പുതു പരീക്ഷണം; റോയ് ഒരു സൈക്കളോജിക്കൽ ത്രില്ലർ; റിവ്യു

roy-review
SHARE

സ്വപ്‌നത്തില്‍ നിന്ന് യാഥാർഥ്യത്തിലേക്ക് എത്ര ദൂരമുണ്ടാകും? ആ ദൂരങ്ങള്‍ താണ്ടി ദുരൂഹതകളുടെ കെട്ടുകള്‍ ഓരോന്നായി അഴിക്കുകയാണ് സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത റോയ്. ഒരാളുടെ മാനസിക സഞ്ചാരങ്ങളുടെ അടയാളപ്പെടുത്തലായി ചിത്രം മാറുമ്പോഴും മലയാള സിനിമ മുന്‍പൊന്നും സഞ്ചരിക്കാത്ത വഴികളിലൂടെയാണ് സിനിമയുടെ സഞ്ചാരം. കൊറിയന്‍ സിനിമകളില്‍ കണ്ടുശീലിച്ച സൈക്കളോജിക്കല്‍ ത്രില്ലറിന്റെ സൂക്ഷ്മമായ പരീക്ഷണം കൂടിയാണ് ഇത്. പറയാതെ പറഞ്ഞും പുനര്‍വായനയ്ക്ക് ഇടം നല്‍കിയും കഥ പറയുന്ന ഇത്തരം സിനിമ പ്രേക്ഷകന് സമ്മാനിക്കുന്നത് വ്യത്യസ്തമായ പുത്തന്‍ സിനിമാനുഭവം തന്നെയാണ്.

ഭാര്യയെ അത്രമേല്‍ ചേര്‍ത്തുനിര്‍ത്തുന്ന റോയ്. മാധ്യമ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഭാര്യ ടീനയാണ് അയാളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം. ഇതിനിടയില്‍ ഒരു യാത്ര പോയ ടീനയെ കാണാതെയാകുന്നു. പൊലീസ് അന്വേഷണം തുടരുമ്പോഴും റോയിയും ആ അന്വേഷണത്തിന്റെ ഭാഗമാകുന്നു. അന്തര്‍മുഖനായ റോയിയെ നയിക്കുന്നത് സ്വപ്‌നങ്ങളാണ്. അയാള്‍ കാണുന്ന സ്വപ്നങ്ങളൊക്കൊയും പിന്നീട് നടക്കാന്‍ പോകുന്ന സംഭവങ്ങളുടെ സൂചനകളായിരുന്നു. അതുകൊണ്ടുതന്നെ താന്‍ കാണുന്ന സ്വപ്‌നമേത് യാഥാര്‍ത്ഥ്യമേതെന്ന ചിന്ത അയാളെ എപ്പോഴും അസ്വസ്ഥമാക്കി കൊണ്ടിരുന്നു. ഈ യാത്രകളുടെ തുടര്‍ച്ചയും വളര്‍ച്ചയുമാണ് റോയ് പറയുന്നത്. ആത്മസംഘര്‍ഷങ്ങളുടെ റോയ് മലയാളി ഇതുവരെ കണ്ടുശീലിച്ച താരപരിവേഷങ്ങളിലെ പുത്തന്‍ ഭാവമാണ്.

സിനിമ പിന്തുടരുന്ന ത്രില്ലര്‍ സ്വഭാവം പ്രേക്ഷകന് അനുഭവവേദ്യമാകുമ്പോഴും റോയ് തുടര്‍ക്കാഴ്ചകള്‍ ആവശ്യപ്പെടുന്ന സിനിമകൂടിയാണ്. സിനിമയുടെ ഓരോ രംഗങ്ങളിലും ഒളിച്ചിരിക്കുന്ന ചില ദുരൂഹതകള്‍ തുടര്‍കാഴ്ചകളില്‍ നമ്മെ ആസ്വദിപ്പിച്ചേക്കാം. പുത്തന്‍ പരീക്ഷണങ്ങളിലൂടെ സഞ്ചരിക്കുന്നതുകൊണ്ടു തന്നെ റോയ് അലസമായ മനസ്സോടെ കാണേണ്ട സിനിമയുമല്ല. റോയിയുടെ വ്യത്യസ്തമായ സ്വഭാവപ്രകൃതിയേയും അയാളുടെ മാനസികാവസ്ഥകളേയും തുറന്നു കാട്ടുന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയും സവിശേഷതയും. റോയിയുടെ വ്യത്യസ്തമായ സ്വഭാവസവിശേഷതയാണ് സിനിമയിലെ യഥാർഥ നായകന്‍ എന്നതും ശ്രദ്ധേയമാണ്.

ഏറെ വെല്ലുവിളി ഉയര്‍ത്തുന്ന പ്രമേയത്തെ അച്ചടക്കത്തോടെ പറയാന്‍ ചിത്രത്തിന്റെ രചയിതാവും സംവിധായകനുമായ സുനില്‍ ഇബ്രാഹിമിനു കഴിഞ്ഞിട്ടുണ്ട്. പാളിപോകാന്‍ സാധ്യത ഏറെയുള്ള വിഷയത്തെ ത്രില്ലര്‍ സ്വഭാവം കാത്തു സൂക്ഷിച്ച് പറയാനായതും സംവിധായകന്റെ വിജയമാണ്. പതിവുപോലെ റോയിയെ ഭദ്രമായി അവതരിപ്പിക്കാന്‍ സുരാജിന് കഴിഞ്ഞു. അയാളുടെ മാനസികാവസ്ഥകളും ചിന്തകളും ചെറിയ ചലനങ്ങളില്‍പോലും സുരാജ് പ്രകടമാക്കുന്നുണ്ട്. ജയേഷ് മോഹന്റെ ഛായാഗ്രഹണം സിനിമയുടെ പശ്ചാത്തലത്തെ ആസ്വാദ്യമാക്കുന്നതില്‍ ഏറെ സഹായിച്ചു. കഥാഗതിയെ കൃത്യമായി അടയാളപ്പെടുത്താനും ഈ പ്രതിഭയ്ക്ക് കഴിഞ്ഞിട്ടുണ്ട്. വി. സാജന്റെ അളന്നു മുറിച്ച എഡിറ്റിങ് സിനിമയെ ആസ്വാദ്യമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥനായി എത്തുന്ന ഷൈന്‍ ടോം ചാക്കോയ്ക്കും ടീനയായി സിജ റോസിനും മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി.

പുത്തന്‍ സിനിമാ അനുഭവങ്ങള്‍ തേടുന്നവരും പരീക്ഷണങ്ങളെ തേടുന്നവരും തീര്‍ച്ചയായും കാണേണ്ട സിനിമയാണ് റോയ്. മാറുന്ന മലയാള സിനിമയിലെ മുഷിപ്പാക്കാത്ത പരീക്ഷണമായി സിനിമ മാറുന്നതും ഇവിടെയാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വിവാഹം പ്ലാനിൽ ഇല്ല

MORE VIDEOS