ഹൃദയത്തിലൂടെ കേൾക്കേണ്ട ചില കാര്യങ്ങൾ; മേരി ആവാസ് സുനോ; റിവ്യു

meri-awas-suno-review
SHARE

മലയാളസിനിമയിൽ അധികം ട്രീറ്റ് ചെയ്തിട്ടില്ലാത്ത വ്യത്യസ്തമായ ഒരു പ്രമേയം അവതരിപ്പിക്കുന്നു എന്നതാണ് 'മേരി ആവാസ് സുനോ'യുടെ പ്രത്യേകത. സ്പോയിലർ ആകുമെന്നതിനാൽ അതിലേക്ക് കൂടുതൽ കടക്കുന്നില്ല. ക്യാപ്റ്റൻ, വെള്ളം എന്നീ സിനിമകൾക്ക് ശേഷം ജയസൂര്യ–പ്രജേഷ് സെൻ  ടീമിന്റേതായി എത്തിയ മൂന്നാമത്തെ സിനിമയാണ് മേരി ആവാസ് സുനോ. ‌2015ൽ ജയസൂര്യ തന്നെ നായകനായ സു സു സുധി വത്മീകം എന്ന ചിത്രമുണ്ട്. ഈ രണ്ട് സിനിമയിലും ഒരു കോമൺ ഫാക്ടറുണ്ട്- 'ശബ്ദം'. രണ്ടിലും ശിവദ ജയസൂര്യയുടെ നായികയായി എത്തുന്നു എന്ന യാദൃച്ഛികതയുമുണ്ട്.  

തിരക്കുപിടിച്ചുള്ള ഓട്ടപ്പാച്ചിലിൽ നമ്മുടെയൊക്കെ സതീർഥ്യനാണ് എഫ്എം റേഡിയോ. യാത്രകളുടെ മുഷിപ്പകറ്റാനും ഡൗൺ ആയിരിക്കുമ്പോൾ അൽപം പോസിറ്റീവ് വൈബ് കൊണ്ടുവരാനുമൊക്കെ എഫ്എമ്മിലൂടെ ശബ്ദസാന്നിധ്യമായി എത്തുന്ന ആർജെകൾക്ക് കഴിയാറുണ്ട്.  ഫുൾപോസിറ്റീവ് എനർജി പ്രസരിപ്പിക്കുന്ന മാലാഖമാരായാണ് നാം പൊതുവെ അവരെ കാണുന്നത്. എന്നാൽ അവരും പ്രശ്നങ്ങളും ടെൻഷനുകളുമുള്ള പച്ചമനുഷ്യരാണ് എന്ന് 'മേരി ആവാസ് സുനോ' കാണിച്ചുതരുന്നു.

അറിയപ്പെടുന്ന ആർ.ജെ ആണ് ശങ്കർ. ഏറെ ജനപ്രീതിയുള്ള കരിയറിലെ നല്ല സമയത്ത്, അയാളുടെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു അപ്രതീക്ഷിത പ്രശ്നം അയാളുടെ കരിയറിലും  കുടുംബജീവിതത്തിലും കനത്ത വെല്ലുവിളി ഉയർത്തുന്നു. അതിനെ ആത്മവിശ്വാസം കൈമുതലാക്കി അയാൾ നേരിടുന്നതാണ് ചിത്രത്തിന്റെ പ്രമേയം. 

ആരും ആരെയും കേൾക്കാൻ സമയം കണ്ടെത്താത്ത തിരക്കിന്റെ പുതിയ ലോകത്ത്, ഒരു നല്ല ശ്രോതാവാകുക എന്നതിന് എത്രത്തോളം പ്രാധാന്യമുണ്ട് എന്ന് ചിത്രത്തിന്റെ ആദ്യപകുതി കാണിച്ചുതരുന്നുണ്ട്. ആദ്യപകുതി ഫുൾ പോസിറ്റീവ് മോഡിൽ പോകുന്ന ചിത്രം, ഒരു നിർണായക വഴിത്തിരിവോടെ ട്രാക്ക് മാറ്റുന്നു. രണ്ടാം പകുതിയിൽ കൂടുതൽ ഇമോഷണൽ ട്രാക്കിലാണ് കഥ പുരോഗമിക്കുന്നത്. ഒടുവിൽ വീണ്ടും പ്രേക്ഷകരെ ഹാപ്പിയാക്കി ചിത്രം പര്യവസാനിക്കുന്നു.

ജയസൂര്യയുടെ മികച്ച അഭിനയമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. പൂർണതയ്ക്കായി അത്യാവശ്യം 'സ്‌ട്രെയ്ൻ'  ചെയ്തുതന്നെ ആ കഥാപാത്രത്തിന്റെ 'പെയ്ൻ' പ്രേക്ഷകരിലേക്ക് എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ജയസൂര്യ കഴിഞ്ഞാൽ എടുത്തുപറയേണ്ടത് ശിവദയുടെ അഭിനയമാണ്. പങ്കാളിക്ക് ജീവിതത്തിൽ ഒരു പ്രശ്നമുണ്ടാകുമ്പോൾ ദുഃഖങ്ങൾ ഉള്ളിൽ ഒളിപ്പിച്ച് കൂട്ടായി നിൽക്കുന്ന കഥാപാത്രത്തെ ശിവദ മനോഹരമാക്കി. ജയസൂര്യ- ശിവദ കെമിസ്ട്രി തന്നെയാണ് ചിത്രത്തിൽ ഹൃദ്യമായി അനുഭവപ്പെട്ടത്. എല്ലാ ഭർത്താക്കന്മാർക്കും സ്വന്തം ഭാര്യയെ സ്നേഹത്തോടെ ഒന്നോർക്കാൻ ഉള്ള കുറച്ചു നിമിഷങ്ങൾ അതിലുണ്ട്. 

മഞ്ജു വാരിയരും ജയസൂര്യയും ആദ്യമായി ഒരുമിച്ചഭിനയിക്കുന്നു എന്നതാണ് ചിത്രത്തിന്റെ മറ്റൊരു സവിശേഷത. മഞ്ജു വാരിയരും തന്റെ റോൾ ഭദ്രമാക്കിയിട്ടുണ്ട്. ഒരു നിർണായക ഘട്ടത്തിൽ ശങ്കറിനെ സഹായിക്കാൻ എത്തുന്നതാണ് മഞ്ജു വാരിയരുടെ രശ്മി എന്ന കഥാപാത്രം. ജോണി ആന്റണി, സുധീർ കരമന എന്നിവരാണ് മറ്റു അഭിനേതാക്കൾ. ഒരു പ്രമുഖ തമിഴ് താരവും ചിത്രത്തിൽ ശബ്ദസാന്നിധ്യമായി എത്തുന്നുണ്ട്.

ചിത്രത്തിന്റെ സാങ്കേതിക വശങ്ങളൊക്കെ മികച്ചനിൽക്കുന്നു. തിരുവനന്തപുരത്താണ് ചിത്രം കൂടുതലും ചിത്രീകരിച്ചത്. തലസ്ഥാനത്തിന്റെ ഭംഗി ഒരിടവേളയ്‌ക്കുശേഷം  ഒരു സിനിമയിൽ ഭംഗിയായി ഒപ്പിയെടുത്തിട്ടുണ്ട്. ഛായാഗ്രാഹകൻ വിനോദ് ഇല്ലംപള്ളിയുടെ സംഭാവന എടുത്തുപറയേണ്ടതാണ്. സങ്കീർണമായ പല രംഗങ്ങളും അതിന്റെ തീവ്രത ഒട്ടും ചോരാതെ ഒപ്പിയെടുക്കാൻ അദ്ദേഹത്തിന് സാധിച്ചു. ചിത്രത്തിലെ ഗാനങ്ങൾ എല്ലാം ഹൃദ്യമാണ്. ചിത്രത്തിന്റെ ഫീൽ ഗുഡ് അന്തരീക്ഷം നിലനിർത്തുന്നതിൽ പശ്ചാത്തലസംഗീതം  മികച്ച പിന്തുണ നൽകുന്നു. എം. ജയചന്ദ്രന്റേതാണ് സംഗീതം.

അപ്രതീക്ഷിതമായ ജീവിതത്തിൽ പ്രതീക്ഷകൾ കൈവിടാതെ, ആത്മവിശ്വാസത്തോടെ മുന്നേറിയാൽ ഏത് പ്രതിസന്ധികളെയും തരണം ചെയ്യാനാകുമെന്ന് ചിത്രം പറഞ്ഞുവയ്ക്കുന്നു. ചുരുക്കത്തിൽ കുടുംബസമേതം പോയി കാണാവുന്ന ഒരു നല്ല കൊച്ചുസിനിമയാണ് മേരി ആവാസ് സുനോ..

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA