ചിരിപ്പിച്ചും ചിന്തിപ്പിച്ചും ബ്രാ, സംഭാഷണങ്ങളില്ലാതെ കഥ പറയുന്ന അദ്ഭുതം

the-bra-review
SHARE

ജീവിതം മാറ്റിമറിക്കുന്നത് എന്താണെന്ന് ആർക്കും ഉറപ്പ് പറയാൻ കഴിയില്ല. മനസ്സ് കീഴടക്കുന്ന സ്‌നേഹമാകാം. ജീവിതം ആകെ ഉലയ്ക്കുന്ന ദുരന്തമാകാം.  അങ്ങനെ എന്തും വലിയ മാറ്റങ്ങൾ കൊണ്ടുവരാം. അതുവരെയുള്ളതിൽ നിന്നു തീർത്തും വ്യത്യസ്തമായ വഴികളിലേക്കു നയിക്കാം. എന്നാൽ, ഒരു നീല ബ്രാ ജീവിതം മാറ്റിമറിച്ച കഥ പറയുന്ന സിനിമയാണ് വെയ്റ്റ് ഹെൽമർ സംവിധാനം ചെയ്ത ദ് ബ്രാ. വിരമിച്ച ഒരു ലോക്കോ പൈലറ്റും അയാളുടെ കുസൃതികൾ എന്നു വിശേഷിപ്പിക്കാവുന്ന സാഹസിക യാത്രയാകൾക്കു കൂട്ടുനിൽക്കുന്ന ബാലനും പിന്നെ ജനവാസ മേഖലയിൽ ഇരുവശവുമുള്ള വീടുകളെ തൊട്ടുതൊട്ടില്ല എന്ന മട്ടിൽ കടന്നുപോകുന്ന ട്രെയിനുമാണ് പ്രധാന കഥാപാത്രങ്ങൾ.

ലോക്കോ പൈലറ്റ് എന്ന ജോലിയുണ്ടായിരിക്കെത്തന്നെ നുർലൻ ഏകനാണ്. ട്രെയിനും അതു കഴിഞ്ഞാൽ മുറിയിലെ തനിച്ചുള്ള ജീവിതവുമാണ് അയാളുടേത്. അവിടെ പ്രത്യേകിച്ചൊന്നും സംഭവിക്കുന്നില്ല. സവിശേഷതകളൊന്നുമില്ല. എല്ലാം സാധാരമമട്ടിൽ കടന്നുപോകുന്നു. എന്നാൽ, സാധാരണ യാത്രയിൽ സംഭവിക്കുന്ന അസാധാരണ കാര്യമാണ് അയാളുടെ ജീവിതം മാറ്റുന്നത്. റെയിൽപാളത്തിനു കുറുകെ ഉണക്കാനിട്ട തുണികൾക്കിടയിൽ നിന്ന് ഒരു നീല ബ്രാ ട്രെയിനിൽ കുരുങ്ങുന്നു. അതയാൾക്ക് അവഗണിക്കാനായില്ല. ബ്രാ ഒരു വിശിഷ്ട വസ്തു എന്നുപോലെ അയാൾ കാത്തുസൂക്ഷിക്കുന്നു. കഴുകി ഉണക്കുന്നു. ഇടയ്ക്കിടെ എടുത്തു പരിശോധിക്കുന്നു. എന്നാൽ ട്രെയിനിൽ നിന്ന് ഇറങ്ങിയതോടെ ഹാൻഡ് ബാഗിൽ ബ്രാ എടുത്ത് അയാൾ ഒരു യാത്രയ്ക്ക് ഇറങ്ങുകയാണ്. ഉടമയായ സ്ത്രീയെ തേടി. ഗ്ലാസ്സ് ജനാലയിലൂടെ കണ്ട ഒരു ദൃശ്യം അയാളുടെ മനസ്സിലുണ്ട്. ഒരു യുവതി ബ്രാ മാറി ധരിക്കുന്ന ദൃശ്യമാണ് യാത്രയ്ക്കിടെ അയാൾ കാണുന്നതും അതു മനസ്സിൽ മായാത്ത ചിത്രമാകുന്നതും. ആ യുവതിയെത്തേടിയാണ് നുർലന്റെ യാത്ര.

ഓരോ വീടിന്റെ വാതിലിലും അയാൾ മുട്ടുന്നു. വാതിൽ തുറക്കുന്ന സ്ത്രീകളെ ബ്രാ കാണിക്കുന്നു. ചിലർ പെട്ടെന്നു വാതിൽ വലിച്ചടിച്ച് തിരിച്ചുപോകുന്നു. എന്നാൽ മറ്റുചിലർ അദ്ഭുത വസ്തു എന്നപോലെ ബ്രാ നോക്കുന്നു. അയാളെ വീട്ടിലേക്കു ക്ഷണിക്കുന്നു. അയാളുടെ സാന്നിധ്യത്തിൽ തന്നെ ബ്രാ ഇട്ടുനോക്കുകയും ചെയ്യുന്നു. എന്നാൽ പാകമല്ലെന്നു മനസ്സിലാക്കുന്നതോടെ അയാൾ ബ്രാ വാങ്ങി തിരിച്ചിറങ്ങുകയാണ്. കുറേ നാളുകളോളം ഇതു തുടരുന്നു. അതിനിടെയാണ് സോക്‌സ് വിൽക്കുന്ന ഒരു കച്ചവടക്കാരനെ വീട്ടുകാർ വീട്ടിനുള്ളിലേക്കു കയറ്റുന്നത് അയാൾ കാണുന്നത്. അത് ഒരു ആശയത്തിന്റെ സാധ്യത തുറക്കുന്നു. എന്തുകൊണ്ട് ബ്രാ വിൽപനക്കാരനായിക്കൂടാ.   മൊത്തമായി വിൽക്കുന്ന കടയിൽ നിന്ന് പല സൈസിലും നിറത്തിലുമുള്ള ബ്രാകൾ അയാൾ തിരഞ്ഞെടുക്കുന്നു. അവ വൃത്തിയായി മരക്കൊമ്പിൽ അലങ്കരിക്കുന്നു. സൈക്കിളിൽ അതും വച്ചുകെട്ടിയാണ് പിന്നീടുള്ള യാത്രകൾ. അപ്പോഴും നീല ബ്രായുടെ ഉടമയെയാണ് അയാൾക്കു വേണ്ടത്. ആ വ്യക്തിയെ ബ്രാ തിരിച്ചേൽപിക്കുന്നതോടെ ഏറ്റെടുത്ത വലിയ ദൗത്യം അവസാനിക്കും എന്നയാൾ പ്രതീക്ഷിക്കുന്നു. മോഹിക്കുന്നു. അതിനു വേണ്ടി മാത്രമായി ജീവിക്കുന്നു.

കച്ചടവക്കരനായും വ്യത്യസ്തവും വിചിത്രവുമായ അനുഭവങ്ങളാണ് അയാളെ കാത്തിരിക്കുന്നത്. ആ അനുഭവങ്ങൾ ആസ്വദിക്കുന്നുണ്ടെങ്കിലും ലക്ഷ്യത്തിൽ നിന്ന് വ്യതിചലിക്കാൻ തയാറാകുന്നില്ല. ഒരിക്കൽക്കൂടി പരായജയപ്പെടാനാണ് വിധി. തനിക്കു കാണേണ്ട വ്യക്തിയെ മാത്രം കാണാതെ അയാളുടെ യാത്രകൾ അപൂർണമായി അവശേഷിക്കുന്നു.

ഇതിനിടെ, സഞ്ചരിക്കുന്ന വാഹന പരിശോധനാ കേന്ദ്രത്തിലും കുട്ടിയുടെ സഹായത്തോടെ അയാൾ ഭാഗ്യം പരീക്ഷിക്കുന്നു. മാറിടത്തിൽ മുഴകളോ മറ്റോ ഉണ്ടോ എന്ന പരിശോധനാ വാഹനത്തിൽ ഡോക്ടറായി അയാൾ ആൾമാറാട്ടം നടത്തുന്നു. ഒട്ടേറെ യുവതികളും പെൺകുട്ടികളും വാഹനത്തിലെത്തുന്നു. അവർക്കും തന്റെ കയ്യിലുലുള്ള ബ്രാ പാകമാണോ എന്നാണയാൾ പരിശോധിക്കുന്നത്. എന്നാൽ സാഹസികമായ ആ ശ്രമം പോലും പരാജയപ്പെടുകയാണ്. ഇതിനിടെ വീടുകളിൽ കയറി സ്ത്രീകളെ വഴിതെറ്റിക്കുന്ന വ്യക്തി എന്ന ആരോപണത്തിൽ ഏതാനും പുരുഷൻമാരുടെ ആൾക്കൂട്ട മർദനത്തിനും അയാൾ ഇരയാകുന്നു. ഒരിക്കൽ രാജകീയമായി ഓടിച്ച അതേ ട്രെയിനിടിച്ച് അയാളുടെ ജീവിതം അവസാനിക്കേണ്ടതും ആയിരുന്നു. എന്നാൽ, വിധിയുടെ വിചിത്ര നിയോഗത്താൽ, നിഴലു പോലെ പിന്നാലെ കൂടുന്ന കുട്ടിയുടെ സഹായത്തോടെ അയാൾ രക്ഷപ്പെടുന്നു.

നുർലൻ പ്രധാന കഥാപാത്രമായിരിക്കുമ്പോൾ തന്നെ കുട്ടിയും അസാധാരണ പ്രകടനത്തിലൂടെ സിനിമയുടെ ചൈതന്യമാകുന്നുണ്ട്. എപ്പോഴോക്കെ ട്രെയിൻ വരുന്നുണ്ടോ അപ്പോഴൊക്കെ വായിൽ  വിസിലും വച്ച് ആ കുട്ടി ട്രെയിനിനു മുന്നിലൂടെ ഓടുന്നു. മുന്നറിയിപ്പ് കൊടുക്കാൻ.

ട്രാക്കിൽ തുണി വിരിച്ചവരുണ്ട്. കാരം ബോർഡും ചെസ്സും കളിക്കുന്നവരുണ്ട്. സമയം കൊല്ലാൻ വെറുതെ ഇരിക്കുന്നവരുണ്ട്. അവരെയൊക്കെ വിളിച്ചുണർത്തുന്നതും ട്രാക്കിൽ നിന്നു മാറാൻ പ്രേരിപ്പിക്കുന്നതും കുട്ടിയുടെ വിസിലാണ്. അവൻ തന്നെ വയോധികന്റെ അസാധാരണ യാത്രയിൽ അയാൾക്കു കൂട്ടാകുകയും ചെയ്യുന്നു. അവർ തമ്മിലുള്ള ഹൃദയൈക്യത്തിന്റെയും സേന്ഹത്തിന്റെയും കടപ്പാടിന്റെയും കഥ കൂടിയാകുന്നുണ്ട് ചിത്രം.

കോമഡി എന്ന വിഭാഗത്തിൽ മാത്രമേ ചിത്രം ഉൾപ്പെടുത്താൻ കഴിയൂ. എന്നാൽ ഒന്നരമണിക്കൂർ ഒരു നിമിഷം പോലും വിരസമാക്കാതെ മുന്നോട്ടുപോകാൻ സംഭാഷണങ്ങളില്ലാത്ത ഈ ചിത്രത്തിനു കഴിയുന്നുണ്ട്. അതുതന്നെയാണ് വെയ്റ്റ് ഹെൽമറുടെ വിജയവും. കാഴ്ചയുടെ ഒരു നിമിഷം പോലും പാഴാക്കാതെ നിസ്സാരമായ ഒരു വിഷയത്തെ മികച്ച സിനിമയ്ക്കു വിഷയമാക്കിയതിലൂടെ ഹെൽമർ സിനിയിലെ  അദ്ഭുതത്തിനു തന്നെയാണ് കാരണക്കാരനായിരിക്കുന്നത്. സംഭാഷണങ്ങളില്ല എന്നത് ഒരിക്കലും  പോരായ്മയായി മാറുന്നുമില്ല.  ചിരിയോടെ തിയറ്റർ വിടാൻ ബ്രാ പേരിപ്പിക്കുന്നു. ആ ചിരിയിൽ മാത്രം ഒതുങ്ങാതെ ചിന്തയ്ക്കുള്ള വകയും ചിത്രം സമ്മാനിക്കുന്നുണ്ട്. അങ്ങനെതന്നെയാണല്ലോ എല്ലാ നല്ല ചിത്രങ്ങളും അവസാനിക്കുന്നതും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS