ADVERTISEMENT

കടലായ ലോകത്തിന്റെ നാലിലൊന്നിന്റെ പേര് കര. കരയായ ലോകത്തിനെ മുക്കാലും മുക്കുന്നതത്രേ കടൽ.... രഹസ്യങ്ങളും നിഗൂഢതകളും നിറഞ്ഞ ആയിരം കഥകളുണ്ടാകും കടലിന് പറയാൻ. അടിയിലേക്ക് ഊളിയിട്ട് ചെല്ലുന്തോറും സങ്കീർണമാകുന്ന കടൽ പോലെ ആഴമുള്ള കഥകൾ. അത്തരം കാക്കത്തൊള്ളായിരം കഥകളിൽ ഒന്നാണ് ‘അടിത്തട്ട്’ പറയുന്നത്.‌ നീണ്ടകരയിലെ മത്സ്യത്തൊഴിലാളികളായ ആംബ്രോസിന്റെയും മക്കുവിന്റെയും ജീവിതം.

 

കടൽ കണ്ട കാലം മുതൽ കടലിനപ്പുറത്തൊരു കരയുണ്ടെന്ന് വിശ്വസിക്കാനാണ് ആംബ്രോസിന് ഇഷ്ടം. അത് കൊണ്ടായിരിക്കും ഉൾക്കടലിന്റെ ആഴമോ കോളുമാറ്റത്തിന്റെ വന്യതയോ കണ്ട് അവൻ പേടിക്കാത്തത്. അകാലത്തിൽ മരണപ്പെട്ട തന്റെ പ്രിയപ്പെട്ട സ്റ്റാലിൻ സ്രാങ്കിനു വേണ്ടിയാണ് ഇത്തവണ ആംബ്രോസ് കടലിലറങ്ങാൻ തീരുമാനിക്കുന്നത്. മാർക്കോസും ഡിങ്കനും നെൽസണും കാംബ്ലിയും ജോസഫും മുള്ളനും കൂടുന്ന ആറംഗ സംഘമാണ് ആംബ്രോസിനൊപ്പം ബോട്ടിലുള്ളത്. ആംബ്രോസ്സാണ് കടൽവേട്ടയുടെ ഏഴു പേരിലെ ഒന്നാം ശക്തി. ഏഴു പേരിലെ രണ്ടാമൻ മാർക്കോസും. പക്ഷേ അന്നന്നത്തെ അന്നത്തിനു വേണ്ടി കടലമ്മ കനിയാൻ പ്രാർഥിച്ചറങ്ങുന്ന കടൽവേട്ടയ്ക്കായിരുന്നില്ല ആ യാത്ര. പകരം നാലുചുറ്റും പരന്ന് കിടക്കുന്ന നീലക്കടലിന്റെ ഭീകരതയെ പോലും ഇല്ലാതാക്കുന്നൊരു നരവേട്ടയ്ക്കായിരുന്നു അത്.

shine-aditattu

 

മത്സ്യത്തൊഴിലാളികളുടെ ജീവിതം പറഞ്ഞ സിനിമകൾ നിരവധി കണ്ടിട്ടുണ്ടെങ്കിലും അവരുടെ ജീവിതം യാഥാർഥ്യത്തോടെ അവതരിപ്പിക്കുന്ന അടിത്തട്ട് പ്രേക്ഷകർക്ക് നൽകുന്നത് പുതിയൊരു അനുഭവമാണ്. ആഴക്കടലിലെ കടൽചൊരുക്കും ഉപ്പുകാറ്റും തിരയിളക്കവുമൊക്കെനമ്മെ തൊട്ടുതലോടിപോകുന്നതുപോലെ തോന്നും. കരുത്തുറ്റ കഥയും അതിന്റെ അടിത്തട്ടിലുറച്ച ആഖ്യാനവും അതിഗംഭീര അഭിനയപ്രകടനങ്ങളും അത്യുഗ്രൻ ഛായാഗ്രഹണവും. അടിത്തട്ടിന്റെ അടിത്തറ ഇതൊക്കെയാണ്. സംവിധായകന്റെ തീരുമാനത്തെ ഒരൊറ്റ മനസ്സോടെ പിന്തുണച്ച ക്രിയാത്മക-സാങ്കേതിക പ്രവർത്തകരും, പൂർണമായും അദ്ദേഹത്തെ വിശ്വസിച്ച അഭിനേതാക്കളുമാണ് അടിത്തട്ട് ശക്തമാക്കുന്നത്.  

 

aditattu

നീണ്ടകരയിലെ ആളുകളുടെ ശരീരഭാഷ, അവരുടെ സംസാര രീതി, വസ്ത്രധാരണം, ബോട്ടിലെ ജീവിതം ഇതൊക്കെ കൃത്യമായി പഠിച്ച്, നിരീക്ഷിച്ചാണ് ഇവർ സിനിമയിൽ പകർത്തിയിരിക്കുന്നതെന്ന് വ്യക്തം. ജിജോ ആന്റണിയുടെ കരിയറിലെ ഏറ്റവും മികച്ച ചിത്രം. ഖൈസ് മിലന്റെ രചനാശൈലിയും മനോഹരം. സങ്കീര്‍ണമായ പ്ലോട്ടുകളിലേയ്ക്ക് പോകാതെ എന്താണോ പ്രേക്ഷകരുമായി സംവദിക്കേണ്ടത് അത് കൃത്യമായി തിരക്കഥയിലാക്കാൻ ഖൈസിന് കഴിഞ്ഞു. ആ തിരക്കഥയെ തീർത്തും സത്യസന്ധമായി ആവിഷ്കരിക്കാൻ ജിജോയ്ക്കും സാധിച്ചു.

 

അഷ്ടമുടിക്കായലിൽ നിന്നും അറബിക്കടലിലേക്കുള്ള തന്റെ ജീവിതം ഊതിക്കാച്ചി  ഉരുക്കാക്കിയ ആംബ്രോസ് ആയി കരുത്തുറ്റ പ്രകടനമാണ് ഷൈൻ ടോം ചാക്കോയുടേത്. ഒരു കഥാപാത്രത്തെ സ്വീകരിക്കുന്ന ശൈലിയും അതിന് തന്റേതായ അർഥതലങ്ങൾ നൽകുന്നതുമാണ് ഷൈനിനെ മറ്റ് നടന്മാരിൽ നിന്നും വ്യത്യസ്തനാക്കുന്നത്.  മക്കു എന്ന മാർക്കോസ് ആയി സണ്ണി വെയ്നും കട്ടയ്ക്കു നിൽക്കുന്നു. ഏറെ സങ്കീർണതകൾ നിറഞ്ഞ മാർക്കോസിനെ അഭിനയപ്രകടനം കൊണ്ട് വേറെ തലത്തിലെത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ഇരുവരുടെയും അഭിനയജീവിതത്തിലെ അതിശക്തമായ രണ്ട് കഥാപാത്രങ്ങളാകും ആംബ്രോസും മാർക്കോസും. 

 

പ്രശാന്ത് അലക്സാണ്ടർ എന്ന മികച്ച അഭിനേതാവിന്റെ മറ്റൊരു കരുത്തൻ വേഷപകർച്ചയായിരുന്നു രായൻ സ്രാങ്ക്. ജോസഫ് യേശുദാസ് കാംബ്ലിയെയും, മുരുകൻ മാർട്ടിൻ നെൽസനെയും അവതരിപ്പിക്കുന്നു. ഡിങ്കൻ എന്ന എഴുപത്തഞ്ചുകാരനായ കടൽ വേട്ടക്കാരന് ജീവൻ നൽകിയിരിക്കുന്നത് ജയപാലനാണ്.  കൂർത്ത നോട്ടവും സദാ പാറുന്ന തലമുടിയുമായി ബോട്ടിലെ നിശബ്ദ കഥാപാത്രമായി എത്തിയത് മുള്ളൻ അനി.

 

സിനിമ കൂടുതലും രാത്രിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ബോട്ട് ഉലയുന്നതിനിടയിൽപോലും തിരയിളക്കത്തിന്റെ മനോഹാരിതയോടെ ദൃശ്യങ്ങളെ ക്യാമറയിലാക്കിയ പാപ്പിനുവിനെ അഭിനന്ദിക്കാതെ വയ്യ. ജീവൻ പണയംവച്ചുള്ള ഒരുകൂട്ടം ആളുകളുടെ അധ്വാനത്തോട് നൂറ് ശതമാനം നീതിപുലർത്താൻ പാപ്പിനുവിന് കഴിഞ്ഞു. മറ്റും സാങ്കേതികവശങ്ങളിലും സിനിമ മികവലു പുലർത്തുന്നു. മനുഷ്യ മനസ്സുപോലെയാകും കടൽ. സന്തോഷമാണെങ്കിൽ ശാന്തം, ദേഷ്യത്തിലാണെങ്കില്‍ പ്രക്ഷുബ്ദ്ധവും. അതുപോലെയായിരുന്നു നെസെർ അഹമ്മദിന്റെ സംഗീതം. തിമിംഗലങ്ങളുടെ പ്രത്യേക ശബ്ദം പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്നത് അഭിനന്ദനീയം. നൗഫൽ അബ്ദുള്ളയുടെ എഡിറ്റിങ് മികവും എടുത്തുപറയേണ്ടതാണ്. ഒരുമണിക്കൂർ 34 മിനിറ്റാണ് സിനിമയുടെ ദൈർഘ്യം.

 

ഒടിടി തിയറ്റർ എന്നിങ്ങനെ സിനിമകളെ പ്രേക്ഷകർ തന്നെ വേർതിരിക്കുന്ന ഇക്കാലത്ത് തിയറ്ററിൽ തന്നേ കാണേണ്ടത് എന്ന് ഉറപ്പിച്ചു പറയാവുന്ന ചിത്രമാണ് അടിത്തട്ട്. എല്ലാ രീതിയിലും മികവിട്ടു നിൽക്കുന്ന സിനിമ അടുത്തകാലത്ത് കണ്ടിട്ടുള്ളതിൽ വച്ച് തിയറ്ററിൽ വിസ്മയിപ്പിച്ച ഒന്നാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com