ADVERTISEMENT

മലയാളസിനിമയിൽ അധികമാരും പരീക്ഷിക്കാത്തൊരു മേഖലയാണ് സയൻസ് ഫിക്‌ഷൻ. മനുഷ്യമനസിനും അതീതമായ ചിന്തകളുടെ കഥ പറയുന്ന മായാകാഴ്ചകളാകും ഇത്തരം സിനിമകളുടെ പ്രത്യേകത. ഹോളിവുഡ് സിനിമകളിലൂടെ മാത്രം കണ്ട് ശീലിച്ച ഈ കാഴ്ചാലോകത്തേയ്ക്കാണ് ജാക്ക് ആൻഡ് ജില്ലും നമ്മെ കൂട്ടിക്കൊണ്ട് പോകുന്നത്. സയൻസ് ഫിക്‌ഷൻ കോമഡി  വിഭാഗത്തിലുള്ള ഒരു പരീക്ഷണ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. 

 

ലണ്ടനിൽ ജോലി ചെയ്യുന്ന ശാസ്ത്രജ്ഞനായ കേഷ് എന്ന കേശവിലൂടെയാണ് കഥയുടെ തുടക്കം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ ഏറ്റവും മികച്ച ഹ്യൂമനോയ്ഡ് (മനുഷ്യനെപ്പോലെ ചിന്തിക്കാൻ കഴിവുള്ള റോബട്) കണ്ടുപിടിത്തതിന് ആ വര്‍ഷത്തെ അവാര്‍ഡ് കരസ്ഥമാക്കുന്നത് കേഷ് ആണ്. എന്നാൽ ഇതൊന്നുമല്ല കേഷിന്റെ സ്വപ്നം. അച്ഛന്റെ മുടങ്ങിപ്പോയ 'ജാക്ക് ആൻഡ് ജില്‍ എന്ന ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് സ്വപ്‌നം യാഥാർഥ്യമാക്കാന്‍ കേഷ് സ്വന്തം നാട്ടിലേയ്ക്ക് തിരിച്ചെത്തുന്നു.

 

ആ പരീക്ഷണം നടത്തണമെങ്കിൽ ജീവനുള്ള മനുഷ്യശരീരം ആവശ്യമാണ്. നാട്ടിലെ കൂട്ടുകാരുടെ സഹായത്താൽ പരീക്ഷണത്തിനായി പാര്‍വതിയെന്ന പെണ്‍കുട്ടിയെ കണ്ടുപിടിക്കുന്നു. ആ പരീക്ഷണം നടത്തുന്നതിലുമൂടെ കേഷിന്റെയും പാർവതിയുടെയും ജീവിതത്തിൽ ചില അപ്രതീക്ഷിതകാര്യങ്ങൾ നടക്കുന്നു. സയൻസ് ഫിക്‌ഷൻ ചിത്രമെന്നതിലുപരി പണത്തോടുള്ള മനുഷ്യന്റെ ആർത്തിയും അതുവരുത്തിവയ്ക്കുന്ന പ്രത്യഘാതകളും ചിത്രത്തിലൂടെ പറയുന്നുണ്ട്.

 

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന ആശയം ലളിതമായ രീതിയില്‍ സാധാരണക്കാരിലേക്ക് എത്തിക്കാൻ ചിത്രത്തിലൂടെ സന്തോഷ് ശിവന് കഴിഞ്ഞു. പൃഥ്വിരാജിന്റെ ആമുഖത്തോടെ എത്തുന്ന ചിത്രം തുടക്കം സയൻസ് ഫിക്‌ഷനും നർമവും ഇടകലർന്നാണ് മുന്നോട്ടുപോകുന്നത്. എന്നാൽ രണ്ടാം പകുതിയിൽ ചിത്രത്തിന്റെ ട്രാക്ക് മാറുന്നു.

 

സന്തോഷ് ശിവൻ, അജില്‍ എസ് എം, സുരേഷ് രവീന്ദ്രൻ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. സുരേഷ് കുമാർ രവീന്ദ്രൻ, അമിത് മോഹൻ രാജേശ്വരി, വിജേഷ് തോട്ടിങ്ങൽ എന്നിവരാണ് സംഭാഷണം.

 

ജേക്സ് ബിജോയ്, ഗോപിസുന്ദർ, റാം സുരേന്ദൻ എന്നിവരുടേതാണ് സംഗീതം. മഞ്ജു ആലപിക്കുന്ന കിം കിം കിം എന്ന ഗാനം അതിന്റെ വരികളാലും കൊറിയോഗ്രഫിയാലും ഗംഭീരമാകുന്നുണ്ട്.

 

കേഷ് എന്ന യുവശാസ്ത്രഞ്ജനെ കാളിദാസ് മനോഹരമാക്കി. പാർവതിയായി എത്തുന്ന മഞ്ജു വാരിയരുടെ പ്രകടനമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. അഭിനയത്തിലും നൃത്തത്തിലും മാത്രമല്ല ആക്‌ഷൻ രംഗങ്ങളിലും വിസ്മയിപ്പിക്കുന്ന പ്രകടനമാണ് നടി കാഴ്ചവച്ചിരിക്കുന്നത്. കുട്ടാപ്സ് എന്ന ഹ്യൂമനോയ്ഡ് ആയി സൗബിന്‍ ഷാഹിറും തിളങ്ങി. നെടുമുടി വേണു, ബേസില്‍ ജോസഫ്, ഇന്ദ്രന്‍സ്, അജു വര്‍ഗ്ഗീസ്, എസ്തര്‍ അനില്‍, ഷെയ്‌ലി ക്രിഷന്‍, സുനില്‍ വർഗീസ്, രാജേഷ് ബാബു, ഐഡാ സോഫി സ്‌ട്രോം എന്നിവരാണ് മറ്റു താരങ്ങൾ.

 

മേക്കിങ് കൊണ്ടും പ്രമേയത്തിന്റെ പുതുമ കൊണ്ടും ദൃശ്യാനുഭവം തന്നെയാണ് ഈ ചിത്രം. സന്തോഷ് ശിവൻ ഫ്രെയിമുകൾ അതിമനോഹരം. ഗാനരംഗത്തിലും ആക്‌ഷൻ രംഗങ്ങളിലും സന്തോഷ് ശിവന്‍ ടച്ച് പ്രകടമാകും. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ജാക്ക് ആൻഡ് ജിൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com