അടച്ചിട്ടൊരു മുറിയിലെ ത്രില്ലർ; ട്വൽത് മാൻ റിവ്യു

12th-man-review
SHARE

ഒരു റിസോർട്ടിലേക്ക് ആഘോഷിക്കാനെത്തുന്ന 11 സുഹൃത്തുക്കൾ. പന്ത്രണ്ടാമനായെത്തുന്ന ഒരു അപരിചിതൻ. പാർട്ടി തുടങ്ങി ഒരു മണിക്കൂർ പിന്നിടുമ്പോൾ അവശേഷിക്കുന്നത് പത്തു സുഹൃത്തുക്കൾ മാത്രം. ഒരു സുഹൃത്തിനെ കൊന്ന കൊലപാതകി അവരിലാരാണ്? ആദ്യാവസാനം കാണികളെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്നുവെന്നതിലാണ് ട്വൽത് മാൻ എന്ന സിനിമയുടെ വിജയം.

ട്വൽത് മാൻ എന്ന സിനിമയുമായി ജീത്തു ജോസഫും മോഹൻലാലും മലയാളി സിനിമാപ്രേക്ഷകരെ വീണ്ടും ഞെട്ടിക്കുകയാണ്. ദൃശ്യത്തിനു ശേഷം എന്താണോ ജീത്തു ജോസഫ്–ലാൽ കോംബിനേഷനിൽനിന്ന് പ്രേക്ഷകർ ആഗ്രഹിക്കുന്നത്, അതു കൃത്യമായി നൽകിയ സിനിമയാണ് ട്വൽത് മാൻ. രണ്ടു മണിക്കൂറും 43 മിനിറ്റും ദൈർഘ്യമുള്ള സിനിമയുടെ നട്ടെല്ല് തിരക്കഥ തന്നെയാണ്.

അഞ്ചു പുരുഷന്മാരും ആറു സ്ത്രീകളുമടങ്ങുന്ന സംഘമാണ് അതിലൊരാളുടെ ബാച്‌ലർ പാർട്ടിക്കായി റിസോർട്ടിലെത്തുന്നത്. അടിച്ച് പൂക്കുറ്റിയായി കോൺതെറ്റി റിസോർട്ടിൽ അലമ്പുണ്ടാക്കുന്ന അപരിചിതനായാണ് ലാലിന്റെ വരവ്. അനാവശ്യമായി പ്രശ്നമുണ്ടാക്കുകും സ്ത്രീകളോട് ദ്വയാർഥ പ്രയോഗം നടത്തുകയും ചെയ്യുന്ന കഥാപാത്രം പിന്നീട് തിരികെ വരുന്നത് ചിത്രത്തിന്റെ പകുതിയിലാണ്. അതിനിടയ്ക്ക് ആ സുഹൃത്തുക്കളിലൊരാൾ കൊല്ലപ്പെട്ടിരിക്കുന്നു.

അടച്ചിട്ടൊരു മുറിയിൽ പത്തുപേരെ ഒരു മേശയ്ക്ക് ഇരുപുറവുമിരുത്തി അവരിലാരാണ് കൊലപാതകിയെന്നു കണ്ടെത്തുന്ന കുറ്റാന്വേഷണമാണ് ചിത്രത്തിന്റെ കാതൽ. നിയന്ത്രിതമായ അഭിനയത്തിലൂടെ മോഹൻലാലെന്ന അതുല്യനടൻ പ്രേക്ഷകനൊപ്പം നടന്ന് ആരാണു കുറ്റവാളിയെന്ന് തേടിക്കണ്ടുപിടിക്കുകയാണ്. ലാൽ എന്ന താരത്തെയല്ല, ലാൽ എന്ന നടന്റെ അഭിനയമികവിനെയാണ് ജീത്തു ജോസഫ് ഈ ചിത്രത്തിന്റെ നട്ടെല്ലാക്കിയിരിക്കുന്നത്.

മാറുന്ന കാലഘട്ടത്തിനനുസരിച്ചുള്ള കുറ്റാന്വേഷണ സിനിമയായാണ് ട്വൽത് മാൻ അനുഭവപ്പെടുക. അടച്ചിട്ട മുറിയിലിരിക്കുന്ന പത്തുപേരുടെ ഫോണുകൾ, അവർക്കു വരുന്ന കോളുകളും വാട്സാപ് സന്ദേശങ്ങളും വഴി കഥ വികസിപ്പിക്കുകയാണ്. അവസാനനിമിഷം വരെ ഈ കഥാപാത്രങ്ങളിൽ ആരാണു കൊലപാതകിയെന്ന് ഒരു സൂചനയും തരാതിരിക്കുന്നതിൽ ജീത്തു ജോസഫ് പൂർണമായും വിജയിച്ചിട്ടുണ്ട്.

ഉണ്ണി മുകുന്ദൻ മുതൽ അനു മോഹൻ വരെയുള്ള യുവതാരങ്ങളും അനുശ്രീ മുതൽ അനു സിത്താര വരെയുള്ള നായികമാരും തങ്ങൾക്ക് വീതിച്ചുകിട്ടിയ സ്ക്രീൻ സമയത്തിൽ വളരെ കൃത്യമായ അഭിനയനിമിഷങ്ങൾ നൽകുന്നുണ്ട്. അദിതി രവി, അനുശ്രീ, പ്രിയങ്ക നായർ, അനു സിത്താര, ലിയോണ ലിഷോയ്, ശിവദ, ഉണ്ണി മുകുന്ദൻ, സൈജു കുറുപ്പ്, അനു മോഹൻ, ചന്തുനാഥ്, രാഹുൽ മാധവ് എന്നിവരാണ് മോഹൻലാലിനൊപ്പം ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.

jeethu-antony

ദൃശ്യത്തിലെ സാങ്കേതിക പ്രവർത്തകരുടെ ‘അലുമ്നി മീറ്റാ’ണ് ഈ സിനിമ. ഛായാഗ്രഹണം മുതൽ പശ്ചാത്തല സംഗീതം വരെ സിനിമയുടെ കഥാഗതിക്ക് പിരിമുറുക്കമേറ്റുന്നുണ്ട്. കൃഷ്ണകുമാറിന്റെ തിരക്കഥയുംസതീഷ് കുറുപ്പിന്റെ ഛായാഗ്രഹണവും വി.എസ്. വിനായകിന്റെ എഡിറ്റിങ്ങും സിനിമയുടെ കഥാഗതിക്ക് പൂർണമായും യോജിച്ചതാണ്. ഒരു നിമിഷം പോലും കുറ്റാന്വേഷണത്തിന്റെ ത്രിൽ നഷ്ടപ്പെടുന്നില്ലെന്നതാണ് എല്ലാവരുടെയും വിജയം. പ്രമേയത്തിന്റെ ദുരൂഹ നിലനിർത്തുന്നതിൽ അനിൽ ജോൺസന്റെ സംഗീതവും പൂർണമായും നീതിപുലർത്തി.

അഗതാ ക്രിസ്റ്റിയുടെ നോവലോ ഷെർ‍ലക് ഹോംസോ വായിക്കുമ്പോള്‍ ലഭിക്കുന്ന ആ ത്രിൽ മലയാളി സിനിമാ പ്രേക്ഷകനു സമ്മാനിക്കാൻ ജീത്തു ജോസഫിനു കഴിഞ്ഞുവെന്ന് അഭിമാനിക്കാം. ഇംഗ്ലിഷിൽ നൈവ്സ് ഔട്ട്, ആൻഡ് ദെൻ ദേർവേർ നൺ പോലുള്ള സിനിമകളും ഹിന്ദിയിൽ ഖാമോഷ് പോലുള്ള സിനിമകളും കണ്ടവർക്ക് അതുപോലെ മലയാളത്തിലും ഒരു സിനിമയുണ്ടെന്ന് അഭിമാനത്തോടെ ഇനി പറയാം. മലയാളത്തിൽ ഇതിനുമുൻപ്, അടച്ചിട്ടൊരു മുറിയിൽ ഒരു കഥ പറഞ്ഞത് മാധവ് രാംദാസിന്റെ കോടതി ഡ്രാമയായ ‘മേൽവിലാസ’മാണ്.

തീർച്ചയായും കുടുംബത്തോടൊപ്പം വീട്ടിലിരുന്ന് ത്രില്ലടിച്ച് കാണാവുന്ന മോഹൻലാൽ സിനിമയാണ് ജീത്തു ജോസഫ് ഒരുക്കിയിരിക്കുന്നത്. സിനിമ അവസാനിക്കുമ്പോൾ ബാക്കിനിൽക്കുന്നത്, ഈ ചിത്രം തിയറ്ററിൽ കാണാൻ കഴിഞ്ഞില്ലല്ലോ എന്ന ദുഃഖം മാത്രമാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കമൽ സാറും, ഫഹദും പിന്നെ വിക്രമും | Vijay Sethupathi Interview

MORE VIDEOS
FROM ONMANORAMA