ADVERTISEMENT

ഒരു വൈറ്റ് ആള്‍ട്ടോ കാര്‍ തേടിയുള്ള പൊലീസിന്റെ യാത്ര. ഈ യാത്രയില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നതാകട്ടെ അപ്രതീക്ഷിത സംഭവങ്ങളുടെ പരമ്പരയും. മാറിയ മലയാള സിനിമയിലെ പരീക്ഷണങ്ങളുടെ തുടര്‍ച്ചയാണ് സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത ‘1744 വൈറ്റ് ആള്‍ട്ടോ’. ഇഴുകിച്ചേരാന്‍ പ്രയാസമുള്ള ത്രില്ലറും തമാശയും ഇഴ ചേര്‍ത്ത് രസച്ചരടു പൊട്ടാതെ അവതരിപ്പിക്കുന്ന ചിത്രം തീര്‍ത്തും പരീക്ഷണം തന്നെയാണ്. ആഖ്യാനത്തിലും അവതരണത്തിലും സംഗീതത്തിലുമൊക്കെ അത് പ്രകടവുമാണ്. പുതുമ തേടിയുള്ള യാത്രയില്‍ പുതിയൊരു സിനിമാ കാണാന്‍ ആഗ്രഹിക്കുന്നവര്‍ കാണേണ്ട ചിത്രം കൂടിയാണിത്.

1744-white-aulto-movie-22

കഥാപശ്ചാത്തലവും കാറുമൊക്കെ പ്രധാന കഥാപാത്രങ്ങളാണ്. പരമ്പരാഗത രീതീയില്‍ നടക്കേണ്ട ഒരു പൊലീസ് അന്വേഷണത്തെയാണ് തിരക്കഥയില്‍ വ്യത്യസ്തത പുലര്‍ത്തി അവതരിപ്പിക്കുന്നത്. വെടിയും പുകയും നിറയുമ്പോഴും ചിരിയാണ് പ്രേക്ഷകനെ ഈ ചിത്രത്തിലേക്കു ചേര്‍ത്തു നിര്‍ത്തുന്നത്. വന്നു പോകുന്ന ഓരോ കഥാപാത്രത്തിനും അവരുടേതായ ഇടം സിനിമയിലുണ്ട്. അതിഭാവുകത്വങ്ങളോ അമാനുഷികമായ കാര്യങ്ങളോ അവര്‍ പ്രവര്‍ത്തിക്കുന്നില്ല. അതുകൊണ്ടാകാം അവരില്‍ ഭൂരിപക്ഷം ആളുകളും നമ്മെ ചിരിപ്പിക്കാനും ശ്രമിക്കുന്നുണ്ട്. സന്ദര്‍ഭത്തോടു ചേര്‍ന്നു നില്‍ക്കുമ്പോഴും നിഷ്‌കളങ്കമായ ചിരിയാണ് ഓരോ കഥാപാത്രവും പ്രേക്ഷകനു സമ്മാനിക്കുന്നത്.

1744-white-aulto-movie-2

വടക്കന്‍ കേരളത്തിലെ ഒരു അതിര്‍ത്തി ഗ്രാമത്തിലാണ് കഥ നടക്കുന്നത്. കുറ്റവാളികളായ എബിയും കണ്ണനും വൈറ്റ് ആള്‍ട്ടോ കാറിലെത്തി ഒരു ആക്രമണം നടത്തുന്നു. രക്ഷപ്പെടാനുള്ള അവരുടെ ശ്രമങ്ങള്‍ക്കിടയില്‍ അപ്രതീക്ഷിതമായി വിജയനെന്ന ചെറുപ്പക്കാരന്റെയും എബിയുടേയും കണ്ണന്റെയും ആള്‍ട്ടോ കാറുകള്‍ തമ്മില്‍ മാറിപ്പോകുന്നു. തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. കാറിനുവേണ്ടിയുള്ള അന്വേഷണം പകരുന്ന പൊട്ടിച്ചിരികളാണ് സിനിമയെ ആസ്വാദ്യമാക്കുന്നത്.

മുഷിപ്പിക്കാത്ത ഡാര്‍ക്ക് ഹ്യൂമര്‍ സാധ്യതകളെ കൃത്യമായി തിരക്കഥയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിലൊക്കെയും രാഷ്ട്രീയ കാഴ്ചപ്പാടുകളും ഇഴുകി ചേര്‍ന്നിട്ടുണ്ട്. റിയലിസ്റ്റിക് ആഖ്യാനത്തിന്റെ രീതികള്‍ പിന്‍തുടരുമ്പോഴും കഥപറച്ചിലിലെ പുതുമ സിനിമയിലെ വേറിട്ട പരീക്ഷണമാണ്. ടൈറ്റില്‍ ഗാനം മുതല്‍ അതു പ്രകടവുമാണ്.

1744-white-aulto-movie

‘തിങ്കളാഴ്ച നിശ്ചയ’ത്തിനു ശേഷം സംവിധായകന്‍ സെന്ന ഹെഗ്‌ഡെ മറ്റൊരു പരീക്ഷണം ഒരുക്കിയതില്‍ ഒട്ടും അതിശോക്തിയില്ല. പാളിപ്പോകേണ്ട പല ഭാഗങ്ങളും സംവിധായകന്‍ കയ്യടക്കത്തോടെ കൈകാര്യം ചെയ്തിട്ടുണ്ട്. സെന്ന ഹെഗ്‌ഡെയോടൊപ്പം ശ്രീരാജ് രവീന്ദ്രനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. താരപരിവേഷത്തിലേക്കുള്ള ഷറഫുദ്ദീന്റെ മുന്നേറ്റത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ ഒന്നായി ഇനി ‘1744 വൈറ്റ് ആള്‍ട്ടോ’യിലെ മഹേഷുമുണ്ടാകും. രാജേഷ് മാധവന്റെയും ആനന്ദ് മന്മഥന്റെയും രസകരമായ കോംബിനേഷന്‍ സിനിമയുടെ ജീവനാണ്. നവാസ് വള്ളിക്കുന്നത്തിന്റെ സാന്നിധ്യവും എടുത്തുപറയണം. സിനിമയുടെ കഥാപരിസരത്തെ വ്യത്യസ്തമായി അവതരിപ്പിക്കുന്നതില്‍ ക്യാമറാമാന്‍ ശ്രീരാജ് രവീന്ദ്രനും വിജയംകണ്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com