കഥ മുഴുവൻ പക, ചോരപ്പക; റിവ്യു

paka-review
SHARE

ഇതൊരു പുതിയ കഥയല്ല... പുതിയ കഥാപരിസരവുമല്ല. എന്നാൽ, പക എന്ന ചിത്രം നൽകുന്ന ചലച്ചിത്രാനുഭവം പുതുമ നിറഞ്ഞതാണ്. പറഞ്ഞുപഴകിയ കഥയെ പ്രേക്ഷകരുമായി സംവദിക്കുന്ന അനുഭവമാക്കി തീർക്കുകയാണ് പക എന്ന ചിത്രത്തിലൂടെ നവാഗതനായ നിതിൻ ലൂക്കോസ്. ഊഹിച്ചെടുക്കാവുന്ന കഥാസന്ദർഭങ്ങളിലൂടെ സിനിമ മുന്നോട്ടു പോകുമ്പോഴും ഒരു ഷേക്സ്പീരിയൻ നാടകത്തിലെ നായകനോട് തോന്നുന്ന എംപതിയോടെ പ്രേക്ഷകരും സിനിമയ്ക്കൊപ്പം സഞ്ചരിക്കും. പകയെ ന്യായീകരിക്കുന്നില്ലെങ്കിലും കൊന്നും കൊടുത്തും തലമുറകളായി തുടരുന്ന ആ പകയുടെ ട്രാക്കിലേക്ക് പ്രേക്ഷകരും പെട്ടുപോകുന്നിടത്താണ് പക എന്ന സിനിമ അനുഭവമായി മാറുന്നത്. 

ഒരു മലയോരഗ്രാമത്തിലാണ് കഥ സംഭവിക്കുന്നത്. അവിടെയുള്ള മനുഷ്യരുടെ ജീവിതങ്ങളിലൂടെ കയറിയും ഇറങ്ങിയും ഒരു പുഴ ഒഴുകുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് ശവങ്ങൾ പൊന്തുന്ന ഒരു പുഴ. നായകന്റെ അമ്മച്ചി പറയുന്ന പോലെ മനുഷ്യരുടെ രക്തത്തിനായി ദാഹിക്കുന്ന പുഴ! കൊന്നു കെട്ടിതാഴ്ത്തുന്നതും തള്ളിയിട്ടു കൊല്ലുന്നതും എല്ലാം ഉപേക്ഷിക്കപ്പെടുന്നതും ഈ പുഴയിലാണ്. പുഴയുടെ ഏതു ആഴങ്ങളിലേക്ക് കെട്ടിത്താഴ്ത്തപ്പെട്ടാലും അവിടെ നിന്ന് ആ ശരീരങ്ങളെ കണ്ടെടുക്കുന്ന ഒരൊറ്റ ആളേ ആ ഗ്രാമത്തിലുള്ളൂ. മീശക്കാരൻ ജോസേട്ടൻ! കഥ തുടങ്ങുന്നതു തന്നെ അത്തരമൊരു ശവം കണ്ടെത്തലിലൂടെയാണ്. 

സിനിമ പ്രധാനമായും സഞ്ചരിക്കുന്നത് രണ്ടു കുടുംബങ്ങളുടെ കുടിപ്പകയിലൂടെയാണ്. തലമുറകളായി കൈമാറി വരുന്ന ആ പകയ്ക്ക് പിന്നിലുള്ള യഥാർത്ഥ കാരണത്തിന് പിന്നാലെ സിനിമ പോകുന്നില്ല. മറിച്ച്, കാലങ്ങളായി ആ പകയുടെ തട്ടകത്തിൽ വീണുമരിച്ചവരുടെ പിൻതലമുറക്കാരുടെ ജീവിതസംഘർഷങ്ങളിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. നായകൻ ജോണിയും അയാളുടെ കൊച്ചാപ്പ കൊച്ചേപ്പുവും ജോണിയുടെ കാമുകി അന്നയുമെല്ലാം അത്തരം സംഘർഷങ്ങളുടെ ഭാരം പേറുന്നവരാണ്. രണ്ടു കുടുംബങ്ങളുടെ കുടിപ്പകയ്ക്കിടയിലും ജോണിയും അന്നയും പ്രണയബദ്ധരാകുന്നുണ്ട്. വിവാഹം കഴിക്കാൻ മുന്നിട്ടിറങ്ങുന്നുമുണ്ട്. എന്നാൽ അവരുടെ പ്രണയം പോലും ഈ പകയുടെ കണക്കുതീർക്കലുകൾക്കിടയിൽ മുങ്ങിപ്പോവുന്നു. തലമുറകളായി തുടരുന്ന പകയുടെ കണക്കുപുസ്തകത്തിൽ സ്വന്തം പേരെഴുതി ചേർക്കാൻ ജോണിക്ക് താൽപര്യമില്ലെങ്കിലും ഒടുവിൽ അയാളും ആവർത്തിക്കപ്പെടുന്ന ആ ദുരന്ത ചക്രത്തിലേക്ക് വീണു പോകുന്നു. 

ബേസിൽ പൗലോസ് എന്ന നടന്റെ ഗംഭീര പ്രകടനമാണ് പക എന്ന സിനിമയുടെ ആകർഷണം. സംവിധായകന്റെ ജീവിതപശ്ചാത്തലത്തിൽ നിന്നു ലഭിച്ച കഥാതന്തുവിൽ നിന്നാണ് സിനിമയുടെ ബീജം പരുവപ്പെട്ടതെന്ന് സിനിമയ്ക്ക് ആമുഖമായി എഴുതി കാണിക്കുന്നുണ്ട്. കഥയുടെ ഈ തിരഞ്ഞെടുപ്പിനെക്കാൾ സംവിധായകൻ എന്ന നിലയിൽ നിതിൻ അമ്പരപ്പിക്കുന്നത് അഭിനേതാക്കളുടെ തിരഞ്ഞെടുപ്പിലാണ്. നായക കഥാപാത്രത്തെ അവതരിപ്പിച്ച ബേസിൽ പൗലോസും നായികയായ വിനീത കോശിയും ഒഴിച്ചു ബാക്കി ഭൂരിപക്ഷം കഥാപാത്രങ്ങളും പുതുമുഖങ്ങളാണ്. എന്നാൽ അവരുടെ പ്രകടനങ്ങൾ പ്രേക്ഷകരെ അമ്പരപ്പിക്കും. അത്രയേറെ ശക്തമാണ് അവരുടെ സിനിമയിലെ സാന്നിധ്യം. 

ജോണിയുടെ അപ്പന്റെ അനുജനായി വേഷമിട്ട ജോസ് കിഴക്കൻ, അനുജൻ പാച്ചി ആയെത്തിയ അതുൽ ജോൺ എന്നിവരുടെ കെമിസ്ട്രി രസകരമായി തന്നെ സിനിമയിൽ വന്നിട്ടുണ്ട്. ഇവരോട് ചേർന്നു നിൽക്കുന്ന സുഹൃത്തുക്കളും വളരെ റിയലിസ്റ്റിക് ആയ അഭിനയമാണ് കാഴ്ച വച്ചത്. അതുപോലെ ശക്തമായ സാനിധ്യമായിരുന്നു ജോണിയുടെ അമ്മച്ചി ആയെത്തിയ കഥാപാത്രം. സിനിമയിൽ ഒരിക്കൽ പോലും അവരുടെ മുഖം കാണിക്കുന്നില്ലെങ്കിലും നട്ടെല്ലിലൂടെ ഭയത്തിന്റെ ഒരു മിന്നൽ ജനിപ്പിക്കാൻ പാകത്തിനുള്ളതാണ് ശബ്ദം കൊണ്ടുള്ള അവരുടെ പ്രകടനം. 

മരണത്തിന്റെ തണുപ്പും പകയുടെ ചോരമണവുമുള്ള ശബ്ദമെന്ന് വിശേഷിപ്പിക്കാവുന്ന ഒന്നായിരുന്നു അത്. അന്നയുടെ വീട്ടിലെ വല്യപ്പച്ചൻ വർക്കിയേ അവതരിപ്പിച്ച ജോസഫ് മാണിക്കൽ, ജോയിയെ അവതരിപ്പിച്ച നിതിൻ ജോർജ്, അങ്ങനെ എല്ലാവരും അവരുടെ വേഷങ്ങൾ കയ്യടക്കത്തോടെ പകർന്നാടി. പുതുമുഖങ്ങളെ ഇത്രയും ഫലപ്രദമായി ഉപയോഗിച്ചതിൽ തീർച്ചയായും സംവിധായകൻ അഭിനന്ദനം അർഹിക്കുന്നു.

സംഭാഷണങ്ങളുടെ ബാഹുല്യം ഇല്ലാത്ത തിരക്കഥയ്ക്ക് കയ്യും മെയ്യുമാകുന്നത് ക്യാമറയും ശബ്ദവുമാണ്. സംവിധായകൻ മികച്ച സൗണ്ട് ഡിസൈനർ ആയതിന്റെ മികവ് പശ്ചാത്തലസംഗീതത്തിൽ പ്രതിഫലിച്ചിട്ടുണ്ട്. ഫൈസൽ അഹമദ് ആണ് ശബ്ദവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത്. മിനിലിസ്റ്റിക് ആകുമ്പോൾ തന്നെ സിനിമയുടെ കഥാപരിസരത്തെ ഫീൽ ചെയ്യിപ്പിക്കുന്നതായിരുന്നു ഫൈസൽ ചെയ്ത പശ്ചാത്തലസംഗീതം. ഭയവും മിസ്റ്ററിയും ഒരുപോലെ ഫൈസൽ പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിച്ചു. ക്യാമറ നിർവഹിച്ച ശ്രീകാന്തും എഡിറ്റിംഗ് ചെയ്ത അരുണിമ ശങ്കറും കൃത്യമായി സിനിമയുടെ ദൃശ്യഭാഷയോടൊപ്പം ചേർന്നു നിന്നു. മികച്ച ടീമിനെ തന്നെയാണ് തന്റെ ആദ്യചിത്രത്തിൽ സംവിധായകൻ നിതിൻ അണിനിരത്തിയത്. 

സ്റ്റുഡിയോ 99ന്റെ ബാനറിൽ രാജ് രചാകോണ്ടയും അനുരാഗ് കശ്യപും ചേർന്നാണ് സിനിമ നിർമിച്ചിരിക്കുന്നത്. എന്തുകൊണ്ട് അനുരാഗ് കശ്യപ് ഈ സിനിമയുടെ ഭാഗമായി എന്നതിന് ഉത്തരം സിനിമ കണ്ടു കഴിയുമ്പോൾ പ്രേക്ഷകർക്കു വ്യക്തമാകും. കാരണം, ഈ കഥ ഒരു കുടിയേറ്റ ഗ്രാമത്തിലാണ് നടക്കുന്നതെങ്കിലും സിനിമ സംസാരിക്കുന്ന പ്രമേയവും അതിന്റെ ദൃശ്യഭാഷയും ഭാഷയ്ക്കപ്പുറം പ്രേക്ഷകരുമായി സംവദിക്കുന്നതാണ്. സോണി ലിവിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രം തീർച്ചയായും ഗൗരവമായ കാഴ്ച അർഹിക്കുന്ന ഒന്നാണ്.

English Summary: Paka (River of Blood) 2021 Malayalam Movie Review by Manorama Online. Paka is a drama film written and directed by Nithin Lukose. The film stars Basil Paulose in lead role.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS