ADVERTISEMENT

കുടുംബപ്രേക്ഷകരെ വീണ്ടും തിയറ്ററിലേക്ക് മാടിവിളിക്കുന്ന സിനിമ- ഒറ്റവാക്കിൽ അതാണ് ഷെഫീക്കിന്റെ സന്തോഷം. റിയലിസ്റ്റിക് ഫാമിലി എന്റർടെയിനറാണ് ചിത്രം.

 

പ്രവാസിയായ ഷെഫീക്ക് വിവാഹത്തിനായി നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ്. മനസ്സിൽ നന്മയും സഹായമനഃസ്ഥിതിയുമുള്ളവനാണ് ഷെഫീക്ക്. ചെറിയ കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നയാൾ. ഗൾഫിൽ വരുന്നതിന് മുൻപുണ്ടായിരുന്ന തന്റെ ജീവിതം ഷെഫീക്ക് സുഹൃത്തിനോട് പങ്കുവയ്ക്കുന്നതാണ് ആദ്യപകുതി. ഷെഫീക്കിനുണ്ടായിരുന്ന ഒരു ആരോഗ്യപ്രശ്നം (സമൂഹം തെറ്റായ പരിഹാസത്തോടെ കാണുന്ന) പരിഹരിക്കാനുള്ള ശ്രമങ്ങൾ ഫ്ലാഷ്ബാക്കായി കാണിക്കുന്നുണ്ട്. ഒടുവിൽ അത് ചികിൽസിച്ചു ഭേദമാക്കിയ ഡോക്ടർക്ക് കൊടുക്കാൻ ഷെഫീക്ക് ദുബായിൽനിന്ന് ഒരുസമ്മാനം വാങ്ങുന്നു. അത് ഒരു 'ജൂനിയർ മാൻഡ്രേക്ക്' ആയി മാറുന്നതും ഷെഫീക്കിനും അയാളുമായി ബന്ധപ്പെട്ടവർക്കും തലവേദനയാകുന്നതും അത് പരിഹരിക്കാൻ നടത്തുന്ന ശ്രമങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ആദ്യപകുതി ഫീൽഗുഡ് ട്രാക്കിൽ പോകുന്ന ചിത്രം ഇന്റർവെൽ മുതൽ ത്രില്ലർ ട്രാക്കിലേക്ക് ഗിയർ മാറ്റുന്നു  'ഭീമന്റെ വഴി' എന്ന സിനിമയ്ക്കുശേഷം വഴിപ്രശ്നവും അയൽക്കാർ തമ്മിലുള്ള വഴക്കുകളും അനന്തരഫലങ്ങളും ഷെഫീക്കിലും വിഷയമാകുന്നുണ്ട്.

 

നവാഗതനായ അനൂപ് പന്തളം ചിത്രം സംവിധാനം ചെയ്തിരിക്കുന്നു. ചിത്രത്തിൽ അഭിനേതാവായും അനൂപ് എത്തുന്നുണ്ട്. ഉണ്ണി മുകുന്ദനാണ് ഷെഫീക്കായി എത്തുന്നത്. ആത്മീയ രാജൻ, ദിവ്യ പിള്ള, മനോജ് കെ. ജയൻ, ബാല, കൃഷ്ണപ്രസാദ്‌, രാഹുൽ മാധവ്, അനീഷ് രവി, ഷഹീൻ സിദ്ദീഖ്, മിഥുൻ രമേശ്, സ്മിനു സിജോ തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. ഷെഫീക്കിന്റെ ജീവിതത്തെ ഫോക്കസ് ചെയ്തുപോകുമ്പോൾത്തന്നെ എല്ലാ അഭിനേതാക്കൾക്കും പെർഫോം ചെയ്യാനുള്ള സ്‌പേസ് ചിത്രത്തിലുണ്ട് എന്നത് എടുത്തുപറയേണ്ട പ്രത്യേകതയാണ്.

 

മേപ്പാടിയാൻ എന്ന സിനിമയ്ക്കുശേഷം ഉണ്ണി മുകുന്ദന്റെ മറ്റൊരു അവിസ്മരണീയ പ്രകടനമാണ് ഷെഫീക്കിൽ കാണാനാവുക. ഷെഫീക്കിന്റെ കൊച്ചുകൊച്ചു സന്തോഷങ്ങളും വേദനകളും പ്രേക്ഷകനും അനുഭവവേദ്യമാകുന്നിടത്താണ് ഉണ്ണിയുടെ അഭിനയമികവ്. ഗായകനായും ഉണ്ണിയിലെ പെർഫോമറെ ചിത്രം അടയാളപ്പെടുത്തുന്നുണ്ട്.

 

ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു പ്രകടനം ബാലയുടേതാണ്. ബാലയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട് വൈറലായ ചില ഡയലോഗുകൾ അദ്ദേഹത്തെക്കൊണ്ടുതന്നെ പറയിപ്പിക്കുന്നത് ചിത്രത്തിൽ കയ്യടി നേടുന്നുണ്ട്. ഒരിടവേളയ്‌ക്കുശേഷം മനോജ് കെ. ജയനും പ്രാധാന്യമുള്ള വേഷത്തിലെത്തുന്നു. ഉണ്ണിയുടെ അച്ഛനും സിനിമയിൽ ഒരു കാമിയോ റോളിലെത്തുന്നുണ്ട്. ഷെഫീക്കിന്റെ മാതാപിതാക്കളായി എത്തുന്ന കൃഷ്ണപ്രസാദും സ്മിനോയും തമ്മിലുള്ള കെമിസ്ട്രിയും അഭിനയമുഹൂർത്തങ്ങളും ചിത്രത്തിന്റെ പ്ലസ്‌പോയിന്റാണ്. ആത്മീയ രാജൻ, ദിവ്യ പിള്ള എന്നിവരാണ് നായികമാർ. ഇരുവരും തങ്ങളുടെ റോൾ ഭംഗിയാക്കിയിട്ടുണ്ട്. മറ്റൊരു പുതുമുഖ നടിയും ചിത്രത്തിൽ കയ്യടി നേടുന്നുണ്ട്. സ്പോയിലർ ആകുമെന്നതിനാൽ അതാരെന്ന് ചിത്രം നേരിട്ടുകണ്ടു വിലയിരുത്തുക.

 

ചിത്രത്തിന്റെ സാങ്കേതികമേഖലകൾ തമ്മിലുള്ള കോർത്തിണക്കത്തിന്റെ ഔട്പുട്ടും മികച്ചരീതിയിൽ പ്രേക്ഷകരിലേക്ക് എത്തുന്നുണ്ട്. വളരെ ലളിതമായ തിരക്കഥയും, മുഷിപ്പിക്കാതെ പിടിച്ചിരുത്തുന്ന അവതരണവും, ഷാൻ റഹ്‍മാന്റെ സംഗീതവും എല്‍ദോ ഐസക്കിന്റെ ഛായാഗ്രഹണവും ചിത്രത്തിന്റെ ലെവൽ ഉയർത്തുന്നുണ്ട്. പ്രേക്ഷകന്റെ മുൻവിധിയെ തെറ്റിച്ചുകൊണ്ട് ക്ലൈമാക്സ് ട്വിസ്റ്റിലൂടെയാണ് ചിത്രം പര്യവസാനിക്കുന്നത്. ഇതും ചിത്രത്തിന്റെ മൊത്തം ആസ്വാദ്യത വർധിപ്പിക്കുന്നുണ്ട്.

 

ചുരുക്കത്തിൽ മനസ്സിൽ നന്മയും കാത്തിരിക്കാനുള്ള മനസ്സുമുണ്ടെങ്കിൽ 'എല്ലാവരുടെയും സ്വപ്നങ്ങൾ പൂവണിയും' എന്ന സന്ദേശമാണ് ചിത്രം നൽകുന്നത്. അതിനാൽ കുടുംബപ്രേക്ഷകർക്ക് ധൈര്യമായി ഷെഫീക്കിന്റെ സന്തോഷത്തിലേക്ക് ടിക്കറ്റെടുക്കാം.

 

English Summary: Shefeekkinte Santhosham is a 2022 Malayalam drama movie, written and directed by Anup Pandalam. The movie stars Unni Mukundan, Sminu Sijo, Divya Pillai and Bala.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com