പ്രണയമേ നന്ദി...മകളെ തന്നതിനും അനാഥമാക്കിയതിനും

Mail This Article
ഏതൊരു ചലച്ചിത്രമേളയുടെയും ഏറ്റവും വികാരാർദ്രമായ അനുഭൂതികളിലൊന്ന് ഇറാനിൽ നിന്നുള്ള ചലച്ചിത്രങ്ങളായിരിക്കും. വലിയ ബഹളമോ സങ്കീർണതകളോ ഇല്ലാത്ത ലളിതമായ വിഷയങ്ങൾ. എന്നാൽ ജീവിതവുമായി ഏറ്റവും ചേർന്നുനിൽക്കുന്നതും ഹൃദയത്തെ സ്പർശിക്കുന്നതും മാനസിക സംഘർഷങ്ങൾ ഉയർത്തുന്നതുമായ വിഷയങ്ങൾ. ഒന്നോ രണ്ടു കഥാപാത്രങ്ങൾ മാത്രം. അവരാകട്ടെ അഭിനയിക്കുകയാണെന്ന് ഒരിക്കൽപ്പോലും തോന്നിപ്പിക്കാറില്ല. അവരുടെ ജീവിതം ക്യാമറയിൽ പകർത്തി എന്നു പോലും തോന്നാത്ത വിധം സമീപത്തെങ്ങോ സംഭവിക്കുന്ന ജീവിതം കണ്ടുനിൽക്കുന്ന അനുഭവം. ഒന്നോ ഒന്നരയോ മണിക്കൂറിൽ അവസാനിക്കും.
എന്നാൽ ജീവിതത്തിലുടനീളം മറക്കാനാകാതെ കൂടെ കൂടുകയും ചെയ്യും. എല്ലാ ഇറാനിയയൻ ചിത്രങ്ങളും ഇങ്ങനെയാണെന്നു പറയാൻ കഴിയില്ലെങ്കിലും ഇറാനിൽ നിന്നുള്ള മികച്ച സിനിമകളുടെ പൊതു സ്വഭാവങ്ങളാണിവ. ടെഹ്‌റാൻ പശ്ചാത്തലത്തിലുള്ള അലി അസ്ഗരിയുടെ അണ്ടിൽ ടുമാറോ ഏറ്റവും മികച്ച ഇറാനിയൻ ചിത്രങ്ങളുടെ കൂട്ടത്തിൽ ഉൾപ്പെടുത്താവുന്നതാണ്. രണ്ടേ രണ്ടു കഥാപാത്രങ്ങളിലൂടെ ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ അതിഭാവുകത്വമില്ലാതെ അവതരിപ്പിച്ച് ഹൃദയത്തെ വശീകരിക്കുന്ന ചിത്രം.

അവിവാഹിതയായ ഒരമ്മയുടെ കഥയാണിത്. രണ്ടു മാസമേ ആയിട്ടുള്ളൂ കുട്ടിക്ക്. ചെറിയൊരു ഫ്‌ളാറ്റിൽ ഒറ്റയ്ക്കാണു ജീവിതം. അമ്മയോ അച്ഛനോ വീട്ടിൽ നിന്നു ഫോണിൽ വിളിക്കുമ്പോൾ പോലും കുട്ടിയെ മുറിയിൽ അയച്ചിട്ടിട്ടു വേണം സംസാരിക്കാൻ. കുട്ടിയുടെ കരച്ചിൽ ആരും കേൾക്കാതിരിക്കാൻ. യാഥാസ്ഥികമായ ഒരു കുടുംബത്തത്തിന് ഒരിക്കലും സഹിക്കാൻ കഴിയില്ല യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന മകളുടെ വഴിവിട്ട ജീവിതം.
ഗർഭിണിയാണെന്നു മനസ്സിലായ ആ നിമിഷം മുതൽ കാമുകൻ അവരെ പ്രേരിപ്പിക്കുന്നതാണ്. ഗർഭഛിദ്രം നടത്താൻ. പല തവണ അയാൾ അതു പറഞ്ഞുനോക്കിയതാണ്. ഡോക്ടറെ ഏർപ്പെടുത്തി. ആശുപത്രി കണ്ടുപിടിച്ചു. ആരും അറിയാതെ, ഒരു ജൻമം ഇല്ലാതാക്കുന്ന പാപത്തിൽ പങ്കുചേരാൻ എല്ലാ ഏർപ്പാടും ചെയ്തു. എന്നാൽ, ഫത്തേഷി എന്ന യുവതി അതിനു തയാറില്ല. മാതൃത്വം എന്ന വികാരത്തിനാണവർ മുൻതൂക്കം കൊടുത്തത്. സ്‌നേഹത്തേക്കാൾ. പ്രണയത്തേക്കാൾ, കാമത്തേക്കാൾ. സ്വന്തം സുഖസൗകര്യങ്ങളേക്കാളും ഭാവിയേക്കാളും. എന്നാൽ ഇത്ര വലിയ വില കൊടുക്കേണ്ടിവരുമെന്ന് അവർ പോലും കരുതിയിട്ടില്ല. അപകടത്തെത്തുടർന്ന് ആശുപത്രിയിലായ ഒരു ബന്ധുവിനെക്കാണാൻ അച്ഛനും അമ്മയും ഗ്രാമത്തിൽ നിന്ന് ടെഹ്‌റാനിലേക്കു വരുന്നു. ഫത്തേഷിക്കൊപ്പം താമസിക്കാൻ.
ഇടി ത്തീ പോലെയാണ് ആ വാർത്ത വരുന്നത്. കുട്ടിയെ മറ്റാരെയങ്കിലും ഏൽപിക്കണം. ആരെ എന്ന ചോദ്യത്തിന് ഉത്തരമില്ല. കുട്ടിയുമായി ബന്ധപ്പെട്ട എല്ലാ സാധനങ്ങളും ഫ്‌ളാറ്റിൽ നിന്നു മാറ്റണം. ആ ശ്രമത്തിലേക്കാണ് അലി അസ്ഗരി ആദ്യം ക്യാമറ തിരിക്കുന്നത്. ഓരോ ഫളാറ്റുകളുടെ വാതിലിലായി അവർ മുട്ടുന്നു. കുറച്ചു സാധനങ്ങൾ ഏതാനും ദിവസത്തേക്കു സൂക്ഷിച്ചുവയ്ക്കാൻ. പറ്റില്ല എന്നതിനു പകരം ഓരോരുത്തർക്കും പറയാൻ ഓരോ കാരണങ്ങളുണ്ട്. സ്ഥലമില്ല. പല സാധനങ്ങളും ഇപ്പോൾ തന്നെ ബാൽക്കണിയിലും മറ്റുമാണ് സൂക്ഷിക്കുന്നത്. ഭർത്താവിന്റെ അനുമതി വേണം. അനുമതി ചോദിച്ച് ജോലിക്കിടെ വിളിക്കാൻ പറ്റില്ല. ആരെങ്കിലും ചോദിച്ചാൽ എന്തു കാരണം പറയും. അങ്ങനെ ഒരായിരം കാരണങ്ങൾ. അവസാനം ഒരാൾ മാത്രം സഹായിക്കാൻ സന്നദ്ധയായി.
എല്ലാ സാധനങ്ങളും പല ബാഗുകളിലാക്കി ആ ഫ്‌ളാറ്റിൽ എത്തിച്ചതോടെ ആദ്യ ഘട്ടം വിജയകരം. ഇതിനിടയിൽ കുട്ടിയുടെ കാര്യങ്ങൾ നോക്കണം. ഇടയ്ക്കിടെ കരയുന്ന കുട്ടിക്ക് പാൽ കൊടുക്കണം. ചേർത്തുപിടിച്ച് ചുംബിക്കണം. മാറോടടുക്കിപ്പിടിക്കണം. വാത്സ്യല്യത്തോടെ വിളിക്കണം. സ്വന്തം വിധിയെക്കുറിച്ചോർത്ത് നിശ്വസിക്കണം. നെടുവീർപ്പിടണം. പ്രണയം ആ മനസ്സിൽ ഇപ്പോൾ എവിടെയാണ് കൂടുകൂട്ടിയിരിക്കുന്നത്. കാമത്തിന്റെ അവശിഷ്ടം ചികഞ്ഞുനോക്കിയാൽപ്പോലും കാണില്ല. ഫത്തേഷി കുട്ടിയുടെ മുഖത്തേക്കു തന്നെ സൂക്ഷിച്ചുനോക്കുന്നു.
ഫത്തേഷിക്ക് ഒരു സുഹൃത്തുണ്ട്. ഒരു വിദ്യാർഥിനി. ഏറ്റവുമടുത്ത സുഹൃത്ത്. അവൾ എത്തുന്നു. രണ്ടുപേരും കൂടി കുട്ടിയെ ഒരു ദിവസത്തേക്കു നോക്കാമന്ന് ഏറ്റ സുഹൃത്തിന്റെ ഫ്‌ളാറ്റിലേക്കു പോകുന്നു. എന്നാൽ ഫ്‌ളാറ്റ് അടഞ്ഞുകിടക്കുകയാണ്. അവർ അറസ്റ്റ് ചെയ്യപ്പെട്ടു എന്ന വാർത്തയാണ് ലഭിക്കുന്നത്. ലോകം കീഴ്‌മേൽ മറിയുന്നപോലെയാണ് തോന്നുന്നത്. ഇനി എന്തു ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരമില്ല. അച്ഛനമ്മമാർ ഇടയ്ക്കിടെ വിളിക്കുന്നു. അവർ ടെഹ്‌റാനിലേക്ക് അടുത്തുകൊണ്ടിരിക്കുന്നു. അവരെ സ്വീകരിക്കണം. ഫ്‌ളാററിൽ കൊണ്ടുവരണം. അവരുടെ നല്ല ആതിഥേയയായി മാറണം. ഉ ത്തരവാദിത്വങ്ങളെക്കുറിച്ചോർക്കുമ്പോൾ തല പെരുക്കുന്നു. എന്നാൽ ചുണ്ടുപിളർത്തി കരയുന്ന കുട്ടി. ആ കരച്ചിൽ ചെവിയിൽ ആർത്തലയ്ക്കുമ്പോൾ മറ്റൊന്നും, ആരെയും ശ്രദ്ധിക്കാനോ അവർക്കു വേണ്ടി ചെലവഴിക്കാനോ സമയവുമില്ല.
വിദ്യാർഥിനിയായ പെൺകുട്ടിയല്ലാതെ ഒരു സ്ത്രി പോലുമില്ല ഫത്തേഷിയെ തുണയ്ക്കാൻ എന്നതാണ് സിനിമ മുന്നോട്ടുവയ്ക്കുന്ന പ്രധാന പ്രമേയങ്ങളി ലൊന്ന്. വിവാഹം കഴിച്ചു താമസിക്കുന്ന ഒരു പുരുഷൻ സഹായിക്കാൻ തയാറാണ്. എന്നാൽ അയാളുടെ യുവതിയായ ഭാര്യ ഒരു രീതിയിലും മറ്റൊരു കുട്ടിയെ ഒരു ദിവസത്തേക്കു വീട്ടിൽ താമസിപ്പിക്കാൻ തയാറാകുന്നില്ല. ഈ വിഷയത്തിന്റെ പേരിൽ ഇരുവരും കൂടി ദാമ്പത്യകലഹത്തിൽ ഏർപ്പെടുന്നതോടെ ഫത്തേഷി അവിടം വിട്ടുപോകുന്നു.
ലോകത്തിന്റെ വലുപ്പം കുറയുകയാണ്. ഇനി എങ്ങാേട്ടു പോകുമെന്നോ ആരെ സമീപിക്കുമെന്നോ ഒരു ആശയവുമില്ല. അച്ഛനമ്മമാർ വിളിക്കുന്നു. അവർ ടെഹ്‌റാനിൽ എത്തിക്കഴിഞ്ഞു. ജീവിതത്തിലെ ഏറ്റവും നിർണായകവും പരീക്ഷണാത്മകവുമായ നിമിഷത്തെ അവിവാഹിത അമ്മയായ ഫത്തേഷി എങ്ങനെ കൈകാര്യം ചെയ്യുന്നതിലേക്കു ക്‌ളൈമാക്‌സ് കേന്ദ്രീകരിക്കുന്നു.
ഓരോ നിമിഷവും സംഘർഷഭരിതമാണ് അണ്ടിൽ ടുമാറോ. നാളെ വരെ. അതേ, നാളെ വരെ സ്വന്തം കുട്ടിയെ നോക്കാൻ ഒരാളെപ്പോലും കിട്ടാതെ വരുന്ന ഒരു അമ്മയുടെ, കാമുകിയുടെ, മകളുടെ, സുഹൃത്തിന്റെ മാനസിക വ്യഥയ്ക്ക് അലി അസ്ഗരി ചലമയ്ക്കുന്ന ചലച്ചിത്ര ഭാഷ്യം പ്രേക്ഷകരെ വർഷങ്ങളോളം ഉലയ്ക്കാൻ പോകുന്നതാണ്.
ആരാണു വിജയിക്കുന്നത്. അമ്മയോ മകളോ. അമ്മയായി വിജയിക്കണമെങ്കിൽ കുട്ടിയെ ചേർത്തുപിടിക്കണം. മകളായി വിജയിക്കണമെങ്കിൽ കുട്ടിയെ ഉപേക്ഷിക്കണം. ഇതു രണ്ടും സാധ്യമാകാതെ വരുന്നതാണല്ലോ യഥാർഥ പ്രതിസന്ധി.