ഹോളിവുഡിൽ ധനുഷിന്റെ റോയൽ എൻട്രി; ഗ്രേ മാൻ റിവ്യു

gray-man-review
SHARE

അളന്നുമുറിച്ച തീപാറുന്ന ആക്‌ഷൻ. ഇംഗ്ലിഷിൽ തന്റെ അരങ്ങേറ്റ ചിത്രമായ ദ് ഗ്രേ മാനിലൂടെ ധനുഷ് ലോകമെങ്ങുമുള്ള സിനിമാപ്രേമികളെ ഞെട്ടിച്ചിരിക്കുന്നു. ഒരു ദക്ഷിണേന്ത്യൻ താരം ഹോളിവുഡ് ആക്‌ഷൻ രാജാക്കൻമാരെ വിറപ്പിക്കുന്ന ആക്‌ഷനുമായി കളംനിറയുന്നത് ഇതാദ്യമായാണെന്ന് നിസ്സംശയം പറയാം. 

രണ്ടു മണിക്കൂർ ഒൻപതുമിനിറ്റ് നേരം സ്ക്രീനിൽ അടിയും ഇടിയും വെടിയും പുകയും നിറച്ച  ദ് ഗ്രേമാൻ പതിവ് ഹോളിവുഡ് സിനിമകൾപോലെ സിഐഎ ചാരന്മാരുടെ സംഭവബഹുലമായ കരുനീക്കങ്ങളാണ് പറയുന്നത്. 2009ൽ മാർക് ഗ്രീനി എഴുതിയ നോവലിനെ ആസ്പദമാക്കി ആന്റണി റൂസ്സോയും ജോ റൂസ്സോയും സംവിധാനം ചെയ്ത പുതിയ സിനിമയായ ദ് ഗ്രേമാൻ ആദ്യാവസാനം പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ചിത്രമാണ്. 

റയാൻ ഗോസ്‌ലിങ് അവതരിപ്പിക്കുന്ന ‘സിയറ സിക്സ്’ എന്ന സിഐഎ ഏജന്റ് അപ്രതീക്ഷിതമായി സിഐഎ ഉന്നതന്റെ ഇരുണ്ട രഹസ്യങ്ങൾ തിരിച്ചറിയുന്നതോടെ ആ സംഘത്തിന്റെ കണ്ണിലെ കരടായി മാറുന്നതാണ് ചിത്രത്തിന്റെ കഥാതന്തു. ആക്രമണത്തിൽ ഇരയാക്കപ്പെട്ട തന്റെ ഗുരുവിന്റെ മരുമകളായ പെൺകുട്ടിയെ രക്ഷിക്കാനായി സിയറ സിക്സ് നടത്തുന്ന പോരാട്ടങ്ങളാണ് ചിത്രത്തെ അവസാനനിമിഷം വരെ രസച്ചരടു മുറിയാതെ കൊണ്ടുപോവുന്നത്. 

പക്ഷേ ജെയിംസ്ബോണ്ടെന്ന 007 ഏജന്റിനുപോലും പ്രേക്ഷകരെ തൃപ്തിപ്പെടുത്താനാവാത്ത ഈ കാലഘട്ടത്തിൽ റൂസോ സഹോദരൻമാരും വമ്പൻ ആക്ഷൻ സീക്വൻസുകളുമായി പ്രേക്ഷകരെ പിടിച്ചുകുലുക്കുന്നുമില്ല. ആവർത്തിച്ചുമടുത്ത തിരക്കഥയും വേഗതകൂടിയ കഥപറച്ചിൽ രീതിയുമാണ് ചിത്രത്തിന്റെ പോരായ്മ. 

ചിത്രം തീരാൻ 50 മിനിറ്റ് ബാക്കിയുള്ളപ്പോഴാണ് ധനുഷ് കടന്നുവരുന്നത്. ലോയ്ഡ് ഹാൻസനെന്ന വില്ലന്റെ വിശ്വസ്തനായ തമിഴ് കൂട്ടുകാരനായ ആവിക് സാൻ എന്ന കഥാപാത്രമായാണ് ധനുഷിന്റെ വരവ്. കടന്നുവന്ന് കൃത്യം ഒരു മിനിറ്റ് തികയുമ്പോൾ ആശുപത്രിക്കകത്തുവച്ച് കിടിലനൊരു ആക്ഷൻ സീക്വൻസ്. നായകന്റെ കയ്യിൽ രഹസ്യങ്ങളടങ്ങിയ ചിപ്പുണ്ട്. നായകനെ അടിച്ച് പരത്തി ആ ചിപ്പുമായി കടക്കുന്ന ‘ലോസ്റ്റ് വോൾഫ്’ ആയി ധനുഷ് അത്യുഗ്രൻ പ്രകടനമാണ് നടത്തുന്നത്. 

2018ലാണ് ധനുഷ് ഫ്രഞ്ച് സിനിമയായ എക്സ്ട്രാ ഓർഡിനറി ജേണി ഓഫ് എ ഫക്കീറിലൂടെ രാജ്യാന്തര തലത്തിൽ തന്റെ പ്രവേശനം നടത്തിയത്. രക്തത്തിൽ പച്ചത്തതമിഴിന്റെ ആവേശം കലർന്ന ഗ്രാമീണവേഷങ്ങളിലൂടെ ദേശീയ പുരസ്കാരം നേടിയ ധനുഷ് ഇംഗ്ലിഷും പറഞ്ഞ് പറന്നിടിക്കുന്നത് ദക്ഷിണേന്ത്യൻ പ്രേക്ഷകരെ ആവേശം കൊള്ളിക്കുമെന്നതിൽ സംശയമില്ല.

ലോകമെങ്ങും ആരാധകരുള്ള മാർവൽ യൂണിവേഴ്സിന്റെ ശിൽപികളായ റൂസോ സഹോദരൻമാരുടെ ദ് ഗ്രേ മാൻ ശരാശരിക്കു തൊട്ടുമുകളിൽനില്ക്കുന്ന ആക്‌ഷൻ സിനിമയാണ്. തമിഴിൽ കമലഹാസന്റെ തിരിച്ചുവരവ് ആഘോഷിക്കുന്ന ലോകി യൂണിവേഴ്സിന്റെ കാലഘട്ടത്തിൽ ധനുഷിന്റെ ഹോളിവുഡ് പ്രവേശനം മാർവൽ യൂണിവേഴ്സിന്റെ ശിൽപികളിലൂടെയായത് തികച്ചും കയ്യടി അർഹിക്കുന്നുണ്ട്. മാത്രമല്ല ഗ്രേ മാൻ തുടർ ഭാഗങ്ങളിൽ ധനുഷ് ഉണ്ടാകുമെന്ന് സംവിധായകരും പ്രഖ്യാപിച്ചു കഴിഞ്ഞു.

രണ്ടു മണിക്കൂർ ഒൻപതു മിനിറ്റ് സിനിമയിൽ ഏതാനും മിനിറ്റുകൾ മാത്രം വന്നുപോവുന്ന കഥാപാത്രമാണെങ്കിലും സിനിമ അവസാനിക്കുമ്പോൾ ധനുഷിന്റെ പ്രകടനം മനസ്സിൽ തങ്ങി നിൽക്കും. ധനുഷിനെ കാണാൻവേണ്ടി ധൈര്യപൂർവം നെറ്റ്‌ഫ്ലിക്സിൽ ലോഗിൻ ചെയ്യാം.  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}