ആമിർ ഖാന്‍ നിരാശപ്പെടുത്തിയോ?; ലാൽ സിങ് ഛദ്ദ റിവ്യു

Laal-singh-chaddha-review
SHARE

ഏതൊരാളും ജീവിതത്തിൽ നിരാശയിൽപ്പെട്ട് തകർന്നിരിക്കുമ്പോൾ റീചാർജ്ഡ് ആവാൻ ടോംഹാങ്ക്സിന്റെ ‘ഫോറസ്റ്റ് ഗംപ്’ കണ്ടാൽ മതി. അതേസിനിമ ഇന്ത്യൻ സാഹചര്യത്തിലേക്കു പറിച്ചുനട്ടാൽ എത്രമാത്രം വിജയിക്കും? ആദ്യസിനിമയോട് പരമാവധി നീതി പുലർത്തി സംവിധായകൻ അദ്വൈത് ചന്ദനും തിരക്കഥാകൃത്ത് അതുൽ കുൽക്കർണിയുമൊരുക്കിയ റീമേക്കാണ് ആമിർഖാൻ നായകനായെത്തിയ ‘ലാൽസിങ് ഛദ്ദ’. എന്നാൽ മൂന്നു മണിക്കൂറോളം ദൈർഘ്യമുള്ള ചിത്രത്തിലുടനീളം അനുഭവപ്പെടുന്ന ഊർജക്കുറവ് പ്രേക്ഷകർക്ക് കല്ലുകടിയാവാനാണ് സാധ്യത. ഫോറസ്റ്റ് ഗംപിന്റെ റീമേക്ക് എന്ന കാര്യം മനസ്സിൽനിന്നു മാറ്റിവച്ച് സിനിമ കണ്ടാൽ ഏതൊരാൾക്കും ഒരുപരിധി വരെ ചിത്രം ഇഷ്ടപ്പെട്ടേക്കും.

അനേകം മലയാള സിനിമകളിൽ വേഷമിട്ട് മലയാളികൾക്ക് പ്രിയങ്കരനായ നടൻ അതുൽ കുൽക്കർണിയാണ് ‘ഫോറസ്റ്റ് ഗംപി’നെ ഹിന്ദിയിലേക്കു മാറ്റിയെഴുതിയത്. അടിയന്തരാവസ്ഥക്കാലത്തെ കുട്ടിക്കാല‍ത്തിൽനിന്ന് അയോധ്യാ രഥയാത്രയും മുംബൈ കലാപവും മുംബൈ താജ് ആക്രമണവും പിന്നിട്ട് ലോക്പാൽ സമരത്തിലൂടെ ആമിർ ഖാൻ നടത്തുന്ന ഓട്ടമാണ് ചിത്രം. സമകാലീന രാഷ്ട്രീയ സാഹചര്യങ്ങളെ പശ്ചാലത്തിൽ വിവരിച്ചുകൊണ്ട് അതുൽ കുൽക്കർണി ഫോറസ്റ്റ് ഗംപിനെ വിജയകരമായി ഇന്ത്യൻ സാഹചര്യത്തിലേക്ക് പറിച്ചുനട്ടിട്ടുണ്ട്.

പത്താൻകോട്ടുകാരനായ ലാൽസിങ്ങായാണ് ആമിറിന്റെ വേഷപ്പകർച്ച. താടി നീട്ടിയും ഭാരം കുറച്ചും കൂട്ടിയുമൊക്കെ ലാൽ എന്ന കഥാപാത്രവാവാൻ ആമിർ നടത്തിയ പരിശ്രമങ്ങൾ അഭിനന്ദനീയമാണ്. എന്നാലും പലയിടത്തും ‘പികെ’യുടെ നിഴൽ വിടാതെ പിന്തുടരുന്നുവെന്നതാണ് ആമിർ ഖാന്റെ പ്രകടനത്തിൽ സാധാരണ പ്രേക്ഷകനു തോന്നുന്ന നിരാശ.
ഫോറസ്റ്റ് ഗംപിന്റെ അമ്മ ഇന്ത്യൻ സാഹചര്യത്തിൽ ഒരു സാധാരണ അമ്മയായി മാറുന്നതാണ് ചിത്രത്തിന്റെ തിരക്കഥയിലെ പ്രധാന പോരായ്മ. എൺപതുകളിലെയും തൊണ്ണൂറുകളിലെയും കലാപങ്ങളിൽ മകനെ രക്ഷിക്കാൻ ശ്രമിക്കുന്ന അമ്മയുടെ കരുതലുണ്ട്. എന്നാൽ ജീവിതത്തിൽ ലാലിന് ഊർജം പകരുന്ന അമ്മയായി മാറുന്നില്ല. പക്ഷേ അമ്മയായുള്ള മോനാ സിങ്ങിന്റെ അഭിനയം അതിമനോഹരമാണ്.

ഫോറസ്റ്റ് ഗംപിന്റെ ‘ജെന്നി’യിൽനിന്ന് ലാൽ സിങ്ങിന്റെ രൂപ ഡിസൂസയിലെത്തുമ്പോൾ കരീന കപൂർ ലളിതമായ അഭിനയശൈലി കൊണ്ട് പ്രേക്ഷകരെ കയ്യിലെടുക്കുന്നുണ്ട്. തൊണ്ണൂറുകളിൽ ദാവൂദ് ഇബ്രാഹം വാണിരുന്ന ബോളിവുഡിലെ നായികയാവാൻ ഒരുങ്ങിപ്പുറപ്പെട്ട് എങ്ങുമെത്താതെ ജെയിയിലെത്തുന്ന രൂപയെ പ്രേക്ഷകർക്ക് ഇഷ്ടമാവും.
ബാലയെന്ന കൂട്ടുകാരനായെത്തുന്ന നാഗ ചൈതന്യയുടെ സാന്നിധ്യം ചിത്രത്തിന്റെ നട്ടെല്ലാണ്. ഹിന്ദി സിനിമകളിൽ തമിഴനെ കാണിക്കുന്ന സ്റ്റീരിയോടൈപ്പ് കഥാപാത്രമായാണ് ബാലയെ അവതരിപ്പിച്ചിരിക്കുന്നത്. എന്നാൽ നാഗചൈതന്യ തന്റെ അഭിനയമികവുകൊണ്ട് പ്രേക്ഷകരുടെ കൈയ്യടി നേടും.

aamir-khan-laal-singh-review

ഫോറ്റസ്റ്റ് ഗംപിലെ ലെഫ്റ്റനന്റ് ഡാനിനു പകരം ലാൽ സിങ്ങ് ഛദ്ദയിൽ കാർഗിൽ യുദ്ധത്തിൽ ലാൽ രക്ഷപ്പെടുത്തുന്ന തീവ്രവാദിയായ മൊഹമ്മദാണ്. അവിശ്വസനീയമായ കഥാഗതിയായി മൊഹമ്മദ് അവശേഷിക്കുന്നുവെങ്കിലും മാനവ് വിജ് അതിമനോഹരമായ അഭിനയമികവു കൊണ്ട് ശ്രദ്ധ നേടുന്നുണ്ട്.

ലാൽ സിങ്ങിൽ പ്രേക്ഷകരെ ഞെട്ടിക്കുന്ന ഗെസ്റ്റ് അപ്പിയറൻസുമായി ഷാറുഖ് ഖാൻ എത്തിയിട്ടുമുണ്ട്. കൗമാരക്കാരനായെത്തുന്ന ഷാറുഖ് രോമാഞ്ചമുണ്ടാക്കിയില്ലെങ്കിലേ അദ്ഭുതമുള്ളൂ. കരീന, നാഗ ചൈൈതന്യ, മാനവി വിജ്, മോന എന്നിവരുടെ ശ്രദ്ധേയമായ പ്രകടനമാണ് ചിത്രത്തിന്റെ നട്ടെല്ല് എന്നു നിസ്സംശയം പറയാം. ഷാറുഖിന്റെ അതിഥിവേഷം ഇതിനു ബോണസ്സായി കിട്ടുന്ന കുതിരപ്പവനാണ്.

Laal-singh-chaddha

കെ.ആർ.നാരായണന്റെ കയ്യിൽനിന്ന് ലാൽ മെഡൽ വാങ്ങുന്നതടക്കമുള്ള അനേകം നിമിഷങ്ങൾ മനസ്സിൽ മായാതെ നിൽക്കും. മൂന്നാറിലും ചങ്ങനാശ്ശേരിയിലും കന്യാകുമാരിയിലുമൊക്കെയായി ലാൽസിങ്ങ് നടത്തുന്ന ഓട്ടം മലയാളികളെ ചിത്രവുമായി ചേർത്തുനിർത്തും. എന്നാൽ ഇതൊന്നുമല്ലല്ലോ ഏതൊരു സിനിമയുടെയും വിധി നിർണയിക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}