ADVERTISEMENT

നിസ്സാരവൽക്കരണത്തിന്റെയോ വെറുപ്പിന്റെയോ അറപ്പിന്റെയോ പ്രതീകമായിട്ടാണ് പലപ്പോഴും ‘പുഴു’ എന്ന പേരും ജീവിയും അവതരിപ്പിക്കപ്പെടുന്നത്. ‘വെറുമൊരു പുഴു’ എന്ന താരതമ്യത്തിൽ പോലുമുണ്ട് ആ ജീവിയോടും പേരിനോടുമുള്ള അവഗണനയും അവജ്ഞയും. ആ പേരുള്ള സിനിമയിൽ മമ്മൂട്ടിയെ പോലൊരു സൂപ്പർ താരം ‘വില്ലനായ’ നായകനാകുന്നത് ഒരു സാദാ പ്രേക്ഷകനെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരിക്കാം. താരത്തിന്റെ ഉടയാടകൾ ഉൗരിവച്ച് പച്ചമനുഷ്യനായി സ്ക്രീനിൽ ജീവിച്ച നായകന്റെ പ്രകടനവും പ്രേക്ഷകരെ അമ്പരപ്പിക്കും.

പ്രമേയമാണ് ‘പുഴു’വെന്ന സിനിമയുടെ ജീവാത്മാവ്. ആ പ്രമേയത്തെ ആഴത്തിലും പരപ്പിലും പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ച മമ്മൂട്ടിയുടെയും പാർവതിയുടെയും പ്രകടനമാണ് ചിത്രത്തിന്റെ പരമാത്മാവ്. ട്രെയിലറിലും ടീസറിലും കണ്ട ടോക്സിക് പേരന്റിങ്ങും ഒപ്പം, കാലികവും വൈകാരികവുമായ മറ്റൊരു വിഷയവുമാണ് സിനിമ ചർച്ച ചെയ്യുന്നത്. വർത്തമാന കേരളത്തിന് പരിചിതമാണ് കഥയും കഥാസന്ദർഭങ്ങളും.

മാറിയ കാഴ്ചയുടെ കാലത്ത് ഒടിടിക്ക് അനുയോജ്യമായ ചിത്രമെന്ന് നിസ്സംശയം വിശേഷപ്പിക്കാവുന്ന ചിത്രമാണ് പുഴു. കൊമേഴ്സ്യൽ ചേരുവകളിൽ അഭിരമിക്കാതെ പ്രധാന വിഷയത്തെ കാര്യമാത്രപ്രസക്തമായി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു. വളരെ പതിഞ്ഞ താളത്തിലാണ് സിനിമയുടെ ആരംഭവും മുന്നോട്ടുള്ള സഞ്ചാരവും. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ വീക്ഷണകോണിലൂടെയാണ് പലപ്പോഴും കഥ പറച്ചിൽ. ചിത്രത്തിലെ നായകനെങ്കിലും അയാൾ പ്രേക്ഷക മനസ്സിൽ വില്ലനാണ്. എന്നാലും അയാളുടെ മോശം ചെയ്തികളിൽ ചിലതിനെയെങ്കിലും ന്യായീകരിക്കാവുന്ന ചില സന്ദർഭങ്ങൾ സിനിമയിലുണ്ട്.

വില്ലൻ സ്വഭാവമുള്ള നായകനെ മമ്മൂട്ടി മികവുറ്റതാക്കി. മിതത്വം നിറഞ്ഞ പ്രകടനത്തിലൂടെയാണ്‌ അദ്ദേഹം ഒരുപാട് സവിശേഷതകളും സ്വഭാവ വൈകല്യങ്ങളുമുള്ള വേഷം അവതരിപ്പിച്ചത്. മമ്മൂട്ടി ഇതിനെക്കാൾ മികച്ച സിനിമകൾ ചെയ്തിട്ടില്ലേ എന്നു ചോദിച്ചാൽ ഉണ്ട്. പക്ഷേ ഇൗ കഥയും സിനിമയും തിരഞ്ഞെടുക്കാൻ അദ്ദേഹം കാണിച്ച ധൈര്യത്തിനാണ് കയ്യടിക്കേണ്ടത്. ഇതേ കയ്യടി പാർവതി തിരുവോത്ത് എന്ന നടിക്കും അവകാശപ്പെട്ടതാണ്.

കഥാപാത്രത്തിന് പെർഫോം ചെയ്യാനുള്ള ഇടം കുറവാണെങ്കിലും ആ വേഷം തിരഞ്ഞെടുക്കാനുള്ള തീരുമാനമാണ് നടിയെന്ന നിലയിൽ പാർവതിക്ക് അഭിനനന്ദനം നേടിക്കൊടുക്കുന്നത്. സ്വന്തം ഇമേജ് നോക്കാതെ സിനിമയുടെയും കഥാപാത്രങ്ങളുടെയും മെറിറ്റ് മാത്രം നോക്കിയാണ് പുഴു മമ്മൂട്ടിയും പാർവതിയും തിരഞ്ഞെടുത്തതെന്ന് വ്യക്തം. അപ്പുണ്ണി ശശി എന്ന നടന്റെ പ്രകടനവും വിസ്മരിക്കാനാവില്ല. സിനിമ കഴിയുമ്പോൾ കുട്ടപ്പൻ എന്ന കഥാപാത്രം നോവായിട്ടാണെങ്കിലും തല ഉയർത്തിത്തന്നെ പ്രേക്ഷക മനസ്സിൽ അവശേഷിക്കും.

കൃത്യമായ രാഷ്ട്രീയമുള്ള സിനിമയിലൂടെ സംവിധായികയായി അരങ്ങേറിയ റത്തീനയുടെ ആത്മവിശ്വാസത്തിന് അഭിനന്ദനം. തഴക്കവും പഴക്കവും ചെന്ന അതികായർ പോലും പറയാൻ മടിക്കുന്ന വിഷയത്തെ അതിന്റെ ആഴത്തിലും പരപ്പിലും അവതരിപ്പിക്കാൻ റത്തീനയ്ക്കും സംഘത്തിനും കഴിഞ്ഞു. ഹർഷദ്, ഷർഫു, സുഹാസ് എന്നിവർ ചേർന്നെഴുതിയ തിരക്കഥ സിനിമയുടെ നട്ടെല്ലാണ്. പറയേണ്ടവ കൃത്യമായ സ്ഥലത്ത് പറയാനും പറയാതെ മനസ്സിലാക്കി കൊടുക്കേണ്ടവ അങ്ങനെ തന്നെ പ്രേക്ഷകരിലേക്കെത്തിക്കാനും അവർക്കു സാധിച്ചു. തേനി ഇൗശ്വറിന്റെ ഛായാഗ്രഹണവും ജേക്സ് ബിജോയുടെ സംഗീതവും ദീപു ജോസഫിന്റെ എഡിറ്റിങ്ങും സിനിമയുടെ മൂഡിനനുസരിച്ചുള്ളതായി.

mammootty-puzhu

പുഴു എന്ന സിനിമയെക്കാളുപരി പുഴുവിന്റെ രാഷ്ട്രീയവും പ്രമേയവും ഏങ്ങനെ സ്വീകരിക്കപ്പെടും എന്നതാണ് കാത്തിരുന്ന് കാണേണ്ടത്. എത്രയൊക്കെ പുരോഗമനം പുറമേ പറഞ്ഞാലും അകമേ ചട്ടക്കൂടുകളിൽ ഒതുങ്ങാൻ ഇഷ്ടപ്പെടുന്ന മലയാളികളുടെ സ്വീകരണമുറികളിൽ പുഴു എത്തരത്തിലുള്ള ചർച്ചയാണ് ഉണ്ടാക്കുക എന്ന് വരും ദിവസങ്ങളിൽ അറിയാം. എന്തൊക്കെയാണെങ്കിലും വർത്തമാന കേരളത്തിൽ ഉറപ്പായും അവതരിപ്പിക്കേണ്ട ഒരു വിഷയത്തെ അതിന്റെ എല്ലാ വശങ്ങളോടും നീതി പുലർത്തി പ്രേക്ഷകരിലേക്കെത്തിക്കാൻ ‘പുഴു’വിന്റെ അണിയറക്കാർക്ക് സാധിച്ചു എന്നതിൽ സംശയമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com