ADVERTISEMENT

ജോമോനും ജോമോളും..നാല് വയസ്സ് പ്രായവ്യത്യാസമുള്ള ചേച്ചിയും അനിയനും. നേരിട്ട് കണ്ടാല്‍ കീരിയും പാമ്പും പോലെയാണ്. ലോക്ഡൗൺ കൂടി ആയതോടെ കാര്യം പറയേണ്ടതില്ലല്ലോ. രണ്ട് േപരും ഓൺലൈൻ ക്ലാസുമൊക്കെയായി വീട്ടിൽ തന്നെയാണ്. ഫുള്‍ടൈം ഒരുമിച്ചായതിനാൽ തല്ലിനും വഴക്കിനും ഒരു പഞ്ഞവുമില്ല. ജോമോന്റെയും ജോമോളുടെയും ചെറിയ പിണക്കങ്ങളിലൂടെയും കുസൃതികളിലൂടെയും കടന്നുപോകുന്ന കുഞ്ഞുചിത്രമാണ് ‘ജോ ആൻഡ് ജോ’.

 

ചട്ടീം കലവുമാകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും എന്നു പറയുന്നതുപോലെയാണ് ഇരുവരുടെയും കാര്യം. തമ്മിൽ പരസ്പരം സ്നേഹമുണ്ടെങ്കിലും അത് മനസിലാക്കാനും തിരിച്ചറിയാനും ‘ഒരു ലവ് ലെറ്റർ’ തന്നെ വേണ്ടി വന്നു. ആ കഥയാണ് അരുണ്‍ ഡി. ജോസ് ‘ജോ ആൻഡ് ജോ’ യിലൂെട പറയുന്നത്. കൗമാരക്കാരുടെ ചിന്തകളും അവരുടെ വാശികളുമൊക്കെ രസകരമായി തന്നെ അവതരിപ്പിക്കാൻ സംവിധായകന് സാധിച്ചിട്ടുണ്ട്.

 

മനോജ് സുന്ദരനും എബി കുരുവിളയുമാണ് ജോമോന്റെ ഉറ്റ ചങ്ങാതികൾ.  ലോക്ഡൗൺ ആയതിനാൽ ചൂണ്ടയിടലും ഒളിച്ചുള്ള സിഗരറ്റ് വലിയൊക്കെയായി ഈ മൂവർ സംഘം നാട്ടിൽ വിലസുകയാണ്. അങ്ങനെ പോകുമ്പോഴാണ് സഹോദരങ്ങൾക്കിടയിൽ പരസ്പരം സംശയം ജനിപ്പിക്കുന്ന സംഭവം നടക്കുന്നത്. വീട്ടിലെ അച്ഛമ്മയെ കൂട്ടുപിടിച്ച് ജോമോൾ അത് കണ്ടുപിടിക്കാൻ ഇറങ്ങുമ്പോൾ ഉറ്റ ചങ്ങാതിമാരെയാണ് ജോമോൻ ഇതിനായി കൂട്ടുപിടിക്കുന്നത്. അതേ തുടർന്നുണ്ടാകുന്ന രസകരമായ നിമിഷങ്ങളാണ് ജോ ആൻഡ് ജോയെ രസകരമാക്കുന്നത്.

 

ലോക്ഡൗൺ കാലത്ത് കൗമാരക്കാർ കാട്ടിക്കൂട്ടിയ കുസൃതിത്തരങ്ങൾ ചിത്രത്തിലൂടെ പുനരാവിഷ്കരിച്ചിട്ടുണ്ട്. വീട്ടിലിരിക്കാതെ കണ്ടത്തിലും മറ്റും ഫുട്ബോൾ കളിച്ച് പൊലീസ് ഓടിച്ചിട്ടു പിടിക്കുന്നതും ഒരിടക്കാലത്ത് മാത്രം വൈറലായ ക്ലബ് ഹൗസും ലൂഡോയും ബക്കറ്റ് ചിക്കനും എള്ളോളംതരി റീലുമൊക്കെ വീണ്ടും കാണാം. 

 

മുഴുനീള കോമഡി ചിത്രമല്ല ജോ ആൻഡ് ജോ. സൗഹൃദവും സഹോദരബന്ധവും മാതാപിതാക്കളുടെ കരുതലുമൊക്കെ ചിത്രം ചർച്ച ചെയ്യുന്നുണ്ട്. വീട്ടിൽ ആൺകുട്ടികൾക്കു കിട്ടുന്ന സ്വാതന്ത്ര്യം കിട്ടാതെ വരുന്ന പെൺകുട്ടികളുടെ ബുദ്ധിമുട്ടും വിഷമങ്ങളുമൊക്കെ ചിത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്. 16 ആകുന്നതോടെ പെൺമക്കളെ കുടുംബിനിയാക്കാൻ തയാറെടുപ്പിക്കുന്ന അമ്മമാർ എന്തുകൊണ്ട് ആൺകുട്ടികളെ നല്ല ഭർത്താക്കന്മാരാക്കാൻ ശ്രമിക്കുന്നില്ലെന്ന ജോമോളുടെ ചോദ്യവും ഇന്നത്തെ തലമുറ മാറ്റം സൂചിപ്പിക്കുന്നു.

 

ജോമോനും ജോമോളുമായി മാത്യുവും നിഖില വിമലും മനോഹരമായ പ്രകടനം കാഴ്ചവയ്ക്കുന്നു. ജോമോന്റെ കൂട്ടുകാരായി എത്തിയ നസ്‌ലിനും മെൽവിൻ ബാബുവാണ് കയ്യടി നേടുന്ന താരങ്ങൾ. മനോജ് സുന്ദരനായി നസ്‌ലിൻ തകർത്താടുന്നു. കോമഡി രംഗങ്ങളിലും ഈ മൂവർ സംഘമാണ് ചിത്രത്തിന്റെ ആകർഷണം. പക്വതയാർന്ന അഭിനയമാണ് ജോണി ആന്റണിയുടേത്. ഓരോ സിനിമകൾ കഴിയുമ്പോഴും അദ്ദേഹം അഭിനയത്തിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു.

 

അച്ഛമ്മയായി എത്തിയ ലീന ആന്റണി, അമ്മ വേഷം ചെയ്ത സ്മിനു സിജോ, പരിഷ്ക്കാരിയായി എത്തിയ സാഗർ സൂര്യ, ക്ലൈമാക്സിൽ ജോമോനെ വിറപ്പിക്കാനെത്തിയ കലാഭവൻ ഷാജോണ്‍ ഇവരെല്ലാം അവരവരുടെ വേഷം ഭംഗിയാക്കി.

 

അരുണ്‍ ഡി ജോസ്, രവീഷ് നാഥ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം അള്‍സര്‍ ഷാ നിര്‍വഹിക്കുന്നു. ടിറ്റോ തങ്കച്ചന്‍ എഴുതിയ വരികള്‍ക്ക് ഗോവിന്ദ് വസന്ത സംഗീതം പകരുന്നു.

 

വലിയ ബഹളങ്ങളോ വയലന്‍സ് രംഗങ്ങളോ ഒന്നുമില്ലാത്ത കൊച്ചുചിത്രം. അച്ഛനും അമ്മയ്ക്കും ചേട്ടനും ചേച്ചിക്കും കൂട്ടുകാരുടെയുമൊക്കെ കൂടെ ഒരുമിച്ചിരുന്ന ആസ്വദിക്കാൻ കഴിയുന്ന ഫൺ എന്റർടെയ്നറാണ് ജോ ആൻഡ് ജോ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com