ADVERTISEMENT

നവാഗതനായ ചാർളി ഡേവിസ് സംവിധാനം ചെയ്ത സുന്ദരി ഗാർഡൻസിൽ അപർണ ബാലമുരളിയുടെ സുന്ദരി മാത്യൂസ് നീരജ് മാധവിന്റെ വിക്ടറിനോട് പറയുന്ന ഒരു ഡയലോഗുണ്ട്, ‘‘ദിസ് ഈസ് മീ... മെസ്സാണ്!’’ നായികയാണെങ്കിൽ സുശീലയും സൽഗുണസമ്പന്നയുമാകണമെന്ന സിനിമയുടെ നടപ്പുശീലങ്ങളെ ലളിതമായി തകർക്കുകയാണ് സുന്ദരി മാത്യൂസ് എന്ന സുമ. ചില പതിവുകാഴ്ചകളിൽ നിന്നു വഴിമാറി നടക്കുന്ന സുന്ദരി ഗാർഡൻസ് കയ്യടിച്ചു പോകുന്ന രംഗങ്ങളും ട്രീറ്റ്മെന്റും കൊണ്ട് പ്രേക്ഷകരെ രസിപ്പിക്കുന്നുണ്ടെങ്കിലും ഗംഭീരമായൊരു കാഴ്ചാ അനുഭവത്തിലേക്കെത്താൻ കുറച്ചുകൂടി സഞ്ചരിക്കേണ്ടിയിരുന്നു.

 

പ്രമേയം

 

32 വയസ്സുള്ള സുന്ദരി മാത്യൂസിൽ നിന്നാണ് കഥ തുടങ്ങുന്നത്. ബാക്കിയെല്ലാ കഥാപാത്രങ്ങളും, സുമ എന്നു വിളിക്കുന്ന സുന്ദരിയുടെ ജീവിതത്തിലേക്ക് വന്നു പോകുന്നവരാണ്. കാഞ്ഞിരപ്പള്ളിയിലെ ഒരു സ്കൂളിൽ ലൈബ്രേറിയനായ സുമയുടെ വർത്തമാനകാലത്തിലാണ് സിനിമ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. അവളുടെ സ്വകാര്യ ജീവിതം, ഭൂതകാലം, നഷ്ടബോധം, അരക്ഷിതാവസ്ഥ, പ്രണയം, പാകപ്പിഴകൾ എന്നിവയിലൂടെ സഞ്ചരിക്കുന്ന സിനിമ അവളിൽ തന്നെയാണ് അവസാനിക്കുന്നതും. ഒറ്റയ്ക്കു ജീവിക്കുന്ന ഒരു സ്ത്രീയെ നല്ല 'കളർഫുൾ' ആയി തന്നെ സംവിധായകൻ അവതരിപ്പിക്കുന്നുണ്ട്. നായികയെ വിവാഹം കഴിപ്പിക്കാൻ ധൃതി കൂട്ടാത്ത, നായികയുടെ ജീവിതം കണ്ട് ആധി പിടിക്കാത്ത കഥാപാത്രങ്ങളാണ് സിനിമയിലുള്ളത്. അതു തന്നെയാണ് സിനിമയിൽ പോസിറ്റീവായി അനുഭവപ്പെട്ടത്. 

 

അഭിനേതാക്കളും കഥാപാത്രസൃഷ്ടിയും

 

sundar-gardens

നായകനും നായികയും മാത്രമല്ല സിനിമയിലെ എല്ലാ കഥാപാത്രങ്ങളും സൂക്ഷ്മതയോടെയാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. അവ കൃത്യതയോടെ അവതരിപ്പിക്കാൻ ശേഷിയുള്ള അഭിനേതാക്കളെയാണ് സംവിധായകൻ കണ്ടെത്തിയതും. അതിൽ ഏറെ സങ്കീർണമായതും കയറ്റിറക്കങ്ങളുള്ളതും അപർണ ബാലമുരളിയുടെ സുമയ്ക്കാണ്. വലിയ പ്രശ്നങ്ങളെ കൂളായി നേരിടുന്ന സുമ പതറിപ്പോകുന്നത് ബാലിശമെന്നു തോന്നുന്ന സന്ദർഭങ്ങളിലാണ്. കയ്യടക്കത്തോടെ ഇത് അഭിനയിക്കുക എന്നത് ശ്രമകരമാണ്. മുപ്പതുകാരിയുടെ വിവേകവും കൗമാരക്കാരിയുടെ ചഞ്ചലതയും ഭംഗിയായി അപർണ അവതരിപ്പിച്ചിരിക്കുന്നു. ഒരു അഭിനേത്രി എന്ന നിലയിൽ അത്യാവശ്യം റേഞ്ചുണ്ടെന്ന് അപർണ വീണ്ടും തെളിയിക്കുന്നുണ്ട്. 

 

വിക്ടർ എന്ന കഥാപാത്രത്തെ നീരജ് മാധവ് സ്വാഭാവികതയോടെ അവതരിപ്പിച്ചു. ലേഖ മിസുമായുള്ള (ലക്ഷ്മി മേനോൻ) കെമിസ്ട്രിയും സുമയുമായുള്ള സൗഹൃദവും രണ്ടായിത്തന്നെ പ്രേക്ഷകർക്ക് അനുഭവപ്പെടും. സ്വന്തം കഥാപാത്രത്തിനകത്തു നിന്നുകൊണ്ടു തന്നെ രണ്ടു സാധ്യതകളും ഭംഗിയായി അവതരിപ്പിച്ചു ഫലിപ്പിക്കാൻ നീരജിനായി. ലക്ഷ്മി മേനോൻ, ജൂഡ് ആന്റണി, ബിനു പപ്പു, വിജയരാഘവൻ, ശ്രുതി സുരേഷ് എന്നിവരും മികച്ചതായി. സ്മിനു സിജോയുടെ അമ്മ വേഷം അവർ സ്ഥിരം ചെയ്തു വരുന്ന പാറ്റേണിൽനിന്ന് ഒട്ടും വ്യത്യസ്തമായിരുന്നില്ല.  

 

തിരക്കഥയും തീരുമാനങ്ങളും    

 

എത്ര രുചികരമായ പായസമാണെങ്കിലും സദ്യയുടെ തുടക്കത്തിൽത്തന്നെ രണ്ടു തവണ വിളമ്പിയാൽ മൊത്തം സദ്യയുടെ ഫീൽ പൊയ്പ്പോകാറില്ലേ? ഏകദേശം അങ്ങനെയൊരു അനുഭവമാണ് സുന്ദരി ഗാർഡൻസിലെ പാട്ടുകൾ! അൽഫോൻസ് ജോസഫിന്റെ സംഗീതം ഒറ്റയ്ക്കെടുത്താൽ മികച്ചതു തന്നെയാണ്. ആവർത്തിച്ചു കേൾക്കാനും തോന്നും. പക്ഷേ, സിനിമയ്ക്കൊപ്പം വരുമ്പോൾ ഒരു ചേർച്ചയില്ലായ്മ അനുഭവപ്പെട്ടു. സിനിമയിലുടനീളം പാട്ടുകൾ തിരുകിക്കയറ്റിയ ഫീലാണ് പ്രേക്ഷകർക്കു തോന്നുക. ആവശ്യത്തിനും അനാവശ്യത്തിനും വരുന്ന പാട്ടുകൾ തിരക്കഥയുടെ പോരായ്മകളെ മറച്ചു വയ്ക്കുകയല്ല, പകരം കൂടുതൽ ശക്തമായി തുറന്നുകാട്ടുകയായിരുന്നു. സജിത് ഉണ്ണികൃഷ്ണന്റെ എഡിറ്റിങ്ങിലും ഈ പോരായ്മ പ്രതിഫലിച്ചു. ചാർളി ഡേവിസ് ലക്ഷ്യമിട്ടത് ഒരു 'ഫീൽ ഗുഡ്' സിനിമ ആയിരുന്നെങ്കിലും അതു പൂർണതയോടെ ല‍ക്ഷ്യത്തിലെത്തിക്കാൻ കഴിഞ്ഞില്ല. കഥാപാത്രങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്കു കാരണമായി വരുന്ന സംഭവങ്ങൾ ഒട്ടും ആലോചനയില്ലാതെ എഴുതി വച്ചതു പോലെയായി. തിരക്കഥയിലെ കെട്ടുറപ്പില്ലായ്മയും സംവിധായകൻ എന്ന നിലയിൽ പാളിപ്പോയ തീരുമാനങ്ങളും സിനിമയെ ശരാശരിയിൽ ഒതുക്കി. എന്നാൽ, സ്വരൂപ് ഫിലിപ്പിന്റെ ക്യാമറ മികച്ചതായി തോന്നി. സുമയുടെ ജീവിതം പരിസരങ്ങളും അതിന്റെ സൗന്ദര്യത്തോടെ പകർത്താൻ സ്വരൂപിനായി. അതുപോലെ മികച്ചതായിരുന്നു ദിവ്യ ജോർജിന്റെ വസ്ത്രാലങ്കാരവും. കഥാപാത്രത്തിന്റെ വ്യക്തിത്വത്തെ കൃത്യമായി അടയാളപ്പെടുത്തുന്നതായിരുന്നു കോസ്റ്റ്യൂം. 

 

ഫീൽ ഗുഡ് 'സുന്ദരി'

 

സലിം അഹമ്മദ് നിർമിച്ച ചിത്രം ഒടിടി പ്ലാറ്റ്ഫോമായ സോണി ലിവിലാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്. വ്യവസ്ഥാപിതമായ ചട്ടക്കൂടുകൾക്കു പുറത്തു കടക്കാൻ ശ്രമിക്കുന്ന സുന്ദരി ഗാർഡൻസ് വലിയ ആത്മസംഘർഷങ്ങളില്ലാതെ കണ്ടിരിക്കാൻ കഴിയുന്ന സിനിമയാണ്. കൗമാര പ്രണയം, ലൈംഗികത എന്നീ വിഷയങ്ങളെ ഈ സിനിമ സമീപിക്കുന്ന രീതി തീർച്ചയായും കൂടുതൽ ഗൗരവമായ ചർച്ചകൾ ആവശ്യപ്പെടുന്നുണ്ട്. അവിടെയാണ് സുന്ദരി ഗാർഡൻസ് ശ്രദ്ധേയമാകുന്നതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com