ADVERTISEMENT

ഓരോ വഴിയിലും ഓരോ കഥയുണ്ട്. ആ വഴികളിലെ വളവുകളിലാകട്ടെ, നാമറിയാതെ പോകുന്ന അപകടങ്ങളും. നമ്മളെത്ര സൂക്ഷിച്ചാലും ആ അപകടങ്ങള്‍ നമുക്കുനേരെ വന്നടുക്കുക തന്നെ ചെയ്യും. പത്താംവളവിലെ വീട്ടില്‍ താമസിക്കുന്ന സോളമന്റെ ജീവിതം നമ്മോടു പറയുന്നതും അതാണ്. ഒരച്ഛന്റെ കരുതലും കടന്നെത്തിയ അപകടത്തിന്റെ കഥ. പ്രേക്ഷകര്‍ക്ക് ആകാംക്ഷയുടെയും കണ്ണീരിന്റെയും അനുഭവമായി മാറുകയാണ് എം. പത്മകുമാര്‍ ചിത്രം പത്താംവളവ്. ത്രില്ലറിനൊപ്പം കുടുംബ ബന്ധങ്ങളിലൂടെയും സഞ്ചരിക്കുന്ന സിനിമയുടെ യാത്ര ചില ആനുകാലിക സംഭവങ്ങളിലൂടെയാണ് എന്നതും ശ്രദ്ധേയമാണ്.

കൊലപാതകക്കുറ്റത്തിന് പരോളിലിറങ്ങി അവധി കഴിഞ്ഞിട്ടും മടങ്ങിയെത്താത്ത സോളമന്‍. അയാളെ തേടി എസ്‌ഐ സേതുവും കൂട്ടരും പത്താം വളവിലെ ആ വീട്ടിലേക്ക് എത്തുന്നു. കീഴടങ്ങാതെ പതുങ്ങി നടന്ന സോളമനു പറയാനൊരു കഥയുണ്ട്. കാറ്റു പോലെ സൗന്ദര്യമുള്ളൊരു ജീവിതകഥ. ആ ജീവിതത്തില്‍ തനിക്ക് നഷ്ടമായതിനൊക്കെ പകരം ചോദിക്കാന്‍ അയാള്‍ക്ക് ഒരു കൊലപാതകി ആവേണ്ടി വന്നു. അപ്പോഴും ലക്ഷ്യം പൂര്‍ത്തിയാക്കാത്ത അയാളുടെ ജീവിതത്തിലെ പ്രതീക്ഷയുടെ നാളുകളാണ് പരോള്‍ദിനങ്ങള്‍.

എന്നാല്‍ അപ്രതീക്ഷിതമായി വീണ്ടും പൊലീസ് വിലങ്ങു വീഴുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് പത്താം വളവിലെ കാഴ്ചകള്‍. സോളമനായി സുരാജ് വെഞ്ഞാറമൂടും എസ്‌ഐ സേതുവായി ഇന്ദ്രജിത്ത് സുകുമാരനുമാണ് സിനിമയില്‍ നിറഞ്ഞാടുന്നത്. കുറ്റവാളിയും പൊലീസും തമ്മിലുണ്ടാകുന്ന വൈകാരിക ബന്ധത്തിന്റെകൂടി അടയാളപ്പെടുത്തലാണ് ചിത്രം

കൃത്യമായി വന്നു പോകുന്ന ത്രില്ലറും ഫാമലി ഡ്രാമകളും. രണ്ടുംകൂടി ചേര്‍ന്നൊഴുകുമ്പോള്‍ ആസ്വാദനത്തെ ഒട്ടും അലോസരപ്പെടുത്താതെ കൊണ്ടുപോകാന്‍ സംവിധായകനു കഴിഞ്ഞിട്ടുണ്ട്. ചടുലതയ്‌ക്കൊപ്പം ബന്ധങ്ങളിലെ ആര്‍ദ്രതയേയും കൃത്യമായ അളവിലാണ് ഓരോ രംഗത്തിലും എം. പത്മകുമാര്‍ അവതരിപ്പിക്കുന്നത്. രണ്ടും കൂടിക്കലര്‍ന്ന് രസച്ചരടുപൊട്ടാന്‍ സാധ്യതയുള്ള രംഗങ്ങള്‍ ഏറെയുണ്ടായിട്ടും തന്മയത്വത്തോടെയാണ് അദ്ദേഹം അതു കൈകാര്യം ചെയ്തിരിക്കുന്നത്. ജീവിതത്തിന്റെ വിവിധ അവസ്ഥകളിലൂടെ കടന്നു പോകുന്ന സോളമനെ തികഞ്ഞ അച്ചടക്കത്തോടെ കൈകാര്യം ചെയ്യാന്‍ സുരാജ് വെഞ്ഞാറമൂടിന് കഴിഞ്ഞിട്ടുണ്ട്.

പൊട്ടിക്കരഞ്ഞും പുഞ്ചിരിച്ചുമൊക്കെ സുരാജിലെ നടനെ ഒരിക്കല്‍കൂടി അനുഭവിച്ചറിയാനുള്ള വക ചിത്രത്തിലുണ്ട്. പൊലീസ് വേഷങ്ങള്‍ അത്ര പുതുമയല്ലെങ്കിലും കഥാപാത്രത്തോടു നീതിപുലര്‍ത്തുന്ന പ്രകടനമാണ് ഇന്ദ്രജിത്തിന്റേതും. ചിത്രത്തിലെ ശ്രദ്ധേയമായ മറ്റൊരു പ്രകടനം ജയകൃഷ്ണന്റേതാണ്. രൂപത്തിലും ശരീരഭാഷയിലുമൊക്കെ വേറിട്ടൊരു പൊലീസ് ഉദ്യോഗസ്ഥനെ അവതരിപ്പിക്കാന്‍ ജയകൃഷ്ണനു കഴിഞ്ഞിട്ടുണ്ട്.

കഥാപരിസരത്തിലെ പുതുമയും സിനിമയെ കാഴ്ചാനുഭവമാക്കി മാറ്റുന്നുണ്ട്. നമുക്കിടയില്‍ ചര്‍ച്ച ചെയ്യപ്പെടുന്ന ഒരു വിഷയം കൈകാര്യം ചെയ്യുന്നതുകൊണ്ടുതന്നെ സിനിമയെ ഗൗരവത്തോടെ കാണാന്‍ പ്രേക്ഷകരെ പ്രേരിപ്പിക്കും. അഭിലാഷ് പിള്ളയുടേതാണ് തിരക്കഥ. നൈറ്റ് ഡ്രൈവ് എന്ന ചിത്രത്തിനു ശേഷം അഭിലാഷിന്റെ തൂലികയിൽ പിറന്ന മറ്റൊരു ത്രില്ലറാണ് പത്താം വളവ്. സത്യവും നീതിയും തമ്മിലുള്ള സംഘര്‍ഷത്തിന്റെ കഥയെ അവതരണംകൊണ്ടു വ്യത്യസ്തമാക്കുമ്പോൾ പ്രേക്ഷകര്‍ക്ക് അതൊരു അനുഭവമാകുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com