ADVERTISEMENT

അടുത്തത് ഇനി എന്താണ് സംഭവിക്കുക എന്ന ആകാംക്ഷയോടെ ശ്വാസമടക്കിപ്പിടിച്ച് ഒരു സിനിമ കാണുക. ഓരോ രംഗവും ത്രില്ലടിപ്പിക്കുക. ആ അനുഭവമാണ് നവാഗതനായ രതീഷ് രഘുനന്ദൻ സംവിധാനം ചെയ്ത ഉടൽ എന്ന ചിത്രം നമുക്ക് നൽകുന്നത്. ഒരു വീടിനുള്ളിൽ ഒരു രാത്രി നടക്കുന്ന വേട്ട. ജീവനോടെ രക്ഷപ്പെടാൻ ഇരയും വേട്ടയാടിപ്പിടിക്കാൻ വേട്ടക്കാരനും നടത്തുന്ന ജീവന്മരണ പോരാട്ടം. ഇവിടെ വേട്ടക്കാരന്റെ കൂടെയാണ് കാണികൾ, ഇരകളോട് ഒരിറ്റ് ദയപോലും ആർക്കും തോന്നുന്നില്ല. ഇതാണ് ഉടൽ എന്ന സിനിമയുടെ പ്രമേയം.

 

ഹോം എന്ന ചിത്രത്തിന് ശേഷം ഇന്ദ്രൻസ് അവതരിപ്പിക്കുന്ന അതിശക്തമായ കഥാപാത്രമാണ് ഇതിലെ കുട്ടിച്ചായൻ. വാർദ്ധക്യത്തിന്റെ അവശതകളിലും പകയുടെ നെരിപ്പോട് ഉള്ളിൽ സൂക്ഷിക്കുന്ന കുട്ടിച്ചായന്റെ പ്രകടനം തന്നെയാണ് ഉടലിന്റെ ഹൈലൈറ്റ്.  ആദ്യപകുതിയിൽ നമ്മൾ കാണുന്നത് ഹതാശനായ, നിസ്സഹായനായ കുട്ടിച്ചായനെയാണെങ്കിൽ‍ രണ്ടാം പകുതിയിൽ കാണുക മറ്റൊരാളെയാണ്. ഈ പരകായ പ്രവേശം തന്നെയാണ് പ്രേക്ഷകരെ ത്രസിപ്പിക്കുന്നതും. കുട്ടിച്ചായനാവാൻ അദ്ദേഹം എത്രമാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ചിത്രം കാണുമ്പോൾ നമുക്ക് മനസ്സിലാകും.  

 

ഇന്ദ്രൻസിനൊപ്പം നിൽക്കുന്ന പ്രകടനമാണ് ദുർഗ കൃഷ്ണയുടേത്. നടിയുടെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും മികച്ച വേഷം എന്ന് നിസംശയം പറയാം. ഇന്ദ്രൻസുമായുള്ള സീനുകളിൽ ഒപ്പത്തിനൊപ്പം നിൽക്കാൻ ദുർഗയ്ക്ക് കഴിഞ്ഞു. ഒരു മനുഷ്യന്റെ പലവിധ മാനസിക തലങ്ങളിലൂടെ കടന്നുപോകുന്ന ഈ കഥാപാത്രത്തെ നന്നായി അവതരിപ്പിക്കാൻ ദുർ​ഗയ്ക്കായി. ധ്യാനും തന്റെ കഥാപാത്രം മോശമാക്കിയില്ല. പക്വതയാർന്ന പ്രകടനമാണ് ധ്യാനും കാഴ്ചവയ്ക്കുന്നത്.

 

തുടക്കക്കാരന്റെ പതർച്ചയൊന്നുമില്ലാതെ തിരക്കഥയും സംവിധാനവും മികവുറ്റതാക്കാൻ രതീഷ് രഘുനന്ദന് സാധിച്ചു എന്ന് നിസംശയം പറയാം. വളരെ ചെറിയൊരു സ്പേസിൽ ചിത്രീകരിച്ച രം​ഗങ്ങളിൽ പാളിച്ചപറ്റാതെ സൂക്ഷമതയോടെയും ആകാംക്ഷ നിലനിർത്തിയും ചിത്രത്തെ മുന്നോട്ടു കൊണ്ടുപോകാൻ രതീഷ് രഘുനന്ദന് കഴിഞ്ഞിട്ടുണ്ട്.

 

എടുത്തു പറയേണ്ട മറ്റൊരു സം​ഗതി മനോജ് പിള്ളയുടെ ക്യാമറയും വില്യം ഫ്രാൻസിസിന്റെ പശ്ചാത്തല സം​ഗീതവുമാണ്. സിനിമയുടെ മൂഡ് നിലനിർത്താൻ രണ്ടുപേരും നന്നായി ശ്രമിച്ചു. നിഷാദ് യൂസഫിന്റെ എഡിറ്റിങ്ങും ചിത്രത്തിന്റെ വേ​ഗത നിലനിർത്തുന്നു.  ‌

 

വയലൻസ് രംഗങ്ങൾ ഉള്ളതിനാൽ എ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ഉള്ളത്. എന്നിരുന്നാലും ഇന്ദ്രൻസ് എന്ന നടന്റെ അവിസ്മരണീയ പ്രകടനമാണ് സിനിമ കണ്ടിറങ്ങുമ്പോൾ മനസ്സിൽ നിറഞ്ഞു നിൽക്കുക.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com