ചില മുറിവുകൾ അങ്ങനെയാണ്. ദശകങ്ങൾ കൊണ്ടുപോലും അവയുടെ ആഘാതം മാറണമെന്നില്ല. ജവിതത്തിലുടനീളം അതു വേട്ടയാടുകയും ചെയ്യാം. അത്തരമൊരു മുറിവിന്റെയും അതുണ്ടാക്കുന്ന ആഘാതത്തിന്റെയും കഥയാണ് തിയാഗോ ഗുഡെയുടെ റിമെയ്ൻസ് ഓഫ് ദ് വിൻഡ് എന്ന സിനിമ പറയുന്നത്.
പോർച്ചുഗലിലെ ഒരു ഗ്രാമത്തിലാണു കഥ നടക്കുന്നത്. ഒരു കൂട്ടം കൗമാരക്കാർ നിറങ്ങൾ വാരിപ്പൂശിയ മാസ്‌കും ആണിഞ്ഞ് ക്രൂരമായ ഒരു ആചാരത്തിന്റെ ഭാഗമാകുകയാണ്. അതു നിഷ്‌കളങ്കമോ നിശ്ശബ്ദമോ അല്ല. അവരെക്കണ്ട് പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ ഓടിയൊളിക്കുന്നു. എന്നാൽ സുന്ദരിയായ ഒരു കൗമാരക്കാരിക്ക് അവരിൽ നിന്ന് രക്ഷപ്പെ ടാനാവുന്നില്ല. അവർ അവളെ ക്രൂരമായി ഉപദ്രവിക്കുന്നു. ലൈംഗിക അതിക്രമത്തിനും മുതിരുന്നു. എന്നാൽ ആക്രമിക്കപ്പെടുന്നതിനു തൊട്ടുമുൻപ് പെൺകുട്ടിയുടെ അലർച്ച കേട്ടെത്തിയവർ അവളെ രക്ഷിക്കുന്നു. അക്രമികൾക്ക് മർദനമേൽക്കുന്നു. പ്രധാനമായും അവർ മുന്നുപേരാണ്. അവരിൽ ഒരാൾക്ക് ഏൽക്കുന്ന മർദനം ഗുരുതുരമാണ്. ശാരീരികമെന്നതിനേക്കാൾ അത് മനസ്സിലുണ്ടാക്കുന്ന ആഘാതം വലുതാണ്.
25 വർഷത്തിനു ശേഷം ആ ചെറുപ്പക്കാരനെ വീണ്ടും കാണുന്നുണ്ട്. അൽബാനോ ജെറോനിമോ അവതരിപ്പിക്കുന്ന ആ കഥാപാത്രത്തിന്റെ പേര് ലോറിയാനോ എന്നാണ്. എന്നാൽ ഗ്രാമത്തിന്റെ ഭാഗമായല്ല അയാൾ ജീവിക്കുന്നത്. ഗ്രാമത്തിനു പുറത്ത് ഒരു കുടിലിൽ ഒറ്റപ്പെട്ട ജീവിതം നയിക്കുകയാണ്. ഏതാനും നായകളാണ് കൂട്ടുകാർ. അയാൾ എങ്ങോട്ടുപോയാലും നായകൾ പിന്തുടരും. എവിടെ എപ്പോൾ പ്രത്യക്ഷപ്പെടും എന്നു പറയാനാവില്ല. എന്നാൽ, അസുഖകരമായ ഏതു സാഹചര്യത്തിലും സാന്നിധ്യം പ്രതീക്ഷിക്കാം. ഒരിക്കൽപ്പോലും അയാൾ കയ്യ് ഉയർത്തുകയോ ആരെയും വിലക്കുകയോ ചെയ്യുന്നില്ല. എന്നാൽ നോട്ടം മാത്രം മതി ആരും ഭയക്കാൻ. പിന്നെ യുദ്ധസന്നദ്ധരെപ്പോലെ കാണപ്പെടുന്ന നായകളും.

ചിലരെ ചില സാഹചര്യങ്ങൾ പിന്തുടരുക തന്നെ ചെയ്യും. വർഷങ്ങൾക്കു ശേഷവും. അല്ലെങ്കിൽ ലോറിയാനോയും നായകളും എങ്ങനെയാണ് 25 വർഷത്തിനു ശേഷം ഒരിക്കൽക്കൂടി ഒരു കൂട്ടം കുട്ടികളുടെ സമീപത്ത് എത്തുന്നത്. അയാളെ മാനിസിക ആഘാതത്തിലേക്കു നയിച്ച സംഭവത്തിനു സമാനമായി ഒരു കുട്ടം കുട്ടികൾ ഒരു പെൺകുട്ടിയെ ബലമായി ചുംബിക്കാൻ ശ്രമിക്കുകയാണ്. അവരുടെ അക്രമത്തിന് അവൾ ഇരയാകേണ്ടതുതന്നെയായിരുന്നു. എന്നാൽ തക്ക സമയത്ത് ലോറിയാനോ അവിടെയെത്തുന്നു. ആ കുട്ടി രക്ഷപ്പെടുന്നു. എന്നാൽ കൗമാരക്കാർ ആ പക കൊണ്ടുനടക്കുന്നു.
മറ്റൊരു ദിവസം അവർ ലോറിയാനോയെ കല്ലെറിയുന്നു. അയാളുടെ നായ്ക്കളെയും. കൗമാരത്തിൽ ലോറിയാനോയ്‌ക്കൊപ്പം പെൺകുറ്റിയെ ഉപദ്രവിച്ച രണ്ടുപേരും ഇപ്പോൾ ഗ്രാമത്തിലുണ്ട്. അവർ നല്ല സാമ്പത്തിക സാഹചര്യത്തിൽ, സമൂഹത്തിൽ ബഹുമാന്യമായ പദവി അലങ്കരിച്ചു ജീവിക്കുന്നു. കുട്ടിക്കാലത്ത് അവർ ഉപദ്രവിക്കാൻ ശ്രമിച്ച പെൺകുട്ടിയെതന്നെയാണ് അവരിലൊരാൾ വിവാഹം കഴിച്ചതും. ആ യുവതിക്ക് ഇപ്പോഴും ലോറിയാനോയോട് സ്‌നേഹമുണ്ട്. ഭർത്താവും മകളും അറിയാതെ ആ സ്‌നേഹം അവർ കൊച്ചു കൊച്ചു പ്രവൃത്തികളിലൂടെ പ്രകടിപ്പിക്കുന്നുമുണ്ട്.
വർഷങ്ങൾക്കു മുൻപ് ലോറിയാനോയ്‌ക്കൊപ്പം തെരുവിൽ മുഖംമുടി ധരിച്ച് അക്രമത്തിനു നേതൃത്വം കൊടുത്തവരിൽ ഒരാളുടെ മകൻ ഉൾപ്പെടെയുള്ളവരാണ് പുതിയ സംഭവത്തിൽ ലോറിയാനോയെ കല്ലെറിയുന്നത്. ദുരൂഹമായ സാഹചര്യത്തൽ ആ കൗമാരക്കാൻ കൊല്ലപ്പെടുന്നു. സംശയത്തിന്റെ മുന ലോറിയാനോയ്ക്ക് എതിരെ തിരിയുന്നു. സാഹചര്യത്തെളിവുകൾ അയാൾക്ക് എതിരാണ്. എന്നാൽ ഗ്രാമവാസികൾക്ക് അറിയാം ലോറിയാനോ അങ്ങനെ ചെയ്യില്ലെന്ന്.
ഈ സാഹചര്യത്തെ അവതരിപ്പിച്ചുകൊണ്ടാണ് മനുഷ്യമനസ്സിന്റെ സങ്കീർണതകൾ തിയാഗോ ഗുഡെ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. പോർച്ചുഗലിലെ വിദൂരമായ ഗ്രാമം പ്രതികാരത്തിന്റെ ഈ കഥയ്ക്ക് ഏറ്റവും അനുയോജ്യമായ സെറ്റിങ് ആകുന്നു. മലനിരകളും ചതുപ്പുകളും ഇടയ്ക്കിടെ വീശിയടിക്കുന്ന കാറ്റും പ്രതികാരത്തെ ആളിക്കത്തിക്കികയാണ്.
ക്ലിന്റ് ഈസ്റ്റ് വുഡിന്റെ ഓസ്‌കർ നേടിയ മിസ്റ്റിക് റിവർ എന്ന ചലച്ചിത്രവുമായി റിമെയ്ൻസ് ഓഫ് ദ് വിൻഡ് എന്ന ചലച്ചിത്രത്തിനുള്ള വിദൂരമായ സാമ്യം ചില സിനിമാ നിരൂപകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്നാൽ സാഹചര്യങ്ങളിൽ സമാനതകൾ ഉണ്ടെങ്കിലും തിയാഗോ ഗുഡെയുടെ ചലച്ചിത്രം വ്യത്യസ്തവും ഒറ്റപ്പെട്ടതും പുതിയ ചലച്ചിത്രഭാഷ അവതരിപ്പിക്കാനുള്ള ശ്രമത്താൽ ശ്രദ്ധേയവുമാണ്.
ലോറിയാനോയ്ക്ക് കൊലപാതകത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നു രക്ഷപ്പെടാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്. എന്നാൽ അയാളെ കൊലപാതകിയാക്കുക എന്നത് ചിലരുടെ ആവശ്യമായി മാറുകയാണ്. യഥാർഥ പ്രതി ആരും പ്രതീക്ഷിക്കാത്ത ഒരു വ്യക്തിയാണ്. ആ വ്യക്തി ശവസംസ്‌കാരച്ചടങ്ങിൽപ്പോലും ഭാവഭേദമില്ലാതെ പങ്കെടുക്കുന്നുമുണ്ട്.
നിയമത്തിന്റെ വഴിയിൽ നിന്ന് മാറിനടക്കുന്ന ലോറിയാനോയുടെ മനസ്സിന്റെ സങ്കീർണതകൾ വീശിയടിക്കുന്ന കാറ്റിന്റെ പശ്ചാത്തലത്തിൽ തീവ്രമായാണ് തിയാഗോ അവതരിപ്പിക്കുന്നത്. മിസ്റ്ററി എന്ന വിഭാഗത്തിലാണുള്ളതെങ്കിലും ഒരു ത്രില്ലറിന്റെ പ്രത്യേതകകളും ചിത്രത്തിനുണ്ട്.
വിരസതയോ മുഷിപ്പോ ഇല്ലാതെ ചിത്രം കാണാം. പ്രേക്ഷകരെ കഥയ്‌ക്കൊപ്പം കൊണ്ടുപോകാൻ സംവിധായകനു കഴിയുന്നുണ്ട്. ചടുലമാണ് ചിത്രത്തിന്റെ ഗതി. കൃത്യമാണ് സംഭാഷണങ്ങൾ. അഭിനയത്തിൽ അൽബാനോ ജെറോനിമോ അസാധ്യ പ്രകടനം കാഴ്ചവയ്ക്കുന്നു.കണ്ടു തീരുന്ന നിമിഷം മറന്നുപോകുന്ന ചിത്രമല്ല റിമെയ്ൻസ് ഓഫ് ദ് വിൻഡ്. മനസ്സിൽ തങ്ങിനിൽക്കാനുള്ള ശേഷിയുണ്ട് ചിത്രത്തിന്. അതുതന്നെയാണ് ലോക സിനിമാ വിഭാഗത്തിൽ ഈ ചിത്രത്തെ വ്യത്യസ്തവും ശക്തവുമാക്കുന്നത്.