെയെത്തുന്നത്. അര്‍ഥ സഹോദരന്റെ അമ്മയുടെ ശാപവാക്കുകള്‍ കാരണമാണ് ഇതെല്ലാം സംഭവിച്ചതെന്ന് ചിന്തിച്ചിരുന്ന പൊന്നിയോട് അവള്‍ അകറ്റി നിര്‍ത്തിയിരുന്ന എന്നാല്‍ മകളെല്ലാ കഥകളും പങ്കിട്ടിരുന്ന സങ്കയ്യ അയാളുടെ ജീവിതം പറയുന്നതോടെ ഉള്ളിലെരിഞ്ഞ പ്രതികാരത്തിന് ഭ്രാന്തമായൊരു ഊര്‍ജ്ജം കൈവരികയാണ്. പൊന്നിയുടെ പ്രതികാര കഥയാണ് സാനി കായിദം. പക്ഷേ പ്രതികാര കഥയെന്ന ആവര്‍ത്തനത്തിന് വിരസത പകരാതിരിക്കാന്‍ പ്രമേയയവും യാമിനി യാഗ്നമൂര്‍ത്തിയുടെ ഛായാഗ്രഹണത്തിന്റെ ഭംഗിയും ആവോളം ഉപയോഗപ്പെടുത്തിയിട്ടുണ്ട് അരുണ്‍ മാതേശ്വരന്‍. 

 

അങ്ങേയറ്റത്തെ വയലന്‍സാണ് ചിത്രത്തിന്റെ മുഖം തന്നെ. തീര്‍ത്തും സാധാരണമായ പശ്ചാത്തലത്തിലൂടെ ഒരു അഭിനേത്രി ഇത്രമാത്രം വയലന്‍സ് അവതരിപ്പിക്കുന്നതും നമുക്ക് അത്രകണ്ട് പരിചിതമല്ല. കസേരയില്‍ ബന്ധനസ്ഥയാക്കിയ സ്ത്രീയെ മാസം പിളര്‍ന്നുമാറ് കത്തികൊണ്ട് ഉപദ്രവിച്ച് ജീവനോടെ ചുട്ടെരിക്കുമ്പോള്‍ കണ്ണിലും ഉടലാകെയുമുള്ള ഊര്‍ജ്ജവും നിസംഗതയും ഒന്നിനേയും കൂസാത്ത നില്‍പ്പുമെല്ലാം ഓരോ ഫ്രെയിം കഴിയുമ്പോഴും കീര്‍ത്തി മെച്ചപ്പെടുത്തുകയാണ്. കുട്ടി ട്രൗസറും പഴകിക്കീറിയ സഞ്ചിയും കുപ്പിഗ്ലാസ് കണ്ണടയും ധരിച്ച നിസംഗത നിറയുന്ന ശരീരമുള്ള സെങ്കയ്യ അവള്‍ക്ക് നിഴലായും ആത്മനിയന്ത്രണത്തിന്റെ കടിഞ്ഞാണായും ചിത്രത്തിലുടനീളം നിറഞ്ഞു നില്‍ക്കും. ഇരുവരും ഇനിയുള്ള കാലം സിനിമാ ലോകത്തിന്റെ ചര്‍ച്ചകളിലുണ്ടാകുമെന്നുറപ്പ്.

saani-kayidham-3

 

keerthy-selva

എല്ലാത്തരത്തിലും അശക്തരാക്കപ്പെട്ടവരുടെ പോരാട്ടത്തെ ഓരോ പാഠങ്ങള്‍ എന്ന പോലെ സംവിധായകന്‍ ആവിഷ്‌കരിക്കുന്നത്. കറുപ്പും വെളുപ്പും ചേര്‍ന്ന ഫ്രെയിമില്‍ അവരുടെ ഭൂതകാലം ആവിഷ്‌കരിച്ച് വര്‍ത്തമാനകാലം നിറം ചേര്‍ക്കുമ്പോഴും യഥാര്‍ഥ ജീവിതം ഇരുട്ടില്‍ നിന്ന് ഇരുട്ടിലേക്ക് പോകുകയാണെന്നും അതെങ്ങനെയെന്നും കാണിച്ചുതരുകയാണ് ഒട്ടുമേ അതിനാടകീയതയില്ലാതെ സംവിധായകന്‍ അരുണ്‍ മാതേശ്വരന്‍. അതിനൊപ്പം നില്‍ക്കുന്നു ഛായാഗ്രഹണവും പ്രത്യേകിച്ച് കഥാപാത്രങ്ങളുടെ മുന്‍കാല ജീവിതം കാണിക്കും നേരമൊക്കെ. 

 

പൊന്നിയും അവളുടെ അമ്മയും അച്ഛന്റെ നിലവിലെ ഭാര്യയുടെ ശാപവാക്കുകളും പേറി തിരിഞ്ഞു നടക്കും നേരമുള്ള ലോങ് ഷോട്ടുകളെ ക്ലാസിക് എന്നു തന്നെ വിശേഷിപ്പിക്കാം. കുറ്റകൃത്യങ്ങള്‍ ഒരു മറയോ കുറ്റബോധമോ ഇല്ലാതെ കൂട്ടുനില്‍ക്കുന്ന എന്നാല്‍ ഇരയ്‌ക്കൊപ്പമാണെന്നു തോന്നിപ്പിക്കുന്ന അനേകം കഥാപാത്രങ്ങള്‍ സിനിമയില്‍ വന്നുപോകുന്നു. സഹനായകന്‍മാരും നടിമാരുമായ അവരെല്ലാം തങ്ങളുടെ വേഷങ്ങള്‍ മികവുറ്റതാക്കുന്നു. 

 

അരികുവല്‍ക്കരിക്കപ്പെട്ട നായകന് അതിസുന്ദരിയായ ഭാര്യയെ നല്‍കുന്ന ക്ലീഷേയും പ്രതികാരത്തിന് വയലന്‍സ് മാത്രമേ മറുപടിയുള്ളോ എന്നുള്ള ചോദ്യവുമൊക്കെ ചോദിച്ച് നമുക്ക് സാനി കായിദത്തെ വിമര്‍ശിക്കാം. എങ്കിലും ജാതീയതയുടെ ഭീകരമായ മുഖം എന്നും അനുഭവിച്ചിട്ടുള്ളവര്‍ക്കും നിരീക്ഷിച്ചിട്ടുള്ളവര്‍ക്കും സൗന്ദര്യമെന്നത് ഒരു നിര്‍ണായക ഘടകമേയല്ലെന്നും ആക്ഷേപിക്കാനും അപമാനിക്കാനുമുള്ളത് കീഴ്ജാതിയില്‍പ്പെട്ട പെണ്‍ശരീരമെന്നും അത് വെളുപ്പായാലും കറുപ്പായാലും അങ്ങനെ തന്നെയാണെന്ന് എത്രയോവട്ടം തെളിയിക്കപ്പെട്ടതുമാണ്. 

 

നീതിയുടെ എല്ലാ വാതിലുകളുടെ നമ്മെ നോക്കി പരിഹസിക്കുകയും ജീവിതം തൂത്തെറിഞ്ഞവര്‍ മുന്നില്‍ നിന്നുകൊണ്ട് നെഞ്ചുവിരിച്ച് അധിക്ഷേപിക്കുകയും ചെയ്യുമ്പോള്‍ ഒന്നും നോക്കാനില്ലാത്ത സാധാരണക്കാര്‍ നീ തീയാകുക എന്ന ആപ്തവാക്യം ഏറ്റെടുത്ത് വാളെടുക്കുന്നത് മനുഷ്യനെന്ന പരിണാമജീവിയുടെ സ്വാഭാവിക പ്രതികരണമാണെന്ന് കാലം തെളിയിച്ചതുമാണ്. ക്രൂരമായി അപമാനിക്കപ്പെട്ടവളോട് പ്രിയപ്പെട്ടവള്‍ വെന്തുവെണ്ണീറായവള്‍ നീതി തേടിയെത്തുമ്പോള്‍ ബലാത്സംഗക്കുറ്റമെന്നത് എളുപ്പം ഊരിപ്പോരാനുള്ള കുറ്റം മാത്രമാണെന്നും കൊലപാതകമൊക്കയാണെങ്കില്‍ നോക്കാം എന്നുമുള്ള വക്കീല്‍ വാദങ്ങള്‍ സമകാലീന കാലത്തോടും അടുത്തുനില്‍ക്കുമ്പോള്‍ സാനി കായിദത്തിന് നിറഞ്ഞ കയ്യടി നല്‍കാതെ നിവൃത്തിയില്ല. 

 

കഥാപാത്രത്തിന്റെ തീക്ഷണതയ്‌ക്കൊത്തുള്ള ശബ്ദമാണോ് കീര്‍ത്തിക്കെന്ന് തോന്നുന്നതും ഇടയ്ക്കിടെ സിനിമയുടെ മുന്നോട്ടുപോക്കിലുണ്ടാകുന്ന ഇഴച്ചിലും നീതിയുക്തമായ വിലയിരുത്തലുകളില്‍പ്പെടുത്താം. സങ്കയ്യയുടെ കിതച്ചു കൊണ്ട് മുന്നോട്ടുപോകുന്ന നീല വാനിലെ വര്‍ത്തമാനങ്ങളും അതിനൊപ്പമുള്ള ഓരോ പ്രതികാരയാത്രകളും ഒരുപാട് കഥകളും നിരീക്ഷണങ്ങളും നമ്മില്‍ എഴുതിച്ചേര്‍ക്കുന്നുണ്ട്, നാളേയ്ക്കായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com