ADVERTISEMENT

'മെമ്മറീസിന് ശേഷം ഞാൻ ചെയ്യുന്ന യഥാർഥ ത്രില്ലർ ചിത്രം ഇതായിരിക്കും' എന്ന്  ജീത്തു ജോസഫ് പറഞ്ഞത് വെറുതെയല്ല, ഒരുഘട്ടത്തിലും പിടിതരാതെ പ്രേക്ഷകനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുകയാണ് കൂമൻ എന്ന സിനിമ. ശരിക്കും ജീത്തുവും തിരക്കഥാകൃത്ത് കൃഷ്ണകുമാറും പുതിയ ത്രില്ലർ ചിത്രങ്ങൾക്കുള്ള കഥാബീജത്തിനായി നാട്ടിലൂടെ ഭൂതകാലത്തേക്കും ഭാവികാലത്തേക്കും ടൈം ട്രാവൽ ചെയ്തിട്ടുണ്ടോ എന്ന് ചിത്രം കണ്ടുകഴിയുമ്പോൾ പ്രേക്ഷകന് തോന്നിയാൽ തെറ്റുപറയാനില്ല.

 

കേരള- തമിഴ്നാട് അതിർത്തിയിലെ നെടുമ്പാറ എന്ന ഗ്രാമത്തിലെ സിപിഒ ആണ് നാട്ടുകാരൻ കൂടിയായ ഗിരി. ചില ഒറ്റപ്പെട്ട 'ആത്മഹത്യകൾ'  ഒഴിച്ചുനിർത്തിയാൽ ക്രമസമാധാന പ്രശ്നങ്ങൾ ഒന്നുമില്ലാത്ത നാട്. പൊലീസുകാരും സ്വസ്ഥം. പക്ഷേ നിസ്സാരകാര്യങ്ങൾക്ക് നാട്ടുകാരോട്  വ്യക്തിവിരോധം മനസ്സിൽപെരുപ്പിച്ച് തരംകിട്ടുമ്പോൾ നൈസായിട്ട് 'പണി'കൊടുക്കുന്ന സ്വഭാവക്കാരനാണ് ഗിരി. അതിനയാൾ ഏതറ്റം വരേയുംപോകും. അങ്ങനെ 'ചൊരുക്ക് തീർക്കാൻ' അയാൾ രഹസ്യമായി ചെയ്യുന്ന ചില കൈവിട്ട കളികളാണ് ആദ്യപകുതി സജീവമാക്കുന്നത്. 'വേലി തന്നെ വിളവ് തിന്നുക' എന്ന് പറയുംപോലെയുള്ള അയാളുടെ ചെയ്തികൾ പ്രേക്ഷകരെ രസിപ്പിക്കുമെങ്കിലും അയാളുടെ സഹപ്രവർത്തകർക്കും മേലധികാരികൾക്കും തലവേദനയാകുന്നു. ഒരുഘട്ടത്തിൽ ഗിരിയുടെ ജീവിതം തവിടുപൊടിയാകുമെന്ന് കരുതുന്നിടത്ത് അടുത്ത 'ആത്മഹത്യ' നടക്കുന്നു. അവിടെയാണ് ഇന്റർവെൽ പഞ്ച്. 

 

jeethu-asif

ഒറ്റപ്പെട്ട സംഭവങ്ങൾ എന്ന് കരുതി പൊലീസും നാട്ടുകാരും തള്ളിക്കളഞ്ഞ ഈ 'ആത്മഹത്യകൾ'ക്ക് പിന്നിൽ മറ്റെന്തെങ്കിലും ദുരൂഹതകളുണ്ടോ?  പിന്നെ ആകാംക്ഷയുടെ കൊടുമുടിയിലേക്കുള്ള യാത്ര തുടങ്ങുകയാണ്. ഒരുഘട്ടത്തിൽ ഈ ദുരൂഹതയുടെ ചുരുളഴിക്കേണ്ടത് ഗിരിയുടെ വാശിയായി മാറുന്നു. അതിനുപിന്നാലെയുള്ള അയാളുടെ സഞ്ചാരവും ചില വഴിത്തിരിവുകളോടെ ചുരുളഴിയുന്ന ഞെട്ടിക്കുന്ന യാഥാർഥ്യങ്ങളിലുമാണ് ചിത്രം പര്യവസാനിക്കുന്നത്. സ്പോയിലർ ആകുമെന്നതിനാൽ ക്ളൈമാക്സ് പരിസരത്തേക്ക് പോകുന്നില്ല. എന്നിരുന്നാലും ആരായിരിക്കും വില്ലൻ എന്ന് കണ്ടുപിടിക്കാനുള്ള പ്രേക്ഷകന്റെ ത്വരയെ തകിടംമറിച്ചുകൊണ്ടാണ് കൂമൻ പറന്നിറങ്ങുന്നത്.

 

asifa-ali-kooman

ഈ സിനിമയുടെ രചനയോ ചിത്രീകരണമോ നടക്കുന്ന സമയത്ത് മലയാളി സമൂഹത്തിന് ഏറെക്കുറെ അപരിചിതമായ ഒരു വിഷയം ചിത്രത്തിൽ പരാമർശിക്കുകയും മാസങ്ങൾക്കിപ്പുറം ചിത്രം റിലീസ് ചെയ്യുന്ന സമയത്ത് പൊതുസമൂഹത്തിൽ അത് ചർച്ചാവിഷയമായി കത്തിനിൽക്കുന്നു എന്നതും കൗതുകകരമാണ്. മലയാളി പ്രേക്ഷകർക്ക് റിലേറ്റ് ചെയ്യാവുന്ന തലത്തിലേക്ക് ചിത്രത്തിന്റെ കഥാഗതി വഴിമാറുമ്പോൾ തിയറ്ററിൽ കരഘോഷങ്ങൾ മുഴങ്ങുന്നു. ഇത്രയും ക്രിമിനൽ ബുദ്ധി സംവിധായകനും തിരക്കഥാകൃത്തിനും എവിടെനിന്ന് കിട്ടുന്നു എന്ന് അദ്ഭുതം തോന്നാം. ചിത്രത്തിലെ ഓരോ വഴിത്തിരിവുകൾക്ക് പിന്നിലുമുള്ള ഡീറ്റെയിലിങ് ആണ് ചിത്രത്തെ സജീവമാക്കുന്നത്. പൊലീസിലെ ക്രിമിനൽവൽക്കരണം വാർത്തകളിൽ നിറയുന്ന സമയത്തിറങ്ങുന്ന കൂമൻ പല അധികാരിവർഗങ്ങളെയും അസ്വസ്ഥമാക്കാനുമിടയുണ്ട്.

 

ഒരു നടൻ എന്ന നിലയിൽ ഏറെ മുൻപോട്ട് പോയിരിക്കുകയാണ് ആസിഫ് അലി. റോഷാക്കിലെ മുഖംമൂടി കഥാപാത്രത്തിന്റെ മറ്റൊരു ഷെയ്ഡ് കൂമനിലും കാണാം. ഫീൽഗുഡ് നായകപരിവേഷത്തിൽ നിന്നും നെഗറ്റീവ് ഷേഡുകളുള്ള മുഖ്യകഥാപാത്രമായുള്ള നവീകരണം ആസിഫിന് നന്നായി യോജിക്കുന്നുമുണ്ട്. വിശേഷ മാനസിക അവസ്ഥകൾ,സ്വഭാവങ്ങളുള്ള കഥാപാത്രങ്ങൾ ചെയ്യാനുള്ള ആസിഫിനുള്ള സവിശേഷ കഴിവുതന്നെയാണ് കൂമനിലേക്ക് താരത്തെ പ്രതിഷ്ഠിക്കാൻ ജീത്തുവിന് ആത്മവിശ്വാസം നൽകിയതെന്ന് ഉറപ്പാണ്. ജാഫർ ഇടുക്കിയും മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്. അടുത്തിറങ്ങിയ മിക്ക ചിത്രങ്ങളിലും ജാഫർ ഒരു നടനെന്ന നിലയിൽ ഗ്രാഫ് ഉയർത്തുന്നത് പ്രകടമാണ്. കൂടാതെ രൺജി പണിക്കർ, ബാബുരാജ്, മേഘനാഥൻ, ഹന്നാ റജി കോശി, ആദം അയൂബ്, ബൈജു, പൗളി വിൽ‌സൺ തുടങ്ങിയവരൊക്കെ മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്.

 

മാജിക്ക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനും അനന്യ ഫിലിംസിന്റെ ബാനറിൽ ആൽവിൻ ആന്റണിയുമാണ് കൂമൻ  നിർമിച്ചിരിക്കുന്നത്. ചിത്രത്തെ എഡ്ജ് ഓഫ് ദ് സീറ്റ് അനുഭവമാക്കുന്നതിൽ സാങ്കേതികമേഖലകളും തുല്യപങ്ക് വഹിക്കുന്നുണ്ട്. കെട്ടുറപ്പുള്ള തിരക്കഥയാണ് കൂമന്റെ നട്ടെല്ല്. ഇതിനുമുൻപ് ഒടിടി റിലീസായി ഇറങ്ങിയ ട്വൽത് മാൻ എന്ന ചിത്രത്തിന്റെയും തിരക്കഥാകൃത്ത് കൃഷ്ണകുമാറാണ്. കാഴ്ചക്കാരന് പിടിതരാതെ വട്ടംചുറ്റിക്കുകയും വേണ്ടിടത്ത് കൃത്യമായി ഡീറ്റെയിലിങ് ചെയ്യുകയും പല അടരുകളുള്ള കഥയെ കൂട്ടിയിണക്കുകയും ചെയ്യുന്നതിലെ മികവ് അടിവരയിട്ടുപറയേണ്ടതാണ്. ഇനിയും ഈ കൂട്ടുകെട്ടിൽ മികച്ച ത്രില്ലറുകൾ നമുക്ക് പ്രതീക്ഷിക്കാം. 

 

കൂമൻ നിശാസഞ്ചാരിയാണ്. പേര് സൂചിപ്പിക്കും പോലെ ചിത്രത്തിലെ വഴിത്തിരിവുകൾ സംഭവിക്കുന്നതും രാത്രിയിലാണ്. രാത്രിയുടെ വന്യതയും ഭീതിയുമെല്ലാം സതീഷ് കുറുപ്പിന്റെ ഛായാഗ്രഹണത്തിലൂടെ  പ്രേക്ഷകനിലേക്ക് ആഴ്നിറങ്ങുന്നു. അതുപോലെ വിഷ്ണു ശ്യാമിന്റെ പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ ത്രില്ലർ മൂഡ് നിലനിർത്തുന്നതിൽ പങ്കുവഹിക്കുന്നു.

 

ചുരുക്കത്തിൽ ജീത്തു ജോസഫ് അവകാശപ്പെട്ടതുപോലെ പ്രേക്ഷകന്റെ 'കിളിപറത്തുന്ന' കറകളഞ്ഞ ത്രില്ലർ അനുഭവം തന്നെയാണ് കൂമൻ. ഒടിടിക്കായി കാത്തിരുന്നാൽ നഷ്ടമാവുക മികച്ച ഒരു തിയറ്റർ ദൃശ്യാനുഭവമായിരിക്കും. അതിനാൽ തിയറ്റർ മസ്റ്റ് വാച്ച് തന്നെയാണ് കൂമൻ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com