ADVERTISEMENT

ന്യൂജനറേഷൻ ഫോര്‍മുലകളൊന്നുമില്ലാത്ത, തനി നാട്ടിൻപുറം സിനിമയാണ് ധ്യാൻ ശ്രീനിവാസന്റെ തിരക്കഥയിൽ ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത ‘പ്രകാശൻ പറക്കട്ടെ’. ഒരു മലയോര ഗ്രാമത്തില്‍ പീടിക നടത്തുന്ന പ്രകാശന്റെയും മൂത്ത മകൻ ദാസന്റെയും സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും കഥയാണ് ചിത്രം പറയുന്നത്. ജീവിതത്തിൽ തനിക്കെത്താൻ പറ്റാതിരുന്ന ഉയരങ്ങളിലേക്കു ചിറകു വിടർത്തി പറക്കാൻ തന്റെ മക്കൾക്കാകുമെന്ന പ്രതീക്ഷയിൽ കഴിയുന്ന പ്രകാശൻ. പത്താം ക്ലാസിൽ തോറ്റുതുന്നംപാടി സ്കൂളിൽ കയറാതെ നടക്കുന്ന ദാസന് പ്രകാശന്റെ സ്വപ്നങ്ങൾ സഫലമാക്കാൻ കഴിയുമോ? പ്രകാശന്റെ ജീവിതത്തിൽ പ്രകാശം പരക്കുമോ? ഇതിനൊക്കെയുള്ള ഉത്തരങ്ങളാണ് ഈ കൊച്ചു കുടുംബ ചിത്രം പറയുന്നത്.

അന്നന്നുള്ളതിനു വേണ്ടി കഷ്ടപ്പെട്ട് ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന ഗൃഹനാഥനാണ് പ്രകാശൻ. മൂത്തമകൻ ദാസന് സ്കൂളിന്റെ പടി തന്നെ അലർജിയാണ്. പ്രകാശനും ഭാര്യ ലതയ്ക്കും ഒരു മകൻ കൂടിയുണ്ട്. എൽപി സ്കൂള്‍ വിദ്യാർഥിയായ അഖിൽ. ദാസനിലും പ്രകാശനിലും ഊന്നിയാണ് കഥ പുരോഗമിക്കുന്നത്.

ഉഴപ്പിയുഴപ്പി ജീവിതം ആഘോഷമാക്കുന്നതിനിടെയാണ് ദാസന്റെ മനസ്സിൽ പ്രണയം മൊട്ടിടുന്നത്. തന്റെ കുഞ്ഞനിയനിൽനിന്നു കിട്ടുന്നൊരു ചിന്തയിൽ ആ പ്രണയം വിജയം കാണുന്നു. അങ്ങനെ ദാസനിൽ പുതിയ ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും ചിറകു മുളയ്ക്കുന്നു. പ്രാരാബ്ധങ്ങൾക്കിടയിലും സന്തോഷത്തോടെ മുന്നോട്ടുപോകുന്ന അവരുടെ കുടുംബത്തിൽ പെട്ടെന്നൊരു പ്രതിസന്ധി ഉണ്ടാകുന്നു. അത് ദാസന്റെ ജീവിതം തന്നെയാണ് തകിടം മറിച്ചത്.

പ്രകാശനായി എത്തുന്ന ദിലീഷ് പോത്തന്റെ പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ലെന്നു പറയാം. നമുക്കൊക്കെ അറിയാവുന്ന, നമ്മുടെ അയൽക്കാരനായ ഒരു കുടുംബനാഥനായി അദ്ദേഹം നിറഞ്ഞാടി. ദാസനായി അഭിനയിച്ച മാത്യുവും ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു. അച്ഛൻ –മകൻ ബന്ധത്തെ രസകരമായും ആ ബന്ധത്തിന്റെ ദൃഢതയെ അതിന്റെ ആഴത്തിലും അവതരിപ്പിക്കാൻ സംവിധായകനായി.

പ്രകാശന്റെ അളിയനായ കുട്ടനായി സൈജു കുറുപ്പ് തിളങ്ങി. കോമഡി രംഗങ്ങളിലും സൈജുവിന്റെ ടൈമിങ് മികച്ചതാണ്. വീട്ടമ്മയായ ലതയുടെ വേഷം നിഷ സാരംഗും ഭംഗിയാക്കി. നടൻ ശ്രീജിത്ത് രവിയുടെ മകൻ മാസ്റ്റർ ഋതുൺ ജയ് ശ്രീജിത്ത് രവിയുടെ പ്രകടനവും എടുത്തുപറയേണ്ടതാണ്. മാത്യുവിന്റെ നായികയായി എത്തിയ മാളവികയും അരങ്ങേറ്റം മോശമാക്കിയില്ല. ഗോവിന്ദ് പൈ, ശ്രീജിത്ത് രവി, സ്മിനു സിജോ എന്നിവരാണ് മറ്റ് കഥാപാത്രങ്ങൾ. അജു വർഗീസും ധ്യാൻ ശ്രീനിവാസനും അതിഥി വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.

പുതുമകളൊന്നുമില്ലാത്ത തിരക്കഥയാണ് ചിത്രത്തിന്റേത്. കാലഹരണപ്പെട്ടതും സന്ദർഭത്തിനു യോജിക്കാത്തതുമായ ചില രംഗങ്ങളും ചിത്രത്തെ നാടകീയമാക്കുന്നു. സാധാരണക്കാരന്റെ ജീവിത പ്രതിസന്ധികളും ബുദ്ധിമുട്ടുകളും പ്രകാശൻ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരിലെത്തിക്കാൻ തിരക്കഥാകൃത്തിനും സംവിധായകനും കഴിഞ്ഞിട്ടുണ്ട്. എന്നാൽ അതിനപ്പുറത്തേയ്ക്കൊരു കാഴ്ചാനുഭവം നല്‍കാൻ സാധിച്ചില്ല.

ഷാൻ റഹ്മാൻ ആണ് സംഗീതം. മലപ്പുറത്തിന്റെ ഗ്രാമീണ പശ്ചാത്തലത്തിൽ പറഞ്ഞുപോകുന്ന കഥയെ ദൃശ്യഭംഗിയോടെ സ്ക്രീനിലെത്തിക്കാൻ ഛായാഗ്രഹണം നിർവഹിച്ച ഗുരുപ്രസാദിനായി.

അച്ഛൻ–മകൻ ബന്ധവും സഹോദരസ്നേഹവും കൗമാരപ്രണയവുമൊക്കെയായി രണ്ട് മണിക്കൂർ ദൈർഘ്യമുള്ള കൊച്ചു കുടുംബ ചിത്രമാണ് പ്രകാശൻ പറക്കട്ടെ. മദ്യവും പുകവലിയും ഒന്നുമില്ലാത്ത, നാട്ടിൻപുറത്തെ നിഷ്കളങ്കത വിളിച്ചോതുന്ന ഒരു തനി നാട്ടിൻപുറം സിനിമ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com