പുതുമയില്ലാത്ത ഒരു പൂർണ അൽഫോൻസ് ചിത്രം: റിവ്യൂ - Gold Movie Review

gold-release-confirm
SHARE

‘ലോകസിനിമാചരിത്രത്തിൽ പുതുമകളൊന്നുമില്ലാത്ത മൂന്നാമത്തെ ചിത്ര’മെന്നാണ് ‘ഗോൾഡ്’ എന്ന സിനിമയ്ക്ക് സംവിധായകൻ അൽഫോൻസ് പുത്രൻ നൽകുന്ന വിശേഷണം. പുതുമകൾ ഇല്ലെന്ന അൽഫോൻസിന്റെ വാദം തത്വത്തിൽ അംഗീകരിക്കാമെങ്കിലും ബോറടിപ്പിക്കാത്ത സിനിമയാണ് ‘ഗോൾഡ്’ എന്നതിൽ തർക്കമില്ല. അൽഫോൻസ് എന്ന സംവിധായകൻ മുൻപൊരുക്കിയ ചിത്രങ്ങളുടെ അതേ മൂശയിൽത്തന്നെയാണ് ‘ഗോൾഡും’ വാർത്തെടുത്തിരിക്കുന്നത്. കഥയും പശ്ചാത്തലവും വേറെയാണെങ്കിലും കഥ പറച്ചിൽ രീതി പഴയതു തന്നെ. 

പെരിയാർ പുഴയ്ക്ക് അരികിലായാണ് ജോഷിയുടെ വീട്. ടൗണിൽ മൊബൈൽ ഷോപ്പ് നടത്തുകയാണ് കക്ഷി. കൊറോണ സമയമൊക്കെ ആയതുകൊണ്ട് ജോഷി ഇപ്പോൾ വീട്ടിൽത്തന്നെയാണ്. പുതിയ കാറൊക്കെ ബുക്ക് ചെയ്ത് കല്യാണത്തിനു വേണ്ടിയുള്ള തയാറെടുപ്പ് കൂടി ഇതിനിടയ്ക്ക് നടക്കുന്നുണ്ട്. അതിനിടെയാണ് അത് സംഭവിക്കുന്നത്. ജോഷിയുടെ വീടിനു മുന്നിൽ ആരോ ഒരു പിക്കപ്പ് ലോറി പാർക്ക് ചെയ്ത് പോയിരിക്കുന്നു. വണ്ടിയിൽ താക്കോലുമില്ല, നിറയെ ലോഡും. വണ്ടി മാറ്റാൻ ജോഷി പൊലീസിന്റെ സഹായം തേടുന്നു. തുടർന്ന് ആ ലോറിയും അതിലെ ലോഡും ജോഷിയുടെ ജീവിതത്തിലുണ്ടാക്കുന്ന അപ്രതീക്ഷിത സംഭവങ്ങളാണ് ‘ഗോൾഡ്’ പറയുന്നത്.

വലിയ ബഹളങ്ങളില്ലാതെ, തലച്ചോറിന് പൂർണവിശ്രമം നൽകി ഇരുന്ന് കാണാവുന്ന എന്റർടെയ്നറാണ് ‘ഗോൾഡ്’. പടം എങ്ങനെയൊക്കെ എടുത്തുവച്ചാലും എഡിറ്റിങ് ടേബിളിലാണ് അൽഫോൻസിന്റെ മാജിക്. ‘നേര’ത്തിലും ‘പ്രേമ’ത്തിലുമൊക്കെ ആ മികവു കണ്ടറിഞ്ഞവരാണ് നമ്മൾ. അതേ എഡിറ്റിങ് പരീക്ഷണങ്ങൾ ‘ഗോൾഡി’ലുമുണ്ട്. ഓരോ സീനിലും പുതിയ പുതിയ കഥാപാത്രങ്ങൾ. കഥയിൽ ലോജിക്ക് പ്രതീക്ഷിക്കരുത്. പൂമ്പാറ്റ, ഉറുമ്പ്, പുൽച്ചാടി, പിന്നെ പ്രകൃതി ഇവയൊക്കെ പാകത്തിനു സ്ക്രീൻ ടൈമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. എഡിറ്റിങ്ങിൽ ആവോളം പുതുമകൾ കൊണ്ടു വന്ന അൽഫോൻസിന്റെ തിരക്കഥയിൽ പുതിയ പരീക്ഷണങ്ങളൊന്നും തന്നെയില്ല.

അറുപതോളം കഥാപാത്രങ്ങൾ വന്നുപോകുന്നുണ്ടെങ്കിലും സിനിമയില്‍ നിറഞ്ഞുനിൽക്കുന്നത് പൃഥ്വിരാജ് തന്നെയാണ്. കോമഡി രംഗങ്ങളിലും മറ്റും പൃഥ്വി മികവു പുലർത്തി. സത്യസന്ധനായ പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ബാബുരാജ്, ഐഡിയ ഷാജിയായെത്തുന്ന ലാലു അലക്സ്, ഉണ്ണികൃഷ്ണനായെത്തുന്ന ഷമ്മി തിലകൻ എന്നിവർക്കാണ് കൂടുതല്‍ സ്ക്രീൻ സ്പെയ്സ്. ലാലു അലക്സ്–ഷമ്മി തിലകൻ കോംബോ കോമഡി തിയറ്ററുകളിൽ ചിരിപൊട്ടിക്കും. ഓൺസ്ക്രീനിലും അമ്മയും മകനുമായെത്തിയ മല്ലിക സുകുമാരൻ–പൃഥ്വി കോംബോയും രസകരമായി. സുമംഗലി ഉണ്ണികൃഷ്ണനെന്ന കഥാപാത്രമാകുന്ന നയൻതാരയ്ക്ക് ചിത്രത്തിൽ കാര്യമായി ഒന്നും ചെയ്യാനില്ല. 

വിനയ് ഫോർട്ട് ആണ് കയ്യടി നേടുന്ന മറ്റൊരു താരം. സൈജു കുറുപ്പ്, ഷറഫുദ്ദീൻ, അജ്മൽ അമീർ, ശബരീഷ് വർമ, അബു സലിം, ചെമ്പൻ വിനോദ്, ദീപ്തി സതി, ജഗദീഷ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, അൽത്താഫ്, പ്രേംകുമാർ, കൃഷ്ണശങ്കര്‍, ശരത് സക്സേന, സുധീഷ്, ഇടവേള ബാബു, ഷെബിൻ ബെൻസൺ, ജാഫർ ഇടുക്കി, തെസ്നി ഖാൻ, ജസ്റ്റിൻ, സാബുമോൻ, ജോളി മൂത്തേടൻ തുടങ്ങി നിരവധി താരങ്ങൾ ‘ഗോൾഡി’ലുണ്ട്. ഇവരിൽ പലരും ഒരു ഷോട്ടിൽ മാത്രം വന്നുപോകുന്നവരാണ്. ഗാനരംഗങ്ങളിൽ മാത്രം അതിഥികളായി സൗബിൻ ഷാഹിർ, ഗണപതി, സിജു വിൽസൺ എന്നിവരും എത്തി. സംവിധാനത്തിനും എ‍ഡിറ്റിങ്ങിനും പുറമെ സിനിമയുടെ സ്റ്റണ്ടും വിഷ്വൽ ഇഫക്റ്റ്സും അനിമേഷനും കളര്‍ ഗ്രേഡിങ്ങും അൽഫോൻസ് തന്നെയാണ് നി‍ർവഹിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ ഷോട്ടിലും പുത്രന്റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. രാജേഷ് മുരുകേശന്റെ പശ്ചാത്തല സംഗീതം ചിത്രത്തോടു പൂർണമായും നീതിപുലർത്തി. 

‘നേരം’, ‘പ്രേമം’ എന്നീ രണ്ടു സിനിമകൾ തരുന്ന പ്രതീക്ഷാഭാരം ‘ഗോൾഡ്’ കാണാനെത്തുന്ന പ്രേക്ഷകർ മാറ്റി വയ്ക്കുന്നതാകും ഉചിതം. കാരണം ഒാരോ സിനിമയും ഒാരോ തരമാണ്, ഒാരോ രീതിയാണ്. പുതുമകൾ ഒന്നുമില്ലെന്നു പറഞ്ഞ് ‘നേര’വും ‘പ്രേമ’വും അവതരിപ്പിച്ച അൽഫോൻസ് പക്ഷേ അതിലൊക്കെ നിരവധി പുതുമകൾ ഒളിപ്പിച്ചു വച്ചിരുന്നു. എന്നാൽ ‘ഗോൾഡി’ൽ അത്രയ്ക്ക് വലിയ പുതുമകൾ ആരും പ്രതീക്ഷിക്കേണ്ടതില്ല. അതിനർഥം ഇതൊരു മോശം സിനിമയാണെന്നല്ല, മറിച്ച് മുൻ സിനിമകളുടെ പ്രതീക്ഷാഭാരം തലയിലേറ്റി പോയി കാണേണ്ട ചിത്രമല്ലെന്നതു തന്നെ. 

English Summary: Gold is a Malayalam drama movie directed by Alphonse Puthren. The cast includes Prithviraj Sukumaran and Nayantara

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS