ADVERTISEMENT

‌‘ഇസ്രയേലിലെ രാജാവായിരുന്നു സോളമൻ. ഒരിക്കൽ ബുദ്ധിമതിയായ ഷേബാ രാജ്ഞി സോളമനെ പരീക്ഷിക്കാനായി ഒരേ പോലുള്ള രണ്ടു പുഷ്പഹാരങ്ങൾ കൊടുത്തുവിട്ടു. അതിലൊന്ന് കൃത്രിമപ്പൂക്കൾ കൊണ്ട് നിർമിച്ചതായിരുന്നു. യഥാർഥ പുഷ്പഹാരം ഏതെന്നു കണ്ടുപിടിക്കുകയായിരുന്നു രാജാവിന്റെ ദൗത്യം. ബുദ്ധിമാനായ രാജാവ് പരിചാരകരോടു പറഞ്ഞത് മുറിയുടെ ജനാലകൾ തുറന്നിടാനായിരുന്നു. തുറന്നിട്ട ജാലകങ്ങൾ വഴി തേനീച്ചകൾ വന്ന് യഥാര്‍ഥ പുഷ്പഹാരത്തിൽനിന്ന് തേൻ നുണയാൻ തുടങ്ങി’.

 

സുഹൃത്തുക്കളായ രണ്ടു വനിതാ പൊലീസുകാരുടെ ജീവിതവും പ്രണയവും ചർച്ച ചെയ്യുന്ന ലാൽ ജോസ് ചിത്രം ‘സോളമന്റെ തേനീച്ചകളി’ലും നിയമത്തിന്റെ മുന്നിലേക്ക് തേനീച്ചകളെപ്പോലെ യഥാർഥ കുറ്റവാളികൾ പാറി വരുന്നു. ‘ഒരു മറവത്തൂർ കനവ്’ മുതൽ മലയാള സിനിമയിൽ കാഴ്ചയുടെ വസന്തം തീർക്കുന്ന ലാൽ ജോസ് എന്ന സംവിധായകന്റെ ഓരോ ചിത്രവും പ്രേക്ഷകർക്കു വിരുന്നൊരുക്കിയിട്ടുണ്ട്. മഴവിൽ മനോരമയിലെ ‘നായികാ നായകൻ’  എന്ന റിയാലിറ്റി ഷോയിൽനിന്ന് അഭിനയപ്രതിഭകളെ കണ്ടെത്തിയാണ് ലാൽ ജോസ് ‘സോളമന്റെ തേനീച്ചകൾ’ അണിയിച്ചൊരുക്കിയത്.

 

ജീവിതത്തിലെ പ്രതിസന്ധികളോടു പടവെട്ടി ആഗ്രഹിച്ച ജോലി സമ്പാദിച്ചവരാണ് പൊലീസ് കോൺസ്റ്റബിൾമാരായ ഗ്ലെന തോമസും സുജ എസും. പൊലീസ് അക്കാദമിയിൽ തുടങ്ങിയ ബന്ധം അവരെ ഉറ്റ ചങ്ങാതിമാരാക്കി. ഒരേ സ്റ്റേഷനിലെ പൊലീസുകാരാണെങ്കിലും സുജയ്ക്ക് ട്രാഫിക്കിലാണ് ഡ്യൂട്ടി. ട്രാഫിക്കിലെ കഷ്ടപ്പാടിൽനിന്ന് ലോക്കൽ സ്റ്റേഷനിലേക്കൊരു മാറ്റമാണ് സുജയുടെ ഏറ്റവും വലിയ ആഗ്രഹം. കാൻസർ രോഗിയായ അമ്മയ്ക്കും തട്ടുകട നടത്തുന്ന അച്ഛനും ഏക ആശ്രയമാണ് ഗ്ലെന.  ജോലിക്കും പ്രാരാബ്ധത്തിനുമിടയിൽ ഗ്ലെനയുടെയും സുജയുടെയും ജീവിതത്തെ ആനന്ദപൂർണമാക്കുന്നത് ഇൻസ്റ്റഗ്രാമിൽ രണ്ടുപേരും കൂടി ചെയ്യുന്ന റീൽസ് വിഡിയോകളാണ്. റീലുകളുടെ പേരിൽ പൊലീസുകാർക്കിടയിൽ ആരാധകരുമുണ്ട് ഈ പെൺപുലികൾക്ക്.  

The movie is headlined by the winners of Mazhavil Manorama's popular reality show, 'Nayika Nayakan'.
The movie is headlined by the winners of Mazhavil Manorama's popular reality show, 'Nayika Nayakan'.

 

റീൽസ് ആരാധകനും ജിമ്മനുമായ സർക്കിൾ ഇൻസ്പെക്ടർ ബിനു അലക്സ് ഭരിക്കുന്ന പൊലീസ് സ്റ്റേഷനിലെ സീനിയർ ഉദ്യോഗസ്ഥരായ എസ്ഐ അബു ഹംസയ്ക്കും ഹെഡ് കോൺസ്റ്റബിൾ കുഞ്ഞുമുഹമ്മദിനും ഈ പെൺപൊലീസുകാർ ഏറെ പ്രിയപ്പെട്ടവരാണ്. ഈ കൂട്ടുകാരികളുടെ ഇടയിലേക്ക് ഒരു സേഫ്റ്റി പിൻ ചോദിച്ചാണ് ശരത്ത് എന്നയാൾ എത്തുന്നത്. ഇണപിരിയാത്ത കൂട്ടുകാരികളിൽ ഒരാളുടെ പ്രണയം പിന്നീടങ്ങോട്ട് അവരുടെ ജീവിതത്തിൽ അശാന്തി വിതയ്ക്കുകയാണ്. ബിനു അലക്സിനു പകരം വരുന്ന കർക്കശക്കാരനായ സർക്കിൾ ഇൻസ്പെക്ടർ സോളമൻ ജീവിതത്തെ ഏറെ ലാഘവത്തോടെ കണ്ടിരുന്ന സഹപ്രവർത്തകർക്ക് ഒരു ഭീഷണിയായി മാറുമോ? ഈ കഥയാണ് ‘സോളമന്റെ തേനീച്ചകൾ’ പറയുന്നത്. 

 

‘നായികാ നായകൻ’ എന്ന റിയാലിറ്റി ഷോയിലെ വിജയികളായ വിൻസി അലോഷ്യസും ദർശന നായരുമാണ് ഗ്ലെനയും സുജയുമായി എത്തുന്നത്. റിയാലിറ്റി ഷോയിലെ മറ്റൊരു വിജയി ശംഭു മേനോനാണ് ശരത്തായി സിനിമയിൽ നിറയുന്നത്. റണ്ണർ അപ്പായ അഡിസ് ആന്റണി അക്കര സർക്കിൾ ഇൻസ്‌പെക്ടർ ബിനുവാകുന്നു. റിയാലിറ്റി ഷോയിലെ വിജയികൾക്ക് തന്റെ സിനിമയിൽ അവസരം കൊടുക്കുമെന്ന ലാൽ ജോസിന്റെ വാക്ക് സോളമന്റെ തേനീച്ചയിലൂടെ യാഥാർഥ്യമാവുകയാണ്. 

 

ലാൽ ജോസിന്റെ കണ്ടെത്തൽ ഒട്ടും തെറ്റിയില്ല എന്ന് വിൻസിയും ദർശനയും തെളിയിച്ചു. പൊലീസ് വേഷവും യുവത്വം തുളുമ്പുന്ന റീൽസ് താരങ്ങളുടെ ഗെറ്റപ്പും ഒരുപോലെ കൈകാര്യം ചെയ്ത ഈ പെൺകുട്ടികൾ മലയാള സിനിമയിൽ യുവതലമുറയുടെ പ്രതിനിധികളാകുമെന്നു ഉറപ്പാണ്. ശംഭു മേനോനും അഡിസ് ആന്റണിയും സിനിമയുടെ ഭാവി വാഗ്ദാനങ്ങൾ തന്നെയാകും. സർക്കിൾ ഇൻസ്‌പെക്ടർ സോളമനായി ജോജു ജോർജ് മികച്ച പ്രകടനം കാഴ്ചവച്ചു. സ്വതസിദ്ധമായ നർമത്തിലൂടെ എസ്ഐ അബു ഹംസയായി ജോണി ആന്റണി കസറിയിട്ടുണ്ട്. മണികണ്ഠൻ ആചാരി, ഷൈജു ശ്രീധർ, ബിനു പപ്പു, ശിവജി ഗുരുവായൂർ, നേഹ റോസ്, ശിവപാർവതി തുടങ്ങി ഒട്ടേറെ താരങ്ങളും ഈ ചിത്രത്തിലുണ്ട്.

 

എയർ ഇന്ത്യ എക്സ്പ്രസ് കോർപറേറ്റ് കമ്യൂണിക്കേഷൻ വിഭാഗം മേധാവിയും ക്രൈം ജേണലിസ്റ്റുമായ പി.ജി.പ്രഗീഷ് തിരക്കഥ രചിച്ച ചിത്രം കെട്ടുറപ്പുള്ള അഭിനയ മുഹൂർത്തങ്ങൾ നിറഞ്ഞതാണ്. ക്ലീഷേ പൊലീസ് കാഴ്ചകളിൽനിന്നു മാറി ജിമ്മന്മാരും റീൽസ് താരങ്ങളും നിറഞ്ഞ പൊലീസ് സ്റ്റേഷനിലെ പൊലീസുകാർ ഇന്നത്തെ ചെറുപ്പക്കാരുടെ പ്രതിനിധികളാണ്. പുതിയ ലോകത്തെ പുത്തൻ തരംഗങ്ങൾ സൂക്ഷ്മതയോടെ സംവിധായകൻ ഈ ചിത്രത്തിൽ അടയാളപ്പെടുത്തുന്നുണ്ട്. അധികം കുറ്റകൃത്യങ്ങളൊന്നുമില്ലാത്ത ഒരു സ്റ്റേഷനിലെ, റീൽസും സോഷ്യൽ മീഡിയ കോമഡികളും ആസ്വദിക്കുന്ന പൊലീസുകാർ കണ്ടു പരിചയിച്ച പൊലീസ് വേഷങ്ങളിൽനിന്നു തികച്ചും വ്യത്യസ്തരായി. ചിത്രത്തിലെ മനോഹരമായ പാട്ടുകളും പശ്ചാത്തല സംഗീതവും കൈകാര്യം ചെയ്തു വിദ്യാസാഗർ മലയാളത്തിലേക്ക് വീണ്ടുമെത്തുന്നു. വിനായക് ശശികുമാറിന്റെയും വയലാര്‍ ശരത്ചന്ദ്ര വർമയുടെയും ഹൃദയം തൊടുന്ന വരികൾ വിദ്യാസാഗറിന്റെ ഈണത്തിലൂടെ പ്രേക്ഷകന്റെ മനസ്സിലേക്കാണ് എത്തുന്നത്. എൽജെ ഫിലിംസ് നിർമിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചത് അജ്മല്‍ സാബുവാണ്. രഞ്ജന്‍ എബ്രഹാം എന്ന പരിചയസമ്പന്നന്റെ എഡിറ്റിങ് ചിത്രത്തിന്റെ ത്രില്ലർ മൂഡ് നിലനിർത്താൻ സഹായിച്ചിട്ടുണ്ട്.

 

സുജയുടെയും ഗ്ലെനയുടെയും കുട്ടിക്കളികളും സൗഹൃദവും പ്രണയവുമാണ് ആദ്യപകുതിയെ ആസ്വാദ്യമാക്കിയതെങ്കിൽ രണ്ടാം പകുതിയിൽ സിനിമ ത്രില്ലർ മൂഡിലേക്കാണ് പ്രേക്ഷകനെ കൊണ്ടെത്തിക്കുന്നത്. കൂട്ടുകാരികൾക്ക് ഇടയിലേക്ക് മേലുദ്യോഗസ്ഥനായി ജോജു ജോർജ് എത്തുന്നതോടെ ഉദ്വേഗജനകമാകുന്ന അന്തരീക്ഷം ചടുലമായ ആക്‌ഷനുകളൊന്നുമില്ലാതെ വളരെ അയഞ്ഞ താളത്തിൽ, എന്നാൽ രസച്ചരട് പൊട്ടാതെ സൂക്ഷിക്കുന്നുണ്ട്. പ്രഗീഷിന്റെ കെട്ടുറപ്പുള്ള തിരക്കഥ ലാൽ ജോസ് എന്ന പരിചയ സമ്പന്നനായ സംവിധായകന്റെ കയ്യിൽ ഭദ്രമായിരുന്നു. മനോഹരമായ കാഴ്ചാനുഭവങ്ങൾ പ്രേക്ഷകന് സമ്മാനിച്ചിട്ടുള്ള ലാൽ ജോസിന്റെ തേനീച്ചകളുടെ മധു നുണയാൻ പ്രേക്ഷകർ കൂട്ടമായി തിയറ്ററുകളിലേക്കെത്തുമെന്ന് ഉറപ്പാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com