ADVERTISEMENT

ജീവിതം എന്നും എല്ലായ്‌പ്പോഴും സുഗമമായ ഒഴുക്കല്ല എന്ന ഓർമപ്പെടുത്തൽ കൂടിയാണ് ഓരോ ചലച്ചിത്രമേളയും. ഓരോ ദിവസത്തെയും ജീവിതത്തിനു വേണ്ടി പൊരുതുന്നുവരുണ്ട്. ഒരു നിമിഷത്തെ സന്തോഷത്തിനു വേണ്ടിപ്പോലും കഠിനമായ അധ്വാനിക്കുന്നവരുണ്ട്. പ്രിയപ്പെട്ടവരുടെ മുഖത്തെ ഒരു ചിരിക്കുവേണ്ടിപ്പോലും ഏറെ കണ്ണീരൊഴുക്കേണ്ടിവരാറുണ്ട്. അരികുകളിൽ ജീവിക്കുന്നവർ നടത്തുന്നവത് ഐതിഹാസികമായ സമരമാണ്. അതു കൂടി രേഖപ്പെടുത്താതെ ഇന്നത്തെ കാലത്തിന്റെ ചരിത്രം പൂർണമാകുന്നില്ല. ഈ പശ്ചാത്തലത്തിലാണ് ഴീൻ പിയറി ഡാർഡനും ലക് ഡാർഡനും കൂടി സംവിധാനം ചെയ്ത ടോറി ആൻഡ് ലോകിത എന്ന ചിത്രം പ്രസക്തമാകുന്നത്. കാൻ ചലച്ചിത്രമേളയിൽ ഈ ബെൽജിയൻ ചലച്ചിത്രം എന്തുകൊണ്ട് കയ്യടി നേടി എന്നു  മനസ്സിലാകുന്നതും.

 

സഹോദര സ്‌നേഹത്തിന്റെ കഥ ന്നു ലളിതമായി പറഞ്ഞ് ഒതുക്കാനോ അവസാനിപ്പിക്കാനോ കഴിയില്ല ഈ ചലച്ചിത്രത്തെ. ചിത്രത്തിലുടനീളം അങ്ങേയറ്റം വിഷമകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുമ്പോഴും ടോറിയുടെ കണ്ണിൽ നിന്ന് ഒരു തുള്ളി കണ്ണീർ പോലും അടർന്നുവീഴുന്നില്ല. പലപ്പോഴും പ്രേക്ഷകർ ആഗ്രഹിക്കും ടോറി ഒന്നു കരഞ്ഞിരുന്നെങ്കിൽ എന്ന്. കൂടെ കരയാൻ. ചേർത്തുനിർത്താൻ. ഞങ്ങളുണ്ട് കൂടെ എന്ന് ആശ്വസിപ്പിക്കാൻ. എന്നാൽ ടോറിയുടെ കല്ലു പോലെ ഉറച്ച മുഖം കരച്ചിലനപ്പുറത്തെ കരാള വേദനയുടെ കാഠിന്യമാണ് പ്രതിഫലിപ്പിക്കുന്നത്. കരഞ്ഞുതീർക്കാനുള്ളതല്ല ആ ദുഃഖം. അങ്ങനെ തീർന്നാൽ എന്താണ് അവശേഷിക്കുക എന്ന് ടോറിക്ക് നന്നായി അറിയുകയും ചെയ്യാം. ചിത്രത്തിനവസാനം ടോറി പാടുന്ന പാട്ട് ഏതു ഭാഷയിലുള്ളതാണെന്നു ചിത്രം വെളിപ്പെടുത്തുന്നില്ല. ഏതു ഭാഷയുമായിക്കോട്ടെ. സബ് ടൈറ്റിൽ പോലും ഇല്ലാതെ ആ പാട്ടിന്റെ അർഥം പ്രേക്ഷകർക്കു മനസ്സിലാകുന്നു. കാനിൽ മാത്രമല്ല. ആഫ്രിക്കയിലും ബെൽജിയത്തിലും മാത്രമല്ല, ലോകത്ത് എവിടെയും ഏതു പ്രായത്തിലുള്ള, ഏതു സംസ്‌കാരത്തിലും നിറത്തിലും ജാതിയിലും മതത്തിലും പെട്ട ആർക്കും മനസ്സിലാകുന്ന ഭാഷയാണത്. അതിൽ നിറഞ്ഞുനിൽക്കുന്നത് മരണത്തെ അതിജീവിക്കുന്ന സ്‌നേഹമാണ്. സാഹോദര്യമാണ്. ക്രൂരമായ സാഹചര്യങ്ങൾക്കെതിരായ പോരാട്ടം പരാജയങ്ങളിൽ അവസാനിക്കുന്നില്ല എന്ന ഓർമപ്പെടുത്തലാണ്.

 

tori-and

ചിത്രത്തിലുടനീളം ടോറിക്കൊപ്പം പ്രേക്ഷകരും സഞ്ചരിക്കുന്നു എന്ന പ്രതീതിയുണർത്തുന്നുണ്ട്. തനിക്കും കുടുംബത്തനും വേണ്ടി കഷ്ടപ്പെടുന്ന സഹോദരിയെക്കാണാൻ അവൻ നടത്തുന്ന ഓരോ ശ്രമവും വിജയിക്കണേ എന്ന് പ്രേക്ഷകരും തീവ്രമായി ആഗ്രഹിക്കുന്നുണ്ട്. അവന്റെ നിസ്സാരമായ ആഗ്രഹങ്ങൾ സാക്ഷാത്കരിക്കണം എന്ന് തീഷ്ണമായി മോഹിക്കുന്നുണ്ട്. പ്രേക്ഷകരെയും ഓരോ നിമിഷത്തിലും പങ്കാളികളാക്കിയാണ് ചിത്രം പുരോഗമിക്കുന്നത്. സാങ്കേതിക വിദ്യ എത്ര പുരോഗമിച്ചാലും എത്രമാത്രം വികസനത്തിന്റെ വഴിയിൽ മുന്നേറിയാലും സ്‌നേഹത്തിന്റെ ഭാഷ പഴകുന്നില്ല. മനുഷ്യർ ഒരുമിച്ചു നടത്തുന്ന പോരാട്ടത്തിന്റെ പ്രസക്തി അവസാനിക്കുന്നുമില്ല.

 

തെരുവിന്റെ മക്കളാണ് ടോറിയും ലോകിതയും. എവിടെയോ അവരുടെ കുടുംബമുണ്ട്. അവരെപ്പറ്റി ഓർക്കുന്നവരുണ്ട്. അവർ സുഖമായി ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരുണ്ട്. എന്നാൽ അവരിലേക്കൊന്നും ചിത്രം കടക്കുന്നതേയില്ല. രണ്ടേ രണ്ടു കഥാപാത്രങ്ങളിൽ, മുഖങ്ങളിൽ ഫോക്കസ് ചെയ്യപ്പെട്ടിരിക്കുകയാണ്. ആ മുഖങ്ങളാകട്ടെ എത്ര ആവർത്തിച്ചു കണ്ടാലും മടുക്കുന്നുമില്ല. ലഹരിമരുന്നിന്റെ കാരിയർമാരായി അവർ മാറുന്നുണ്ട്. കൂടുതൽ പണത്തിനു വേണ്ടി വിലപേശുന്നുണ്ട്. അധികമായി കിട്ടുന്ന ഓരോ ചില്ലാക്കാശും അവർക്കു കാത്തുവയ്ക്കാനുള്ളതല്ല. വിചിത്രവും പരസ്പരം അകറ്റുന്നതുമായ സാഹചര്യങ്ങളിൽ നിന്ന് രക്ഷപ്പെടാനും ഒരുമിച്ചുചേരാനും വേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ്. അവർക്കു കൂടുതൽ പണം കിട്ടിയിരുന്നെങ്കിൽ, അവരുടെ വിശപ്പ് മാറിയിരുന്നെങ്കിൽ എന്ന് ആരും ആഗ്രഹിച്ചുപോകുന്നു.

 

ജോലിക്കിടെ ലോകിത വീണുപോകുമമ്പോൾ, ശ്വാസത്തിനു വേണ്ടി പിടയുമ്പോൾ അപസ്മാരമാണെന്നു തെറ്റിധരിക്കുന്നുണ്ട് സഹപ്രവർത്തക. കുടിയേറ്റക്കാരെ കുറഞ്ഞ പണത്തിന് കഠിനമായ ജോലിക്കുവേണ്ടി നിയോഗിച്ച് പണം കൊയ്യുന്ന ഏജന്റിനോട് അക്കാര്യം വിളിച്ചുപറയുന്നുമുണ്ട്. എന്നാൽ ശ്വാസം കിട്ടാതെ പിടയുമ്പോഴും ലോകിത അവരെ തിരുത്തുന്നു.

എനിക്ക് അപസ്മാരമല്ല. രോഗത്തേക്കാൾ  കുഞ്ഞനുജനെ കാണാതിരിക്കുന്നതിന്റെ സങ്കടമാണ്. ശ്വാസം മുട്ടലാണ്. അവനെ ഒന്നു കണ്ടാൽ, ആ ശബ്ദമെങ്കിലും ഒന്നു കേട്ടാൽ, അവൻ സുഖമായിരിക്കുന്നു എന്നറിഞ്ഞാൽ ആ നിമിഷം എന്റെ യാതന അവസാനിക്കും.

 

സിം എടുത്തുമാറ്റിയ, ആരെയും വിളിക്കാനാകാത്ത ഫോൺ തുറിച്ചുനോക്കുന്നു. ഭക്ഷണത്തിനു രുചി കിട്ടുന്നില്ല. സുലഭമായ ഭക്ഷണസാധങ്ങൾ പോലും എടുത്തുകഴിക്കാൻ തോന്നുന്നില്ല. ഹൃദയം പിടയുന്നത് ടോറിക്കുവേണ്ടിയാണ്. അവനെ ഒന്നടുത്തു കാണാനും ഓമനിക്കാനും അവൻ സുഖമായിരിക്കുന്നു എന്നറിയാനും വേണ്ടിയുള്ള വെമ്പലാണ്.

അവസാനം, അവർ ഒരുമിച്ചു നടത്തുന്ന പലായനത്തിന്റെ ഓരോ നിമിഷവും ഉദ്വേഗഭരിതമാണ്. സംഘർഷ ഭരിതവും. അപകടങ്ങളുടെ മുൾമുനയിലൂടെയാണ് അവർ സഞ്ചരിക്കുന്നത്. ഏതു നിമിഷവും പിടിക്കപ്പെടും എന്നറിഞ്ഞിട്ടും ആ യാത്ര അവസാനിപ്പിക്കാനോ അടിമത്വത്തിലേക്കു തിരിച്ചുപോകാനോ അവർ തയാറല്ല. സ്വാതന്ത്ര്യത്തിന്റെയും സാഹോദര്യത്തിന്റെയും സ്‌നേഹം മനസ്സിലാകുന്ന നല്ല നാളെ തീർച്ചയായും ഉണ്ടാകും എന്നവർ പ്രതീക്ഷിക്കുന്നു.

 

റോഡിൽ ഓരോ വാഹനത്തിനും വേണ്ടി കൈ കാണിക്കുമ്പോൾ, ഒരു നിമിഷം നിർത്തണേ എന്നു വിളിച്ചുകേഴുമ്പോൾ പ്രതീക്ഷയുണ്ട്. ഒരു വാഹനമെങ്കിലും നിർത്തും. തങ്ങളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കും. അടിമജീവിതത്തിൽ നിന്ന് സ്വാതന്ത്ര്യം ലഭിക്കും. ഇടയ്ക്ക് ഒരു വാഹനം നിർത്തുമ്പോൾ ഹദയം ഉച്ചത്തിൽ മിടിക്കുന്നു. ലോകിതയ്ക്കു വേണമെങ്കിൽ ഒറ്റയ്ക്കു രക്ഷപ്പെടാമായിരുന്നു ആ കാറിൽ. എന്നാൽ ടോറിയെ വിളിച്ച്, അവനെക്കൂടി കൂടെക്കൂട്ടാൻ തുടങ്ങുമ്പോൾ ആ കാർ അകന്നുപോകുന്നു. അതോടെ അവസാനത്തെ പ്രതീക്ഷയും ഇല്ലാതാകുന്നു. എന്നാൽ ലോകിത ശ്രമം ഉപേക്ഷിക്കുന്നില്ല. വയ്യാത്ത കാലുകളിൽ നിവർന്നുനിന്ന് വിളിച്ചുകേഴുകയാണ്. അത് അനാഥമാക്കപ്പെട്ട മനുഷ്യത്വത്തിന്റെ നിലവിളിയാണ്. അതു കേൾക്കാനും പ്രതികരിക്കാനും ലോകം തയാറാകുന്നില്ല. പകരം വിശക്കുന്ന വയറ്റിലേക്കും സ്‌നേഹത്തിനു വേണ്ടി കൊതിക്കുന്ന നെഞ്ചിലേക്കും വെടിയുണ്ട സമ്മാനിക്കുകയാണ്. മരിച്ചു എന്ന ബോധ്യമായ ശരീരത്തിൽപ്പോലും ജീവൻ ഉണ്ടെന്നും വിളിച്ചാൽ ഒരുപക്ഷേ എഴുന്നേൽക്കുമെന്നും ആഗ്രഹിച്ചുകൊണ്ട് ടോറി സഹോദരിയെ വിളിക്കുമ്പോൾ പ്രേക്ഷകർക്കുപോലും പ്രതീക്ഷയുണ്ട്. അത് താൽക്കാലികമാണ്. യാഥാർഥ്യത്തിൽ അടിയുറച്ചതല്ല. എന്നാലും ആ മിഥ്യാപ്രതീക്ഷകൾക്കും സൗന്ദര്യവും ഭംഗിയുമുണ്ട്. ആ വിശ്വാസത്തിനു ബലമുണ്ട്.

 

ടോറിയുടെയും ലോകിതയുടെയും പോരാട്ടം അവസാനിക്കുന്നില്ല. അവരുടെ കണ്ണുനീരിൽ നിന്നും സഹനത്തിൽ നിന്നും പുതിയൊരു പോരാട്ടത്തിന്‌റെ കേളികൊട്ട് ഉയരുകയാണ്. ഏതെങ്കിലുമൊക്കെ രൂപത്തിൽ അതു തുടരുകതന്നെ ചെയ്യുമെന്ന് ഐക്യദാർഡ്യം പ്രകടിപ്പിച്ചുകൊണ്ടാണ് പ്രേക്ഷകർ സിനിമയുടെ അവസാനം  ജീവിതത്തിലേക്കു മടങ്ങിപ്പോകുന്നതും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com