കാലത്തിന്റെ അടയാളപ്പെടുത്തലാണിത്. നിശബ്ദരായി നില്‍ക്കുന്നവരെ ചൂഷണം ചെയ്യുന്ന കാലത്തിനോടുള്ള ചോദ്യവും അവസാനിക്കാത്ത അടവുകള്‍ പയറ്റുന്നവര്‍ക്കുള്ള ഓര്‍മപ്പെടുത്തലും ഇതു തന്നെ. പുതുകാലത്തിന്റെ ദുഷിച്ച മണവും പ്രതീക്ഷകളുടെ സുഗന്ധവുമാണ് സോഹന്‍ സീനുലാല്‍ സംവിധാനം ചെയ്ത ഭാരത സര്‍ക്കസ്. ജാതിയില്‍ പിന്നോക്കരെന്നു മുദ്രകുത്തിയവന്റെ കണ്ണീര്‍ നനവും ഉന്നതകുലത്തില്‍ പിറന്നതിന്റെ ആത്മാഭിമാനം പകര്‍ന്ന ഭാരവും കൃത്യമായി അടയാളപ്പെടുത്തുകയാണ് ഈ കുഞ്ഞു വലിയ ചിത്രം.
മുഷിപ്പിക്കാത്ത ആഖ്യാനവും അപ്രതീക്ഷിത സംഭവങ്ങള്‍ പകരുന്ന ട്വിസ്റ്റുമാണ് ചിത്രത്തെ ആസ്വാദ്യമാക്കുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ നിലനിര്‍ത്താനായ ത്രില്ലര്‍ സ്വഭാവവും വൈകാരികതയുടെ രസക്കൂട്ടും പറയാതെ പറഞ്ഞ രാഷ്ട്രീയവും സിനിമ പ്രേക്ഷകന്റെ മനസ്സാവോളം നിറയ്ക്കുന്നു. രണ്ടു മണിക്കൂറുള്ള ചിത്രം പ്രേക്ഷകനെ മുഷിപ്പിക്കുന്നതേയില്ല എന്നതാണ് ശ്രദ്ധേയം. ജാതി രാഷ്ട്രീയം സംസാരിക്കുന്ന ചിത്രങ്ങള്‍ ഏറെ കണ്ടു ശീലിച്ച മലയാളിക്ക് പുത്തന്‍ കാലത്തിനൊപ്പമുള്ള അടയാളപ്പെടുത്തല്‍ കൂടിയാണ് ഭാരത സര്‍ക്കസ്. ദളിത് രാഷ്ട്രീയത്തിന്റെ പുത്തന്‍ കാലത്തെ പുനര്‍വായിക്കാനും ചിത്രം പ്രേരിപ്പിക്കുന്നുണ്ട്.
മാവോയിസ്റ്റ് സാന്നിധ്യമുള്ള നാട്ടിലെ പൊലീസ് സ്റ്റേഷന്‍. കരുതലോടെ നീങ്ങുന്ന ഇവിടുത്തെ സര്‍ക്കിള്‍ ജയചന്ദ്രന്‍ നായരെന്ന മനുഷ്യപ്പറ്റുള്ള ഉദ്യോഗസ്ഥന്‍. ഒരു ദിവസം അയാള്‍ക്കു മുന്നിലേക്ക് ഒരു പരാതിയുമായി എത്തുകയാണ് ലക്ഷ്മണന്‍ എന്ന സാധാരണക്കാരന്‍. വെള്ള പേപ്പറില്‍ അയാള്‍ക്കാ പരാതിപോലും എഴുതാന്‍ സാധിക്കുന്നില്ല. തന്റെ മകളെ ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചവരെ കണ്ടെത്തണം എന്നതാണ് അയാളുടെ ആവശ്യം. തുടര്‍ന്ന് പൊലീസും ലക്ഷ്മണനും തമ്മില്‍ നടക്കുന്ന സംഭവ പരമ്പരകളാണ് ഭാരത സര്‍ക്കസ് പറയുന്നത്. സ്ഥിരം പൊലീസ് കഥകള്‍ സഞ്ചരിക്കുന്ന വഴികളിലൂടെയൊന്നും സിനിമ സഞ്ചരിക്കുന്നില്ല എന്നത് ഈ ചിത്രത്തെ ആസ്വാദ്യമാക്കുന്നുണ്ട്.
പ്രേക്ഷകന്റെ ചിന്തകളുടെ സഞ്ചാരവഴികളിലൂടെയൊന്നും ഈ സിനിമ കടന്നുപോകുന്നില്ല. ഒരോ മനുഷ്യന്റേയും ഉള്ളില്‍ അവനറിയാതെ ആടുന്ന ചില ദുഷിച്ച ചിന്തകളാണ് ഈ സിനിമയിലെ വില്ലന്‍. കൃത്യമായി അടുക്കിയും ഒതുക്കിയും പറഞ്ഞ സംവിധായക പ്രതിഭയാണ് സിനിമയുടെ ജീവന്‍. ആസ്വാദനത്തിന് മുന്‍തൂക്കം നല്‍കുമ്പോഴും അതിലൂടെ കൃത്യമായ രാഷ്ട്രീയവും സാമൂഹിക ചിന്തകളും പകരാന്‍ സംവിധായകനായി. സോഹന്‍ സീനുലാലിലൂടെ കൂടുതല്‍ നല്ല സിനിമകള്‍ കിട്ടുമെന്ന പ്രതീക്ഷ ഈ ചിത്രം നല്‍കുന്നുണ്ട്.
ഒരച്ഛന്റെ വേദനയും ആദിയും കൃത്യമായി അവതരിപ്പിക്കാന്‍ ലക്ഷ്മണനിലൂടെ ബിനു പപ്പുവിനായി. വൈകാരിക രംഗങ്ങളില്‍ ബിനു പപ്പുവിന്റെ അഭിനയം പ്രേക്ഷകന്റെ കണ്ണു നിറയ്ക്കുന്നുണ്ട്. മറ്റൊരു പ്രധാന വേഷത്തിലെത്തിയിരിക്കുന്നത് എം. എ. നിഷാദാണ്. കഥാപാത്രത്തെ കൃത്യമായി അളന്ന് അറിഞ്ഞ് അഭിനയിക്കാന്‍ നിഷാദിനും കഴിഞ്ഞിട്ടുണ്ട്. സ്ഥിരം പൊലീസ് കാഴ്ചകളില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയുന്ന പ്രകടനമാണ് ഈ നടന്‍ കാഴ്ചവെച്ചത്. ഷൈന്‍ ടോം ചാക്കോ, ജയകൃഷ്ണന്‍ എന്നിവരുടെ പ്രകടനവും അഭിനന്ദനം അര്‍ഹിക്കുന്നു.
പി. എന്‍. ആര്‍. കുറുപ്പിന്റെ പുലയാണ് പോലും എന്ന കവിത സന്ദര്‍ഭോചിതമായി സിനിമയില്‍ ചേര്‍ത്തത് ഏറെ ആസ്വാദ്യമായിട്ടുണ്ട്. ബിനു കുര്യന്റെ ഛായാഗ്രഹണവും സിനിമയെ ഹൃദ്യമാക്കുന്നു.
എന്തുകൊണ്ട് ചിത്രത്തിന് ഭാരത സര്‍ക്കസ് എന്ന പേരുനല്‍കി എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. സിനിമ അവസാനിക്കുമ്പോള്‍ പ്രേക്ഷക മനസ്സിലേക്ക് എത്തുന്ന ചിന്തകള്‍ തന്നെയാണ് അതിന് ഉത്തരവും.