ADVERTISEMENT

മലയാളത്തിലിറങ്ങിയ, 'ക്ലാസിക്' എന്ന് നിസംശയം വിശേഷിപ്പിക്കാവുന്ന ചിത്രമാണ് യുവസംവിധായകൻ കൃഷാന്ത് ആർ.കെ. സംവിധാനം ചെയ്ത ആവാസവ്യൂഹം. സൂപ്പർഹീറോ കഥകളും ഫാന്റസി സിനിമകളും ചെയ്യാൻ മലയാളം പോലെ പരിമിത ബജറ്റിനുള്ളിൽ വട്ടം കറങ്ങുന്ന ഇൻഡസ്ട്രിക്ക് സാധിക്കുമോ എന്ന ചോദ്യത്തിന് ഒരു ഉത്തരം കൂടിയാണ് ഈ ചിത്രം. മികച്ച ചിത്രത്തിനും മികച്ച തിരക്കഥയ്ക്കുമുള്ള സംസ്ഥാന പുരസ്കാരം നേടിയ ചിത്രമെന്നത് പൊതുവെ ഒരു പ്രത്യേക വിഭാഗത്തിന് മാത്രം കാണാവുന്നതെന്ന മുൻധാരണ സൃഷ്ടിക്കാറുണ്ട്. എന്നാൽ, ആവാസവ്യൂഹം ഈ മുൻധാരണയെ ലളിതമായി പൊളിച്ചടുക്കുന്നു. ഫാന്റസിയും പ്രകൃതിയും രാഷ്ട്രീയവും എല്ലാം പറയുന്ന സിനിമയിൽ നർമവും ചിരിയും സ്വാഭാവികമായി ഇടകലരുമ്പോൾ ആ കാഴ്ച പ്രേക്ഷകരെ സിനിമയുടെ ദൃശ്യപരിസരത്തിലേക്ക് പൂർണമായും വലിച്ചടുപ്പിക്കുകയാണ്. ഇതുവരെ കാണാത്ത ഒരു ചലച്ചിത്രഭാഷയാണ് കൃഷാന്ത് ആവാസവ്യൂഹത്തിലൂടെ പ്രേക്ഷകർക്കു മുമ്പിൽ തുറന്നു‌ വയ്ക്കുന്നത്.

കഥ പറച്ചിൽ

ഡോക്യുമെന്ററിയുടെയും ഫിക്‌ഷന്റെയും സാധ്യതകളെ സമന്വയിപ്പിക്കുന്ന കഥ പറച്ചിലാണ് ആവാസവ്യൂഹത്തിൽ സംവിധായകൻ അവലംബിച്ചിരിക്കുന്നത്. കാണുന്നത് റിയലാണെന്ന ധാരണ പ്രേക്ഷകരിലേക്ക് എളുപ്പത്തിൽ സംവദിക്കുന്നതിന് ഈ രീതി ഏറെ സഹായിച്ചിട്ടുണ്ട്. പ്രകൃതി എന്ന വിസ്മയത്തിന്റെ മോഹിപ്പിക്കുന്ന കാഴ്ചകളിലൂടെയാണ് സിനിമയുടെ മുമ്പോട്ടു പോക്ക്. ഒരു പുസ്തകം വായിക്കുന്നതു പോലെ പല അധ്യായങ്ങളിലായി കഥ വെളിപ്പെടുകയാണ്. രാത്രിയും പച്ചപ്പും വന്യതയും മനുഷ്യന്റെ ആർത്തിയും ചെറുത്തുനിൽപ്പുകളും ഇരട്ടത്താപ്പുമെല്ലാം പല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്കു മുമ്പിലെത്തുന്നു. പ്രധാനമായും കേരളത്തിന്റെ തീരദേശത്താണ് കഥ സംഭവിക്കുന്നത്. ജോയ് എന്ന നായക കഥാപാത്രം യഥാർഥത്തിൽ ആരാണെന്ന് തിരയുന്ന കഥാഗതി മുന്നോട്ടു പോകുന്തോറും നിഗൂഢമായതെന്തോ ചൂഴ്ന്നു നിൽക്കുന്ന പ്രതിഭാസത്തിന്റെ അന്വേഷണമാകുകയാണ് സിനിമ.

ആവാസവ്യൂഹത്തിലെ മനുഷ്യൻ

ഒരു ആവാസവ്യൂഹത്തിൽ മനുഷ്യൻ നടത്തുന്ന അപകടകരമായ ഇടപെടലുകളെ തുറന്നുകാട്ടുന്നുണ്ട് സിനിമ. മനുഷ്യന്റെ കണക്കുകൂട്ടലുകളെ തെറ്റിക്കുന്ന പ്രകൃതിയുടെ നിഗൂഢമായ ചെറുത്തുനിൽപ്പുകളെ സിനിമയിൽ നിന്നു വായിച്ചെടുക്കാം. കേന്ദ്രകഥാപാത്രത്തിന്റെ പേരിലുമുണ്ട് സിനിമയുടെ രാഷ്ട്രീയം. സന്തോഷം എന്ന അർഥം വരുന്ന ജോയ്, പ്രകൃതിയുടെ ആത്മാവിനെ തൊട്ടറിഞ്ഞ വ്യക്തിയാണ്. ആനന്ദത്തിന്റെ ഉഭയജീവിതം പ്രകൃതിക്കൊപ്പം ആസ്വദിക്കുന്ന ജോയ്, അയാളെ സ്നേഹിക്കുന്നവരിലേക്കും ഈ സന്തോഷം പകരുന്നുണ്ട്. എന്നാൽ, അവരുടെ ആർത്തികൾ പൂർത്തീകരിക്കാൻ നിർബന്ധിതനാകുമ്പോൾ ജോയ് അസ്വസ്ഥനാകുകയാണ്. ആനന്ദത്തിൽനിന്ന് ആർത്തിയുടെ വഴികളിലേക്ക് മനുഷ്യൻ ചുവടുമാറുമ്പോൾ അസ്വസ്ഥമാകുന്ന പ്രകൃതിയെ തന്നെയാണ് ആവാസവ്യൂഹത്തിൽ കാണാനാവുക.

സംവിധായകന്റെ സിനിമ

പൂർണമായും സംവിധായകന്റെ സിനിമയാണ് ആവാസവ്യൂഹം. മലയാളത്തിൽ അസാധ്യമെന്നു തോന്നിപ്പിക്കുന്ന ഒരു പ്രമേയം കേരളത്തിന്റെ കരയിലും കടലിലും കായലിലും ചുവടുറപ്പിച്ച് കയ്യടക്കത്തോടെ അവതരിപ്പിക്കുകയാണ് കൃഷാന്ത്. സംവിധായകൻ കൃഷാന്ത് തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. പരിമിതികളെ പ്രതിഭ കൊണ്ടു മറികടക്കുന്ന ഒട്ടേറെ മുഹൂർത്തങ്ങളുണ്ട് സിനിമയിൽ. ഏതൊരു സാധാരണക്കാരനും കണക്ട് ചെയ്യാവുന്ന കഥ പറച്ചിൽ അവരെ കൊണ്ടെത്തിക്കുന്നത് മികച്ചൊരു ദൃശ്യാനുഭവത്തിലേക്കാണ്. ആ ദൃശ്യഭാഷയെ കൃഷാന്ത് മുന്നിൽ നിന്നു നയിക്കുമ്പോൾ അതിനു മിഴിവേകുന്നത് വിഷ്ണു പ്രഭാകറിന്റെ ക്യാമറയും അജ്മൽ ഹസ്ബുള്ളയുടെ സംഗീതവും രാകേഷ് ചെറുമഠത്തിന്റെ എഡിറ്റിങ്ങുമാണ്.

കേരളത്തിൽ ജീവിക്കുന്നവർക്കു പോലും ആവാസവ്യൂഹത്തിലെ ക്യാമറ കാഴ്ചകൾ അദ്ഭുതപ്പെടുത്തുന്നതാണ്. വിസ്മയത്തിന്റെ ഒരു തണുപ്പ് അനുഭവിപ്പിക്കുന്നുണ്ട് വിഷ്ണു പ്രഭാകറിന്റെ ക്യാമറ. അതുപോലെ വിസ്മയിപ്പിക്കുന്നതാണ് സിനിമയുടെ പശ്ചാത്തല സംഗീതം. ഒച്ചകൾ, അനക്കങ്ങൾ, മുരൾ‍‍‍‍‍‍‍ച്ച, ശബ്ദങ്ങൾ അങ്ങനെയോരോന്നും അതിസൂക്ഷ്മമായി ആവാസവ്യൂഹത്തിന്റെ കാഴ്ചയിലേക്ക് ഉൾച്ചേർക്കപ്പെടുകയാണ്. കലാസംവിധാനവും കോസ്റ്റ്യൂമും ചെയ്ത ശ്യാമ ബിന്ദു നല്ലൊരു കയ്യടി അർഹിക്കുന്നു. ഒട്ടും ഏച്ചുകെട്ടലുകളില്ലാതെ ജോയ് എന്ന കഥാപാത്രത്തിന്റെ പരിണാമം സിനിമയിൽ കൊണ്ടുവന്നത് തീർച്ചയായും അഭിനന്ദനീയമാണ്.

aavasavyooham-actress

കഥാപാത്രങ്ങളായി ജീവിച്ചവർ

കരിക്ക് സീരീസിലൂടെ ശ്രദ്ധേയനായ രാഹുൽ രാജാഗോപാലാണ് കേന്ദ്രകഥാപാത്രമായ ജോയ്‍യെ അവതരിപ്പിച്ചിരിക്കുന്നത്. ഗംഭീരമാണ് രാഹുലിന്റെ ആ പകർന്നാട്ടം. അതൊരു ഒറ്റയാൾ പ്രകടനമല്ല. മറിച്ച്, ഒപ്പമുള്ള അഭിനേതാക്കളുമായുള്ള കൊടുക്കൽ വാങ്ങലിലൂടെ വിസ്തൃതമാകുന്ന ഒന്നാണ്. വാവയെ അവതരിപ്പിച്ച ഷിൻസ് ഷാൻ, ലിസിയെ അവതരിപ്പിച്ച നിലീൻ സാന്ദ്ര എന്നിവരുടെ പ്രകടനം എടുത്തു പറയേണ്ടതുണ്ട്. ആ കഥാപാത്രങ്ങളായി അവർ തിരശീലയിൽ ജീവിക്കുകയായിരുന്നു. ഡോക്യുമെന്ററി സ്വഭാവത്തിൽ കഥ പറയുമ്പോഴും അവിടെ നിന്ന് കഥ സിനിമാറ്റിക് ആകുമ്പോഴും ഡയലോഗ് ഡെലിവറിയിൽ പോലും പുലർത്തിയ പെർഫെക്‌ഷനും സ്വാഭാവികതയും മികവേറിയതായിരുന്നു. ഗീതി സംഗീത, ശ്രീനാഥ് ബാബു, ശ്രീജിത്ത് ബാബു, അജയഘോഷ് തുടങ്ങിയവരും മികവോടെ തിളങ്ങി.

നഷ്ടപ്പെടുത്തരുത് ഈ കാഴ്ചാനുഭവം

ഇതൊരു സൂപ്പർ ഹീറോ ചിത്രമെന്നായിരുന്നു സംവിധായകൻ കൃഷാന്ത് ആവാസവ്യൂഹത്തെക്കുറിച്ച് പറഞ്ഞത്. എന്നാൽ, പ്രേക്ഷകർ കണ്ടു പരിചയിച്ച സൂപ്പർ ഹീറോ ചിത്രങ്ങളുടെ പാറ്റേണല്ല ചിത്രത്തിനുള്ളത്. ഇവിടെ നായകൻ ആരെയും രക്ഷിക്കുന്നില്ല. പക്ഷേ, അയാളുടെ സാന്നിധ്യം ചിലർക്കെങ്കിലും ആനന്ദം പകരുന്നുണ്ട്. എന്നാൽ ആ ആനന്ദം ആർത്തിയുടെ തലങ്ങളിലേക്ക് വളരുമ്പോൾ ഉലച്ചിലുകളുണ്ടാവുകയാണ്. ഹ്യൂമറാണ് ചിത്രത്തിന് രസം പകരുന്ന മറ്റൊരു ഘടകം. അവിടെയും സംവിധായകന് ചില നിഷ്കർഷതയുണ്ട്. കഥാഗതിക്ക് അനുയോജ്യമല്ലാത്ത നർമം, ബോഡി ഷെയ്മിങ്, പൊളിറ്റിക്കലി കറക്ട് അല്ലാത്ത തമാശകൾ എന്നിവയൊന്നും സിനിമയിലില്ല. ആക്ഷേപഹാസ്യത്തിന്റെയും കറുത്ത നർമത്തിന്റെയും രസിപ്പിക്കുന്ന മുഹൂർത്തങ്ങൾ ധാരാളമുണ്ട് ആവാസവ്യൂഹത്തിൽ.

krishand-2

ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിൽ റിലീസ് ചെയ്തിരിക്കുന്ന ചിത്രം യഥാർഥത്തിൽ ഒരു തിയറ്റർ അനുഭവം അർഹിക്കുന്നുണ്ട്. വലിയ തിരശീലയിലെ കാഴ്ചയും കേൾവിയും ആവാസവ്യൂഹത്തിന്റെ അനുഭവം പതിന്മടങ്ങ് വർധിപ്പിക്കുമായിരുന്നു. എങ്കിലും, മൊബൈൽ ഫോണിന്റെ ഇത്തിരികുഞ്ഞൻ ചതുരത്തിൽ നിന്നുപോലും വലിയൊരു ലോകം കാണിച്ചു തരുന്നുണ്ട് ഈ സിനിമ. ആധുനിക കാലഘട്ടത്തിലിറങ്ങിയ, തീർത്തും പുതുമയേറിയ ദൃശ്യഭാഷ അനുഭവിക്കാൻ കഴിയുന്ന ആവാസവ്യൂഹത്തിന്റെ കാഴ്ച ഒരിക്കലും നഷ്ടമാക്കരുത്. ഭാഷയോ ബജറ്റോ ആർടിസ്റ്റുകളോ ഒന്നും തന്നെ മികച്ചൊരു ചലച്ചിത്രം സാധ്യമാക്കുന്നതിന് പരിമിതികളല്ലെന്ന് ആവാസവ്യൂഹം സാക്ഷ്യപ്പെടുത്തുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com