കരുത്തനാണ് ഈ വരയൻ; റിവ്യു

varayan-review
SHARE

ഇരുവശവും കായൽഭംഗിയുള്ള ഗ്രാമീണത തുളുമ്പി നിൽക്കുന്ന കലിപ്പക്കര എന്ന ഗ്രാമം. ആത്മീയത നിറഞ്ഞ പള്ളിയും ചുറ്റുപാടും നിഷ്കളങ്കരായ ഗ്രാമീണരും. വരയൻ എന്ന ചിത്രത്തിലൂടെ ജിജോ ജോസഫ് എന്ന നവാഗത സംവിധായകൻ  പ്രേക്ഷകർക്ക് പകരുന്ന ആദ്യാനുഭവം ഇതായിരിക്കും. എന്നാൽ പ്രകൃതി രമണീയതയും കായൽ ഭംഗിയും നിറഞ്ഞ ഗ്രാമത്തിലെ സ്ഥലവാസികൾ പക്ഷേ അത്ര നിഷ്കളങ്കരല്ല.  ഇരുളിന്റെ മറവിൽ കൊലയും കുടിലതയും നിറഞ്ഞ, കള്ളിൽ മായം കലർത്തുന്ന, ഒന്നുപറഞ്ഞു രണ്ടിനു പള്ളയിൽ കത്തി കയറ്റുന്നവരാണ് കലിപ്പാക്കരക്കാർ.  അവർക്ക് പൊലീസിനെയും കോടതിയെയും അശേഷം പേടിയില്ല. 

പൊലീസ് പോലും കടന്നു ചെല്ലാൻ മടിക്കുന്ന ഈ കലിപ്പക്കരയിലേക്കാണ് കയ്യിൽ പെയിന്റ് ബ്രഷും മനസ്സ് നിറയെ സ്നേഹവുമായി എബിയച്ചൻ കടന്നുവരുന്നത്.  കലിപ്പക്കരയിൽ എത്തിയ പുതിയ പള്ളി വികാരിയാണ് ഫാദർ എബി കപ്പൂച്ചിൻ എന്ന എബിയച്ചൻ.  സഹജീവി സ്നേഹവും കലാഹൃദയവും മാത്രം കൈമുതലായുള്ള എബിയച്ചന്റെ സ്നേഹം കലിപ്പക്കരക്കാരെ നേർവഴിക്കു നയിക്കുമോ അതോ എബിയച്ചൻ വർക്കിയുടെ പിച്ചാത്തിപ്പിടിയിൽ തീരുമോ എന്നുള്ള ചോദ്യത്തിനുത്തരമാണ് വരയന്റെ പ്രമേയം.

ജിജോ ജോസഫ് എന്ന നവാഗത സംവിധായകന്റെ സ്വതന്ത്ര സിനിമയെന്ന ഏറെ നാളത്തെ സ്വപ്നത്തിനു കഥയെഴുതിയത് ഫാദർ ഡാനി കപ്പൂച്ചിൻ ആണ്.  ഒരു പള്ളീലച്ചന് പ്രണയവും തല്ലുപിടിയും കള്ളുകുടിയുമൊക്കെയുള്ള തിരക്കഥയെഴുതാൻ കഴിയുമോ എന്നുള്ള പ്രേക്ഷകരുടെ സംശയം വരയൻ എന്ന സിനിമ കണ്ടാൽ തീരും. ഫാദർ ഡാനിയുടെ തിരക്കഥയ്ക്ക് യഥാർഥ സംഭവത്തിന്റെ പിൻബലം കൂടിയുണ്ട്. ഗുണ്ടകൾ വളഞ്ഞു നിന്ന് രണ്ടു കപ്പൂച്ചിൻ വൈദികരെ ആക്രമിച്ച സംഭവത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് ഫാദർ വരയന്റെ കഥ എഴുതിയത്. വൈദികനെന്താ പ്രണയം വഴങ്ങില്ലേ എന്നാണു ഫാദർ ഡാനി ചോദിക്കുന്നത്. ഫാദർ ഡാനി സൃഷ്ടിച്ച എബിയച്ചൻ കലിപ്പാക്കരക്കാരെ നന്നാക്കാനിറങ്ങുന്നത് ഉപദേശം കൊണ്ടല്ല മുഴുകുടിയന്മാരോട് ചെത്തി ഇറക്കിയ പുതിയ കള്ള് കുടിക്കാൻ പറയുകയും ചീട്ടുകളിക്കാരോട് കളിയിൽ കള്ളക്കളി പാടില്ല എന്ന് പറയുകയും പ്രണയിക്കാൻ പിറകെ നടക്കുന്ന സുന്ദരിയോട് തിരിച്ച് പ്രേമപൂർവ്വം അവളുടെ മനസ്സ് കയ്യടക്കിക്കുകയും ചെയ്തിട്ടാണ്.  

ഫാദർ ഡാനി മനസ്സിലെഴുതിയ വരയന്റെ കഥ സിനിമയെ സ്വപ്നം കണ്ടുനടന്ന ജിജോയോട് പറയുകയും ജിജോ അത് സുന്ദരമായൊരു ചലച്ചിത്ര കാവ്യമാക്കി മാറ്റുകയുമായിരുന്നു. സ്വപ്നം മയങ്ങുന്ന കണ്ണുകളും തല്ലാൻ വന്നാൽ തിരിച്ചു രണ്ടുകൊടുക്കാനുതകുന്ന മെയ് വഴക്കവുമുള്ള ഫാദർ എബി സിജു വിത്സന്റെ കയ്യിൽ ഭദ്രമായിരുന്നു. നൈർമല്യവും സ്നേഹവും നിറഞ്ഞൊഴുകുന്ന മനസ്സുള്ള എന്നാൽ അത്യാവശ്യത്തിനു ചട്ടമ്പിത്തരവും വശമുള്ള "പള്ളിക്കകത്ത് അലമ്പ് കാണിച്ചാൽ അടിക്കും ഇനിയും അടിക്കും" എന്നുപറയുന്ന എബിയച്ചൻ സിജു വിത്സൻ മനോഹരമാക്കി. പ്രണയഭാവവും വൈദികന്റെ വിശുദ്ധിയും ആക്‌ഷൻ രംഗങ്ങളും ഒരുപോലെ മനോഹരമാക്കിയ സിജു മലയാള സിനിമയ്ക്ക് കരുത്തുറ്റ നായകന്മാർക്ക് ക്ഷാമമില്ല എന്ന് ഒന്നുകൂടി തെളിയിക്കുകയാണ്.

വൈദികനെ പ്രണയിച്ച പണക്കാരിപ്പെണ്ണായി ലിയോണ ലിഷോയ് മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. പള്ളീലച്ചനായ ജൂഡ് ആന്റണി പതിവുപോലെ പ്രേക്ഷകരെ ചിരിപ്പിച്ചു.  ഒരിടവേളക്ക് ശേഷം വീണ്ടും അഭിനയത്തിൽ സജീവമാകുന്ന ബിന്ദുപണിക്കരുടെ ത്രേസ്യ ചേട്ടത്തി ഗംഭീരമായി. സിനിമയിലുടനീളം കുടിലത നിറഞ്ഞ കൈക്കാരൻ ഇസ്താക്കിന്റെ വേഷം മണിയൻപിള്ള രാജുവിൽ ഭദ്രമായിരുന്നു. എബിയച്ചന്റെ സന്തത സഹചാരിയായ കേപ്പ എന്ന അനാഥബാലനായി ഡാവിഞ്ചി സന്തോഷ് ഒരിക്കൽ കൂടി താനൊരു മികച്ച നടനാണെന്ന് തെളിയിക്കുകയാണ്. ജോയ് മാത്യു, വിജയരാഘവൻ, ജയശങ്കർ, അരിസ്റ്റോ സുരേഷ്, ബൈജു എഴുപുന്ന, അംബിക മോഹൻ, രാജേഷ്‌ അമ്പലപ്പുഴ, ശ്രീലക്ഷ്മി, ഹരിപ്രശാന്ത്‌, സുന്ദർ പാണ്ഡ്യൻ തുടങ്ങിയവരുൾപ്പെട്ട മറ്റു താരങ്ങൾ അവരവരുടെ ഭാഗം മികവുറ്റതാക്കിയപ്പോൾ ആക്ഷനും നർമ്മവും ഇഴചേർന്ന മികച്ചൊരു സിനിമാനുഭവമായി മാറുകയാണ് വരയൻ. ബെൽജിയൻ മലിനോയ്സ്‌ ഇനത്തിൽപ്പെട്ട‌ നാസ്‌ എന്ന നായ‌ ടൈഗർ എന്ന മുഴുനീള കഥാപാത്രമായി ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നുണ്ട്‌.  

പ്രകാശ് അലക്സിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും വരയന്റെ മനോഹാരിത കൂട്ടുന്നതിൽ മികച്ച പങ്കുവഹിക്കുന്നുണ്ട്.  കുട്ടനാടിന്റെ സൗന്ദര്യവും ഗ്രാമീണതയുടെ നൈർമ്മല്യവും  ദൃശ്യഭംഗി ഒട്ടും  ചോരാതെ പകർത്തിഎടുക്കാൻ രജീഷ് രാമന്റെ ക്യാമറയ്ക്കായി.  തുടക്കം മുതൽ ഒടുക്കം വരെ ശരിക്കും ഒരു നാടോടിക്കഥ കേൾക്കുന്ന ലാഘവത്തോടെ പ്രേക്ഷകരെ പിടിച്ചിരുത്താൻ രജീഷിന്റെ ഛായാഗ്രഹണം സഹായിച്ചു.  കുട്ടനാടിന്റെ പശ്ചാത്തലത്തിൽ സിജു വിത്സനും ലിയോണയും ഇഴുകിച്ചേർന്നഭിനയിച്ച ഗാനരംഗങ്ങൾ ഏറെ ഹൃദ്യമായി. കാലത്തിനനുസരിച്ച് പള്ളിയും വൈദികരും ആഘോഷങ്ങളും മാറണമെന്നൊരു സന്ദേശം കൂടി വരയൻ പകർന്നു തരുന്നുണ്ട്.  ഒരു വൈദികനായിരുന്നുകൊണ്ടു ഇത്തരമൊരു കഥയെഴുതിയ ഫാദർ ഡാനി കപ്പൂച്ചിന്റെ ധൈര്യത്തെ അഭിനന്ദിക്കാതെ തരമില്ല.    

ഗ്രാമീണ പശ്ചാത്തലത്തിലെടുത്ത നല്ലൊരു ആക്‌ഷൻ ചിത്രത്തിന്റെ ചേരുവകളെല്ലാം വളരെ കൃത്യമായി ചേർത്ത ജിജോ ജോസഫ് എന്ന ഈ നവാഗത സംവിധായകൻ മലയാള സിനിമയ്ക്ക് മുതല്കൂട്ടാവുമെന്ന് ഉറപ്പാണ്.  ദൃശ്യ മാധ്യമങ്ങളോട് എന്നും പുരോഗമനപരമായ സമീപനമെടുത്തിട്ടുള്ള കപ്പൂച്ചിൻ സഭയുടെ ആശീർവാദത്തോടെ തുടങ്ങിയ വരയനെന്ന വൈദികനെ മലയാളി പ്രേക്ഷകർക്ക് പ്രണയിക്കാതിരിക്കാനാവില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA