പാപ്പനും ജോഷിയും ചതിച്ചില്ലാശാനേ!; റിവ്യു

paappan-review
SHARE

പൊലീസ് വേഷമിട്ട് സുരേഷ്ഗോപിയുടെ തിരിച്ചുവരവ്. കേരളത്തിലങ്ങോളമിങ്ങോളം തിയറ്ററുകളിൽ അതിരാവിലെ ‘പാപ്പൻ’ കേസന്വേഷിക്കാനിറങ്ങിയിരിക്കുന്നു. ‘പൊറിഞ്ചു മറിയം ജോസി’ന്റെ വൻവിജയത്തിനു പിറകെ ജോഷി പുതിയ ചിത്രവുമായി എത്തിയിരിക്കുന്നു. ‘പാപ്പൻ’ കണ്ടവർക്ക് ഒന്നുറപ്പിച്ചു പറയാം... ‘ഇത്തവണയും ജോഷി ചതിച്ചില്ലാശാനേ !’

ഷാജി കൈലാസിന്റെ ‘കടുവ’ തിയറ്ററുകളിൽ ആഘോഷം സൃഷ്ടിക്കുന്നതിനു തൊട്ടുപിറകെയാണ് ജോഷിയുടെ വരവ്. മലയാളികളെ തൊണ്ണൂറുകളിൽ ആവേശം കൊള്ളിച്ച ജോഷി–സുരേഷ് ഗോപി കൂട്ടുകെട്ടിലെ ആ പഴയ ഫയർ ബ്രാൻഡ് വെള്ളിത്തിരയിൽ  നിറച്ചാണ് പാപ്പൻ എത്തുന്നത്. എല്ലാ ജോഷി ചിത്രങ്ങളെയുംപോലെ പാപ്പനും അതിതീവ്രമായ നാടകീയ മുഹൂർത്തങ്ങൾ നിറഞ്ഞ കഥയാണ് പറയുന്നത്. നായകനെ നെറ്റിപ്പട്ടം കെട്ടി എഴുന്നള്ളിച്ചുനിർത്തുന്ന പതിവ് ജോഷിക്കില്ല. കഥയ്ക്കിണങ്ങുന്ന സന്ദർഭങ്ങളിൽ അതിനൊത്ത് നട്ടെല്ലു നിവർത്തി നിൽക്കുന്ന നായകനാണ് എന്നും ജോഷിചിത്രങ്ങളിൽ കാണാറുള്ളത്. ഇവിടെയും പതിവു തെറ്റിക്കുന്നില്ല. ഏബ്രഹാം മാത്യു മാത്തനെന്ന പഴയ സിഐ അനാവശ്യമായൊരു പഞ്ച് ഡയലോഗു പോലും പറയാത്ത, കണിശതയുള്ള പൊലീസുകാരനാണ്. കഥയും തിരക്കഥയുമൊരുക്കിയ ആർജെ ഷാൻ ചിത്രത്തിലൂടനീളം ഡെന്നിസ് ജോസഫ് എന്ന അതികായനായ തിരക്കഥാകൃത്തിനെ ഓർമിപ്പിക്കുന്നുണ്ട്.

പതിഞ്ഞ താളത്തിൽ കഥ പറഞ്ഞുപോവുന്ന ശൈലിയാണ് പാപ്പനിലുള്ളത്. ഇന്റർവെൽ പഞ്ച് വരെയുള്ള ഭാഗത്ത് ദൃശ്യഭംഗിയോടെ പതിയെപ്പതിയെ കഥ പറഞ്ഞുപറഞ്ഞ് പിടിച്ചിരുത്തുകയെന്ന തന്ത്രമാണ് പാപ്പനിൽ ജോഷി സ്വീകരിച്ചിരിക്കുന്നത്. തന്റെ ശരികളിൽ തെറ്റുകളുണ്ടെന്നും തന്റെ തെറ്റുകളിൽ ശരികളുണ്ടെന്നുമുള്ള ഒരു പൊലീസുകാരന്റെ തിരിച്ചറിവാണ് ചിത്രത്തിന്റെ കഥാതന്തു. 

ഒന്നാംപകുതിയേക്കാൾ  പ്രേക്ഷകരെ എൻഗേജ് ചെയ്യിക്കുന്നത് രണ്ടാംപകുതിയാണ്. ഇതുവരെ കാണാത്ത പുതുമയാർന്ന ട്വിസ്റ്റുകളും സസ്പെൻസുകളുമൊന്നും പാപ്പനിലില്ല. പകയും വാശിയും തുടർകൊലപാതകങ്ങളിലൂടെയുള്ള പകരം വീട്ടലുമൊക്കെയായി രണ്ടുമണിക്കൂർ അൻപതുമിനിറ്റ് കാണികളെ തിയറ്ററിൽ പിടിച്ചിരുത്തുകയാണ് പാപ്പൻ. മനുഷ്യനെന്നത് അടിസ്ഥാനപരമായി ഒരു മൃഗമാണെന്ന ഓർമപ്പെടുത്തലാണ് പാപ്പൻ ബാക്കിവയ്ക്കുന്നത്. കുടുംബപ്രേക്ഷകർക്ക് ചെവിപൊത്തിപ്പിടിക്കേണ്ട ഒരു സന്ദർഭം പോലും പാടില്ലെന്ന വാശി പാപ്പനെന്ന കഥാപാത്രസൃഷ്ടിയിലുണ്ട്. ചെറുചലനങ്ങളിലും നോട്ടത്തിലും അതിസൂക്ഷ്മത പാലിച്ചുള്ള സുരേഷ് ഗോപിയുടെ പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല്. 

ഇടതുകൈക്ക് ചലനശേഷിയില്ലാത്ത ഏബ്രഹാം മാത്യു മാത്തൻ എന്ന പാപ്പനായി സുരേഷ് ഗോപിയും മൈക്കിളെന്ന വലംകൈയായി ഗോകുൽ സുരേഷും നിറഞ്ഞുനിൽക്കുന്ന ചിത്രമാണ് പാപ്പൻ. തന്റെ ജീവിതം മാറ്റിമറിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലേക്കാണ് വിശ്രമജീവിതം നയിക്കുന്ന പാപ്പന്റെ സഹായം പൊലീസ് തേടുന്നത്. അന്വേഷണച്ചുമതല പാപ്പന്റെ മകൾക്കാണ്. ഇരുവരും തമ്മിലുള്ള സ്വരച്ചേർച്ചയില്ലായ്മയിലൂടെയാണ് കഥ മുന്നോട്ടുപോവുന്നത്. 

ചിത്രത്തെ മുന്നോട്ടു കൊണ്ടുപോവുന്നത് പാപ്പന്റെ മകളായ വിൻസിയാണ്. വിൻസി ഏബ്രഹാമെന്ന ഐപിഎസുകാരിയായി നീത പിള്ളയുടെ കയ്യടക്കമുള്ള പ്രകടനമാണ് സിനിമയുടെ മറ്റൊരു ഹൈൈലൈറ്റ്. 

അഭിനേതാവെന്ന നിലയിൽ സുരേഷ് ഗോപിയെന്ന വെറ്ററനും മലയാളത്തിലെ എക്കാലത്തെയും മികച്ച മൂവി മേക്കർ എന്ന നിലയിൽ ജോഷിയും പാപ്പനിൽ നിറഞ്ഞു നിൽക്കുന്നു. ജോഷി ഒരുക്കിയ നീറ്റ് ത്രില്ലർ ചിത്രം തന്നെയാണ് പാപ്പനെന്ന് നിസ്സംശയം പറയാം. ‘പൊറിഞ്ചു മറിയം ജോസി’നെ ഓർ‍മിപ്പിക്കുന്ന കളർ പാറ്റേണിൽ ക്യാമറാമാൻ അജയ് ഡേവിഡ് കാച്ചപ്പിള്ളി ഒരുക്കിയ ഫ്രെയിമുകൾ മനസ്സിൽ തങ്ങി നിൽക്കും. പശ്ചാത്തല സംഗീതം ചിലയിടങ്ങളിൽ മുഴച്ചുനിൽക്കുന്നു. പൊളിറ്റിക്കൽ കറക്റ്റ്നസും ഏച്ചുകെട്ടിയതുപോലെ അനുഭവപ്പെടും. ഗോകുൽ സുരേഷും സുരേഷ് ഗോപിയും തമ്മിലുള്ള കെമിസ്ട്രി ഒന്നുകൂടി വികസിപ്പിച്ചാൽ രസകരമായേനേ. 

പടം തിയറ്ററിലിറങ്ങുന്നതിന് ഒരു ദിവസം മുൻപുതന്നെ, നെഗറ്റീവ് പോസ്റ്റുകളിട്ട് ഡീഗ്രേഡിങ് തുടങ്ങിക്കഴിഞ്ഞു. ഇത്തരം സൈബർ ആക്രമണങ്ങളെ തോൽപിച്ച് പാപ്പൻ പിടിച്ചുനിൽക്കുമോ? വ്യാജപ്രചാരണങ്ങളെ തോൽപിച്ച് കുടുംബപ്രേക്ഷകർ തിയറ്ററുകളിലേക്ക് ഒഴുകിയെത്തുമോ? അതിനുത്തരം കാത്തിരുന്നുകാണാം. ഒന്നുറപ്പാണ്, മേക്കറെന്ന നിലയിൽ ജോഷി ഇത്തവണയും പ്രേക്ഷകരെ ചതിച്ചിട്ടില്ല.

English Summary: Paappan 2022 Malayalam Movie Review by Manorama Online. Paappan is a 2022 Indian Malayalam-language crime thriller film directed by Joshiy and written by RJ Shaan. The film stars Suresh Gopi in the title role.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}