അമേരിക്കൻ കമ്യൂണിസത്തിന്റെ കപ്പൽച്ചേതം, ചർച്ചയായി ട്രയാംഗിൾ ഓഫ് സാഡ്‌നസ്സ് - Triangle of Sadness Movie Review

traingle-of-sadness
SHARE

ഈ വർഷം ലോകത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ടത് ഒരു കോമഡി ചലച്ചിത്രമാണ്. കോമഡിയെങ്കിലും മനുഷ്യന്റെ അടിസ്ഥാന വികാരങ്ങളുടെ പശ്ചാത്തലത്തിൽ ജീവിതത്തെയും നൻമ തിൻമകളെയും വിശകലനം ചെയ്യുകയും വിചാരണ ചെയ്യുകയും ചെയ്യുന്ന ദ് ട്രയാംഗിൾ ഓഫ് സാഡ്‌നസ്സ്. കാൻ ചലച്ചിത്രോത്സവത്തിൽ ഏറ്റവും മികച്ച ചലച്ചിത്രത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രം. സൗത്ത് ആഫ്രിക്കൻ നടിയും മോഡലുമായ ഷാൾബി ഡീൻ ആണു നായിക. ഡീനിന്റെ അവസാനത്തെ ചിത്രം. രാജ്യാന്തര തലത്തിൽ ചിത്രം റിലീസ് ചെയ്യുന്നതിനു തൊട്ടുമുമ്പാണ് 32-ാം വയസ്സിൽ ഒരു പ്രണയത്തിൽ നിന്ന് അവർ ആശുപത്രിയിലേക്കു പോയത്. ഇനിയും വെളിപ്പെടുത്താത്ത ഇൻഫെക്ഷൻ ബാധിച്ച് മരണം. ട്രയാംഗിൾ തുടങ്ങുന്നതും അവസാനിക്കുന്നതും ജീവിതത്തിലും ഈ ചിത്രത്തിലും മോഡൽ കൂടിയായി ജീവിക്കുന്ന ഡീനിലാണ്. ചിത്രത്തിന്റെ നായിക എന്നതേക്കാൾ പ്രധാന കഥാപാത്രമെന്നുതന്നെ പറയാം. ഇതിനോടകം ഏറെ ചർച്ചചെയ്യപ്പെട്ട ചലച്ചിത്രം രാജ്യാന്തര ചലച്ചിത്രമേളയിലും ഏറ്റവും കൂടുതൽ പ്രേക്ഷകരെ ആകർഷിച്ചാണു മുന്നേറുന്നത്. പല സംഭാഷണങ്ങൾക്കും രംഗങ്ങൾക്കും ലഭിക്കുന്നത് അവസാനിക്കാത്ത കയ്യടി. ലോക സിനിമാ വിഭാഗത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നതും ട്രയാംഗിൾ തന്നെ. സ്വീഡിഷ് ചലച്ചിത്രകാരൻ റൂബൻ ഓസ്റ്റ്‌ലണ്ടിന്റെ ഇംഗ്‌ളിഷ് ചലച്ചിത്രം.

ചിത്രത്തിന്റെ പ്രധാന പ്രമേയവുമായി ഒരു ബന്ധവുമില്ലാത്തതെന്നു തോന്നുന്ന ഒരു രംഗത്തിലും സംഭാഷണത്തിലുമാണ് തുടക്കം. കാളും യായയും ഡേറ്റിങ്ങിലാണ്. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ ഇരുവരും നിസ്സാരമെന്നു തോന്നാവുന്ന വിഷയത്തെക്കുറിച്ചു തർക്കിച്ചുതുടങ്ങുകയാണ്. ബിൽ കൊടുക്കാമെന്ന് യായ നേരത്തേ ഏറ്റിട്ടുണ്ടായിരുന്നു. എന്നാൽ ബിൽ വന്നിട്ടും അനങ്ങിയില്ലെന്നാണ് കാളിന്റെ കുറ്റപ്പെടുത്തൽ. ഏറെ നേരം മേശപ്പുറത്ത് ബിൽ ഇരുന്നെങ്കിലും കണ്ടതായിപ്പോലും നടിച്ചില്ല. കാളിനേക്കാൾ പണം കിട്ടുന്നത് യായയ്ക്കാണ്. എന്നിട്ടും ഇങ്ങനെയാണ് പെരുമാറുന്നതെങ്കിൽ പിശുക്കി എന്ന പേര് ലഭിക്കുമെന്നും കാൾ പറയുന്നു. സംഭാഷണത്തിനും വഴക്കിനുമിടെ പുതിയ ബിൽ വരുന്നു. യായ ബിൽ ബലം പ്രയോഗിച്ചു കൈക്കാലാക്കുന്നു. എന്നാൽ കാർഡ് സ്വീകരിക്കപ്പെടുന്നില്ല. കാൾ തന്നെ ബിൽ കൊടുക്കുന്നു. ഹോട്ടൽ മുറിയിലെത്തി ഇരുവരും തമ്മിൽ സന്ധിസംഭാഷണം നടത്തുമ്പോഴും കാൾ പഴയ വിഷയം തന്നെ എടുത്തിടുന്നു. കാൾ ആൻഡ് യായ എന്ന ആദ്യ ഭാഗം ഇരുവരുടെയും വഴക്ക് ചിത്രീകരിച്ചുകൊണ്ട് മനുഷ്യ സ്വഭാവത്തിന്റെ കാണാപ്പുറങ്ങളിലേക്കു വിരൽചൂണ്ടുന്നു.

traingle

രണ്ടാം ഭാഗത്തിലാണ് കഥ തുടങ്ങുന്നത്. ആഡംബര ബോട്ടിലെ വിനോദയാത്രയിൽ കാളും യായയും കൂടിയുണ്ട്. എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി കപ്പൽ യാത്ര തുടങ്ങുകയാണ്. ഒരു തികഞ്ഞ കോമഡി ചിത്രത്തിന്റെ എല്ലാ സവിശേഷതകളും ഒത്തിണങ്ങുമ്പോൾതന്നെ ഗൗരവമുള്ള സംഭാഷണത്തിലേക്കും വ്യത്യസ്ത മനുഷ്യരുടെ വ്യത്യസ്ത സാഹചര്യങ്ങളിലെ ഒരിക്കലും പ്രവചിക്കാനാവാത്ത പെരുമാറ്റങ്ങളിലേക്കും ചിത്രം കടക്കുന്നു. അലസനും സമയത്ത് റെഡിയാകാൻ തയാറാകാത്ത ആളുമായ ക്യാപ്റ്റൻ തോമസും റഷ്യൻ പ്രഭുകുടുംബത്തിൽപ്പെട്ട ദിമിത്രിയും തമ്മിലുള്ള സംഭാഷണത്തിനാണ് ഏറ്റവും കൂടുതൽ കയ്യടി ലഭിക്കുന്നത്. ക്യാപ്റ്റൻസ് ഡിന്നറിൽ ആഡംബരപൂർണമായ ഭക്ഷണം അതിഥികൾ ആസ്വദിച്ചുകൊണ്ടിരിക്കെയാണ് സോഷ്യലിസത്തെക്കുറിച്ചും കമ്മ്യൂണിസത്തെക്കുറിച്ചും മുതലാളിത്തത്തെക്കുറിച്ചുമുള്ള സംഭാഷണവും അരങ്ങേറുന്നത്. അതിനൊടുവിൽ ക്യാപ്റ്റന്റെ വാക്കുകൾ ലോകചരിത്രത്തെത്തന്നെ സംഗ്രഹിക്കുന്നുണ്ട്. അമേരിക്കക്കരനായ കമ്മ്യൂണിസ്റ്റ് എ്ന്നു സ്വയം വിശേഷിപ്പിച്ചുകൊണ്ടാണ് ക്യാപ്റ്റൻ സംസാരിക്കുന്നത്.

ഞങ്ങളാണ് മാർട്ടിൻ ലൂതർ കിങ്ങിനെ കൊന്നത്. എത്രയോ രാജ്യങ്ങളിൽ ഞങ്ങൾ ജനാധിപത്യത്തെ ഇല്ലാതാക്കി. പകരം ഞങ്ങൾക്കു പ്രിയങ്കരരായ പാവ ഭരണാധികാരികളെ പ്രതിഷ്ഠിച്ച് റിമോട് കൺട്രോളിലൂടെ ഭരണം നടത്തി. ലോകത്ത് ഏതു പ്രദേശത്ത് എപ്പോൾ ആയുധം പ്രയോഗിക്കപ്പെട്ടാലും ഞങ്ങൾക്ക് ആഹ്ലാദമാണ്. ഞങ്ങൾക്കു കൂടുതൽ ഡോളറുകൾ ലഭിക്കുന്നു. ഞങ്ങളുടെ കീശ വീർക്കുന്നു. കുറ്റസമ്മതത്തിന്റെയും കുമ്പസാരത്തിന്റെയും തെളിച്ചമുള്ള വാക്കുകളാണ് ക്യാപ്റ്റനിൽ നിന്ന് പുറത്ത് വരുന്നത്. എന്നാൽ പിന്നീട് ടൈറ്റാനിക് സിനിമയെ അനുസ്മരിപ്പിക്കുന്ന രംഗങ്ങളാണുണ്ടാകുന്നത്. കൊടുങ്കാറ്റിൽപ്പെട്ട് ആടിയുലയുന്ന കപ്പൽ. ഭക്ഷണം പകുതിയാകുമ്പോൾ തന്നെ അസ്വസ്ഥരായി ഛർദിക്കാൻ തുടങ്ങുന്ന യാത്രക്കാർ. കടൽക്കൊള്ളക്കാരുടെ ആക്രമണം കൂടിയാകുന്നതോടെ കാളും യായയും ഉൾപ്പെടെ ഏതാനും പേർ മാത്രമാണ് രക്ഷപ്പെടുന്നത്. അവർ ഒരു ദ്വീപിൽ അടിയപ്പെടുന്നു. എല്ലാ സുഖസൗകര്യങ്ങളും നഷ്ടപ്പെടുന്നതോടെ, തീർത്തും അപരിചിതമായ സാഹചര്യങ്ങളിലേക്ക് എടുത്തെറിയപ്പെടുന്നതോടെ അവരുടെയെല്ലാം സ്വഭാവത്തിലും വലിയ മാറ്റങ്ങളാണുണ്ടാകുന്നത്. പണം ചെലവഴിക്കാത്തതിന്റെ പേരിൽ യായയെ നിരന്തരം ശകാരിച്ച കാൾ പോലും  പ്രണയത്തെ തള്ളിപ്പറഞ്ഞ്  വയോധികയിൽ നിന്ന് ലൈംഗിക സംതൃപ്തി നേടാൻ പോലും ശ്രമിക്കുന്നുണ്ട്.

സംസ്‌കാരവും പരിഷ്‌കാരവും എല്ലാം അകലുന്നതോടെ, കാടിനോട് അടുക്കുന്നതോടെ, ലോകം തങ്ങളെ നോക്കുകപോലും ചെയ്യുന്നില്ലെന്ന് വ്യക്തമാവുന്നതോടെ അവരുടെ ജൻമവാസനകൾ എന്നു വിശേഷിപ്പിക്കാവുന്ന അപരിഷ്‌കൃതമായ പെരുമാറ്റ വൈകല്യങ്ങളും പുറത്തുവരുന്നു. ബന്ധങ്ങൾ മറക്കുന്നു. സ്‌നേഹം ഉൾപ്പെടെ ഒരു മൃദുലവികാരവും അവരെ സ്വാധീനിക്കുന്നില്ല.

കോമഡി ചിത്രം തികഞ്ഞ ദുരന്തത്തിൽ പര്യവസാനിക്കുകയാണ്. അതാകട്ടെ മനുഷ്യനെക്കുറിച്ചുള്ള വിശ്വാസം നഷ്ടപ്പെടുത്തിക്കൊണ്ടല്ല. സ്‌നേഹം അർഥശൂന്യമാണെന്നു സ്ഥാപിച്ചുകൊണ്ടല്ല. വിശ്വാസ്യത അസാധ്യമാണെന്നു സൂചിപ്പിക്കുന്നുമില്ല. ദു:ഖത്തിന്റെ ഒരു ത്രികോണത്തിലാണു നമ്മുടെ ജീവിതം. അതു ദു:ഖത്തിൽ നിന്നു തുടങ്ങി, ദു:ഖത്തെ തൊട്ട് ദു:ഖത്തിൽ തന്നെ അവസാനിക്കുന്നു. വിഷാദ ചക്രം പൂർത്തിയാകുമ്പോൾ ജീവിതത്തിന്റെ കടൽ അവിരാമമായി അലതല്ലിക്കൊണ്ടിരിക്കുന്നു. ആ കടൽ തന്നെയാണ് ഇനി മുറിച്ചുകടക്കേണ്ടത്. പുതിയ തീരത്തേക്ക്. ആശ്വാസതീരത്തേക്ക്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS