ADVERTISEMENT

തങ്കം പത്തര മാറ്റ് തനിത്തങ്കമാണോ? അതോ ചെമ്പു ചേർത്തുണ്ടാക്കിയ സ്വർണമാണോ? ഭാവന സ്റ്റുഡിയോയും ഫഹദ് ഫാസിലുമൊക്കെ ചേർന്ന് നിർമിച്ച തങ്കം കാണാൻ കയറുമ്പോൾ ആരും മനസ്സിൽ ചോദിച്ചുപോയേക്കാവുന്ന ചോദ്യമാണ്. ‘മഹേഷിന്റെ പ്രതികാര’മോ ‘കുമ്പളങ്ങി നൈറ്റ്സോ’ പോലെയുള്ള ഒരു പതിവ് സിനിമയല്ല തങ്കം. എന്നാൽ ശ്യാം പുഷ്കരൻ ഇതുവരെ എഴുതിയതിൽ തികച്ചും വ്യത്യസ്തമായ സിനിമയാണ്.

തികച്ചും സിനിമാറ്റിക്കായ രീതിയിൽ പറഞ്ഞുപോവുന്ന ഒരു ത്രില്ലർ ചിത്രമാണ് തങ്കം. സ്വർണക്കച്ചവടത്തിന്റെ നഗരമായ തൃശൂരിൽ സ്വർണബിസിനസ് ചെയ്യുന്ന സുഹൃത്തുക്കളായ കണ്ണന്റെയും മുത്തുവിന്റെയും കഥയാണിത്. തൃശൂർ–കോയമ്പത്തൂർ റൂട്ടിൽ സ്വർണാഭരണം കൊണ്ടുപോയി കടകളിലെത്തിക്കുകയും തിരികെ തങ്കം കൊണ്ടുവരികയുമൊക്കെ ചെയ്യുന്ന പാർട്ണർമാർ.ആദ്യപകുതിയിൽ പതിഞ്ഞ താളത്തിൽ പടിപടിയായാണ് കഥ പറഞ്ഞുപോവുന്നത്. എങ്ങോട്ടാണീ കഥയുടെ പോക്ക് എന്ന് കാണികൾ വണ്ടർ അടിക്കുമ്പോഴേക്ക് കഥ റൂട്ടിൽ കയറും. കോയമ്പത്തൂർ വഴി മുംബൈക്ക് പോയ ഒരു സുഹൃത്തിന്റെ ഫോണിൽ വിളിച്ചിട്ടു കിട്ടാതാവുന്നു. അയാളെ കാണാതെയാകുന്നു. അമാനുഷികതകളൊന്നിമില്ലാതെ, എന്നാൽ അതിശക്തമായ ഒരു ഇന്റർവെൽ പഞ്ചുമായി ആദ്യപകുതി അവസാനിക്കുമ്പോൾ ആകാംക്ഷ കാരണം സീറ്റിൽനിന്ന് എഴുന്നേൽക്കാൻ കഴിയില്ല.

ഗിരീഷ് കുൽകർണിയെന്ന നടൻ ആദ്യാവസാനം തിമിർത്താടുകയാണ്. കാണികളെ ഒപ്പംകൂട്ടിയുള്ള അന്വേഷണയാത്രയിൽ ബിജു മേനോന്റെ മുത്തു ഗിരീഷ് കുൽകർണിക്കൊപ്പം കൊണ്ടുംകൊടുത്തും ത്രില്ലടിപ്പിക്കുന്നുണ്ട്. അതിഭാവുകത്വമില്ലാതെ റിയലിസ്റ്റിക്കായ ഒരു കുറ്റാന്വേഷണകഥ നെയ്തെടുക്കുന്നതിൽ വിനീത് ശ്രീനിവാസന്റെ മുഖത്തെ നിഷ്കളങ്കത സഹായിക്കുന്നുണ്ട്. മരണശേഷം വീണ്ടുമൊരിക്കൽക്കൂടി കൊച്ചുപ്രേമനെ തിരശ്ശീലയിൽ കാണാൻ കഴിഞ്ഞുവെന്നതാണ് തങ്കത്തിന്റെ മറ്റൊരു പ്രത്യേകത. ചെറുതെങ്കിലും അഭിനയ പ്രാധാന്യമുള്ള വേഷമാണ് കൊച്ചുപ്രമേന്റേത്.

ശ്യാം പുഷ്കരൻ എന്ന പേരു വിശ്വസിച്ച് സിനിമ കാണാൻ കയറുന്ന മലയാളികളുണ്ട്. ആദ്യാവസാനം കാണികളെ തന്റെകൂടെ ഒരു യാത്ര കൊണ്ടുപോവുകയാണ് തങ്കത്തിലൂടെ ശ്യാം പുഷ്കരൻ. എന്നാൽ തന്റെ സേഫായ വഴികളിലൂടെ പോവുന്ന പതിവു ബസ്സില്ല ശ്യാമിന്റെയും കൂട്ടുകാരുടെയും ഈ യാത്ര.

ഒരു കുറ്റാന്വേഷണ ചിത്രത്തിന്റെ എല്ലാ ഘടകങ്ങളും ഒത്തിണങ്ങിയ സിനിമയാണ് തങ്കം. എന്നാൽ ജോജിയിലേതുപോലെ മനുഷ്യന്റെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന കുറ്റവാസനയെക്കുറിച്ച് ചിന്തിപ്പിക്കുന്ന സിനിമയുമാണ് തങ്കം.

പല സ്ഥലങ്ങളിലൂടെ പല കാലങ്ങളിലൂടെയുള്ള യാത്രയാണ് തങ്കം. മഹേഷിന്റെ പ്രതികാരത്തിൽ ശ്യാം പറഞ്ഞത് ഇടുക്കിയിലെ പ്രകാശ് സിറ്റിയുടെ കഥയാണ്. കുമ്പളങ്ങിക്കാരുടെ കഥയാണ് മറ്റൊന്ന്. ‘ജോജി’യും ഒരു സ്ഥലത്തുമാത്രം കേന്ദ്രീകരിച്ച കഥയാണ്. എന്നാൽ തങ്കം തൃശൂരിൽ തുടങ്ങി കോയമ്പത്തൂർ മുത്തുപ്പേട്ടൈ വഴി മുംബൈ വരെയുള്ള പല സ്ഥലങ്ങളിലൂടെ കടന്നുപോവുന്ന കഥയാണ്. 145 മിനിറ്റുകൊണ്ട് ഒരു പിടി കാര്യങ്ങൾ, ഒരു കൂട്ടം കഥാപാത്രങ്ങൾ എന്നിവ കൃത്യമായി വിന്യസിച്ച് അവയെ കൂട്ടിയിണക്കിയതിൽ സംവിധായകൻ സഹീദ് അറാഫത്തും വിജയിച്ചിട്ടുണ്ട്. സഹീദിന്റെ രണ്ടാമത്തെ സിനിമയാണ് തങ്കം.

ബിജിബാലിന്റെ സംഗീതം ചിത്രത്തിന്റെ മൂഡ് സെറ്റു ചെയ്യുന്നതിൽ ശക്തമായ പങ്കുവഹിക്കുന്നുണ്ട്. ഗൗതം ശങ്കറിന്റെ ക്യാമറയും കിരൺ ദാസിന്റെ കത്രികയും ആത്മാർഥമായും നിശ്ശബ്ദമായും പണിയെടുത്തതുകൊണ്ട് ഇടതടവില്ലാത്ത ദൃശ്യാനുഭവമായി തങ്കം മാറുന്നു.

ഒരു പെർഫക്റ്റ് കുറ്റാന്വേഷണ ചിത്രമല്ല തങ്കം. എന്നാൽ മലയാളത്തിൽ ഇന്നുവരെ ഇറങ്ങിയ മികച്ച കുറ്റാന്വേഷണ ചിത്രങ്ങളിലൊന്നായി തങ്കം അടയാളപ്പെടുത്താം. കൂടുതൽ മികച്ച കഥകൾ പറയാൻ വരുംസിനിമകളിൽ ശ്യാം പുഷ്കരനു കഴിയുമെന്ന് ഏതൊരു മലയാളിയും വിശ്വസിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com