ADVERTISEMENT

'നാം അനുഭവിക്കാത്ത ജീവിതങ്ങളെല്ലാം നമുക്ക് വെറും കെട്ടുകഥകള്‍ മാത്രമാണ്' എന്ന് ബെന്യാമിൻ ആടുജീവിതത്തിൽ പറയുന്നുണ്ട്. ഭൂരിപക്ഷം മലയാളികൾക്കും ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ പത്രത്തിലെ കറുത്ത തലക്കെട്ടും ചിത്രങ്ങളും പിന്നെ ന്യൂസ് ചാനലുകളിലെ ദൃശ്യങ്ങളും മാത്രം ആയിരിക്കും. ഒരു ദിവസത്തിനപ്പുറം ആയുസ്സില്ലാത്ത, അവരുടെ സുരക്ഷിതമായ ജീവിതത്തെ ഒരുതരത്തിലും ബാധിക്കാത്ത  വെറും വാർത്തകൾ. എന്നാൽ അത് നേരിട്ടനുഭവിക്കുന്നവരുടെ ഭീകരത, വേദന, അടുത്തുനിന്ന് കാട്ടിത്തരുകയാണ് മലയൻകുഞ്ഞ്  എന്ന സിനിമ. കേരളത്തിൽ കവളപ്പാറ, പുത്തുമല എന്നിവിടങ്ങളിലടക്കം മഴക്കാലം സമ്മാനിച്ച നടുക്കുന്ന ഓർമകളുടെ കൂടി ഓർമപ്പെടുത്തലാവുകയാണ് ‘മലയൻകുഞ്ഞ്.

 

ഇടുക്കിയിലെ ഒരു മലയോര ഗ്രാമത്തിൽ അമ്മയോടൊപ്പം താമസിക്കുകയാണ് അനിൽകുമാർ എന്ന അനിക്കുട്ടൻ. ഇലക്ട്രോണിക്സ് റിപ്പയറിങ്ങാണ് തൊഴിൽ. ആവർത്തനവിരസമായ തലതിരിഞ്ഞ ജീവിതരീതിയാണയാളുടേത്.  സാമ്പത്തിക പരാധീനതകൾക്കൊപ്പം കുടുംബത്തിൽ നേരിട്ട ചില ദുരന്തങ്ങളുടെ ഉണങ്ങാത്ത മുറിവും അയാളുടെ ഉള്ളിലുണ്ട്. അയൽവീട്ടിൽ ഒരു കുഞ്ഞു ജനിച്ചതോടെ അതിന്റെ കരച്ചിൽ അയാളുടെ ജോലിയിലെ ശ്രദ്ധ കെടുത്തുന്നു. അതിന്റെ പേരിൽ അയൽക്കാരുമായി വഴക്കിടുന്നു. എന്നാൽ രണ്ടാംപകുതിയിൽ കണ്ണടച്ചുതുറക്കുന്ന നേരംകൊണ്ടുണ്ടാകുന്ന ഒരു ദുരന്തം അയാളുടെയും ചുറ്റുമുള്ളവരുടെയും ജീവിതം തകിടംമറിക്കുന്നു. ആദ്യ പകുതിയിൽ അയാളെ ഏറ്റവും കൂടുതൽ അലട്ടിയ ശബ്ദം രണ്ടാംപകുതിയിൽ അയാളുടെ ജീവിതത്തിന്റെതന്നെ പ്രതീക്ഷയായി മാറുന്നു. രണ്ടാംപകുതി മുഴുവൻ അനിക്കുട്ടന്റെ അതിജീവനത്തിനായുള്ള പരിശ്രമമാണ് കാണിക്കുന്നത്. ഒടുവിൽ എല്ലാം നഷ്ടമാക്കിയ ആ പ്രകൃതിദുരന്തം അയാളുടെ കാഴ്ചപ്പാടുകളിൽ സ്വയംനവീകരണത്തിന് മുഖാന്തിരമാകുന്നിടത്ത് ചിത്രം പരിസമാപ്തിയിലെത്തുന്നു. നിറത്തിന്റെ രാഷ്ട്രീയവും ആദ്യപകുതിയിൽ ചിത്രം പരാമർശിക്കുന്നുണ്ട്.

 

Fahadh Faasil in the movie 'Malayankunju' (screen grab).
Fahadh Faasil in the movie 'Malayankunju' (screen grab).

സിനിമാ അനുഭവപരിചയമുള്ള ഒരു നവാഗത സംവിധായകന്റെ അരങ്ങേറ്റം കൂടിയാണ് ചിത്രം. മഹേഷ് നാരായണന്റെ അടക്കം അസോഷ്യേറ്റ് ആയിരുന്ന സജിമോനാണ് മലയൻകുഞ്ഞിന്റെ സംവിധായകൻ. ഫാസിൽ ആണ് നിർമാണം. പതിനെട്ടു വർഷങ്ങൾക്കു ശേഷം അച്ഛനും മകനും വെള്ളിത്തിരയിൽ വീണ്ടും കൈ കോർക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. അർജുൻ അശോകൻ, രജിഷ വിജയൻ, ഇന്ദ്രൻസ്, ജാഫർ ഇടുക്കി, ഇർഷാദ് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

 

ഒരുപരിധിവരെ ഫഹദിന്റെ 'വൺമാൻ ഷോ'യാണ് ചിത്രം. ആദ്യപകുതിയിലെ കഥാപരിസരം 'മഹേഷിന്റെ പ്രതികാര'ത്തിന്റെ ഓർമകൾ ഉണർത്താനിടയുണ്ട്. രണ്ടാംപകുതിയിൽ അനിക്കുട്ടൻ കടന്നുപോകുന്ന ഭീകരമായ മാനസികാവസ്ഥ, നിസ്സഹായത...എല്ലാം ഫഹദ് മികച്ചതാക്കുന്നു. ഈ ചിത്രത്തിന്റെ രണ്ടാം പകുതി ദൃശ്യവത്കരിക്കാൻ ഫഹദ് എടുത്ത ശാരീരിക അധ്വാനത്തിന് കയ്യടിക്കാതെ വയ്യ. നാൽപത് അടി താഴ്ചയിലാണ് രണ്ടാം പകുതിയിൽ സിനിമ നടക്കുന്നതെന്ന് അണിയറക്കാർ പറഞ്ഞിരുന്നു. ഇതിന്റെ മേക്കിങ് വിഡിയോയും ശ്രദ്ധനേടിയിരുന്നു. ആദ്യപകുതിയിൽ മറ്റ് അഭിനേതാക്കളും തങ്ങളുടെ വേഷം ഭദ്രമാക്കി.

 

ഫഹദും മഹേഷ് നാരായണനും ഒരുമിച്ചപ്പോഴൊക്കെ മേക്കിങ്ങിലും അവതരണത്തിലും പുതുമയുള്ള  സിനിമകൾ പിറന്നിട്ടുണ്ട്. ടേക് ഓഫ്,  മാലിക്ക്, സീ യൂ സൂൺ എന്നിവ ഉദാഹരണം. ആ ഗണത്തിലേക്കാണ് മഹേഷിന്റെ തിരക്കഥയിലൊരുങ്ങിയ  മലയൻകുഞ്ഞും ഇരിപ്പിടം ഉറപ്പിക്കുന്നത്. എഡിറ്റിങ്, സംവിധാനം തുടങ്ങി സകലമേഖകളിലും തന്റെ കഴിവു തെളിയിച്ചിട്ടുള്ള മഹേഷ് നാരായണൻ ഈ ചിത്രത്തിലൂടെ ഛായാഗ്രഹകൻ കൂടിയാകുന്നു എന്ന പ്രത്യേകതയുണ്ട്. ഇനി അഭിനയത്തിൽ കൂടി കൈവച്ചാൽ മലയാളസിനിമയിലെ സകലകലാവല്ലഭരുടെ കൂട്ടത്തിലേക്ക് ഈ പ്രതിഭയുമെത്തും.

 

രണ്ടാംപകുതിയിൽ സംഭാഷണത്തേക്കാൾ ശബ്ദത്തിനും ദൃശ്യത്തിനും പ്രാധാന്യം കൈവരുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്. നീണ്ട ഇടവേളയ്ക്കുശേഷം എ.ആർ. റഹ്മാൻ മലയാളസിനിമയ്ക്ക് സംഗീതം നൽകുന്നു എന്നതും ഹൈലൈറ്റാണ്. വളരെ ലൈറ്റായ കഥാപരിസരത്തിലും സംഭവിക്കാൻ പോകുന്ന ദുരന്തത്തിന്റെ സൂചനകൾ നൽകുന്ന ശബ്ദസാന്നിധ്യം പ്രേക്ഷകരിൽ ഉദ്വേഗം നിറയ്ക്കുന്നുണ്ട്. ചിത്രത്തിൽ ഇടവേളയ്ക്ക് തൊട്ടുമുൻപുള്ള ഒറ്റ സീൻ മാത്രംമതി ശബ്ദത്തിനും പശ്ചാത്തലസംഗീതത്തിനുമുള്ള പ്രാധാന്യം മനസ്സിലാക്കാൻ. രണ്ടാം പകുതിയിൽ സംഭാഷണങ്ങൾ കുറവാണ്. അവിടെയും ചിത്രത്തെ മുന്നോട്ടുനയിക്കുന്നത്  ബാക്ഗ്രൗണ്ട് സ്കോറാണ്. സംഗീതത്തിലൂടെ വൈകാരികത അവതരിപ്പിക്കുന്നത് നാം കണ്ടിട്ടുണ്ട്. എന്നാലിവിടെ രണ്ടാംപകുതിയിൽ  വൈകാരികത മാത്രമല്ല കഥയെത്തന്നെ മുന്നോട്ടുനയിക്കുന്നത് പശ്ചാത്തലസംഗീതമാണ്. ചിത്രത്തിന്റെ കലാസംവിധാനത്തെ കുറിച്ചു പരാമർശിക്കാതിരിക്കാനാകില്ല. ടിവിയിൽ  പ്രേക്ഷകർ കണ്ട ദുരന്തമുഖങ്ങളെക്കാൾ തീവ്രതയുള്ള ദുരന്തമുഖം പുനഃസൃഷ്ടിക്കാൻ ഇതിന്റെ പിന്നണിപ്രവർത്തകർക്ക് സാധിച്ചിരിക്കുന്നു.

 

ചിത്രത്തിന്റെ പരസ്യങ്ങളിൽ പറയുന്നതുപോലെ ക്ലോസ്ട്രോഫോബിയ (അടഞ്ഞ ഇടങ്ങളോടുള്ള ഭയം) ഉള്ളവരെ ചിത്രം അസ്വസ്ഥമാക്കാനിടയുണ്ട് എന്ന്  പറഞ്ഞത് ശരിയാണ്. സാധാരണ മനോവ്യാപാരമുള്ളരെപോലും ചിത്രത്തിന്റെ രണ്ടാംപകുതി വീർപ്പുമുട്ടിക്കാനിടയുണ്ട്. അതാണ് ചിത്രത്തിന്റെ മികവിന്റെ അളവുകോലും. ചുരുക്കത്തിൽ വളരെ ചെറിയ കഥാബീജത്തെ അവതരണമികവ് കൊണ്ട് അവിസ്മരണീയമാക്കുകയാണ് മലയന്‍കുഞ്ഞ് എന്ന സിനിമ.

 

English Summary: Malayankunju 2022 Malayalam Movie Review by Manorama Online. Malayankunju is an Indian Malayalam-language survival thriller film directed by Sajimon Prabhakar and written by Mahesh Narayanan,

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com