ADVERTISEMENT

ഒരേ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ആനന്ദും ഗൗരിയും തമ്മിലുള്ള പ്രണയവും, അത് വിവാഹത്തിലേക്ക് എത്തിക്കുന്നതിനുള്ള അവരുടെ ശ്രമങ്ങളും അതിനിടയിൽ അവരനുഭവിക്കുന്ന ടെൻഷനുകളും മറ്റു പ്രശ്നങ്ങളും നർമ്മത്തിൽ പൊതിഞ്ഞ് അവതരിപ്പിച്ചിരിക്കുന്ന ചിത്രമാണ് ട്രോജൻ. ചിത്രത്തിന്റെ പേരു സൂചിപ്പിക്കുന്നത് പോലെ തന്നെ കഥാപാത്രങ്ങളുടെ ജീവിതത്തിലെ ട്രോജനായി ഒരു കൊലപാതകവും അതേ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളും അരങ്ങേറുന്നതോടെ ചിത്രം അതിന്റെ സ്വാഭാവിക യാത്ര തുടങ്ങുന്നു. 

 

സാധാരണമെങ്കിലും അസാധാരണത്വം കലർത്തിയ ഒരു സാഹസിക യാത്ര കൂടി കൂട്ടിച്ചേർത്തപ്പോൾ രസകരവും അതിലേറെ ത്രില്ലടിപ്പിക്കുന്നതുമായ ഒരു കാഴ്ചാനുഭവമാണ് ട്രോജൻ സമ്മാനിക്കുന്നത് എന്നു നിസ്സംശയം പറയാം.

 

ഒരു ഹർത്താലിനെ തുടർന്ന് ശരാശരി മലയാളിയുടെ ഒരു ദിവസത്തെ അവസ്ഥ കൃത്യമായി ചിത്രത്തിലൂടെ പറഞ്ഞുപോകുന്നുണ്ട്. നിശ്ചയിച്ചുറപ്പിച്ച പല തീരുമാനങ്ങളും പദ്ധതികളും കാറ്റിൽ പറക്കുന്നത് കാണുമ്പോൾ എവിടെയൊക്കെയോ നാം കണ്ടിട്ടുള്ള പല മുഖങ്ങളും ചിലപ്പോൾ നമുക്ക് മുന്നിൽ മിന്നിമായാനും സാധ്യതയുണ്ട്.

 

നവാഗതനായ ഡോ.ജിസ് തോമസ് സംവിധാനവും കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നു. ആനന്ദ് ആയി എത്തിയ ശബരീഷ് വർമ്മ പതിവ് പോലെ തന്നെ കഥാപാത്രമായി ജീവിച്ചപ്പോൾ സ്ക്രീൻ പ്രസൻസ് കൊണ്ടും അഭിനയ മികവ് കൊണ്ടും നായിക ആൻ പോളും ആ വേഷം മനോഹരമാക്കി. ചിത്രത്തിൽ നിർണായക വേഷത്തിലൂടെ മികച്ച തിരിച്ചു വരവു നടത്തിയ ദേവന്റെ അഭിനയം ഇക്കുറി എടുത്തു പറയേണ്ടതുണ്ട്. മലയാള സിനിമയുടെ സജീവ സാന്നിധ്യമായി മാറികൊണ്ടിരിക്കുന്ന ഷീലു എബ്രഹാം, മീര ഐപിഎസ് എന്ന ശക്തയായ കഥാപാത്രമായി കഥാഗതിയെ നിയന്ത്രിക്കുന്നതിൽ തന്റെ പങ്ക്‌ കൃത്യമായി നിർവ്വഹിച്ചു.

 

മുകുന്ദൻ, നോബി മാർക്കോസ്, രശ്മി ബോബൻ, ജൂഡ് ആന്തണി ജോസഫ്, കൃഷ്ണ ശങ്കർ തുടങ്ങിയവർ ഉൾപ്പെടുന്ന കൃത്യമായതും മികച്ചതുമായ കാസ്റ്റിങ് കൂടിയായപ്പോൾ ചിത്രം മറ്റൊരു തലത്തിലേക്ക് ഉയരുന്നു. ഛായാഗ്രഹകന്റെയും ക്രിയേറ്റീവ് സംവിധായകന്റെയും ചുമതല നിർവഹിച്ചിരിക്കുന്നത് മഹേഷ്‌ മാധവ്. സേജോ ജോയുടെ സംഗീതവും മികവുപുലർത്തി.

 

സാഹചര്യങ്ങളുടെ സമ്മർദ്ദം മൂലം ഉണ്ടാകുന്ന ഒരു സാഹസികയാത്രയുടെയും അതിനോടനുബന്ധിച്ച് ഉണ്ടാവുന്ന ചില സങ്കീർണതകളുടെയും ആകെത്തുകയാണ് ട്രോജൻ എന്ന ജിസ് ചിത്രം. കാലികപ്രസക്തിയുള്ള കാര്യം പങ്കുവയ്ക്കുന്ന ട്രോജൻ തിയറ്ററിൽ തന്നെ കണ്ട് അനുഭവിക്കേണ്ട സിനിമതന്നെയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com