നിറയെ മധുരമുള്ള കുഞ്ഞു വെള്ളക്ക; സൗദി വെളളക്ക റിവ്യു - Saudi Vellakka Movie Review

saudi-vellakka-review
SHARE

നിങ്ങളൊരു സിനിമ കാണാൻ കയറുന്നു. അതു സിനിമയാണെന്നു മറന്ന് ആ കഥാപാത്രങ്ങൾക്കൊപ്പം സന്തോഷിക്കുകയും സങ്കടപ്പെടുകയും ചെയ്യുന്നു. സിനിമകഴിയുമ്പോൾ കൺകോണിൽ ഒരുതുള്ളി കണ്ണീരുപൊടിയുന്നു. നെഞ്ചിലൊരു നീറ്റൽ തോന്നുന്നു. തിയറ്ററിലെ ഇരുട്ടിൽ നിങ്ങൾ കണ്ണുതുടച്ച ശേഷം ആരെങ്കിലും കണ്ടോയെന്ന് ചുറ്റും നോക്കുന്നു. സിനിമ കണ്ടുകഴിയുമ്പോൾ മനസ്സിൽ തൃപ്തിതോന്നുന്നു. ഇതൊക്കെയാണ് ‘സൗദി വെള്ളക്ക’ എന്ന സിനിമയുടെ റിവ്യൂ. നേരെ ചൊവ്വേ ഒരു കാര്യം പറയാം, സൗദി വെള്ളക്ക എന്ന സിനിമയുടെ കഠിനകഠോര വിശകലനങ്ങൾ തപ്പി കഷ്ടപ്പെട്ട് സിനിമ കാണാൻ പോവേണ്ട കാര്യമേയില്ല. ഹൃദയസ്പർശിയായ നല്ലൊരു സിനിമ കാണണമെന്നുണ്ടെങ്കിൽ ടിക്കറ്റെടുത്ത് കയറാം. ഉള്ളുനിറഞ്ഞ് തിരിച്ചിറങ്ങാം. ഒരു സാധാരണ പ്രേക്ഷകന് ഇതിൽക്കൂടുതൽ എന്താണു വേണ്ടത്.

കൊച്ചിയിലെ സൗദി എന്ന നാട്ടുമ്പുറത്തു നടക്കുന്ന കഥയാണ് ‘സൗദി വെള്ളക്ക സിസി 225/2009’ പറയുന്നത്. സംവിധായകൻ തരുൺമൂർത്തി തന്റെ ആദ്യസിനിമയായ ‘ഓപ്പറേഷൻ ജാവ’യിൽനിന്ന് വളരെയധികം വളർന്നിരിക്കുന്നു. കയ്യടക്കം നേടിയിരിക്കുന്നു. നമ്മുടെയൊക്കെ ജീവിതത്തിൽ എന്നും നടക്കുന്ന കൊച്ചുകൊച്ചു കാര്യങ്ങളെ തിരക്കഥയിലേക്ക് ആവാഹിച്ചുവെന്നതാണ് സൗദി വെള്ളക്കയുടെ എഴുത്തിന്റെ ഭംഗി.

കൊച്ചി തമ്മനത്തിനടുത്തുള്ള സൗദിയെന്ന ഗ്രാമത്തിൽ ജീവിക്കുന്ന അഭിലാഷ് ശശിധരന്റെ ജീവിതത്തിൽ സംഭവിക്കുന്ന ഒരു കേസും അതിന്റെ നൂലാമാലകളുമാണ് സിനിമ പറയുന്നത്. അതിർത്തിത്തർക്കമുള്ള രണ്ടു വീടുകൾ. അതിലൊരു വീട്ടിലെ വല്യുമ്മ ആയിഷ റാവുത്തർ തൊട്ടടുത്ത വീടിന്റെ ടെറസിൽ കളിച്ചുകൊണ്ടിരുന്ന കുട്ടികളിലൊരാളെ അടിക്കുന്നു. ആ വീട്ടിൽ ട്യൂഷനു വന്ന കുട്ടികളിലൊരാളാണവൻ. അവന്റെ വായിലെ ഇളകിയിരിക്കുന്ന പല്ല് പോവുന്നു. അയൽവാസി ഇതു പരമാവധി പെരുപ്പിച്ച് പൊലീസിൽ പരാതി കൊടുപ്പിക്കുന്നു. പത്തുപതിമൂന്നു വർഷം കേസു നടത്തുന്നു. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിലുള്ള ആ ഉമ്മ എങ്ങനെ ജീവിതം മുന്നോട്ടുകൊണ്ടുപോവുന്നുവെന്നാണ് സിനിമ പറയുന്നത്.

ഉമ്മയായെത്തിയ നടിയുടെ അസാധ്യ പെർഫോമൻസ് കണ്ട് കാണികളുടെ നെഞ്ചു പിടയ്ക്കും. അധികം ഡയലോഗുകളില്ല, അനാവശ്യ ഭാവപ്രകടനങ്ങളില്ല. പക്ഷേ ഏതുവീട്ടിലും ഇതുപോലൊരു വയോധികയുണ്ടാവും. മഹേഷിന്റെ പ്രതികാരം പോലുള്ള ചിത്രങ്ങളിലുടെ മലയാളികളെ ഞെട്ടിച്ച സുജിത് ശങ്കർ പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിനേക്കാൾ  ഒരുപടി മുന്നിൽനിൽക്കുന്നുണ്ട്.  ലുക്മാൻ അവറാൻ, ചിത്രത്തിന്റെ സഹസംവിധായകൻ കൂടിയായ നടൻ ബിനു പപ്പു, ഗോകുലൻ തുടങ്ങിയവരുടെ ശക്തമായ അഭിനയമാണ് സിനിമയുടെ കരുത്ത്.

സിനിമ കണ്ടുതീരുന്നതുവരെ കാണികൾ സിനിമാറ്റോഗ്രഫിയെക്കുറിച്ചോ എഡിറ്റിങ്ങിനെക്കുറിച്ചോ പശ്ചാത്തല സംഗീതത്തെക്കുറിച്ചോ ഒന്നും ചിന്തിക്കില്ല. കഥയിൽ മുഴുകിക്കഴിഞ്ഞാൽ അതൊന്നും ചിന്തിക്കാൻ കഴിയില്ലെന്നതാണ് സത്യം. അവയെല്ലാം അത്രമാത്രം കഥയ്ക്കൊപ്പം ഇഴുകിച്ചേർന്നുപോവുന്നുണ്ട്. സിനിമ നല്ലതെന്നോ ചീത്തയെന്നോ പത്തിൽ എത്ര മാർക്കുനൽകണമെന്നോ ചിന്തിച്ച് സിനിമയ്ക്ക് കയറുന്നവർപോലും അതൊക്കെ മറന്ന് കഥാപാത്രങ്ങൾക്കൊപ്പം ജീവിച്ചുപോവുന്ന തരത്തിലുള്ള സിനിമ. 

ഗോവ രാജ്യാന്തര ചലച്ചിത്രമേളയിൽ പനോരമയിലേക്ക് സൗദി വെള്ളക്ക തിരഞ്ഞെടുക്കപ്പെട്ടതിൽ ഒട്ടും അദ്ഭുതമില്ല. ഓരോ സിനിമയും അതതു കാലഘട്ടത്തിലെ മനുഷ്യരുടെ ജീവിതവും സാഹചര്യങ്ങളും രാഷ്ട്രീയവുമൊക്കെ അടയാളപ്പെടുത്തുമ്പോഴാണല്ലോ അത് കലാമൂല്യമുള്ള സിനിമയായി മാറുന്നത്.‘മനുഷ്യൻ ഇത്രയൊക്കെ ഉള്ളൂവല്ലേ’ എന്നൊരു ചോദ്യം കുഞ്ഞോൻ സിനിമയിലൊരിടത്തു ചോദിക്കുന്നുണ്ട്. ‘മനുഷ്യൻ ഇത്രയുമൊക്കെയാണല്ലോ’ എന്നൊരു പ്രതീക്ഷ നിറഞ്ഞ ഉത്തരമാണ് സൗദി വെള്ളക്ക നൽകുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ധ്യാനും വിനീതും ഒരേപോലെയാണ്... 

MORE VIDEOS