ധനുഷിന്റെ അഴിഞ്ഞാട്ടം; വില്ലനായത് തിരക്കഥ; നാനേ വരുവേൻ റിവ്യു

naane-varuen-review
SHARE

സൈക്കോ ചിത്രങ്ങളുടെ രാജകുമാരൻ സെൽവരാഘവന്റെ സംവിധാനം. അനിയനും ഇന്ത്യയിലെ മികച്ച അഭിനയപ്രതിഭകളിലൊരാളുമായ ധനുഷിന്റെ ഇരട്ടവേഷത്തിലുള്ള പ്രകടനം. ഇരുവരും നാലാംതവണയുമൊന്നിക്കുന്ന ‘നാനേ വരുവേന്’ കണ്ണുംപൂട്ടി പ്രേക്ഷകർ ടിക്കറ്റെടുക്കുന്നത് ഈ മിനിമം ഗ്യാരന്റിയുള്ളതുകൊണ്ടുതന്നെയാണ്. എന്നാൽ ആ പ്രതീക്ഷ കാക്കുന്നതിൽ നാനേ വരുവേൻ വിജയം കണ്ടോ എന്നത് സംശയമാണ്. പതിയെ കത്തിക്കയറുന്ന ആദ്യപകുതി. കിടിലനൊരു ഇന്റർവെൽ പഞ്ച്. എന്നാൽ പ്രതീക്ഷയ്ക്കൊത്തുയരാത്ത രണ്ടാംപകുതിയാണ് ചിത്രത്തെ ശരാശരി അനുഭവമാക്കുന്നത്. എന്നാൽ നാനേ വരുവേൻ കണ്ടിരിക്കാവുന്നൊരു സിനിമയാക്കുന്നത് ഇരട്ടവേഷത്തിലുള്ള ധനുഷിന്റെ പ്രകടനമാണ്. ആദ്യാവസാവനം പരസ്പരവിരുദ്ധമായ രണ്ടു കഥാപാത്രങ്ങളായുള്ള ധനുഷിന്റെ പ്രകടനത്തിനൊപ്പം മികച്ച ക്യാമറയും മികച്ച മേക്കിങ്ങുമാണ് ചിത്രത്തിന്റെ പ്ലസ് പോയന്റുകൾ. എന്നാൽ പതിവ് തമിഴ് ‘പേയ്’ പടങ്ങളുടെ ശൈലിയിൽനിന്ന് മുന്നിട്ടുനിൽക്കാൻ ചിത്രത്തിന്റെ തിരക്കഥയ്ക്കു കഴിഞ്ഞില്ലെന്നതാണ് പ്രതിസന്ധി. ധനുഷ് തന്നെ എഴുതിയ തിരക്കഥയാണ് ഇവിടെ വില്ലൻ.

ഇതുവരെ സെൽവ രാഘവനും ധനുഷും ഒന്നിച്ചപ്പോഴെല്ലാം തീപ്പൊരി പറന്നിട്ടുണ്ട്. ഔദ്യോഗികമായി സെൽവരാഘവൻ സംവിധാനം ചെയ്ത ആദ്യ ധനുഷ് സിനിമ ‘കാതൽ കൊണ്ടേൻ’ മുതൽ ഇതുവരെ ഇരുവരും ഒന്നിച്ച പുതുപ്പേട്ടൈ, മയക്കംഎന്ന തുടങ്ങിയ എന്നീ സിനിമകളും സിനിമാ ആസ്വാദകരെ പിടിച്ചുലച്ചിട്ടുണ്ട്. സെൽവരാഘവനെഴുതിയ യാരെടി നീ മോഹിനി ധനുഷിന്റെ കൾട്ട് സിനിമകളിലൊന്നാണ്. എന്നാൽ ആ തീപ്പൊരിയൊന്നും ഇത്തവണ വേണ്ടത്ര കത്തിപ്പടർന്നില്ലെന്നതാണ് നിരാശ.

∙ സിനിമയിലേക്ക്

ഇരട്ടക്കുട്ടികളായ കതിരും പ്രഭുവും വിരുദ്ധസ്വഭാവക്കാരാണ്. ഒരൽപ്പം ക്രൂരനായ കതിരിനെ വളർത്തുന്നതിൽ രക്ഷിതാക്കൾ കാണിക്കുന്ന അപകടകരമായ രീതികൾ ഇരുവരെയും രണ്ടു ധ്രുവത്തിലെത്തിക്കുന്നു. കാട്ടിൽ താമസിക്കുന്ന ക്രൂരനായ വേട്ടക്കാരൻ കതിരിനെ തട്ടിക്കൊണ്ടുപോവുന്നതോടെ കതിരിലെ സൈക്കോ വേറെ തലത്തിലേക്ക് വളരുകയാണ്. ഒടുവിൽ കതിരിന്റെ ക്രൂരതകൾ സഹിക്കാനാവാതെ ജ്യോത്സ്യന്റെ നിർദേശപ്രകാരം അമ്മ അവനെ ഉപേക്ഷിക്കുന്നു. ഇവിടെനിന്നാണ് ചിത്രത്തിന്റെ തുടക്കം. മിന്നൽ മുരളിയിൽ ഉഷയായെത്തി മലയാളികളെ വിസ്മയിപ്പിച്ച ഷെല്ലിയാണ് ഇരുവരുടെയും അമ്മയായെത്തിയിരിക്കുന്നത്.

ഒരു കുട്ടി മാത്രം മതിയെന്ന തീരുമാനത്തിലാണ് പ്രഭുവും ഭാര്യയും. നഗരത്തിലെ ഫ്ലാറ്റിൽ പ്രഭുവിന്റെ ഏകമകൾ സത്യ ഒരു രാത്രി മറ്റാർക്കും കാണാനാവാത്ത സുഹൃത്തുമായി സംസാരിക്കുന്നുവെന്ന് പറയുന്നിടത്ത് ചിത്രം ഹൊറർ ട്രാക്കിലേക്കു മാറുകയാണ്. നെഞ്ചം മറപ്പതില്ലൈയിൽ വളരെ ലൗഡായാണ് സെൽവരാഘവൻ കഥ പറഞ്ഞതെങ്കിൽ ഇവിടെ മിനിമലിസ്റ്റായ സമീപനമാണ് അദ്ദേഹത്തിന്റേത്. യുവൻ ശങ്കർ രാജയുടെ ഒട്ടും മുഴച്ചുനിൽക്കാത്ത പശ്ചാത്തല സംഗീതം പതിയെപ്പതിയെ കാണികളെ ഭയത്തിലാഴ്ത്തുന്നുണ്ട്. സൈക്യാട്രിസ്റ്റായെത്തുന്ന നടൻ പ്രഭുവിനും കോമഡിതാരം യോഗിബാബുവിനും കഥയ്ക്കനുസരിച്ച് നീങ്ങുകയെന്നതിനപ്പുറം കാര്യമായൊന്നും ചെയ്യാനില്ല. പരസ്പരം മനസ്സിൽ സാമീപ്യം തിരിച്ചറിയുന്ന ഇരട്ടക്കുട്ടികളുടെ ട്വിൻസ് ഇൻസ്റ്റിങ്റ്റാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. യുക്തിക്കും ശാസ്ത്രത്തിനുമെതിരല്ല ഈ സിനിമയെന്ന് ആദ്യമേ എഴുതിക്കാണിക്കുന്നുമുണ്ട്.

∙ ഇരട്ടവേഷത്തിൽ ധനുഷ്

ഇതൊന്നുമല്ല സിനിമയിലെ ഏറ്റവും രസകരമായ കാര്യം. കാടിനോടു ചേർന്നുള്ള ഒരു ഗ്രാമത്തിൽ പശുവളർത്തലുമായി കഴിയുന്ന കൗബോയ് ലുക്കുള്ള ‘കതിരാ’യി ധനുഷ് അഴിഞ്ഞാടുകയാണ്. നോട്ടത്തിൽപ്പോലും ടെറർ നിറഞ്ഞ പ്രകടനം. എന്നാൽ നഗരമധ്യത്തിലെ ഫ്ലാറ്റിൽ കുടുംബത്തിനൊപ്പം കഴിയുന്ന ‘പ്രഭു’വായി തികഞ്ഞ കയ്യടക്കത്തോടെ മാറാനും ധനുഷിനു കഴിയുന്നു. ധനുഷിന്റെ പ്രകടനത്തിനൊപ്പം നിൽക്കുന്ന പ്രകടനവുമായി ഹിയയെന്ന ബാലതാരം സത്യയെന്ന പന്ത്രണ്ടുകാരിയായി ഞെട്ടിക്കുന്നുണ്ട്.

∙ പൊന്നിയിൻ സെൽവനോ നാനേ വരുവേനോ?

മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവനു’ മുന്നിൽ നാനേ വരുവേൻ പിടിച്ചുനിൽക്കുമോ എന്നൊരു ചോദ്യം റിലീസ് തീയതി പ്രഖ്യാപിച്ചതു മുതൽ ഉയർന്നുകേൾ‍ക്കുന്നതാണ്. രണ്ടും രണ്ടുതരത്തിലുള്ള സിനിമകളാണ്. ‘പൊന്നിയിൻ സെൽവന്റെ’ കഥ പറയുന്ന ക്യാൻവാസ് വളരെ വലുതാണ്. എന്നാൽ നാനേ വരുവേൻ മിനിമലിസ്റ്റിക്കായ ക്യാൻവാസിലാണ് കഥ പറയുന്നത്. സെൽവരാഘവന്റെ എല്ലാ ഭ്രാന്തൻ ചിന്തകളെയും നെഞ്ചേറ്റുന്നൊരു പ്രേക്ഷകസമൂഹവുമുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}