ചിരി ചിരി ചിരി ചിരിഹേ; റിവ്യു

jaya-jaya-jaya-jaya-he-review
SHARE

തിയറ്ററിൽ നിറയെ ചിരിയാണ്. സിനിമ കാണാനെത്തിയവരെല്ലാം ചിരിച്ചുമറിയുകയാണ്. ‘ജയ ജയ ജയ ജയഹേ’ എന്ന സിനിമയുടെ ആത്മാർഥമായ റിവ്യൂ ഇങ്ങനെ ഒറ്റയടിക്കു പറയാം. അൽപം ചിരിയും ചിന്തയുമുള്ള കുടുംബചിത്രങ്ങളെ ഇഷ്ടപ്പെടുന്ന മലയാളികൾക്ക് കണ്ണുംപൂട്ടി ടിക്കറ്റെടുക്കാവുന്ന ചിത്രമാണ് ജയ ജയ ജയ ജയഹേ.

പതിഞ്ഞ താളത്തിൽ തുടങ്ങി എല്ലാത്തരം ജനങ്ങളെയും ചിരിപ്പിച്ചും ചിന്തിപ്പിച്ചും നീങ്ങുന്ന ചിത്രമാണ് വിപിൻദാസ് സംവിധാനം ചെയ്ത ജയ ജയ ജയ ജയഹേ. കേരളത്തിലെ ഒരു മിഡിൽ ക്ലാസ് കുടുംബത്തിൽ ജനിക്കുന്ന പെൺകുട്ടി തന്റെ ജീവിതകാലത്ത് അനുഭവിച്ച് കടന്നുപോവുന്ന കാര്യങ്ങളെ പെറുക്കിയെടുത്ത് സിനിമയാക്കിയതാണെന്ന് ഒറ്റവാചകത്തിൽ പറയാം.

കൊല്ലത്തെ കശുവണ്ടിക്കമ്പനിയിലെ ജോലിക്കാരന്റെ രണ്ടാമത്തെ കുട്ടിയായി ജനിച്ച ജയയ്ക്ക് ആ പേര് ഇട്ടതുപോലും മൂത്തകുട്ടിയുടെ പേരുമായി മാച്ച് ആവാൻ വേണ്ടിയാണ്. ജയന്റെ അനിയത്തിയെന്ന രീതിയലാണ് ജയഭാരതിയെന്ന് പേരിട്ടത്. ചേട്ടൻ പഠിച്ച പുസ്തകങ്ങളും ഗൈഡുകളും വായിച്ചുപഠിച്ചാണ് അവൾ വളരുന്നത്. സ്വന്തം ഇഷ്ടങ്ങളൊന്നും സാധിക്കാൻ കഴിയാതെ വീടിനുള്ളിൽ ഉപദേശിച്ചടിച്ചിരുത്തപ്പെടുന്ന പെൺകുട്ടി. വഴിയേ പോവുന്ന വയ്യാവേലിക്കാരനായ അമ്മാവൻ വരെ അവളുടെ ജീവിതത്തിൽ കയറി ഇടപെട്ട് അഭിപ്രായം പറയുന്നുണ്ട്. സ്ത്രീസമത്വത്തെക്കുറിച്ച് വാചാലനാവുന്ന ആളോട് അടുപ്പം തോന്നുന്നുവെങ്കിലും പതിയെപ്പതിയെ അയാളും അവളെ നിയന്ത്രിക്കാൻ തുടങ്ങുകയാണ്. വിവാഹം കഴിഞ്ഞശേഷം അവൾ നേരിടുന്ന അടിച്ചമർത്തലുകളാണ് കഥയുടെ നട്ടെല്ല്.

വിന്റേജ് കാലത്തെ ശ്രീനിവാസൻ–പാർവതി, ശ്രീനിവാസൻ–ഉർവശി സിനിമകൾ പണ്ട് തിയറ്ററുകളിൽ സൃഷ്ടിച്ച ഓളം സൃഷ്ടിക്കുകയാണ് ‘ജയ ജയ ജയ ജയ ഹേ’. വടക്കുനോക്കി യന്ത്രം മുതൽ ചിന്താവിഷ്ടയായ ശ്യാമള വരെയുള്ള ചിത്രങ്ങൾ പറഞ്ഞുനിർത്തിയ ഇടത്തുനിന്നാണ് ഈ സിനിമ കഥ പറഞ്ഞുതുടങ്ങുന്നത്. പക്ഷേ ഒരു വ്യത്യാസം മാത്രം. അക്കാലത്ത് ചിത്രങ്ങൾക്കൊടുവിൽ കുടുംബിനിയായ സ്ത്രീ ക്ലൈമാക്സിൽ എല്ലാം ക്ഷമിച്ച് സന്തോഷത്തിലേക്കു മടങ്ങിപ്പോവുന്നതാണ് കാണിച്ചിരുന്നതെങ്കിൽ മാറിയ കാലത്ത് ആ കാഴ്ചപ്പാടിലെ തെറ്റുകൾ തിരുത്തിയിട്ടുണ്ട്. സമത്വം സ്ത്രീക്കും അവകാശപ്പെട്ടതാണെന്ന് അടിവരയിട്ടുകൊണ്ടാണ് ചിത്രം അവസാനിപ്പിക്കുന്നത്. സൂപ്പർ ശരണ്യ പോലുള്ള ചിത്രങ്ങൾ പോലും പഴയ അതേ കാഴ്ചപ്പാടാണ് പിൻതുടർന്നത്. എന്നാലിവിടെ തിരക്കഥാകൃത്ത് തന്റെ കാഴ്ചപ്പാടുകൾ അടിയറ വയ്ക്കുന്നില്ല. അതേസമയം, ദ് ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ പോലെ വളരെ ലൗഡായി സ്ത്രീപക്ഷ കാഴ്ചപ്പാട് പറയുന്നതിനുപകരം ജനപ്രിയ കഥപറച്ചിൽ രീതിയിലൂടെ കാര്യങ്ങൾ അവതരിപ്പിക്കുകയുമാണ്.

ദർശന രാജേന്ദ്രൻ എന്ന അഭിനേത്രി ഓരോ സിനിമ കഴിയുമ്പോഴും തന്റെ അഭിനയം തേച്ചുമിനുക്കി മുന്നോട്ടു വരികയാണ്. മറ്റു കഥാപാത്രങ്ങളെ അപേക്ഷിച്ച് വളരെക്കുറച്ചു മാത്രം ഡയലോഗുള്ള കഥാപാത്രമാണ് ജയ. പക്ഷേ ജയയുടെ ആറ്റിറ്റ്യൂഡാണ് ചിത്രത്തിന്റെ നട്ടെല്ല്.

ബേസിൽ ജോസഫ് നായകനായെത്തിയ ജാൻ ഏ മൻ, പാൽതൂ ജാൻവർ എന്നീ ചിത്രങ്ങളുടെ ഹാങ്ങ്ഓവറില്ലാത്ത കഥാപാത്രമാണ് രാജേഷ്. ബേസിലിന്റെ കയ്യിൽ ഭദ്രമാണ് രാജേഷ്. വാക്കിലും നോക്കിലും നടത്തത്തിലും കൃത്യത. പ്രേക്ഷകർ കഥാപാത്രത്തെ മാത്രം കാണുകയും നടനെ മറന്നുപോവുകയും ചെയ്യുന്നിടത്താണ് ഒരു അഭിനേതാവിന്റെ വിജയം. അതിൽ ബേസിൽ നൂറു ശതമാനം വിജയിച്ചിട്ടുണ്ട്.

അനിയണ്ണനായി രാജേഷിനൊപ്പം ആദ്യാവസാനം നിൽക്കുന്ന അസീസ് നെടുമങ്ങാട് മുതൽ കുടുംബകോടതി ജഡ്ജിയായെത്തുന്ന മഞ്ജുപിള്ള വരെ മികച്ച അഭിനയമാണ് കാഴ്ച വയ്ക്കുന്നത്. രാജേഷിന്റെ അമ്മയുടെ പ്രകടനത്തിനു മുന്നിൽ കാണികൾ കണ്ണുംമിഴിച്ചിരിക്കും. അജുവർഗീസ്, സുധീർ പറവൂർ, ശരത് സഭ, ആനന്ദ് മൻമഥൻ, നോബി, ഹരീഷ് തുടങ്ങിയവരും മികച്ച പ്രകടനമാണ് നടത്തുന്നത്. രചനയും സംവിധാനവും നിർവഹിച്ച വിപിൻദാസിനു മികച്ച പിന്തുണയാണ് ക്യാമറാമാൻ ബബ്‌ലുവും സംഗീതസംവിധായകൻ അങ്കിത് മേനോനും നൽകുന്നത്. അനാവശ്യമായ ഒരു ഷോട്ട് പോലുമില്ലാതെ കൃത്യമായി എഡിറ്റർ ജോൺകുട്ടി ചിത്രം വെട്ടിയൊതുക്കിയിട്ടുമുണ്ട്.

കുടുംബജീവിതത്തിൽ ഒരു സ്ത്രീക്കു വേണ്ട മൂന്നു കാര്യങ്ങളെന്തൊക്കെയാണെന്ന ചോദ്യമാണ് ചിത്രത്തിനൊടുവിൽ പ്രേക്ഷകരുടെ മുന്നിലേക്കുവരുന്നത്. നായകനോ നായകന്റെ കൂട്ടുകാരനോ അതറിയില്ല. ഇക്കാര്യമറിയാതെ ശരാശരി മലയാളി യുവാക്കൾ വിവാഹം കഴിക്കാൻ പോവരുതെന്ന് ഓർമിപ്പിക്കുകയാണ് ജയ ജയ ജയ ജയഹേ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS