ADVERTISEMENT

ജോൺ ലൂഥർ! ഈ പേരുകേൾക്കുമ്പോള്‍ സിനിമാപ്രേമികളിൽ ആദ്യം ഓടിയെത്തുക ലൂഥർ എന്ന ടെലിവിഷൻ സീരിസിന്റെ ഓർമയാണ്. സൈക്കളോജിക്കൽ ക്രൈം ത്രില്ലറായ സീരിസിൽ ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടറായി വേഷമിട്ടത് ഹോളിവുഡ് നടൻ ഇഡ്രിസ് എൽബയായിരുന്നു. അതിൽ നിന്നൊക്കെ ഏറെ വ്യത്യസ്തനാണ് അഭിജിത്ത് ജോസഫ് ജയസൂര്യയിൽ വാർത്തെടുത്ത ജോൺ ലൂഥർ. അദ്ദേഹം ദേവികുളം പൊലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടറാണ് അയാൾ. ചെയ്യുന്ന ജോലിയോട് അങ്ങേയറ്റം ആത്മാർഥത പുലർത്തുന്ന മിടുക്കനായ ഉദ്യോഗസ്ഥൻ. അതുകൊണ്ടുതന്നെ കൃത്യനിർവഹണത്തിനിടെ പല അപകടങ്ങളിലും ജോൺ ചെന്നു ചാടാറുണ്ട്. ജോണിന്റെ പൊലീസ് ജോലിയോട് വീട്ടുകാർക്ക് അത്ര താൽപര്യമില്ല.

അങ്ങനെ ഒരു രാത്രി ജോണിന്റെ സ്റ്റേഷൻ പരിധിയിൽ ബൈക്കപകടം നടക്കുന്നു. സംഭവസ്ഥലത്തുതന്നെ ഒരാൾ മരിക്കുകയും ഒപ്പമുണ്ടായിരുന്ന ആളെ കാണാതാകുകയും ചെയ്യുന്നു. മറ്റൊരു കേസന്വേഷണത്തിന്റെ പുറകെ നടക്കുന്ന ജോൺ തന്നെ ഈ കേസും ഏറ്റെടുക്കുന്നു. സാധാരണ മിസ്സിങ് കേസ് ആയി അന്വേഷണം ആരംഭിക്കുന്ന ജോണിന് തുടക്കത്തിൽത്തന്നെ ഇതിലൊരു അസാധാരണത്വം അനുഭവപ്പെടുന്നുണ്ട്.

നിഗൂഢതകളുടെ ചുരുളഴിച്ച് കേസുമായി മുന്നോട്ടുപോകുന്നതിനിടയിലാണ് ജോണിന് ഗുരുതരമായ ഒരപകടം പറ്റുന്നതും കേൾവിശക്തി ഭാഗികമായി നഷ്ടപ്പെടുന്നതും. ശ്രവണവൈകല്യം മറികടന്ന് ജോൺ എങ്ങനെ കേസ് മുന്നോട്ടുകൊണ്ടുപോകും എന്നതാണ് ‘ജോണ്‍ ലൂഥർ’ പറയുന്നത്. കുടുംബപ്രേക്ഷകരെയും കൂടെകൂട്ടി പോകുന്ന ആദ്യ പകുതിയിൽനിന്നു രണ്ടാം പകുതിയിൽ ചിത്രം പൂർണമായും ത്രില്ലറായി മാറുന്നുണ്ട്.

ജോണ്‍ ലൂഥര്‍ എന്ന കഥാപാത്രത്തെ പൂര്‍ണമായും ഉള്‍ക്കൊണ്ട് സ്‌ക്രീനിലെത്തിക്കാന്‍ ജയസൂര്യയ്ക്കു കഴിഞ്ഞു. ജോണിന്റെ മാനസിക സംഘർഷങ്ങളും പിരിമുറുക്കങ്ങളും അതേ ആഴത്തിൽത്തന്നെ പ്രേക്ഷകരിലും അനുഭവപ്പെടും. ദീപക് പറമ്പോൽ, സിദ്ദീഖ്, ശിവദാസ് കണ്ണൂർ, ശ്രീകാന്ത് മുരളി, ശ്രീലക്ഷ്മി, ആത്മീയ രാജൻ, സെന്തിൽ കൃഷ്ണ തുടങ്ങിയവരെല്ലാം അവരുടെ വേഷം ഭംഗിയാക്കി. സിദ്ദീഖിന്റെയും ജയസൂര്യയുടെയും അച്ഛൻ–മകൻ കോംബിനേഷൻ രംഗങ്ങളെല്ലാം മനോഹരമായി.

കെട്ടുറപ്പുള്ള തിരക്കഥയും കൈയൊതുക്കമുള്ള സംവിധാനവുമാണ് ചിത്രത്തിന്റെ കരുത്ത്. നവാഗത സംവിധായകന്റെ ചിത്രമെന്നു തോന്നാത്ത തരത്തിലുള്ള ഡീസന്റ് മേക്കിങ്. ജോണ്‍ ലൂഥര്‍ എന്ന കഥാപാത്രത്തിന്റെ നിർമിതിയിലും പരിണാമത്തിലും തിരക്കഥാകൃത്ത് പുലര്‍ത്തിയ ജാഗ്രത സിനിമയെ കൂടുതല്‍ എന്‍ഗേജിങ് ആക്കുന്നു. അഭിജിത്ത് തന്നെയാണ് തിരക്കഥയും എഴുതിയിരിക്കുന്നത്.

റോബി വർഗീസ് രാജിന്റെ ഛായാഗ്രഹണം ത്രില്ലർ മൂഡ് നിലനിർത്തുന്നതിൽ പ്രധാന പങ്കുവഹിക്കുന്നു. നൈറ്റ് ഷോട്ടുകളിൽ റോബിയുടെ പാടവം എടുത്തുപറയേണ്ടതാണ്. ചിത്രത്തെ ചടുലമാക്കുന്നതില്‍ പ്രവീണ്‍ പ്രഭാകറിന്റെ എഡിറ്റിങ്ങും വിജയിച്ചു. ഷാൻ റഹ്മാന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും മികവുപുലർത്തി.

പഴുതടച്ച ആഖ്യാനമുള്ള, ത്രില്ലർ സിനിമയ്ക്കു വേണ്ട എല്ലാ ചേരുവകളും കൃത്യമായി കോർത്തിണക്കിയ ജോൺ ലൂഥർ എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com