ADVERTISEMENT

പുരാണ കഥകളിൽ നിന്നും മിത്തുകളിൽ നിന്നും കടമെടുത്ത ആശയം കൊണ്ട് ഒരു അസ്ത്ര ലോകം (അസ്ത്ര വേഴ്സ്) സൃഷ്ടിക്കാൻ ശ്രമിച്ച അയാൻ മുഖർജി എന്ന സംവിധായകൻ അയാളുടെ പത്തു വർഷമാണ് ‘ബ്രഹ്മാസ്ത്ര’യ്ക്കായി മാറ്റിവച്ചത്. വേക്ക് അപ്പ് സിദ്, യേ ജവാനി ഹേ ദിവാനി എന്നീ സൂപ്പർഹിറ്റുകളൊരുക്കിയ അയാൻ തന്റെ പ്രിയ നായകനായ രൺബീറിനൊപ്പം ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രം. ഷാരൂഖ് ഖാൻ, അമിതാഭ് ബച്ചൻ, നാഗാർജുന, ആലിയ ഭട്ട്, മൗനി റോയ് അടക്കമുള്ള താരനിര. പ്രതിഭകളുടെ നീണ്ട നിരയും അതിശയിപ്പിക്കുന്ന വിഷ്വൽ ഇഫക്റ്റുകളുമായി നിറയുന്ന ബ്രഹ്മാസ്ത്രയ്ക്ക് പക്ഷേ എവിടെയൊക്കെയോ ലക്ഷ്യങ്ങൾ തെറ്റുന്നുമുണ്ട്.

 

പുരാണത്തിലെ അസ്ത്രങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ പ്രമേയം. പഞ്ച ഭൂതങ്ങളായ ജലത്തിന്‍റെ ശക്തിയുള്ള ജലാസ്ത്രം, കാറ്റിന്‍റെ ശക്തിയുള്ള പവനാസ്ത്രം, തീയുടെ ശക്തിയുള്ള അഗ്നി അസ്ത്രം എന്നിവ ഇവയ്ക്ക് ഉദാഹരണങ്ങളാണ്. ഇവയ്ക്ക് പുറമേ മൃഗങ്ങളുടെ ശക്തിയുള്ള വാനരാസ്ത്രം, നന്ദി അസ്ത്രം എന്നിവയുമുണ്ട്. ഹനുമാനെപ്പോലെ ഒരു ശക്തിശാലിയായ വാനരന്‍റെ ശക്തിയുള്ള അസ്ത്രമാണ് വാനരാസ്ത്രം. ആയിരം നന്ദികളുടെ ശക്തിയുള്ള അസ്ത്രമാണ് നന്ദി അസ്ത്രം. ഇവയ്ക്കെല്ലാം ശേഷമാണ് ഏറ്റവും ശക്തിശാലിയായ ബ്രഹ്മാസ്ത്രയുടെ ജനനം. 

 

എല്ലാ അസ്ത്രങ്ങളുടെയും ശക്തി കൂടിച്ചേർന്ന ഒരു അസ്ത്രമായിരുന്നു ബ്രഹ്മാസ്ത്രം. കുറച്ച് കൂടി ലളിതമായി പറഞ്ഞാൽ ബ്രഹ്മാസ്ത്രം അണവായുധമാണ്. ഇത് കയ്യിലുള്ളത് ആരാണോ അവർക്ക് ലോകം മുഴുവൻ ഒറ്റ നിമിഷം കൊണ്ട് നശിപ്പിക്കാൻ സാധിക്കും. എന്നാൽ ഈ അസ്ത്രങ്ങൾ ആർക്കും എളുപ്പത്തിൽ ഉപയോഗിക്കാൻ സാധിക്കില്ല. ഓരോ അസ്ത്രങ്ങളും ഉപയോഗിക്കണമെങ്കിൽ ചില പ്രത്യേക മന്ത്രങ്ങൾ അറിഞ്ഞിരിക്കണം. ഈ മന്ത്രങ്ങൾ ഉപയോഗിച്ചുകൊണ്ട് മാത്രമേ അസ്ത്രങ്ങൾ ശത്രുക്കൾക്ക് നേരെ ഉപയോഗിക്കാൻ സാധിക്കുകയുള്ളൂ. അതീന്ദ്രിയ ശക്തിയുള്ള വ്യത്യസ്‌ത അസ്ത്രങ്ങളെ നിയന്ത്രിക്കാൻ കഴിവുള്ള ഋഷികളുടെ രഹസ്യ സമൂഹമാണ് 'ബ്രഹ്മാൻഷ്'. ബ്രഹ്മ ശക്തിയിലൂടെ അസ്ത്രങ്ങളുടെ ശക്തി ലഭിച്ച ഋഷി വര്യന്മാർ ഈ അസ്ത്രങ്ങളെ എല്ലാ കാലവും സംരക്ഷിച്ചുകൊള്ളാം എന്ന് പ്രതിജ്ഞ എടുക്കുന്നു. തങ്ങളുടെ കാലശേഷം അവരുടെ ഏറ്റവും അനുയോജ്യനായ ശിഷ്യന്മാർക്ക് ഈ അസ്ത്രങ്ങളുടെ ശക്തി കൈമാറി. ഇത് കാലങ്ങളോളം ഇപ്രകാരം തുടർന്നു. ഇത്തരത്തിൽ അസത്രങ്ങളുടെ ശക്തിയുള്ള, അവയെ സംരക്ഷിച്ച് പോകുന്ന ഒരു കൂട്ടം ആളുകൾ ഇന്നും നമ്മുടെ സമൂഹത്തിലുണ്ടെന്നാണ് വിശ്വാസം.

Brahmastra-Teaser

 

ഇനി സിനിമയിേലക്ക് വരാം. 30 വർഷം മുമ്പ് വലിയൊരു യുദ്ധത്താൽ മൂന്ന് കഷ്ണങ്ങളായി മാറിയ ബ്രഹ്മാസ്ത്രത്തെ തേടി ചില ദുഷ്ട ശക്തികൾ ഭൂമിയിലെത്തുന്നു. ഇരുട്ടിന്റെ രാജ്ഞിയായ ജുനൂന്റെ നേതൃത്വത്തിൽ ബ്രഹ്മാസ്ത്രം കണ്ടെത്തി അവരുടെ ദേവന് സമർപ്പിക്കുകയാണ് ലക്ഷ്യം. ബ്രഹ്മാസ്ത്രയുടെ ഒരു കഷ്ണം കൈവശമുള്ള ശാസ്ത്രജ്ഞനായ മോഹൻ ഭാർഗവനിലൂടെയാണ് സിനിമ അതിന്റെ ആവേശത്തിലെത്തുന്നത്. വാനരാസ്ത്രത്തിന്റെ ശക്തിയുളള മോഹൻ ബ്രഹ്മാൻഷ് അംഗങ്ങളിലൊരാളാണ്. സൂപ്പർതാരം ഷാരൂഖ് ഖാൻ ആണ് ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

Brahmastra-Trailer

 

അത്യുഗ്രൻ വിഎഫ്എക്സിന്റെയും മാന്ത്രിക വിദ്യയുടെയും അകമ്പടിയോടെ ആരംഭിക്കുന്ന കഥ അവിടെ നിന്നും തിരക്കേറിയ മുംബൈ നഗരത്തിലേക്ക് കടക്കുന്നതോടെ ഗതി മാറുകയാണ്. പതിവ് സിനിമ രീതികളിൽ കാണുന്നതുപോലെയുള്ള ക്ലീഷേ പ്രണയത്തിനാണ് പിന്നീട് പ്രേക്ഷകർ സാക്ഷ്യം വഹിക്കുക.അനാഥനായ ശിവ എന്ന ചെറുപ്പക്കാരന് ഇഷ എന്ന ധനികയായ പെൺകുട്ടിയോട് തോന്നുന്ന പ്രണയം. ശിവയായി രൺബീർ കപൂറും ഇഷയായി ആലിയ ഭട്ടും എത്തുന്നു. ഇരുവരുടെയും കെമിസ്ട്രി സ്ക്രീനില്‍ ആകർഷണമാണെങ്കിലും അടിത്തറയില്ലാത്ത തിരക്കഥ പ്രകടനത്തെ വിരസമാക്കുന്നു.

 

സിനിമയുടെ ഒഴുക്കിനെ തടസ്സപ്പെടുത്തുന്ന തരത്തിലാണ് നായകനും നായികയും തമ്മിലുള്ള പ്രണയം ഇടയ്ക്കിടെ കടന്നുവരുന്നത്. മൗലികതയുടെ അഭാവം പ്ലോട്ടിൽ മാത്രം ഒതുങ്ങുന്നില്ല; കഥാപാത്രങ്ങളുടെ ഡീറ്റെയ്‌ലിങിനും കൃത്യമായ പ്രാധാന്യം നൽകാൻ സംവിധായകന് കഴിഞ്ഞില്ല. നാഗാർജുനയുടെ അനീഷ് ഷെട്ടിയും അമിതാഭ് ബച്ചന്റെ ഗുരു വേഷവുമൊക്കെ വൈകാരികതയുടെ അംശമില്ലാതെ കടന്നുവരികയും പോവുകയും ചെയ്യുന്നത് ഈ കാരണങ്ങൾ കൊണ്ടാണ്.

 

അതിഥി വേഷം ആണെങ്കിലും അതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ഷാരൂഖിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് പറയാം. സിനിമയുടെ വിഷ്വൽ ഇഫക്റ്റുകളും ഗംഭീരമാണ്. ആക്‌ഷൻ രംഗങ്ങളും മികച്ച രീതിയിൽ കൊറിയോഗ്രഫി ചെയ്തിരിക്കുന്നു. കളര്‍ഫുൾ ഗാന രംഗങ്ങൾ വിഷ്വൽ ട്രീറ്റ് തന്നെയാണ്.

 

തെന്നിന്ത്യൻ ഛായാഗ്രാഹകനായ വി. മണികണ്ഠൻ, പങ്കജ് കുമാർ, സുദീപ് ചാറ്റർദി, വികാസ് നൗലഖ, പാട്രിക് ഡുരൗക്സ് എന്നിവരാണ് ഛായാഗ്രാഹകർ. സൈമൺ ഫ്രാങ്ക്ളിന്റെ പശ്ചാത്തല സംഗീതവും പ്രീതത്തിന്റെ ഗാനങ്ങളും ആകർഷണമാണ്.

 

ഹൈന്ദവ പുരാണങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഭാവനാത്മകമായ നിരവധി കഥകൾ സൃഷ്ടിക്കാൻ നമുക്ക് സാധിക്കും. ഇവിടെ ആശയം കൊണ്ട് ഒരു യൂണിവേഴ്സ് ഉണ്ടാക്കാൻ സംവിധായകൻ ശ്രമിക്കുന്നുണ്ട്. പക്ഷേ ഇടയ്ക്ക് എവിടെയോ അത് വഴുതി പോകുന്നതുപോലെ അനുഭവപ്പെടുന്നു. ഒരു മികച്ച സൃഷ്ടി എന്ന ബ്രഹ്മാസ്ത്രയെ നമുക്ക് വിളിക്കാൻ സാധിക്കുകയില്ലെങ്കിലും, നാളെയൊരുപക്ഷേ സാങ്കേതികവിദ്യയുടെ കാര്യത്തിൽ മുന്നിൽ നിൽക്കുന്ന സിനിമയായി  ബ്രഹ്മാസ്ത്രയെ ചിലപ്പോൾ കാണാൻ സാധിച്ചുവെന്ന് വരാം. പ്രണയം അല്‍പം ഒതുക്കി പറയുകയും ഒപ്പം ബ്രഹ്മാൻഷ് അംഗങ്ങളുടെ മുൻ പശ്ചാത്തലം അൽപം കൂടി സിനിമയിൽ ഉൾപ്പെടുത്തിയെങ്കിൽ തീർച്ചയായും ഒരു മികച്ച തിയറ്റർ അനുഭവങ്ങളിൽ ഒന്നായി ബ്രഹ്മാസ്ത്ര മാറുമായിരുന്നു.

 

മൂന്ന് ഭാഗങ്ങളുള്ള അസ്ത്രലോകത്തിന്റെ കഥയാണ് ബ്രഹ്മാസ്ത്ര പറയുന്നത്. 400 കോടി മുതല്‍ മുടക്കിൽ ഒരുങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗം ശിവയുടെ കഥയാണ് പറഞ്ഞതെങ്കിൽ രണ്ടാം ഭാഗം വരുന്നത് ദേവ് എന്ന അസുരന്റെ കഥയുമായാണ്. ആദ്യ ഭാഗങ്ങളിലെ അഭാവങ്ങൾ മാറ്റി നിർത്തിയാൽ രണ്ടാം ഭാഗത്തിൽ അതിഗംഭീരമായ പ്ലോട്ട് തന്നെയാണ് സംവിധായകൻ തുറന്നിട്ടിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com