ഇന്നത്തെ സ്ത്രീയുടെ പ്രതിനിധി; ഓട്ടോറിക്ഷാക്കാരന്‍റെ ഭാര്യ റിവ്യു

autorickshawkarante-bharya-review
SHARE

‘‘അടക്കളേല്‌ കേറി ചോറും കൂട്ടാനും വെക്ക്‌. കഴ്യങ്കില്‌ പെറുകയും ചെയ്യ്‌’’ എം. മുകുന്ദന്റെ ‘ഓട്ടോറിക്ഷാക്കാരന്‍റെ ഭാര്യ’ എന്ന കഥയിലെ നായിക രാധിക ഭര്‍ത്താവ് മീത്തലെപ്പുരയില്‍ സജീവനോട് പറയുന്ന ഡയലോഗാണിത്. വന്നുകയറിയ പെണ്ണ് പിറ്റേന്നു രാവിലെ ഉമ്മറപ്പടിയിലിരുന്നു പത്രം നിവർത്തി വായിക്കുകയോ? വീട്ടിലേക്ക് വലതുകാലെടുത്തു വച്ചുവരുന്ന പെൺകുട്ടികളിൽ അടക്കവും ഒതുക്കവും പ്രതീക്ഷിക്കുന്നത് സാധാരണ കാര്യം മാത്രമാണ്. പക്ഷേ അവൾക്ക് അവളുടേതായ കാഴ്ചപ്പാടും അഭിപ്രായങ്ങളുമുണ്ടെങ്കിലോ? വീട്ടുകാർക്കും നാട്ടുകാർക്കും മൂക്കത്ത് വിരൽ വയ്ക്കാൻ വേറെ കാരണമൊന്നും വേണ്ട. സ്വന്തം കഥയ്ക്ക് എം മുകുന്ദൻ തന്നെ തിരക്കഥ രചിച്ച് ഹരികുമാർ സംവിധാനം ചെയ്ത ഓട്ടോറിക്ഷാക്കാരന്റെ ഭാര്യ എന്ന ചിത്രം കഥാകാരന്റെ തൂലിക പോലെ തന്നെ ശക്തമായ രാഷ്ട്രീയം പറയുന്ന ചിത്രമാണ്.

മാഹി സ്റ്റാൻഡിലെ മടിയനായ ഓട്ടോക്കാരനാണ് സജീവൻ. രാവിലെ എഴുന്നേൽക്കാൻ മടിയുള്ള സജീവൻ കുട്ടികളെ സ്കൂളിൽ കൊണ്ടുവിടുന്ന ജോലിയിൽ വീഴ്ചവരുത്താറുണ്ട്. അമ്മാവന്റെ നിർബന്ധത്തിലാണ് സജീവൻ പെണ്ണുകാണാൻ പോകുന്നത്. പക്ഷേ ചെന്ന് കണ്ടത് പൂവൻപഴം പോലൊരു പെണ്ണിനെയും. സജീവന്റെ ദിവ്യമോൾ എന്ന ഓട്ടോയ്ക്ക് അവിടം മുതൽ ചിറക് മുളയ്ക്കുന്നു. പക്ഷേ സജീവന്റെ പ്രതീക്ഷകൾ ആകെ തകിടം മറിച്ചുകൊണ്ടാണ് രാധിക വന്നു കയറുന്നത്. ആദ്യരാത്രി തന്നെ ‘കോണ്ടം ഉണ്ടോ, ഉണ്ടെങ്കിൽ എന്നെ തൊട്ടാൽ മതി’ എന്നുപറയുന്ന പുതുപ്പെണ്ണ് സജീവന്റെ യാഥാസ്ഥിതിക ചിന്തകൾക്ക് അപ്പുറത്തായിരുന്നു. മടിയനായ സജീവനെ കാര്യപ്രാപ്തിയുള്ളവനാക്കാൻ എത്ര ശ്രമിച്ചിട്ടും രാധികയ്ക്ക് ആകുന്നില്ല. ഒടുവിൽ പെണ്ണിന്റെ കൈകൾക്ക് വളയണിയാൻ മാത്രമല്ല വളയം പിടിക്കാനും കഴിയുമെന്ന് രാധിക തെളിയിച്ചു കൊടുക്കുന്നു.

അലസനായ സജീവൻ എന്ന ഓട്ടോക്കാരനായി സുരാജ് വെഞ്ഞാറമൂടാണ് ചിത്രത്തിലെത്തുന്നത്. സ്വതസിദ്ധമായ നർമവും ഏതു കഥാപാത്രത്തെയും ഉള്ളിലേക്കാവാഹിക്കാനുള്ള കഴിവുമുള്ള സുരാജ് സജീവൻ എന്ന ഓട്ടോക്കാരനെയും മികവുറ്റതാക്കി. കഥാപാത്രത്തിൽ തന്റെ കയ്യൊപ്പ് പതിപ്പിച്ച് ആൻ അഗസ്റ്റിൻ ചിത്രത്തിൽ നിറഞ്ഞു നിന്നു. സുരാജ് –ആൻ അഗസ്റ്റിൻ കോംബോ ചിരിയും ചിന്തയും സമ്മാനിച്ച് മികവുറ്റതായി. ഏറെ ഏറെക്കാലത്തിനു ശേഷം ജനാർദ്ദനൻ ഫ്രഞ്ചുകാരൻ അമ്മാവനായി എത്തുന്നുണ്ട്. സജീവന്റെ അമ്മയായി മനോഹരിയും രാധികയുടെ അമ്മയായി നീന കുറുപ്പും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. സ്വാസികയും കൈലാഷും രണ്ടു പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

മയ്യഴിയുടെ കഥാകാരന്റെ കഥയ്ക്ക് അദ്ദേഹം തന്നെ എഴുതിയ തിരക്കഥ ഹരികുമാർ എന്ന പരിചയസമ്പന്നനായ സംവിധായകന്റെ കയ്യിൽ ഭദ്രമായിരുന്നു. മയ്യഴിപ്പുഴയും മാഹിയുടെയും തലശ്ശേരിയുടെയും മനോഹാരിതയും ഒപ്പിയെടുക്കാൻ അഴഗപ്പന്റെ ക്യാമറാക്കണ്ണുകൾക്കായി. ഗ്രാമീണഭംഗിയുള്ള ഫ്രെയിമുകളാണ് ചിത്രത്തെ സമൃദ്ധമാക്കുന്നത്. ഔസേപ്പച്ചന്റെ ഗംഭീര മെലഡി ശാന്തമായൊഴുകുന്ന മയ്യഴിപ്പുഴപോലെ പ്രേക്ഷകരുടെ മനസ്സിനെ തൊട്ടുണർത്തുന്നു.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബേനസീറും കെ.വി.അബ്ദുൽ നാസറും ചേർന്നാണ് ഓട്ടോറിക്ഷക്കാരന്റെ ഭാര്യ നിർമിച്ചിരിക്കുന്നത്. എം മുകുന്ദൻ ഏറെ സ്നേഹിച്ച മാഹിയും പരിസരപ്രദേശവുമായിരുന്നു ചിത്രത്തിന്റെ ലൊക്കേഷൻ. മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന ശക്തമായ സ്ത്രീസാന്നിധ്യമുള്ള കഥ അത്രതന്നെ പ്രാധാന്യത്തോടെ ഹരികുമാർ അഭ്രപാളിയിലെത്തിച്ചു. അടുക്കളപ്പുറത്ത് കരിപിടിച്ചു കിടക്കാനും ഭർത്താവിന്റെ കിടക്ക സജീവമാക്കാനുമുള്ള ഉപകരണം മാത്രമല്ല സ്ത്രീയെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടെത്തുന്ന രാധിക എന്ന കഥാപാത്രം ഇന്നത്തെ സ്ത്രീയുടെ പ്രതിനിധിയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എനിക്ക് മലയാളം വായിക്കാനറിയില്ല. അമ്മ വായിച്ചുതരും

MORE VIDEOS