ADVERTISEMENT

ഒരേ പ്രഫഷനിൽ ഉള്ള രണ്ടുപേർ തമ്മിൽ പ്രണയിക്കുന്നത് പുതുമയുള്ള കാര്യമൊന്നുമല്ല. പക്ഷേ ജോലി വക്കീൽപണിയാകുമ്പോൾ, പ്രണയിക്കുന്നവർ പ്രമാദമായൊരു കേസിൽ നേർക്കുനേർ നിൽക്കുമ്പോള്‍, കളി കാര്യമാകും. ഇക്കഥയാണ് വിഷ്ണു ജി. രാഘവിന്റെ ‘വാശി’ പറയുന്നത്. പൂർണമായും തിരുവനന്തപുരത്തെ കോടതി പരിസരങ്ങളിൽ ചിത്രീകരിച്ച ‘വാശി’ നിർമിച്ചിരിക്കുന്നത് രേവതി കലാമന്ദിറിന്റെ ബാനറിൽ ജി.സുരേഷ് കുമാറും ഭാര്യ മേനക സുരേഷും മകൾ രേവതിയും ചേർന്നാണ്. അച്ഛനും അമ്മയും രണ്ടു പെൺമക്കളും ‘വാശി’യോടെ ഇറങ്ങിയപ്പോൾ ഒരിടവേളയ്ക്കു ശേഷം രേവതി കലാമന്ദിർ കാമ്പുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ്. പ്രണയവും വിവാഹവും പ്രഫഷനൽ ജെലസിയും മാത്രമല്ല, തൊട്ടാൽ പൊള്ളുന്ന മറ്റൊരു വിഷയം കൂടി ‘വാശി’ ചർച്ച ചെയ്യുന്നുണ്ട്. മീ ടൂ ഏറെ വിവാദമായ ഇക്കാലത്ത് ലൈംഗിക ബന്ധങ്ങളിലെ കൺസന്റ് എന്ന കാലിക പ്രസക്തമായ വിഷയം കൂടി പ്രതിവാദ്യ വിഷയമാകുമ്പോൾ വരും ദിവസങ്ങളിൽ ‘വാശി’ ഏറെ ചർച്ച ചെയ്യപ്പെട്ടേക്കും.

 

എബിൻ മാത്യു തന്റെ കരിയറിൽ ഒന്നു കാലുറപ്പിക്കാൻ പെടാപ്പാടു പെടുന്ന അഭിഭാഷകനാണ്. ചില്ലറ പെറ്റി കേസും ജാമ്യം എടുത്തുകൊടുക്കലും മാത്രമാണ് നാളിതുവരെ എബിനെ തേടിയെത്തിയിരുന്നത്. എബിന്റെ അഭിഭാഷക സുഹൃത്ത് മാധവി മോഹനും സ്വന്തമായി ഒരിടം കണ്ടെത്താനുള്ള ഓട്ടത്തിലാണ്. ഒരു കേസ് തോറ്റതിന്റെ പേരിൽ സീനിയറിൽനിന്ന് ശകാരം ഏറ്റുവാങ്ങിയ മാധവി അയാളുടെ ഓഫിസിൽ നിന്നിറങ്ങുകയും സ്വന്തമായി ഒരിടം കണ്ടെത്താൻ ആഗ്രഹിക്കുകയും ചെയ്യുന്നു. കരിയറിൽ രക്ഷപ്പെടാനുള്ള ഇരുവരുടെയും ആഗ്രഹങ്ങളെ ഒരു ഓഫിസ് പങ്കിട്ടുപയോഗിക്കുക എന്ന ആശയത്തിലേക്ക് കൊണ്ടെത്തിക്കുന്നത് സുഹൃത്തും അഭിഭാഷകനുമായ മുള്ളൂരാണ്. 

 

പക്ഷേ അവരുടെ സഹവാസം അധികനാൾ നീണ്ടുപോയില്ല. വിധി അവരെ പിന്നീട് ഒരേ കേസിന്റെ രണ്ടറ്റത്ത് കെട്ടിയിടുന്നതോടെ രണ്ടുപേരും ഒട്ടും ആഗ്രഹിക്കാത്ത കാര്യങ്ങളാണ് സംഭവിക്കുന്നത്. എബിൻ ആയി ടൊവിനോയും മാധവിയായി കീർത്തിയും മികച്ച പ്രകടനമാണ് കാഴ്ച വയ്ക്കുന്നത്. ഒരിടവേളയ്ക്കു ശേഷം കീർത്തി മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവാണ് ‘വാശി’യോടെ നടത്തിയിരിക്കുന്നത്. മിന്നൽ മുരളിക്കു ശേഷം ടൊവിനോ വീണ്ടും ചുറുചുറുക്ക് ഉള്ള പ്രകടനത്തിലൂടെ മടങ്ങിവരുന്നു.

 

vaashi

‘വാശി’ എന്ന സിനിമയിൽ എടുത്തുപറയേണ്ട കാര്യം ഇന്ന് ഏറെ ചർച്ചചെയ്യപ്പെടുന്ന മീ ടൂ എന്ന വിഷയം ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യപ്പെടുന്നു എന്നതുകൂടിയാണ്. ലൈംഗിക ബന്ധങ്ങളിൽ പരസ്പരം ഉള്ള സമ്മതവും ആ സമ്മതം ഇരയുടെ അറിവോടെയായിരുന്നോ അതോ ഭീഷണിപ്പെടുത്തി വാങ്ങിയതാണോ എന്നൊക്കെയുള്ളതും വിഷയത്തിന്റെ പ്രാധാന്യം വർധിപ്ക്കുന്നു. ഇത്തരത്തിലുള്ള ചർച്ചകൾ കൊടുമ്പിരിക്കൊള്ളുന്ന സമയത്ത് ഇങ്ങനെയൊരു വിഷയം സിനിമ‌യിൽ അവതരിപ്പിക്കാൻ വിഷ്ണു എടുത്ത ധൈര്യം പ്രശംസനീയമാണ്. ഇത്തരം കേസുകളിൽ പെടുന്ന വാദിയുടെയും പ്രതിയുടെയും അവരുടെ കുടുംബങ്ങളുടെയും നിസ്സഹായതയും മാനസിക പിരിമുറുക്കവും കൃത്യമായി കാണിക്കുന്നതിൽ വിഷ്ണുവും ടീമും വിജയിച്ചു എന്നുതന്നെ പറയാം. 

 

വളരെ റിയലിസ്റ്റിക്കായി ചിത്രീകരിച്ച ചിത്രം, കോർട്ട് റൂം ഡ്രാമാ ജോണറിൽ പെടുത്താവുന്നതാണ്. മനുഷ്യ ബന്ധങ്ങളും സഹപ്രവർത്തകർ തമ്മിലുള്ള ഈഗോയും അതിനിടയിൽ വളരെ സെൻസേഷനലായ ഒരു കേസും കൈകാര്യം ചെയ്യുമ്പോൾ, പ്രേക്ഷകരെ മടുപ്പിക്കാതെ സിനിമയുടെ രസച്ചരട് കൈവിട്ടുപോകാതെ മുന്നോട്ടു പോകുന്നത് തിരക്കഥയുടെ കെട്ടുറപ്പിലാണ്. വിഷ്ണു വി. രാഘവ് എന്ന സംവിധായകൻ മലയാള സിനിമയ്ക്കു മുതൽക്കൂട്ടാകുമെന്ന് ഉറപ്പാണ്. 

 

ട്വൽത് മാൻ, ട്വന്റി വൺ ഗ്രാംസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ഈ വർഷം ശ്രദ്ധേയ വേഷങ്ങൾ ചെയ്ത അനു മോഹൻ ആണ് എടുത്തുപറയേണ്ട മറ്റൊരു താരം. ജഡ്ജി ആയി എത്തിയ കോട്ടയം രമേശ്, തിലകന്റെയും നെടുമുടി വേണുവിന്റെയും അഭാവത്തിൽ മലയാള സിനിമയ്ക്കു വിശ്വാസമർപ്പിക്കാൻ കഴിയുന്ന കരുത്തുറ്റ താരമാണെന്ന് വീണ്ടും ഉറപ്പിക്കുകയാണ്. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട അനഘ നാരായണനും മറ്റൊരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മുള്ളൂർ വക്കീൽ ആയി എത്തിയ ബൈജു, നന്ദു, ആര്യ, ഗീതി സംഗീത, ശ്രീലക്ഷ്മി, വരദ, മായാ വിശ്വനാഥ് എന്നിവരോടൊപ്പം ജി. സുരേഷ് കുമാറും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. 

 

വിഷ്ണു ജി. രാഘവും ജാനിസ് ചാക്കോ സൈമണും ചേർന്നാണ് കഥയും തിരക്കഥയുമൊരുക്കിയത്. നീൽ ഡികുഞ്ഞ ഛായാഗ്രഹണം നിർവഹിച്ചപ്പോൾ അർജുൻ ബെന്നാണ് എഡിറ്റിങ്. യാക്സണും നേഹയും ചേർന്നൊരുക്കിയ പശ്ചാത്തല സംഗീതവും ഗാനങ്ങളും മികവുറ്റതായി. 

 

ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് കീർത്തിയും ടൊവിനോയും തമ്മിലുള്ള കെമിസ്ട്രിയാണ്. കോടതിമുറിയിൽ ഈറ്റപ്പുലികളെപോലെ കടിച്ചു കീറാൻ നിൽക്കുന്ന പബ്ലിക് പ്രോസിക്യൂട്ടറും പ്രതിഭാഗം വക്കീലുമായി ടൊവിനോയും കീർത്തിയും ഒന്നിനൊന്നു മികച്ചു നിന്നപ്പോൾ ഇരുവരും തമ്മിലുള്ള പ്രണയ രംഗങ്ങളും ഏറെ മനോഹരമായി. 

 

എന്താണ് മീ ടൂ എന്നത് ഏറെ പ്രാധാന്യത്തോടെ ചർച്ച ചെയ്യുന്ന ഇന്ന് ‘വാശി’ പോലെയുള്ള ചിത്രങ്ങൾ എടുക്കാൻ ധൈര്യം കാണിക്കുന്നത് ഒരു കലാകാരന്റെ സാമൂഹിക പ്രതിബദ്ധത കൂടിയാണ്.  ജോലിസ്ഥലത്തെ പീഡനങ്ങളും കാസ്റ്റിങ് കൗച്ച്, കൺസെന്റ് ആരോപണങ്ങളുമൊക്കെ വാർത്തയിൽ പതിവാകുമ്പോൾ, കോടതിയും നീതിപീഠവും കണ്ണടച്ച് നിൽക്കുമ്പോൾ, എന്റെ ശരീരം എന്റേതാണ്, അതിൽ അനുവാദമില്ലാതെ തൊടാൻ ഒരാൾക്കും അവകാശമില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ‘വാശി’ പോലെയുള്ള, പ്രേക്ഷകനെ കണ്ണ് തുറപ്പിക്കാൻ പോന്ന സിനിമകൾ ഉണ്ടാകേണ്ടത് സമൂഹത്തിന്റെ ആവശ്യം കൂടിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com