ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തോടൊപ്പം പുതിയ വീട്ടിലേക്ക് താമസം മാറുന്ന വാമനൻ മോഹിച്ചത് തീർത്തും സമാധാനപരമായ ഒരു ജീവിതമായിരുന്നു. എന്നാൽ തൊട്ടടുത്ത് പൂട്ടിക്കിടന്നിരുന്ന കണ്ണായിവീട് എന്ന ബംഗ്ലാവിലേക്ക് ഒരു സ്ത്രീയുടെ നിലവിളി കേട്ട് കയറിയപ്പോൾ തൊട്ട് വാമനന്റെ ഉറക്കം നഷ്ടമായി. പിന്നീടങ്ങോട്ട് അയാൾ അനുഭവിച്ചത് ഒരു സാധാരണക്കാരന് താങ്ങാൻ പറ്റുന്ന പ്രശ്നങ്ങൾ ആയിരുന്നില്ല. മൂവി ഗാങ്സിന്റെ ബാനറിൽ അരുൺ ബാബു നിർമിച്ച് എ.ബി. ബിനിൽ എഴുതി സംവിധാനം ചെയ്ത വാമനൻ എന്ന ചിത്രം ഒരേ സമയം നിങ്ങളെ ഭയപ്പെടുത്തുകയും മനസ് നിറക്കുകയും ചെയ്യും.
കേന്ദ്ര കഥാപാത്രമായ വാമനനെ അവതരിപ്പിക്കുന്നത് ഇന്ദ്രൻസ് ആണ്. ഒരു ചെറിയ റിസോർട്ടിലെ മാനേജറായ അദേഹം ആ നാട്ടിൽ ഒരു വീട് വാങ്ങി കുടുംബത്തെ കൊണ്ടുവരുന്നിടത്താണ് കഥ തുടങ്ങുന്നത്. ആ പ്രദേശവുമായി വീട്ടുകാർ പെട്ടന്ന് ഇണങ്ങുന്നുണ്ടെങ്കിലും ദുർമരണങ്ങൾ നടന്ന തൊട്ടപ്പുറത്തുള്ള കണ്ണായി വീട്ടിലേക്ക് വാമനൻ കയറുന്നതോടെയാണ് കഥ വികസിക്കുന്നത്. വാമനൻ എന്ന പിതാവിന്റെ വേഷം ഇന്ദ്രൻസിന്റെ കയ്യിൽ ഭദ്രമായിരുന്നു. സീമ.ജി.നായർ ആണ് ഇന്ദ്രൻസിന്റെ ഭാര്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അവരും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്.
കോട്ടയം മെഡിക്കൽ കോളജിനടുത്തുള്ള ഒരു കെട്ടിടത്തിൽ നിന്നും രാത്രികാലങ്ങളിൽ ഒരു സ്ത്രീയുടെ നിലവിളി കേൾക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെ സഞ്ചരിച്ചാണ് സംവിധായകൻ ബിനിൽ ഈ ചിത്രത്തിലേക്ക് എത്തിച്ചേരുന്നത്. കഥാഗതിക്ക് അനുസരിച്ച് മുറുക്കം കൂടുന്ന തരത്തിൽ കഥാപാത്രങ്ങളെയും സംഭവങ്ങളേയും എഴുതിച്ചേർക്കുന്നതിൽ ബിനിൽ വിജയിച്ചു എന്ന് തന്നെ പറയാം. ആന്റണി എന്ന പ്രധാന വേഷത്തിലെത്തിയ നിർമാതാവ് അരുൺ ബാബുവും പ്രകടനം കൊണ്ട് ശ്രദ്ധനേടുന്നു.
ഹൊറർ സൈക്കോ ത്രില്ലർ എന്ന ഗണത്തിൽ പെടുന്ന ഈ ചിത്രം ആദ്യപകുതിയിൽ നിങ്ങളെ ഭയപ്പെടുത്തും. രണ്ടാം പകുതിയിലാണ് ചിത്രത്തിലേക്ക് കൂടുതൽ ഇറങ്ങിചെല്ലുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിലേക്ക് വാതിൽ തുറന്നാണ് ചിത്രം അവസാനിക്കുന്നതും. ബൈജു, നിർമ്മൽ പാലാഴി, സെബാസ്റ്റ്യൻ, ദിൽഷാന ദിൽഷാദ്, അരുൺ ബാബു, ജെറി തുടങ്ങിയവർ അഭിനയിക്കുന്നു.
സിനിമയുടെ ദുരൂഹത നിലനിർത്തിക്കൊണ്ടുള്ള അരുൺ ശിവന്റെ ഛായാഗ്രഹണം അഭിനന്ദനമർഹിക്കുന്നു. മിഥുൻ ജോർജിന്റെ സംഗീതവും സിനിമയുടെ സ്വഭാവത്തോട് നീതിപുലർത്തി.