ADVERTISEMENT

ആദ്യ പ്രണയം അതെന്നും എപ്പോഴും മനസിന്റെ ഒരു കോണിൽ കാണും. ആ ഓർമകൾ ഒരു സുഖമുള്ള നോവാണ്. അങ്ങനെയുള്ള ഓർമകളിലൂടെയുള്ള മനോഹരയാത്രയാണ് ‘പ്രണയവിലാസം’. ക്യാംപസും പ്രണയവും നൊസ്റ്റാൾജിയയുമായി എല്ലാത്തരം പ്രേക്ഷകകരെയും ആകർഷിക്കുന്ന സിനിമ. തൊടുന്ന എന്തിനെയും സൗന്ദര്യം കൂട്ടുന്ന, ജീവിതത്തിനു പുതിയ ഉണർവേകുന്ന പ്രണയം തന്നെയാണ് സിനിമയുടെ പ്രധാന വിഷയം. പക്ഷേ നായികയുടെയും നായകന്റെയും മാത്രം പ്രണയമല്ല ഈ കഥ പറയുന്നത്. പല കാലങ്ങളിൽ, പല കഥാപാത്രങ്ങളിലൂടെ പ്രണയത്തിന്റെ വിവിധ തലങ്ങളിലേക്കാണ് പ്രണയവിലാസം കൂട്ടികൊണ്ടുപോവുന്നത്.

 

എ.ആർ. റഹ്മാന്റെ ഇൻസ്റ്റിറ്റ്യൂട്ടിൽ സംഗീതം പഠിക്കണമെന്ന ആഗ്രഹവുമായി നടക്കുന്ന ചെറുപ്പക്കാരനാണ് സൂരജ്. വില്ലേജ് ഓഫിസറായ രാജീവിന്റെയും വീട്ടമ്മയായ അനുവിന്റെയും ഏക മകൻ. കോളജിലെ ആസ്ഥാന ഗായകനായ സൂരജിന് ഒരു പ്രണയമുണ്ട്. വീട്ടിൽ കാർക്കശ്യക്കാരനായ കുടുംബനാഥനാണെങ്കിലും രാജീവിന്റെ മനസ്സ് ഇപ്പോഴും പതിനേഴിലാണ്. തന്റെ ആദ്യ കാമുകിയെ വീണ്ടും കണ്ടുമുട്ടുന്നതോടെ രാജീവ് വീണ്ടും ആ പ്രണയലോകത്തെത്തിപ്പെടുന്നു.

 

തന്നെ തന്റെ വഴിക്കു വിടാത്തതിലുള്ള നീരസം അച്ഛനോട് സൂരജിനുണ്ട്. ആ വഴക്കുകൊണ്ടുതന്നെ ഇവർ തമ്മിൽ മിണ്ടാട്ടവും കുറവാണ്. അച്ഛനും മകനും അടിമുടി പ്രണയത്തിൽ കുളിച്ചു നിൽക്കുന്ന വീട്ടിൽ തന്റേതായ സന്തോഷങ്ങളുമായി ജീവിക്കുകയാണ് വീട്ടമ്മയായ അനുശ്രീ. സൂരജും രാജീവും തങ്ങളുടെ പ്രണയലോകത്ത് വ്യാപൃതരായതിനാൽ അനുശ്രീയുടെ ആഗ്രഹങ്ങളോ ഇഷ്ടങ്ങളോ ഒന്നും കാണാനുള്ള സമയം ഇവർക്കില്ല. അതിനിടയിൽ സംഭവിക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങൾ അച്ഛന്റെയും മകന്റെയും ജീവിതത്തെ തന്നെ മാറ്റി മറിക്കുന്നു. പ്രണയവും കോമഡിയുമായി മുന്നോട്ടു പോയികൊണ്ടിരുന്ന ചിത്രം വൈകാരികമായി പ്രേക്ഷകരിലേക്ക് അടുക്കുന്നതും അവിടെ നിന്നാണ്. 

 

അച്ഛനും മകനുമായി മത്സരിച്ചുള്ള പ്രകടനമാണ് മനോജ് കെ.യു.വും അർജുൻ അശോകനും കാഴ്ചവച്ചിരിക്കുന്നത്. മമിത ബൈജു–അർജുൻ കെമിസ്ട്രിയും അവരുടെ പ്രണയവും രസകരമായി അവതരിപ്പിക്കാനും സംവിധായകനായി. ആദ്യ പകുതിയിൽ നിന്നും മറ്റൊരു തലത്തിലേക്കാണ് സിനിമയുടെ രണ്ടാം പകുതി നീങ്ങുന്നത്. അനശ്വര - ഹക്കീം ഷാ ജോ‍ഡികളാണ് രണ്ടാം പകുതിയിലെ താരങ്ങൾ. ശ്രീധന്യ, മിയ, ശരത് സഭ, ഉണ്ണിമായ നാലപ്പാടം എന്നിവരും തങ്ങളുടെ കഥാപാത്രങ്ങളെ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്. സിനിമയിൽ വന്നുപോകുന്ന എല്ലാവരും അവരവരുടെ കഥാപാത്രങ്ങൾ ഭംഗിയാക്കി.

 

പ്രണയത്തെ പല കാലഘട്ടങ്ങളിലൂടെ വരച്ചുകാട്ടുകയാണ് ഈ ചിത്രം.  പഴയ- പുതിയകാല പ്രണയവും, പ്രണയ നഷ്ടവും, വർഷങ്ങൾക്ക് ശേഷം സ്നേഹിച്ചവർ കണ്ടുമുട്ടിയാൽ സംഭവിക്കുന്നതുമായ മനോഹര നിമിഷങ്ങളും അതിന്റെ താളത്തിനൊത്ത് അവതരിപ്പിക്കാൻ സംവിധായകന് കഴിഞ്ഞു. കുടുംബജീവിതത്തിന്റെ കെട്ടുപാടുകളിൽ, ഭർത്താവിന്റെയും മക്കളുടെയും കാര്യങ്ങൾ മാത്രം നോക്കി ജീവിക്കുന്ന ഭാര്യയ്ക്കോ അമ്മയ്ക്കോ അവരുടേതായ ഒരു ജീവിതമുണ്ടെന്നും അത് മനസ്സിലാക്കാന്‍ പലപ്പോഴും ആരും ശ്രമിക്കാറില്ലെന്ന ആശയവും ചിത്രം മുന്നോട്ട് വയ്ക്കുന്നു.  

 

കണ്ണൂർ ഭാഷയുടെ ലാളിത്യം ഈ സിനിമയിൽ വളരെ മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ജ്യോതിഷ് എം,സുനു എ.വി. എന്നിവര്‍ ചേര്‍ന്ന് ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ ‌തന്നെയാണ് സിനിമയുടെ നട്ടെല്ല്. ക്ലീഷേ പ്രണയ കഥകളിൽ നിന്നും വഴിമാറിയുള്ള എഴുത്താണ് ഈ സിനിമയുടേത്. ചിത്രത്തിന്റെ ക്ലൈമാക്സിൽ എത്തുമ്പോൾ പ്രേക്ഷകരിലുണ്ടാക്കുന്ന അനുഭൂതി, ആ കഥയുടെ മികവാണ് സൂചിപ്പിക്കുന്നത്. ലളിതവും സുന്ദരവുമായ തിരക്കഥയ്ക്ക് നൂറു ശതമാനം നീതി പുലർത്തിയാണ് നിഖിൽ മുരളി ഈ സിനിമ ഒരുക്കിയിരിക്കുന്നത്.

 

മണ്ണിന്റെ നനവുള്ള, മഴ പെയ്തു കിടക്കുന്ന അന്തരീക്ഷങ്ങളുള്ള മനോഹര ഫ്രെയിമുകൾ ചിത്രത്തിന്റെ പ്രത്യേകതയാണ്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ഷിനോസ് ആണ്. ഷാൻ റഹ്മാന്റെ സം​ഗീതവും പശ്ചാത്തല സംഗീതവും ചിത്രത്തിന്റെ മറ്റൊരാകർഷണമാണ്. പതിവ് സിനിമകളിൽ ഉപയോഗിക്കുന്ന ഈണങ്ങളിൽ നിന്നും വ്യത്യസ്തമായ സംഗീത ശൈലിയാണ് ഷാൻ ഈ ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. രണ്ട് മണിക്കൂർ മാത്രം ദൈർഘ്യമുള്ള സിനിമയുടെ എഡിറ്റിങ് ബിനു നെപ്പോളിയന്‍. 

 

മനസ്സു നിറയ്ക്കുന്ന ഒരുപാട് മനോഹര നിമിഷങ്ങളാൽ സമ്പുഷ്ടമാണ് ‘പ്രണയവിലാസം’. ഈ അടുത്ത് മലയാളത്തിലുണ്ടായ പ്രണയചിത്രങ്ങളുടെ കൂട്ടത്തിൽ വേറിട്ടുനിൽക്കുന്ന ചിത്രമെന്ന് നിസംശയം പറയാം. പേരിലും പ്രമേയത്തിലുമൊക്കെ പ്രണയമുണ്ടെങ്കിലും കഥ പറച്ചിൽ പൈങ്കിളിയില്ല. അതിൽ നോവുണ്ട്, സ്നേഹമുണ്ട്, ആത്മാര്‍ഥതയുണ്ട്. തിരക്കുപിടിച്ച ജീവിതത്തിനിടയിൽ ആകുലതകളും ആശങ്കകളുമൊക്കെ മറന്ന് രണ്ട് മണിക്കൂർ നിങ്ങളെ മതിമറന്ന് ആസ്വദിപ്പിക്കാന്‍ ഈ ചിത്രത്തിന് സാധിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com