ADVERTISEMENT

സ്നേഹത്തിന്റെ തങ്കനൂലിൽ കോർത്തെടുത്ത ആറു പുഷ്പങ്ങൾ – അതാണ് ഒറ്റ വാചകത്തിൽ പറഞ്ഞാൽ അഞ്ജലി മേനോന്റെ ‘വണ്ടർ വുമൺ’. മാതൃത്വത്തെ ആഘോഷമാക്കാൻ ഒരു കൂട്ടിലേക്കു ചേക്കേറിയ ആറു സ്ത്രീകൾ തമ്മിലുണ്ടാകുന്ന അനുപമമായ ഹൃദയബന്ധം മനസ്സിൽ തൊടുന്ന മുഹൂർത്തങ്ങളോടെ, ഒട്ടും പാളിപ്പോകാതെ അഞ്ജലി സിനിമയാക്കിയിരിക്കുന്നു. കൊച്ചു കൊച്ചു സന്തോഷങ്ങളോടെയും ചിലർക്കെങ്കിലും വിഷാദത്തോടെയും ആവലാതികളോടെയും കടന്നുപോകുന്ന സാഹസിക യാത്രയാണ് ഗർഭകാലം. അവിടെ പങ്കാളിയുടെയും കുടുംബത്തിന്റെയും കരുതലും മനസ്സിലാക്കലും എത്രമാത്രം പ്രധാനപ്പെട്ടതാണെന്നു കൂടി വണ്ടർ വുമൺ കാണിച്ചു തരുന്നു. ഇതുവരെ കണ്ട സ്ത്രീപക്ഷ സിനിമകളിൽനിന്നു വ്യത്യസ്തമായി, നൂറു ശതമാനം സ്ത്രീപക്ഷ സിനിമയാണ് വണ്ടർ വുമണെന്ന് നിസ്സംശയം പറയാം.

വ്യത്യസ്ത കുടുംബ പശ്ചാത്തലങ്ങളിൽനിന്നുള്ള ആറ് ഗർഭിണികളുടെ കഥയാണ് ‘വണ്ടർ വുമൺ’ പറയുന്നത്. അമ്മയാകാനുള്ള വഴിയിലാണെങ്കിലും ഗർഭധാരണത്തെയും പ്രസവത്തെയും കുറിച്ചുള്ള തെറ്റിദ്ധാരണകളും ആശയക്കുഴപ്പങ്ങളും അവരെ വലയ്ക്കുന്നു. അതെല്ലാം മനസ്സിലാക്കാനുള്ള അന്വേഷണത്തിനൊടുവിൽ അവർ എത്തിച്ചേരുന്നത് നന്ദിതയുടെ സുമന എന്ന പ്രീനേറ്റൽ ക്ലാസ്സിലാണ്. പരമ്പരാഗത തമിഴ് കുടുംബത്തിൽനിന്നു വരുന്ന കൃഷ്ണവേണി, മൂന്ന് അബോർഷന് ശേഷം ചികിത്സയിലൂടെ ഗർഭം ധരിക്കുന്ന ജയ, ഗർഭിണിയായപ്പോൾ പങ്കാളിയിൽനിന്നു പിന്തുണ ലഭിക്കാതെ ഒറ്റപ്പെട്ടുപോയ മിനി, ബോർഡിങ്ങിൽ ഒറ്റപ്പെട്ടുപോയ ബാല്യത്തിന്റെ പിടച്ചിലിൽ കരിയർ സ്വപ്നങ്ങളെക്കാൾ മാതൃത്വത്തിനു മുൻഗണന നൽകുന്ന നോറ, ജീവിതത്തിൽ തന്റേതായ സ്‌പേസ് വേണമെന്നാഗ്രഹിക്കുന്ന ഗായിക സായ, നിത്യച്ചെലവിനു ബുദ്ധിമുട്ടുന്നതിനിടയിൽ രണ്ടാമത് ഗർഭിണിയായതിന്റെ ആകുലതയുമായി ഗ്രേസി എന്നിവരാണ് അഞ്ജലിയുടെ വണ്ടർ വിമൻ. നന്ദിതയുടെ പരിചരണത്തിൽ ഗർഭകാലത്തെ സമ്മർദ്ദം കുറയ്ക്കാനും സമാന അവസ്ഥയിലുള്ള സുഹൃത്തുക്കളെ കണ്ടെത്താനും മാതൃത്വത്തെക്കുറിച്ച് പുതിയ കാര്യങ്ങൾ പഠിക്കാനും സുമനയിൽ എത്തിയതാണിവർ.

wonder-woman-review

വ്യത്യസ്ത പശ്ചാത്തലത്തിൽനിന്നു വന്നവരെങ്കിലും സുമനയിലെ പരിശീലനത്തിനിടയിൽ മിനി ഒഴിച്ചുള്ളവർ തമ്മിൽ വലിയൊരു ഹൃദയബന്ധം ഉടലെടുക്കുന്നു. സ്വഭാവത്തിൽ ഒരേ വേവ് ലെങ്ത് ഉള്ള നോറയും വേണിയും തമ്മിലൊരു ഗാഢബന്ധമാണ് ഉണ്ടാകുന്നത്. മറാഠി സംസാരിക്കുന്ന ജയയ്ക്ക് ഇംഗ്ലിഷ് മനസ്സിലാകാത്തതിന്റെ ബുദ്ധിമുട്ടുണ്ട് എന്നാൽ എല്ലാവരോടും പെട്ടെന്നിണങ്ങുന്ന നോറ ജയയ്ക്കു തുണയാകുന്നു. മലയാളിയായ സായയ്ക്ക് സ്വന്തം പങ്കാളിയുടെ അമിതമായ സ്നേഹം പോലും വീർപ്പുമുട്ടലാണ്. കൂട്ടത്തിൽ മിനി മാത്രം ആർക്കും പിടി കൊടുക്കാതെ വഴുതി മാറുന്നു. വക്കീലുമായുള്ള ഫോൺ സംഭാഷണത്തിൽ നിന്നുതന്നെ അവൾ ജീവിതത്തിൽ അമ്പേ ഒറ്റപ്പെട്ടുപോയവളാണെന്ന് മനസ്സിലാക്കാം. നന്ദിതയുടെ ക്ലാസ്സുകളിൽ പങ്കെടുക്കുന്നുണ്ടങ്കിലും കൂട്ടത്തിലുള്ളവരുമായി സുഹൃദ്ബന്ധം സ്ഥാപിക്കാൻ അവൾക്കു താൽപര്യമില്ല. അവളുടെ ഒരേയൊരു ബന്ധു ജനിക്കാൻ പോകുന്ന കുഞ്ഞാണ്. അതിനെ നഷ്ടപ്പെടാതിരിക്കാൻ മാത്രമാണ് അവൾ നന്ദിതയുടെ ക്ലാസ്സിലെത്തിയത്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ സ്ത്രീകളുടെ പ്രതിനിധിയാണ് മിനി. അവളുടെ ഒറ്റപ്പെടലിന്റെ നിഗൂഢ വേദനയും പിടച്ചിലും പ്രേക്ഷക ഹൃദയത്തിൽ നൊമ്പരമായി പകർത്താൻ പാർവതി എന്ന അഭിനയപ്രതിഭയ്ക്ക് അധികം പണിപ്പെടേണ്ടി വന്നിട്ടില്ല.

wonder-women-re

പ്രീനേറ്റൽ ക്ലാസിലേക്ക് സ്ത്രീകളുടെ പങ്കാളികളെത്തുന്നതോടെ, കുഞ്ഞുണ്ടാകുമ്പോൾ ഒരു മാതാവു മാത്രമല്ല പിതാവു കൂടി പിറവിയെടുക്കുകയാണ് എന്നതും അഞ്ജലി പ്രേക്ഷകർക്കു മുന്നിലേക്കു വയ്ക്കുകയാണ്. ഓരോ സ്ത്രീയും കടന്നുപോകുന്ന മാനസികവും ശാരീരികവുമായ ദുർ‌ബലതകളും ബന്ധങ്ങളിലെ കെട്ടുറപ്പും വിള്ളലും പുറമെ ചിരിക്കുമ്പോഴും അകത്തെരിയുന്ന വേദനയുടെ കനലുമെല്ലാം അഞ്ജലി വൈകാരികത തീക്ഷ്ണതയോടെ പ്രേക്ഷകർ‌ക്കു മുന്നിലേക്ക് പകർന്നു വയ്ക്കുന്നു. കുഞ്ഞിനെ കൈകാര്യം ചെയ്യാനുള്ള സെഷനിൽ ഓരോ ദമ്പതികൾക്കും ഒരു കുഞ്ഞുപാവയെ പഠന വസ്തുവായി നൽകുമ്പോൾ പുരുഷന്മാരിൽ പലർക്കും കുഞ്ഞിനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് അറിയില്ല. ചിലർക്കെങ്കിലും അത് അരോചകമായി തോന്നുകയാണ്.

nithya-nadia

പുരുഷൻ ദുർബലനോ മൃദുവികാരങ്ങൾ ഉളളവനോ ആകാൻ പാടില്ല എന്നു വിശ്വസിക്കുന്ന ഇന്ത്യൻ പുരുഷന്റെ പ്രതിനിധിയാണ് വേണിയുടെ ഭർത്താവ്. സ്നേഹിക്കാൻ മാത്രമറിയുന്ന വേണി, ‘നിങ്ങൾ തനിച്ചല്ല, നമ്മൾ രണ്ടുപേരും കൂടിയാണ് കുഞ്ഞിനെ വളർത്താൻ പോകുന്നത്’ എന്ന് അയാൾക്ക് ഉറപ്പു കൊടുക്കുന്നു. ‘രണ്ടു കുഞ്ഞുങ്ങളെ നഷ്ടപ്പെട്ടെങ്കിലും നീ തന്നെയാണ് എനിക്കേറ്റവും വലുതെ’ന്ന് പറയുന്ന ജയയുടെ ഭർത്താവ് ഏവരുടെയും കണ്ണ് നിറയ്ക്കുന്നുണ്ട്. ‘ഒരു കുഴപ്പവുമില്ല, ഈ രണ്ടാമത്തെ കുഞ്ഞിനെയും നമ്മൾ വളർത്തു’മെന്ന് ഗ്രേസിയുടെ കണ്ണിലേക്കു നോക്കി സ്നേഹത്തോടെ പറയുന്ന നിഷ്കളങ്കനായ ഭർത്താവ് പ്രേക്ഷരുടെ മനം നിറയ്ക്കും. ‘ഈ കുട്ടി വേണ്ടായിരുന്നു, ഗർഭധാരണം കൊണ്ട് എനിക്ക് നിന്നെ നഷ്ടമാവുകയാണ് ചെയ്തതെ’ന്ന് നോറയുടെ ഭർത്താവ് പറയുമ്പോൾ, എപ്പോഴും എല്ലാവരെയും സന്തോഷിപ്പിച്ച് പാറിപ്പറന്നു നടന്ന നോറയ്‌ക്കൊപ്പം പ്രേക്ഷകരും ഒരുമാത്ര ഞെട്ടുന്നു.

പ്രത്യേകം എടുത്തു പറയേണ്ടത് ചിത്രത്തിലെ വണ്ടർ വിമനെക്കുറിച്ചു തന്നെയാണ്. പാർവതി തിരുവോത്ത് മിനിയായും പദ്മപ്രിയ കൃഷ്ണവേണിയായും നിത്യാ മേനൻ നോറയായും വിസ്മയിപ്പിക്കുമ്പോൾ ഗ്രേസിയായി അർച്ചന പദ്മിനിയും ജയയായി അമൃത സുഭാഷും സായ ആയി ഗായിക സയനോരയുമെത്തുന്നു. നന്ദിതയായി അഭിനയിക്കുന്നത് മലയാളികളുടെ എക്കാലത്തെയും പ്രിയതാരം നാദിയ മൊയ്തുവാണ്. രാധ ഗോമതിയാണ് വേണിയുടെ അമ്മായിയമ്മയെ അവതരിപ്പിക്കുന്നത്. വിശാഖ് നായർ ഡോക്ടർ ആയി ചിത്രത്തിലെത്തുന്നു. ഡോക്ടർ ഹാരിസ് സലിം, ശ്രീകാന്ത് കെ.വിജയൻ, പ്രവീൺ പ്രേംനാഥ്‌, അജയൻ ആദത് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കൂട്ടത്തിൽ നിത്യാ മേനന്റെ നോറയാണ് മികച്ച അഭിനയമുഹൂർത്തം കാഴ്ചവയ്ക്കുന്നത്. ഗായികയും ഡബ്ബിങ് താരവുമായി കഴിവ് തെളിയിച്ച സയനോര തന്റെ പുതിയ കാൽവയ്പ് ഒട്ടും പിഴച്ചില്ല എന്നുറപ്പാക്കി. മോഡേൺ കാഴ്ചപ്പാടുള്ള സായ എന്ന കഥാപാത്രത്തെ സയനോര മിഴിവുറ്റതാക്കി.

മനേഷ് മാധവന്റെ ഛായാഗ്രഹണം സിനിമയുടെ വൈകാരികതയോട് ഏറെ അടുത്ത് നിൽക്കുകയും ദൃശ്യപരമായ മനോഹാരിത സിനിമയിൽ കൊണ്ടുവരുകയും ചെയ്തിട്ടുണ്ട്. ഗോവിന്ദ് വസന്തയുടെ സംഗീതം ചിത്രത്തിന്റെ മൂഡിനും മനസികാവസ്ഥയ്ക്കും പൂരകമാകുന്നു. ഇമ്പമുള്ള മ്യൂസിക് നോട്ടുകളും പെപ്പി ഗിറ്റാർ സ്കോറും ചിത്രത്തിനാവശ്യമായ ഊഷ്മളത നൽകുന്നു. പ്രവീൺ പ്രഭാകറിന്റെ മികച്ച എഡിറ്റിങ് എൺപത് മിനിറ്റുകൊണ്ട് വളരെ പ്രസക്തമായ വിഷയം ഭംഗിയൊട്ടും ചോരാതെ കാച്ചിക്കുറുക്കുന്നതിൽ സഹായിച്ചു. മലയാളവും ഹിന്ദിയും തമിഴും മറാഠിയും ഇംഗ്ലിഷും ചേർന്ന സംഭാഷണങ്ങൾ ഇന്ത്യയിൽ ഏതു കോണിലുമുള്ള പ്രേക്ഷകർക്കും എളുപ്പം മനസ്സിലാകുന്ന രീതിയിലാണ്.

ഒരു സ്ത്രീ തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട ഘട്ടമായ മാതൃത്വത്തിലൂടെ കടന്നു പോകുമ്പോൾ അനുഭവിക്കുന്ന വിവിധ വികാരങ്ങളെ ചിത്രീകരിക്കുന്ന ‘വണ്ടർ വുമൺ’ സിനിമയിൽ ഒരു പുതിയ അധ്യായമാണ് കുറിക്കുന്നത്. എല്ലാ പീഡനങ്ങൾക്കുമൊടുവിൽ സ്വാതന്ത്ര്യം പ്രഖ്യാപിച്ച് വാതിൽ വലിച്ചു തുറന്ന് തെരുവിലേക്കിറങ്ങുന്നതല്ല ‘വണ്ടർ വുമണി’ലെ സ്ത്രീപക്ഷ ചിന്ത. സ്വാതന്ത്ര്യ ബോധമുള്ള, നിലപാടുകളുള്ള, സ്വത്വബോധമുള്ള, സ്വന്തം പക്ഷത്തുനിന്ന് ചിന്തിക്കാൻ ശേഷിയുള്ള സ്ത്രീകളുടെ കഥയാണ് ഈ ചിത്രം പറയുന്നത്. മനുഷ്യന്റെ ദുർബലത ലജ്ജിക്കേണ്ട കാര്യമല്ലെന്നു പറഞ്ഞു വയ്ക്കുന്നതിനൊപ്പം സ്ത്രീകളുടെ സ്നേഹത്തിനും സഹവർത്തിത്വത്തിനും അവരുടെ ജീവിതത്തെ എത്രമാത്രം മനോഹരമാക്കാനാകുമെന്നും ഈ സിനിമ പറയുന്നു. വലിയ കഥാപരിസരമൊന്നുമില്ലാതെ മനുഷ്യബന്ധങ്ങളുടെ സങ്കീർണതയും സ്‌ത്രീകളുടെ വൈകാരിക അടുപ്പത്തിന്റെ ആവശ്യകതയും സ്വകാര്യ വേദനകളും നൊമ്പരക്കാഴ്ചകളും ഏറെ പുതുമയോടെ സന്നിവേശിപ്പിച്ച വണ്ടർ വുമൺ നൂറു ശതമാനം സ്ത്രീപക്ഷ സിനിമയാണെന്ന് തന്നെ പറയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com