കൊള്ളേണ്ടവർക്ക് കൊള്ളും; കുഴിയുടെ രാഷ്ട്രീയമാണ് ‘ന്നാ താൻ കേസ് കൊട്’: റിവ്യു

nna-than-case-kdou-review
SHARE

ഒരു മലയാള സിനിമയ്ക്കു ലഭിക്കാവുന്ന അസാധ്യ ടൈമിങ്ങാണ് ഇന്ന് റിലീസ് ചെയ്ത ‘ന്നാ താൻ കേസ് കൊട്’ എന്ന സിനിമയ്ക്കു ലഭിച്ചത്. ‘റോഡിലെ കുഴി’ പല സിംഹാസനങ്ങളെയും അസ്വസ്ഥമാക്കുംവിധം കേരളത്തിൽ പൊതുവിഷയമായി ഉയർന്നു നിൽക്കുകയും ‘കുഴിയുടെ പിതൃത്വം’ ഏറ്റെടുക്കാതെ ഉത്തരവാദിത്തപ്പെട്ടവർ കയ്യൊഴിയുകയും ചെയ്യുന്ന രാഷ്ട്രീയ സാഹചര്യത്തിൽ അധികാരികളുടെ ചെകിട്ടത്തിട്ടു പൊട്ടിക്കുന്ന അടിയാണ് ഈ സിനിമ. ‘വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ’ എന്ന പരസ്യവാചകം കൂടിയായപ്പോൾ കൊള്ളേണ്ടവർക്ക് നന്നായി കൊണ്ടിട്ടുണ്ട്.

ഇനി സിനിമയിലേക്ക്... 

ഒരു റിട്ടയേഡ് കള്ളനാണ് കോഴുമ്മൽ രാജീവൻ. പക്ഷേ നാട്ടിലെ ഉത്സവദിവസം അയാൾക്ക് വീണ്ടും അഴിച്ചുവച്ച ‘കള്ളൻപട്ടം’ ചാർത്തിക്കിട്ടുന്നു. തന്റെ നിരപരാധിത്വം തെളിയിക്കാൻ അയാൾ കോടതിയിൽ സ്വയം വാദിച്ച് നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം. വാദപ്രതിവാദങ്ങൾ മുറുകുമ്പോൾ ‘റോഡിലെ കുഴി’ പ്രതിയായി സാക്ഷിക്കൂട്ടിലെത്തുന്നു. ഒടുവിൽ ആ കുഴിയുടെ മൂലകാരണമെന്ത് എന്ന് വെളിപ്പെടുകയും യഥാർഥ വില്ലന്മാർ ആരെന്ന് വെളിപ്പെടുത്തുകയും ചെയ്യുന്നു. അവർ ശിക്ഷിക്കപ്പെടുമോ? രാജീവന് നീതി കിട്ടുമോ? എന്നീ ചോദ്യങ്ങളുടെ ഉത്തരമാണ് പിന്നീട് സിനിമ. ഒടുവിൽ ഒരു രസികൻ ട്വിസ്റ്റും ക്ലൈമാക്സിൽ കാത്തുവച്ചിട്ടുണ്ട്.

ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ എന്ന ജനപ്രിയ ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. സന്തോഷ് ടി. കുരുവിള നിർമിച്ചിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബന്‍, ഷെറിന്‍ റേച്ചല്‍ എന്നിവർ സഹനിർമാതാക്കളുമാണ്.

ഒരിടവേളയ്ക്കു ശേഷം തിയറ്ററുകളിലേക്ക് ശുദ്ധഹാസ്യവും ചിരികളും മടങ്ങിവന്നിരിക്കുകയാണ് ചിത്രത്തിലൂടെ. ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രം പകർന്നുതന്ന കാസർകോടൻ നാട്ടിന്‍പുറവും സാധാരണ മനുഷ്യരും വളരെ സ്വാഭാവികത്തനിമയുള്ള അഭിനയവുമെല്ലാം ഈ സിനിമയിലും അനുഭവവേദ്യമാകുന്നുണ്ട്. കോടതിയാണ് ചിത്രത്തിൽ ഭൂരിഭാഗത്തും പശ്ചാത്തലമാകുന്നത്. എങ്കിലും പ്രേക്ഷകനെ മുഷിപ്പിക്കാതെ ചിരിക്കാനും ചിന്തിപ്പിക്കാനുമുള്ള സന്ദർഭങ്ങൾ അവിടെ സൃഷ്ടിക്കപ്പെടുന്നുണ്ട്.

nna-thaan-case-kodu-additional-image-2

കഥാപാത്രങ്ങളിലേക്ക് കൂടുമാറിക്കൊണ്ടിരിക്കുന്ന കുഞ്ചാക്കോ ബോബനെയാണ് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മലയാള സിനിമാലോകം കാണുന്നത്. ‘ചോക്കലേറ്റ്’ ഇമേജ് അഴിച്ചുവച്ച് ഗൗരവത്തിലേക്കു ചേക്കേറിയശേഷം അടുത്തതായി തനിനാടൻ കഥാപാത്രമായി സ്വയം നവീകരിക്കുകയാണ് ഈ സിനിമയിലൂടെ കുഞ്ചാക്കോ ബോബൻ. ചാക്കോച്ചന്റെ ഒറ്റയാൾ പോരാട്ടമാണ് ചിത്രമെന്ന് വേണമെങ്കിൽ പറയാം. 

രാജേഷ് മാധവൻ, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കൂടാതെ പേരറിയാത്ത, കാസർകോട് നിവാസികളായ ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തിൽ സ്വാഭാവികതയോടെ അഭിനയിച്ചിരിക്കുന്നു. കൃത്രിമത്വമില്ലാത്ത, അതിഭാവുകത്വമില്ലാത്ത അഭിനയം പ്രേക്ഷകന് നൽകുന്ന ഫീൽ ഒന്നുവേറെതന്നെയാണ്. ബേസില്‍ ജോസഫ് അതിഥിവേഷത്തിൽ എത്തുന്നുണ്ട്. സൂപ്പര്‍ ഡീലക്‌സ്, വിക്രം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ തമിഴ് നടി ഗായത്രി ശങ്കറാണ് നായിക. ഇവരുടെ അദ്യ മലയാളസിനിമ കൂടിയാണ് ഇത്. ഗായത്രിയും വേഷം ഭദ്രമാക്കി.

സിനിമയുടെ കഥനടക്കുന്ന കാലഘട്ടത്തെ തുടക്കംമുതൽ സൂക്ഷ്മമായി വിമർശനബുദ്ധിയോടെ സംവിധായകൻ അടയാളപ്പെടുത്തുന്നുണ്ട്. കഥയുടെ തുടക്കത്തിൽ 70 കളിൽനിന്ന പെട്രോൾ വില ക്ലൈമാക്സ് എത്തുമ്പോൾ സെഞ്ചുറിയടിച്ചിട്ടും അതിലൂടെ അധികനികുതി സർക്കാർ കറന്നെടുത്തിട്ടും റോഡിലെ കുഴി ഒരുമാറ്റവുമില്ലാതെ തുടരുന്നത് ചിത്രം അടിവരയിട്ടു കാണിക്കുന്നുണ്ട്. അതുപോലെ അതുവരെ 'മുഖംമൂടി'കളില്ലാതെ നടന്ന ജനങ്ങൾ മാസ്കിടുന്നത് (2020 ൽ കോവിഡ് കാലത്തിന്റെ തുടക്കം) ഒക്കെ ഈ മികവിന്റെ ഉദാഹരണങ്ങളാണ്.

കാസർകോടിന്റെ ഗ്രാമീണഭംഗിയും മനുഷ്യരും ജീവിതവും ഉത്സവവും തെയ്യവും പ്രാദേശിക ഭാഷാമാധുര്യവും സംസ്കാരവും ഒപ്പം അധികാരികൾ കയ്യൊഴിഞ്ഞത്തിന്റെ വികസനമുരടിപ്പുമെല്ലാം ഭംഗിയായി ഛായാഗ്രാഹകൻ ഒപ്പിയെടുത്തിട്ടുണ്ട്.

ഡോണ്‍ വിന്‍സെന്റ് സംഗീത സംവിധാനം നിര്‍വഹിച്ച ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഇതിനോടകം ജനശ്രദ്ധ നേടിക്കഴിഞ്ഞു. യേശുദാസ് - ഒ.എൻ.വി. കുറുപ്പ് കൂട്ടുകെട്ടില്‍ ഔസേപ്പച്ചന്‍ സംഗീതം നല്‍കിയ നിത്യഹരിത ഗാനം ‘ദേവദൂതര്‍ പാടി’യുടെ റീമിക്‌സ് പതിപ്പും ഗാനത്തിലെ കുഞ്ചാക്കോ ബോബന്റെ വേറിട്ട ഡാന്‍സും സോഷ്യല്‍ മീഡിയയില്‍ തരംഗമായത് ഈ ചിത്രത്തിന് നൽകിയ ബിൽഡപ് ചെറുതല്ല. ഇതുകൂടാതെ വേറെയും നിത്യഹരിത ഗാനങ്ങളുടെ റീമിക്സുകൾ ചിത്രത്തിലുണ്ട്. 

കോടികൾ ചെലവഴിച്ചു നിർമിക്കുന്ന റോഡുകൾ എങ്ങനെ ഒരു മഴക്കാലത്തിനപ്പുറം കുണ്ടും കുഴിയുമാകുന്നു എന്നതിന്റെ പിന്നാമ്പുറ രഹസ്യങ്ങളും ചിത്രം ഉറക്കെ വിളിച്ചുപറയുന്നുണ്ട്. രാഷ്ട്രീയക്കാരും അധികാരികളും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ ബന്ധവും ഇതിൽ വെളിവാകുന്നു.

സിനിമയ്ക്ക്  പുറത്തെ യാഥാർഥ്യത്തിലേക്കു വന്നാൽ അപ്രിയ സത്യങ്ങൾ വിളിച്ചുപറഞ്ഞതിലൂടെ ഭരണാധികാരികളുടെ സ്വസ്ഥതയ്ക്ക് ചെറിയ ഭംഗം ചിത്രം മൂലം സംഭവിച്ചിട്ടുണ്ട്. അതാണ് ഇന്ന് റിലീസിനുതൊട്ടുമുൻപ് ചിത്രത്തിനെതിരായി സമൂഹമാധ്യമങ്ങളിൽ വന്ന പ്രതിഷേധങ്ങൾ. ചുരുക്കത്തിൽ, അവതരണമികവു കൊണ്ടും ആനുകാലിക പ്രസക്തി കൊണ്ടും സിനിമപ്രേമികളെ ഒരിക്കലും നിരാശപ്പെടുത്താത്ത ഒരു സിനിമയാകും ‘ന്നാ താന്‍ കേസ് കൊട്’ എന്നുറപ്പ്...

English Summary: Nna, Thaan Case Kodu 2022 Malayalam Movie Review by Manorama Online. Nna, Thaan Case Kodu is a drama film written and directed by Ratheesh Balakrishnan Poduval. The film stars Kunchako Boban in lead role.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

നാല് നായകന്മാരും ഒരു സാനിയയും | Nivin Pauly | Aju Varghese | Saiju Kurup | Siju Wilson | Saniya

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}