ADVERTISEMENT

നിലത്തു നിൽക്കാൻ സമയമില്ല, എന്നാൽപോലും ആര് എന്ത് കാര്യം പറഞ്ഞാലും അത് ഏറ്റെടുക്കും. അവസാനം ഇതെല്ലാം കൂടി ഒരുമിച്ച് വച്ച് കൂട്ടിക്കുഴച്ച് കുളമാക്കും. പിന്നെ ഒരു ഓട്ടമായിരിക്കും. എല്ലാ പ്രശ്നങ്ങളും ഒത്തുതീർപ്പാക്കാനുള്ള നെട്ടോട്ടം...ഇത്തരം സ്വഭാവസവിശേഷതയുള്ള ഏതെങ്കിലുമൊരു കൂട്ടുകാരനോ കൂട്ടുകാരിയോ നമുക്കിടയിലൊക്കെ ഉണ്ടാകും. അങ്ങനെയുള്ള ഒരാളാണ് ഈ കഥയിലെ നായകനായ പ്രിയദർശൻ എന്ന പ്രിയൻ.

 

തന്റെ ആവശ്യങ്ങളെക്കാളുമേറെ കൂടെയുള്ളവരുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്ന ഹോമിയോപ്പതി ഡോക്‌ടറും ഫ്ലാറ്റിന്റെ സെക്രട്ടറിയുമൊക്കെയായ പ്രിയന്റെ നെട്ടോട്ടത്തിന്റെ കഥയാണ് ‘പ്രിയൻ ഓട്ടത്തിലാണ്’ എന്ന സിനിമയുടെ പ്രമേയം. സിനിമയുടെ തുടക്കം മുതൽ അവസാനം വരെ പ്രിയൻ ഓട്ടത്തിലാണ്, പ്രേക്ഷകന്റെ മനസും പ്രിയനൊപ്പം തന്നെ ഓടും, അവന്റെ സങ്കീർണതകളിൽ കിതയ്ക്കും. പ്രിയന്റെ വികാരവിചാരങ്ങൾക്കൊപ്പം പ്രേക്ഷകനും കൂടെ സഞ്ചരിക്കുന്നു. പ്രിയന്റെ തത്രപ്പാടുകളാണ് ലളിതമായ അവതരണശൈലിയിലൂടെയാണ് സംവിധായകൻ വരച്ചു കാട്ടുന്നത്. പ്രിയൻ വിചാരിച്ചതുപോലെ അവസാനം കാര്യങ്ങള്‍ എല്ലാം ഭംഗിയായി നടക്കുമോ എന്ന ആകാംക്ഷ പ്രേക്ഷകരിലെത്തിക്കാൻ സിനിമയ്ക്കു കഴിയുന്നുണ്ട്.

 

priyan-ottathilanu

കുട്ടിക്കാലം മുതൽ കടുത്ത മമ്മൂട്ടി ആരാധകനായ പ്രിയൻ ഈ തിരക്കുകൾക്കിടയിലും സിനിമ എന്ന തന്റെ സ്വപ്നം മനസിന്റെ ഒരു കോണിൽ സൂക്ഷിക്കുന്നുണ്ട്. പ്രിയന്റെ സിനിമ സ്വപ്‌നങ്ങളെ കൂട്ടുപിടിച്ചാണ് ചിത്രം മുന്നോട്ട് പോകുന്നത്. അങ്ങനെ ഒരു ദിവസം പ്രിയന്റെ ജീവിതത്തിലെ സുപ്രധാനദിവസം വന്നുചേരുന്നു. അന്നും കക്ഷി നൂറുകൂട്ടം കാര്യങ്ങൾ ഏറ്റെടുത്തുവച്ചിട്ടുണ്ട്. ഈ പ്രധാന ദിവസം പ്രിയൻ എങ്ങനെ കെെകാര്യം ചെയ്യുമെന്നതിൽ ഊന്നിയാണ് ചിത്രം പുരോഗമിക്കുന്നത്. അവിചാരിതമായ ഒട്ടേറെ സംഭവങ്ങൾ ഈ ദിനത്തിൽ പ്രിയന് നേരിടേണ്ടി വരുന്നു. ആ ദിവസം പ്രിയൻ തന്റെ പതിവ് ശീലങ്ങൾ ഉപേക്ഷിക്കുമോ ഇല്ലയോ എന്നുള്ളതാണ് സിനിമയുടെ ക്ലൈമാക്സ്.

 

അയല്‍പ്പക്കത്തെ പയ്യൻ എന്നു തോന്നിപ്പിക്കുന്ന പ്രകടനമാണ് ഷറഫുദ്ദീൻ നടത്തിയിരിക്കുന്നത്. എല്ലാ പ്രശ്‌നങ്ങളെയും ചെറിയ ചിരിയിലൊതുക്കുന്ന പ്രിയനെ അനായാസമായി നടൻ കെെകാര്യം ചെയ്‌തിട്ടുണ്ട്. പ്രിയന്റെ ഭാര്യയായി എത്തുന്ന അപർണ ദാസും കഥാപാത്രത്തോട് പൂർണമായും നീതിപുലർത്തി. ഇരുവരുടെയും കെമിസ്ട്രിയും ചിത്രത്തിന്റെ മറ്റൊരാകർഷണമായി. പ്രേക്ഷകരിൽ ചിരി ഉണർത്തുന്ന പ്രകടനമാണ് ബിജു സോപാനത്തിന്റേത്. കുട്ടേട്ടൻ എന്ന കഥാപാത്രമായി ബിജു സോപാനം ആടിത്തകര്‍ത്തിരിക്കുന്നു. ഇടവേളയ്ക്കു തൊട്ടുമുൻപ് പ്രത്യക്ഷപ്പെടുന്ന നൈല ഉഷയും തന്റെ വേഷം ഭംഗിയാക്കി. ഹക്കിം ഷാജഹാൻ, സുധി കോപ്പ, ജാഫർ ഇടുക്കി, സ്മിനു സിജോ, അശോകൻ, ഹരിശ്രീ അശോകൻ, ഷാജു ശ്രീധർ, ശിവം സോപാനം, ഉമ, ജയരാജ് കോഴിക്കോട്, വീണ, വിജി, വിനോദ് തോമസ്, ശ്രീജ ദാസ്, വിനോദ് കെടാമംഗലം, ആർ ജെ മൈക്ക്, കൂക്കിൽ രാഘവൻ, ഹരീഷ് പെങ്ങൻ, അനാർക്കലി മരിക്കാർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

 

ആന്റണി സോണിയുടെ ലളിതമായ അവതരണശൈലി ചിത്രത്തെ പ്രേക്ഷകരിലേക്ക് അടുപ്പിക്കാൻ സഹായിക്കുന്നുണ്ട്. ലിജിൻ ബംബീനോ ഒരുക്കിയ പാട്ടുകളും പശ്ചാത്തല സംഗീതവും മികവ് പുലർത്തി. പി.എം. ഉണ്ണികൃഷ്ണന്റെ ഛായാഗ്രഹണവും സിനിമയോട് ഇഴചേർന്നു നിന്നു. അഭയകുമാർ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നത്. പുതുമയുള്ള ആശയം രസച്ചരട് മുറിയാതെ തിരക്കഥയിലേക്ക് പകർത്താൻ ഇരുവർക്കും കഴിഞ്ഞു. ജോയൽ ആണ് എഡിറ്റിങ്.

 

റിലീസിന് മുൻപ് പുറത്ത് വന്ന അഭ്യൂഹങ്ങൾ ശരിവച്ചുകൊണ്ട് ചിത്രത്തിൽ മമ്മൂട്ടി അതിഥി വേഷത്തിൽ എത്തുന്നുണ്ട്. സിനിമയുടെ മർമ പ്രധാനമായ ഭാഗത്തുവരുന്ന അദ്ദേഹം മമ്മൂട്ടിയായി തന്നെ പ്രത്യക്ഷപ്പെടുന്നു. ടെൻഷനുകളോ പിരിമുറുക്കങ്ങളോ ഒന്നുമില്ലാതെ ആസ്വദിച്ചിറങ്ങാവുന്ന, എല്ലാത്തരം പ്രേക്ഷകരെയും ലക്ഷ്യംവച്ച് ഒരുക്കിയ ഫീൽഗുഡ് എന്റർടെയ്നറാണ് ഈ സിനിമ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com