ADVERTISEMENT

'ഹൃദയം' എന്ന ഹിറ്റ് സിനിമയ്ക്കു  ശേഷം പ്രണയം പൂത്തുലയുന്ന മറ്റൊരു ക്യാംപസ് ചിത്രം- അതാണ് 4 ഇയേഴ്സ്. ക്യാംപസ് ഗൃഹാതുരതകൾ മനസ്സിൽ സൂക്ഷിക്കുന്നവർക്ക് ആ കാലത്തേക്ക് ഓർമകളിലൂടെ ഒരു തിരിച്ചുപോക്കിന് വഴിയൊരുക്കുകയാണ് ചിത്രം. ഹൃദയം പോലെതന്നെ ഹൃദ്യമായ ഒരു മ്യൂസിക്കൽ ഫീസ്റ്റാണ് 4 ഇയേഴ്സ്. എൻജിനീയറിങ് കോഴ്സ് പഠിച്ചിറങ്ങുന്ന ഒരു ബാച്ചിന്റെയും അതിലെ ഒരു കമിതാക്കളുടെയും കഥയാണ് ചിത്രം. അവരുടെ കോളജിലെ അവസാന രണ്ടു ദിവസങ്ങളിൽ സംഭവിക്കുന്ന കാര്യങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.

 

വിശാലും ഗായത്രിയും സഹപാഠികളും പ്രണയികളുമാണ്. അഭിരുചിയില്ലാതെ എൻജിനീയറിങ്ങിനു ചേർന്ന് ‘സപ്ലികൾ തീർത്ത കൊട്ടാരത്തിനു’ മുന്നിൽ പകച്ചു നിൽക്കുകയാണ് വിശാൽ. കേരളത്തിൽ ബിടെക്ക് പഠിച്ച നിരവധി ചെറുപ്പക്കാർക്ക് റിലേറ്റ് ചെയ്യാൻ കഴിയുന്ന കഥാപാത്രം. അതേസമയം ഗായത്രി ഭാവിയെക്കുറിച്ചു വ്യക്തമായ പ്ലാനിങ്ങും സ്വപ്നങ്ങളും ഉള്ളയാളാണ്. കോഴ്സ് തീരാറായപ്പോൾ ഇരുവർക്കുമിടയിൽ ചെറിയ പടലപിണക്കങ്ങളും അകൽച്ചയും സംഭവിച്ചെങ്കിലും കോളജിലെ അവസാന രണ്ടുദിവസങ്ങൾ എല്ലാം മാറ്റിമറിക്കുന്നു. 

 

പിരിയുംമുമ്പേയുള്ള ആ രണ്ടുദിവസം ഇരുവരും ഒരുമിച്ചു ചെലവഴിക്കുന്ന നിമിഷങ്ങളും ഉള്ളിൽ തുളുമ്പുന്ന വികാരങ്ങൾ പുറത്തുചാടുന്നതും ഒടുവിൽ ചേർന്നെടുക്കുന്ന ഒരു തീരുമാനത്തിലുമാണ് ചിത്രം പര്യവസാനിക്കുന്നത്. യഥാർഥത്തിൽ '4 ഇയേഴ്സ്' ദൈർഘ്യമുള്ള ബിടെക് കാലത്തേക്കാൾ, അതിനുശേഷമുള്ള ജീവിതത്തിൽ അവരെടുക്കുന്ന ഒരു തീരുമാനമാണ് '4 ഇയേഴ്സ്' എന്ന ടൈറ്റിൽ കൊണ്ട് സംവിധായകൻ ഉദ്ദേശിക്കുന്നത്.

 

പ്രിയ വാരിയര്‍, സര്‍ജാനോ ഖാലിദ് എന്നിവരാണ് കേന്ദ്രകഥാപാത്രങ്ങൾ. പ്രണയവും ബ്രേക്കപ്പും വിരഹവും കരുതലുമെല്ലാമുള്ള കാമുകിയായി പ്രിയ വാരിയർ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു. നടപ്പിലും സ്വഭാവത്തിലും പക്വതയുള്ള യുവതിയായി എത്തുമ്പോഴും ചിത്രം ആവശ്യപ്പെടുന്ന ചില രംഗങ്ങളിൽ പ്രിയയുടെ ബോൾഡായ പ്രകടനവും കാണാം. സമീപകാല ചിത്രങ്ങളിലൂടെ പ്രതീക്ഷ പകരുന്ന നടനായി മാറിയിരിക്കുകയാണ് സർജാനോ ഖാലിദ്. 'ജൂൺ' എന്ന ചിത്രത്തിലെ ലൈറ്റ് കാമുകവേഷത്തിന്റെ നേർവിപരീതമായ ടഫ് കാമുകനെ  സർജാനോ ഭദ്രമാക്കുന്നു. രണ്ടു മണിക്കൂർ കഥപറയുന്ന ചിത്രത്തിലെ ഭൂരിഭാഗം രംഗങ്ങളും ഇവരെ രണ്ടുപേരെയും ഫോക്കസ് ചെയ്താണ് മുന്നേറുന്നത്. ഇരുവർക്കുമിടയിൽ രൂപപ്പെടുന്ന കെമിസ്ട്രി പ്രേക്ഷകനും അനുഭവവേദ്യമാകുന്നുണ്ട്.

 

കലാപരമായ അഭിരുചികൾ ഉണ്ടായിട്ടും ഇഷ്ടമില്ലാത്ത കോഴ്സ് പഠിച്ചു തോറ്റുപോയതിന്റെ അപമാനഭാരവും സഹപാഠികൾ പുതിയ മേച്ചിൽപുറങ്ങൾ തേടിപോകാനൊരുങ്ങുമ്പോൾ സപ്ലി ഭാരവുംപേറി ഒറ്റപ്പെട്ടു നിൽക്കേണ്ടി വരുന്നതിന്റെ വേദനയുമെല്ലാം കേരളത്തിലെ ഒരുപാട് ചെറുപ്പക്കാർക്ക് റിലേറ്റ് ചെയ്യാൻ കഴിയുംവിധം ചിത്രം അവതരിപ്പിക്കുന്നു.

 

ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത് ശങ്കറും ജയസൂര്യയുമാണ് ചിത്രം നിർമിച്ചത്. ഇത് ശരിക്കും സംവിധായകന്റെ സിനിമയാണ്. ഹൃദയവും 4 ഇയേഴ്സും തമ്മിൽ ചില സമാനതകൾ കാണാം. അതിലൊന്ന് സംവിധായകർക്ക് ചിത്രത്തോടുള്ള ഇമോഷണൽ അറ്റാച്മെന്റാണ്. വിനീത് താൻപഠിച്ച കോളജിൽ 'ഹൃദയം' ചിത്രീകരിച്ചപ്പോൾ രഞ്ജിത്ത് ശങ്കറും താൻ എൻജിനീയറിങ് പഠിച്ച കോതമംഗലത്തെ MACE കോളജിലാണ് '4 ഇയേഴ്സ്' ചിത്രീകരിച്ചത്. അടുത്തത് പാട്ടുകൾക്കും ബാക്ഗ്രൗണ്ട് സ്കോറിനും നൽകിയ പ്രാധാന്യമാണ്. സംഗീതത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എട്ട് ഗാനങ്ങളാണുള്ളത്.  ഓരോന്നും ഹൃദയത്തിൽ പ്രണയത്തിന്റെ ചാറ്റൽമഴ പെയ്യിക്കുന്ന പാട്ടുകൾ. ചിത്രത്തിലെ കഥാഗതി വികസിക്കുന്നതും ഗാനങ്ങളുടെ അകമ്പടിയോടെയാണ്. ശങ്കർ ശർമയുടെ സംഗീതസംവിധാനം ചിത്രത്തിന്റെ പ്ലസ്‌പോയിന്റാണ്.

 

സാങ്കേതികവശങ്ങളും മികച്ചുനിൽക്കുന്നു.മികച്ച ഫ്രയിമുകൾ കൊണ്ട് സമ്പന്നമാണ് ചിത്രം. താൻപഠിച്ച കോളജിലെ സവിശേഷ സ്ഥലങ്ങളെല്ലാം കൃത്യമായി ഒപ്പിയെടുക്കുന്നതിൽ സംവിധായകൻ മേൽനോട്ടം വഹിച്ചിട്ടുണ്ടെന്നു വ്യക്തമാണ്.

 

ചുരുക്കത്തിൽ തങ്ങൾ പടിയിറങ്ങിപ്പോയ കലാലയങ്ങളെക്കുറിച്ചുള്ള നല്ലതും മോശവുമായ ഓർമകൾ, സൗഹൃദങ്ങൾ, പ്രണയങ്ങൾ ഒക്കെ അയവിറക്കാൻ, വീണ്ടും അവിടേക്ക് മനസ്സിലൂടെ ഒരു സഞ്ചാരം നടത്താൻ പ്രേരിപ്പിക്കുകയാണ് ഈ ചിത്രം. തിയറ്റർ മസ്റ്റ് വാച്ച് എന്നുതന്നെ നിസ്സംശയം പറയാം.

 

English Summary: 4 Years is a 2022 Malayalam drama movie, directed by Ranjith Sankar. The will feature Sarjano Khalid and Priya Prakash Varrier in the lead characters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com