മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനായിരുന്നു പ്രതാപ് പോത്തൻ. ഭരതനും പത്മരാജനും ജോൺപോളും മോഹനുമൊക്കെ സൃഷ്ടിച്ച കഥാപാത്രങ്ങളെ അതിസൂക്ഷ്മം അഭ്രപാളിയിലെത്തിച്ച നടൻ. ഋതുഭേദവും യാത്രാമൊഴിയും പോലുള്ള സിനിമകളിലൂടെ സംവിധാനരംഗത്ത് തന്റെ കയ്യൊപ്പു പതിപ്പിച്ച പ്രതിഭ. പ്രതാപ് പോത്തന്റെ മരണശേഷം വീണ്ടും ഒരിക്കൽക്കൂടി അദ്ദേഹത്തെ വെള്ളിത്തിരയിൽ കാണാനുള്ള അവസരമാണ് ‘പെർഫ്യൂം’ എന്ന ചിത്രം ഒരുക്കുന്നത്.
വളരെ പതിഞ്ഞ താളത്തിൽ നാടകീയത നിറഞ്ഞ കഥപറച്ചിൽരീതി പിൻതുടരുന്ന സിനിമയാണ് ഹരിദാസ് സംവിധാനം ചെയ്ത പെർഫ്യൂം. ഒരുകാലത്ത് മലയാളികളെ ചിരിപ്പിച്ച കോമഡി ചിത്രങ്ങളുടെ സംവിധായകനായ ഹരിദാസിന്റെ പെർഫ്യൂം വളരെ സീരിയസായാണ് കഥ പറയുന്നത്. അഭിരാമിയെന്ന നായികാകാഥാപാത്രമായെത്തിയ കനിഹയെ ആശ്രയിച്ചാണ് പെർഫ്യൂം മുന്നോട്ടുപോവുന്നത്. അഞ്ചുവർഷത്തെ പ്രണയത്തിനുശേഷം വിവാഹിതരായ അഭിരാമിയുടെയും ഭർത്താവിന്റെയുമിടയിലേക്ക് കടന്നുവരുന്ന പണക്കാരനായ മാധവദാസിന്റെയും കഥയാണ് പെർഫ്യൂം പറയുന്നത്.
‘താനടിച്ച പെർഫ്യൂമിന്റെ ഗന്ധം എങ്ങനെയുണ്ട്?’ എന്ന് ഭാര്യ ചോദിക്കുമ്പോൾ ഭർത്താവിന്റെ മറുപടി, ‘കഴിഞ്ഞ നാലഞ്ചുവർഷമായി എനിക്കറിയുന്ന ഗന്ധമല്ലേ’ എന്നാണ്. എന്നാൽ തന്റെ ആരാധകനായ മറ്റൊരാൾ അവളോടു പറയുന്നത്, ‘നീയിറങ്ങിപ്പോയിട്ടും നിന്റെ ഗന്ധം ഈ കാറിൽ തങ്ങിനിൽക്കുന്നുവെന്നാണ്.’
ബസു ഭട്ടാചാര്യയുടെ സംവിധാനത്തിൽ 1997ൽ ഇറങ്ങിയ ആസ്തയെന്ന ചിത്രത്തെ ഓർമിപ്പിക്കുന്ന കഥാഗതിയാണ് പെർഫ്യൂമിന്. രേഖ നായികയായെത്തിയ ചിത്രം കലാസിനിമകൾക്കും കച്ചവടസിനിമകൾക്കുമിടയിലുള്ള അകലം കുറച്ച സിനിമകളിലൊന്നാണ്. ഓംപുരിയും ദിനേശ് താക്കൂറുമാണ് പ്രധാന കഥാപാത്രങ്ങളായെത്തിയത്. നായികാകാഥാപാത്രത്തിന്റെ ‘ഭാര്യ’യിൽനിന്ന് ‘അഭിസാരിക’യിലേക്കുള്ള മാറ്റത്തെ അക്കാലത്തെ പ്രേക്ഷകർ ഏറെ വിമർശനത്തോടെയാണ് സ്വീകരിച്ചതെന്ന് രേഖ പിൽക്കാലത്ത് പറഞ്ഞിരുന്നു. തന്റെ ഇമേജ് പൊളിച്ചെഴുതിയ കഥാപാത്രമായാണ് ആസ്തയിലെ വേഷത്തെ രേഖ വിശേഷിപ്പിക്കാറുള്ളത്. രേഖയവതരിപ്പിച്ച കഥാപാത്രത്തിനു തുല്യമായ വേഷമാണ് കനിഹ പെർഫ്യൂമിൽ അവതരിപ്പിച്ചത്.
കുടുംബചിത്രങ്ങൾ ഇഷ്ടപ്പെടുന്ന പ്രേക്ഷകർക്ക് ഒരുതവണ കണ്ടിരിക്കാവുന്ന സിനിമയാണ് പെർഫ്യൂം. ഏറെക്കാലം മുൻപ് ചിത്രീകരണം പൂർത്തിയായ സിനിമ വർഷങ്ങള്‍ക്കുശേഷം തിയറ്ററുകളിലെത്തിയതാണ്. പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് മാറ്റങ്ങൾ കൊണ്ടുവരാൻ നിർമാതാക്കൾ ശ്രമിച്ചിട്ടുണ്ട്. ഇതിൽ എത്രമാത്രം വിജയിച്ചുവെന്ന് കണ്ടറിയണം. ഒരൽപം കൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ മികച്ച സിനിമയാവുമായിരുന്ന ചിത്രമാണ് പെർഫ്യൂം.
കനിഹയും ടിനിടോമും ഇഴുകിച്ചേർന്നഭിനയിച്ച ‘ശരിയേത് തെറ്റേത്’ എന്ന ഗാനം റിലീസിനുമുൻപ് സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ഗാനത്തിനും നീലവാനം താലമേന്തി എന്ന ഗാനത്തിനുമാണ് കഴിഞ്ഞ വർഷത്തെ ഫിലിംക്രിട്ടിക്സ് പുരസ്കാരം കെ.എസ്.ചിത്രയ്ക്കും പി.കെ.സുനിൽകുമാറിനും ലഭിച്ചത്. രജേഷ്ബാബു.കെ.ശൂരനാടാണ് സംഗീതസംവിധായകൻ. മോത്തി ജേക്കബും രാജേഷ്ബാബുവും ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.